കണ്ണാടി-
ഞാനൊരു കണ്ണാടി വാങ്ങി,
അഞ്ചടി പൊക്കമുള്ളൊരു കണ്ണാടി.
കറുപ്പിൽ ഫ്രെയിം ചെയ്ത്,
ഞാനതിനെ മുറിയിൽ എന്നോടൊപ്പം കൂട്ടി.
ഞാനിപ്പോൾ സ്വതന്ത്ര്യയാണ്, സന്തുഷ്ടയാണ്.
എന്റെ ചിരികളെ പങ്കുവെക്കുമ്പോൾ എന്നെയത് പരിഹസിക്കാറേയില്ല.
എന്നോടൊപ്പമാണെന്ന വ്യാജേന ദു:ഖങ്ങളെ കേട്ടിരുന്ന്
അതിലെ ചില (ദുഃഖ)നൂലുകളെടുത്ത് സൂചിയിൽ കോർത്തെന്റെ ചുണ്ടുകളെ തുന്നിക്കൂട്ടി വായടപ്പിക്കാറേയില്ല.
എന്റെ ശരികൾ എന്റേത് മാത്രമാണെന്നറിഞ്ഞിട്ടും
അവയെ കേൾക്കാൻ വിമുഖത കാണിക്കാറില്ല.
എന്റെ തെറ്റുകൾക്ക് നേരെ ഒളിക്കണ്ണിട്ട് നോക്കാറുമില്ല.
എന്നോടടുത്ത് എന്റെ രഹസ്യങ്ങളെ ചോർത്തി എനിക്കെതിരെ ആയുധമാക്കാറില്ല.
എന്നെ കുറ്റപ്പെടുത്താൻ തക്കം പാർത്ത്, ആർത്തിരമ്പുന്ന ആകാശവിമാനങ്ങൾ എന്റെ വാക്കുകൾക്ക് മേലേ പറത്തി വിടാറില്ല.
എന്റെ പ്രിയപ്പെട്ട കണ്ണാടിയേ.. ഞാൻ നിന്നെ എന്റെ പേരിട്ടു വിളിച്ചോട്ടെ?
എന്തേ നിന്നെ കണ്ടുമുട്ടാൻ വൈകി എന്ന് ഞാൻ പരിതപിച്ചോട്ടെ..?
നിന്റെ ചെവിയിൽ പറയാൻ ഞാനെന്റെ സ്വപ്നങ്ങളെ വീണ്ടെടുത്തോട്ടേ..?
നിന്നെ ഞാൻ എന്നോളം..
എന്നോളം തന്നെ സ്നേഹിച്ചോട്ടെ..?
©shafia