ഫെബ്രുവരി 14 ‘വാലന്റൈൻസ് ഡേ’ ആണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ, എന്താണ് ഈ ‘ഗാലന്റൈൻസ് ഡേ ?’
ഈ ദിവസം പെൺകുട്ടികൾക്കുള്ളതാണ്. സ്ത്രീ സൗഹൃദങ്ങൾ ആഘോഷിക്കാനുള്ള ദിവസമാണിത്. പെൺകുട്ടികൾക്ക് അവരുടെ ‘പെൺസുഹൃത്തുക്കളോട്’ അവരെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും ആ സൗഹൃദം തങ്ങൾക്ക് എത്രമാത്രം പ്രധാനമാണെന്നും പ്രകടിപ്പിക്കാനുമാണ് ഈ ദിവസം ഉപയോഗിക്കുന്നത്. ഇത് ആഘോഷിക്കുന്നത് വാലന്റൈൻസ് ഡേയുടെ തലേന്നാണ്. അതായത് ഫെബ്രുവരി 13 ആം തിയതി.
വാലന്റൈൻസ് ദിനത്തിൽ കമിതാക്കൾ തമ്മിൽ കണ്ടുമുട്ടുന്ന അതേ തീവ്രതയിൽ തന്നെ പതിമൂന്നിന് പെൺ സുഹൃത്തുക്കൾക്ക് പരസ്പരം കണ്ടുമുട്ടുകയും സമ്മാനങ്ങൾ കൈമാറുകയും ഒക്കെ ചെയ്യാം.
നിങ്ങൾക്ക് എല്ലാം തുറന്നു പറയാവുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ അവരുമായി ഒരു ട്രിപ്പ് പോകാം. സേവന തല്പരരാണെങ്കിൽ എല്ലാവർക്കും കൂടെ ഒരല്പം സാമൂഹ്യ പ്രവർത്തനം ആകാം. ഒരാളിൽ മാത്രമായി നിങ്ങളുടെ ആഘോഷം ഒതുക്കുകയും ആകാം. സമ്മാനങ്ങൾ കൈമാറാം. ഈ ദിനത്തിന് നൽകിയിരിക്കുന്ന പേരാണ് ‘ഗാലന്റൈൻസ് ഡേ’.
2010 ൽ ‘Parks and Recreation’ എന്ന അമേരിക്കൻ പൊളിറ്റിക്കൽ കോമഡിയിലെ 16 ആം ഭാഗത്തിൽ, ലെസ്ലി നോപ് എന്ന കഥാപാത്രം ചോദിച്ച ചോദ്യമായിരുന്നു ഈ ദിനത്തിന്റെ ആരംഭം. ആ ചോദ്യമിങ്ങിനെ ആയിരുന്നു “നമ്മളിൽ നിന്നും ഭർത്താവ് അല്ലെങ്കിൽ കാമുകൻ ഒളിച്ച് മിസ്ട്രസ് (mistress) ഡേയും ആഘോഷിച്ച് നാളെ വാലന്റൈൻസ് ഡേ സമ്മാനവുമായി കടന്നുവരും. വീട്ടിൽ ബോറടിച്ചിരുന്ന നമുക്കും വേണ്ടേ എന്തെങ്കിലും ആഘോഷം?”
ഈ എപ്പിസോഡ് പുറത്തു വന്നശേഷം, ഒരു തമാശയ്ക്ക് പറഞ്ഞ ഈ കാര്യം വളരെ വേഗത്തിലായിരുന്നു പ്രചാരം നേടിയത്.