നിന്റെ മുന്തിരിമൊട്ടുകൾ പകർന്ന വീഞ്ഞിന്റെ ലഹരിയിൽ, പടർന്നുകയറി അധരങ്ങളിൽ ചുംബിക്കുമ്പോൾ, ഈ മണ്ണിൽ വിരിയുന്ന മിന്നാമിനുങ്ങുകൾ, തണുത്ത രാത്രിയുടെ അഴകു കണ്ടു, കൺചിമ്മുന്നത് നീ കാണുന്നില്ലേ…
അവർ പരസ്പരം നമ്മെപ്പറ്റി പറയുന്നുണ്ടാവും അല്ലേ മാഷേ…
അറിയില്ല.
മാഷേ..
ഞാനൊരു കാര്യം ചോദിക്കട്ടെ…
എന്താ പെണ്ണേ…
ഏയ് ഒന്നുമില്ല…
രോമാവൃതമായ നെഞ്ചിൽ മുഖം ചേർത്ത് അവൾ കൈകൾ കൊണ്ടു ഒന്നുകൂടെ ചുറ്റിപിടിച്ചു കിടന്നു…
എന്താ നിനക്ക് തണുക്കുന്നുണ്ടോ…
ആ പുതപ്പ് ഒന്നുകൂടെ ചുറ്റി അവളെ പുതച്ചു…
പെണ്ണേ…
നീയെന്താ മിണ്ടാത്തെ…
അവളുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു
ഞാൻ മിണ്ടുന്നുണ്ടല്ലോ…
മാഷിന്റെ നെഞ്ചിൽ ചേർന്ന്കിടന്നു ഹൃദയത്തോട് രഹസ്യമായി…
എന്നിട്ടു ഹൃദയം എന്തു പറഞ്ഞു?
അയ്യോ..
അതു പുറത്തു പറയാൻ പറ്റില്ല.
മിണ്ടി തുടങ്ങിയപ്പോൾതന്നെ അങ്ങനൊരു ഉടമ്പടിയിൽ ഞങ്ങൾ ഒപ്പു വെച്ചു.
എന്താ അത്?
ഒരു ഹൃദയത്തിന്റെ ഉടമ്പടി…
ആണോ… അതു നന്നായി…
പെണ്ണേ എന്നെങ്കിലും ആ കരാർ നിനക്കു തെറ്റിക്കേണ്ടിവന്നാൽ, പിന്നെ ആ ഹൃദയം ചുമക്കുന്നതിന്റെ ഉത്തരവാദിത്വം, ഞാൻ ഏറ്റെടുക്കില്ല കേട്ടോ.
എനിക്കൊപ്പം അതിനെയും ഞാൻ മണ്ണിട്ട് മൂടും.
എങ്കിൽ അതിനുമുന്നേ മാഷിനെ ഞാൻ കൊല്ലും.
ഹ.. ഹ..
നിന്റെ കൈകൾ പാപം ചെയ്യുംമുന്നേ ഞാൻ മരിച്ചാലോ?
പറഞ്ഞു മുഴുവിക്കും മുന്നേ, അയാളുടെ വായ അവൾ പൊത്തിപിടിച്ചു.
നിമിഷങ്ങൾക്കുള്ളിൽ ആ നെഞ്ചിൽ അവളുടെ കണ്ണീരിന്റെ നനവറിഞ്ഞു.
അയ്യേ നീ കരയുവാണോ?
ഞാനൊരു തമാശ പറഞ്ഞതല്ലേ…
വായിൽ പൊത്തിപിടിച്ചിരുന്ന അവളുടെ കൈ പതുക്കെ മാറ്റി അയാൾ പറഞ്ഞു.
എനിക്കീവക തമാശയൊന്നും കേൾക്കേണ്ട…
എന്നാൽ ഞാനിനി മിണ്ടുന്നില്ല…
അയാൾ അവളുടെ മുടിഴയിലൂടെ തലോടി നെറ്റിയിൽ ചുംബിച്ചൂ.
പെണ്ണേ നീയറിഞ്ഞോ?
എന്താ മാഷേ?
നമ്മുടെ തോട്ടത്തിലെ ഏലക്കാ ചെടികൾ എല്ലാം പൂത്തിട്ടുണ്ട്.
അതിൽ കുറെയെണ്ണം നീ നട്ട ചെടികളാണ്.
നമുക്ക് ആ ഏലക്കാത്തോട്ടത്തിലേക്ക് പോകാം.
ഈ രാത്രിയിലോ.?
മാഷിനെന്താ ഭ്രാന്താണോ?
എന്റെ ഭ്രാന്ത് നീയല്ലേ…
ആണോ.. .എന്നിട്ട്…
അവിടെ നമുക്ക് രണ്ടു നാലുമണി പൂക്കളായി വിടരാം…
തേൻ നുകരാൻ എത്തുന്ന ശലഭങ്ങൾ അറിയാതെ, രാത്രിമഴയിൽ മൂടിതെളിഞ്ഞ ആകാശം സാക്ഷിയായി, പഴുത്തുകൊഴിയുന്ന ആ ചെറിമരത്തിന്റെ ചുവട്ടിൽ പരസ്പരം അലിഞ്ഞുചേർന്നു, മതിയാവോളം കെട്ടിപുണരാം…
പോകണംമാഷേ…
എന്റെ മാഷ് അവിടെക്കെന്നെ കൊണ്ടു പോകില്ലേ…
അതിനെന്താ കൊണ്ടുപോകാല്ലോ…
അവിടെ നിന്നു നോക്കിയാൽ ഏഴു മലകൾക്കപ്പുറത്തു, നീലക്കുറിഞ്ഞികൾ ചിത്രം വരക്കുന്ന ഒരു പച്ചക്കുന്നിന്റെ താഴ് വരയുണ്ട്…
അവിടെ, മഞ്ഞുനിലാവ് പെയ്തിറങ്ങുമ്പോൾ രണ്ടു നിശാപ്പക്ഷികളായി മാറി,
നമുക്കു സ്വപ്നങ്ങളും പ്രതീക്ഷകളും പൂത്തുനിറഞ്ഞ പ്രകൃതിയുടെ വിരിമാരിലൂടെ, കാലം പിണക്കാത്ത പ്രേമത്തിന്റെ തിരയിളകുന്ന ചുവന്ന കടലിനുമീതെ, അന്ത്യമില്ലാത്ത ഒരു യാത്ര പോകണം..
ഒരു പ്രണയാർദ്രസുന്ദര യാത്ര…
പറഞ്ഞുതീരുമ്പോഴേക്കും അവളുടെ കണ്ണുകൾ അടഞ്ഞിരുന്നു,
പെണ്ണേ…നീ ഉറങ്ങിയോ…
അയാൾ അവളെ വിളിച്ചൂ
അവൾ മിണ്ടിയില്ല…
പുറത്തെ തണുപ്പ് അവളിലേക്ക് ആവാഹിക്കപ്പെട്ടപോലെ ദേഹമാകെ തണുത്തുറഞ്ഞു അവളൊരു മഞ്ഞുകട്ടപോലെയായി…
അയാൾ അവളെ ചേർത്തു പിടിച്ചു…
അവിടമാകെ ഒരു വല്ലാത്ത മണം നിറഞ്ഞു നിന്നിരുന്നു, ചിലപ്പോൾ അവളുടെ ആത്മാവിനു കടന്നു ചെല്ലുവാൻ വേണ്ടി സ്വർഗ്ഗത്തിന്റെ വാതിൽ തുറന്നപ്പോൾ വന്നതായേക്കാം…
അപ്പോഴും ഭിത്തിയിലെ ആ പഴയ ക്ലോക്കിന്റെ പെൻഡുലം ആടിക്കൊണ്ടേയിരുന്നു…
പഴയ ടേപ്പ് റെക്കോർഡിൽ അരണ്ട ശബ്ദത്തിൽ മുഹമ്മദ് റാഫി പാടികൊണ്ടേയിരുന്നു…
ഒരുപക്ഷെ ഇതായിരുന്നിട്ടുണ്ടാകും അവളും ഹൃദയവും തമ്മിലുള്ള ഉടമ്പടി…
ഒരു ഹൃദയത്തിന്റെ ഉടമ്പടി…
1 Comment
നല്ല. എഴുത്ത്…