1909 മാര്‍ച്ച് 30 ആം തിയതി കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍ കോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തില്‍ ദാമോദരന്‍ പോറ്റിയുടെയും ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തര്‍ജനത്തിന്റെയും മകളായാണ് ലളിതാംബിക അന്തര്‍ജ്ജനം ജനിച്ചത്.
കേരള നിയമസഭാസ്പീക്കറും മന്ത്രിയുമായിരുന്ന ഡി. ദാമോദരൻപോറ്റി ഉൾപ്പെടെ എട്ടു സഹോദരന്മാരുടെ ഏക സഹോദരിയായിരുന്ന ലളിതാംബികയുടെ
വിദ്യാഭ്യാസം വീട്ടിൽ തന്നെയായിരുന്നു. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ വശമാക്കിയ അവർ പാലാ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണൻനമ്പൂതിരിയെയായിരുന്നു വേളി കഴിച്ചത്.
1937 ൽ ലളിതാഞ്ജലി എന്ന കവിതാ സമാഹാരവുമായി കാവ്യലോകത്ത് പ്രവേശിച്ച ഇവർ അതേ വര്‍ഷം തന്നെ അംബികാഞ്ജലി എന്ന കഥാസമാഹാരവും രചിച്ചു. 1965 ല്‍ പുറത്തിറങ്ങിയ ശകുന്തള എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിട്ടുള്ള ഇവർ സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു.
1973 ല്‍ സീത മുതല്‍ സത്യവതി വരെ എന്ന കൃതിക്കു നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1977 ല്‍ അഗ്നിസാക്ഷിയിലൂടെ നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ആദ്യത്തെ വയലാര്‍ പുരസ്കാരവും ലഭിച്ച ഇവരുടെ ആത്മകഥ ‘ആത്മകഥയ്ക്ക് ഒരാമുഖം’ എന്ന പേരിൽ പുറത്തിറങ്ങിയീട്ടുണ്ട്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ കഥകള്‍ സമ്പൂര്‍ണ്ണം അവരുടെ രചനാലോകത്തെ അടുത്തറിയാന്‍ സഹായിക്കുന്ന കൃതിയാണ്.
1987 ഫെബ്രുവരി 6 ആം തിയതി തന്റെ 78 ആം വയസ്സിൽ ഇവർ അന്തരിച്ചു. മലയാളത്തിലെ പ്രമുഖകഥാകൃത്തുക്കളിൽ ഒരാളായിരുന്ന എൻ. മോഹനൻ ഇവരുടെ രണ്ടാമത്തെ പുത്രനായിരുന്നു.