കുറുക്കന്റെ ബുദ്ധിയും കൗശലവുംമുള്ള ചില മനുഷ്യജന്മങ്ങളുമുണ്ട്.
കാട്ടിലെ രാജാവും ശക്തിമാനുമായ സിംഹത്തെ കബളിപ്പിച്ച കുറുക്കന്റെ കഥ ഓർമ്മയില്ലേ?
അതുപോലുള്ള കുറുക്കൻ ബുദ്ധിയുമായാണ് അയാൾ വന്നത്. കണ്ടാൽ മാന്യൻ സ്വഭാവമാവട്ടെ വായിൽ വിരലിട്ടാൽപോലും കടിക്കില്ല അത്രയും വിനയവും സ്നേഹവും സൗമ്യതയും.
ഒരാൾക്കും കബളിപ്പിക്കാൻ സാധിക്കില്ല എന്നു കരുതിയ പെണ്ണായിരുന്നു അവൾ.
അത്രയും ബോൾഡും പക്വതയും ഉയർന്ന ജോലിയും ശമ്പളവും ആരുടെ മുന്നിലും കരുത്തോടെ നിൽക്കാനും ഒറ്റക്ക് പൊരുതാനും കഴിവുള്ള കരുത്തയായ പെണ്ണായിരുന്നു.
അവളുടെ ജീവിതത്തിലുണ്ടായ പ്രത്യേക സാഹചര്യം മുതലെടുത്ത അയാൾ ആദ്യം അവളുടെ നല്ല സുഹൃത്തിന്റെ സ്ഥാനം കൈക്കലാക്കി. പോകെപ്പോകെ അവളുടെ വിശ്വാസം നേടിയെടുക്കാൻ ഏതു നാറിയ കളികൾ കളിക്കാനും ഒരു മടിയുമില്ലാത്തവനുമായിരുന്നു. അതിനുവേണ്ടി സ്വന്തം ഭാര്യയെ അവൾക്കുമുന്നിൽ തെറ്റുകാരിയാക്കി മാറ്റി.. സ്വന്തം ജീവിതത്തിലെ നിസ്സഹായ അവസ്ഥ പറഞ്ഞു അവളുടെ സഹതാപം നേടിയെടുത്തു. ഒരിക്കലും പിരിയാനാവാത്ത വിധം അവൾ അയാളുടെ കെണിയിൽ അകപ്പെട്ടു. അവളുടെ പണവും സന്തോഷവും സമാധാനവുംമെല്ലാം നഷ്ടപ്പെട്ടു.
അയാളുടെ മുഖമൂടി അവൾ തിരിച്ചറിഞ്ഞപ്പോഴേക്കും അവളുടെ മാനസികനില തകർന്നിരുന്നു. അയാളുടെ ടോക്സിക് ബന്ധത്തിന്റെ ഫലമായി അവൾ വിഷാദ രോഗത്തിന് അടിമപ്പെട്ടു ആത്മഹത്യാ ശ്രമം നടത്തിയെങ്കിലും രക്ഷപ്പെട്ടു.
ഇപ്പോൾ വിഷാദ രോഗത്തിനുള്ള മരുന്നുമായി മുന്നോട്ട് ജീവിതം കൊണ്ടു പോകുന്നു .
സത്യത്തിന്റെ മുഖം എല്ലാ കാലവും മറച്ചുപിടിക്കാൻ പറ്റില്ലല്ലോ .
അവന്റെ കള്ളങ്ങളെല്ലാം അവൾക്ക് മുന്നിൽ അഴിഞ്ഞുവീണ ആ ദിവസം അയാൾ അവളുടെ ശത്രുവായി. മറ്റുള്ളവരുടെ മുമ്പിൽ അവളെ നാണം കെടുത്തി കുടുംബത്തോടപ്പം സുഖമായി ജീവിക്കുന്നു.
ഇത്തരം കുറുക്കൻമാർ അവർക്ക് കിട്ടാനുള്ളതെല്ലാം നേടിയെടുത്തു കഴിഞ്ഞാൽ നമ്മെ മരണത്തിന്റെ പടുകുഴിയിലേക്ക് വരെ തള്ളിയിട്ട് രക്ഷപ്പെട്ടു സ്വന്തം ജീവിതം സുരക്ഷിതമാക്കി ജീവിക്കാൻ ഒരു സങ്കോചവുമില്ലാത്തവരാണ്.
റംസീന നാസർ