കാർ അയാളെയുംകൊണ്ട് പള്ളിക്കാട്ടിന്നരികിലൂടെ ഇഴഞ്ഞുനീങ്ങി. അവസാനമായി പ്രിയതമയ്ക്കു സലാംചൊല്ലുമ്പോൾ മയ്യിത്തുകട്ടിലിനകത്ത് അകപ്പെട്ടതുപോലെ അയാൾക്കു കാറിന്നകത്തിരുന്ന് ശ്വാസംമുട്ടി.
രാത്രിയോടെ അവർ ഫ്ലാറ്റിലെത്തി. മകനും മരുമകളും അയാളെ മുറിയിലേക്കു കൈപിടിച്ചിരുത്തി. അയാൾക്കു കുടിക്കാനുള്ള വെള്ളം ടേബിളിൽവെച്ച് തിരിയുമ്പോൾ മരുമകൾ വീണ്ടുമോർമ്മിപ്പിച്ചു.
“ഉപ്പാ… എന്താവശ്യമുണ്ടെങ്കിലും കട്ടിലിനടുത്തുള്ളയാ ബെല്ലിലമർത്തി ഞങ്ങളെ വിളിക്കാൻ മറക്കരുതേ…”
ഇനിമുതൽ എന്തിനുമേതിനും മറ്റുള്ളവരെ ആശ്രയിക്കണമെന്ന ബോധം അയാളുടെ ഹൃദയത്തെ വരിഞ്ഞുമുറുക്കി. സ്വകാര്യതയുടെ സുരക്ഷിതയകലം തീർത്ത് ഓരോരുത്തരും അവരവരുടെ മുറികളിൽക്കയറി വാതിലടച്ചു. ജനലഴികളിൽപ്പിടിച്ച് അയാൾ പുറത്തേക്കുതന്നെ നോക്കിനിന്നു.
പളളിക്കാട്ടിലേക്കു ചാരിവച്ച തറവാടിന്റെ ജനലഴികളുടെ നിഴലുകളിലേക്ക് അവൾ തന്റെ നിഴലുകളെയും ചേർത്തു തിരയുന്നുണ്ടാകും , അയാളോർത്തു. ഇനിയുള്ളയോരോ ബാങ്കുവിളിക്കുശേഷവും തന്റെ കാലടിയൊച്ചയ്ക്ക് അവൾ കാതോർക്കുന്നതോർത്ത് അയാൾക്കു നെഞ്ചുപൊട്ടി. കൂട്ടുകാർക്കൊപ്പമുള്ള പതിവു സായാഹ്നങ്ങളും കുശലംപറച്ചിലും ഇനിയില്ല. അയാൾ തൊട്ടപ്പുറത്തെ അടച്ചിട്ട ജനലുകൾക്കിടയിൽ തന്നെപ്പോലെ ഒന്നും മിണ്ടാനാവാതെ ശവപ്പെട്ടിയിൽ അടക്കംചെയ്ത മുഖങ്ങളെത്തിരഞ്ഞു.
വ്യസനതീർത്ഥാടനങ്ങളുടെ മഹാപ്രവാഹത്തിൽ തിക്കിലും തിരക്കിലുംപെട്ട് അയാൾ ഞെരിഞ്ഞമർന്നു. പിന്നെ ഒരു ഖബറിലെന്നതുപോലെ കട്ടിലിൽ കിടന്നു. ദീപാലങ്കാരങ്ങളാൽ മുങ്ങിനിൽക്കുന്ന കൂറ്റൻഫ്ലാറ്റുകൾക്കുമീതേ നക്ഷത്രങ്ങളണച്ച് രാത്രി തലതാഴ്ത്തി നിന്നു.
°°°°°°°°°°°°°°°°°°°°°
@ഹഫ്സത്ത് കെ.ടി
3 Comments
👌👌
അഭിനന്ദനങ്ങൾ പ്രിയപ്പെട്ടവരെ.. 🥰
പ്രിയപ്പെട്ട വായനക്കാർക്ക് നന്ദി 🥰😍
നല്ല എഴുത്ത് ❤️