ഏകാന്തതയുടെ ഇരുൾ തളംകെട്ടിയ ആ മുറിയിലെ ജാലകത്തിനപ്പുറം മറ്റൊരുലോകമുണ്ടെന്നറിയാതെ അവളുടെ ഹൃദയം നോവുകൊണ്ടു പിടഞ്ഞു.
ആശ്വാസത്തിന്റെ ചെറുതിരിനാളം തേടിയലഞ്ഞപ്പോൾ ഏതോ ഉൾപ്രേരണകൊണ്ടാണവൾ ആ ജാലകവാതിൽപ്പാളികൾ തുറന്നിട്ടത്.
അന്നുവരെയനുഭവിക്കാത്ത സുഗന്ധവും പ്രകാശവും ജാലകത്തിലൂടെ അവളെത്തേടിയെത്തി.
വെളിച്ചത്തിന്റെ മറ്റൊരുലോകം ആ ചില്ലുജാലകത്തിനപ്പുറമുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നുവത്.
“മരണം നൃത്തംവെക്കുന്ന സമയത്ത് നാമജപം നടത്തി വീട്ടിലിരിക്കണം അപ്പോഴാണ് സ്വന്തത്തെ തേടിയുള്ള യാത്ര”.
സമൂഹം അവളെനോക്കി പരിഹസിച്ചു
തന്റെ ഏകാന്തതയിൽ ഒരു നോട്ടംകൊണ്ടുപോലും തനിക്കാശ്വാസമാവാത്ത ആ സമൂഹത്തെനോക്കി അവൾ സഹതാപത്തോടെ പുഞ്ചിരിതൂകി .
അവരുടെ കരാളഹസ്തങ്ങൾക്ക് അവളെ ചങ്ങലയ്ക്കിടാൻ കഴിഞ്ഞില്ല .
തിരിച്ചറിയാൻ വൈകിയ പുതുലോകത്തിലേക്ക് അവൾ യാത്രതുടർന്നു.
അപ്പോഴും അവൾക്കു തുണയായി ആ ജാലകപ്പാളികൾ തുറന്നുതന്നെ കിടന്നിരുന്നു.
റംസീന നാസർ