ജീവിതത്തിൽ ആദ്യമായി അടിവസ്ത്രത്തിൽ പറ്റിയ ചുവന്നകറ കണ്ട് ഉച്ചത്തിൽ നിലവിളിച്ചു.
നിലവിളി കേട്ട് ഓടിവന്ന അമ്മയുടെ മുമ്പിലേക്ക് അടിവസ്ത്രം നീട്ടിക്കാണിച്ചതും കരഞ്ഞതും ഒന്നിച്ചായിരുന്നു.
വളരെ ചെറുപ്രായത്തിൽ വയസ്സറിയിച്ച മകളെ നോക്കി അമ്മയും കൂടെക്കരഞ്ഞു. അമ്മയുടെ പഴയൊരു കോട്ടൺസാരി മുറിച്ചു അടിവസ്ത്രത്തിൽ ചേർത്തുവെക്കാൻ പറഞ്ഞപ്പോൾ അന്നുവരെ തോന്നാത്ത ഒരു അറപ്പ് ഉടലെടുത്തിരുന്നു ഉള്ളിന്നുള്ളിൽ.
ആരും കാണതെ, അറിയാതെ കഴുകി ഒളിപ്പിച്ചുവെക്കാൻ വിധിക്കപ്പെട്ടതായിരുന്നു അവ. പക്ഷേ ജീവിതത്തിന്റെ വഴിയാത്രയിൽ തിരിച്ചറിഞ്ഞ സത്യമായിരുന്നു ഏറ്റവും മൂല്യവും ശുദ്ധിയും വൃത്തിയും നൽകേണ്ടവയാണ് അവയെന്ന്.
ഇന്നും മനസ്സിൽനിന്ന് ഉയർന്നുവരുന്ന ചോദ്യമുണ്ട്. അടിവസ്ത്രങ്ങളെപ്പറ്റി പറയുമ്പോൾ പലരുടെയും ചുണ്ടിൽവിരിയുന്ന ചിരിയുടെ അർത്ഥം എന്താണെന്ന് ?
അത്രയ്ക്കു മാന്യത അർഹിക്കാത്ത വസ്ത്രമാണോ അടിവസ്ത്രം.
റംസീന നാസർ