കാലം കൂലംകുത്തിയൊഴുകുന്നതു കൊണ്ടാണ്,
കണ്ണടച്ചു തുറക്കും മുൻപേ വാർദ്ധക്യം
വന്നു വാതിലിൽ മുട്ടുന്നത്.
കേട്ടില്ലെന്ന് നടിക്കണം
കണ്ടിട്ടും കാണാത്തതു പോലെ എന്ന പഴിയെ
പതിയെ ചിരിച്ചു തള്ളണം.
എന്തിനു വന്നു എന്ന് ചോദിക്കരുത്.
പക്ഷേ, കൂട്ട് വേണ്ട എന്ന് ഉറക്കെ പറയണം.
വാർദ്ധക്യം നിസ്സഹായതകളുടെ നിറവാണ്.
അവഗണനകളുടെ ആവനാഴിയാണ്.
ഒളിഞ്ഞും തെളിഞ്ഞും വരുന്ന ഒറ്റപ്പെടലുകളാണ്.
കരച്ചിൽ കടിച്ചു പിടിച്ച,
കണ്ണീരിൽ തളച്ചിട്ട ചിരികളാണ്.
രാജാവിനെ പോലും യാചകനാക്കുന്ന ദുഷ്ടനാണ്.
പരമ ധിക്കാരിയെ പരാശ്രയനാക്കുന്ന
അസൂയാലുവാണ്.
ചേലൊത്ത തൊലിപ്പുറങ്ങളിൽ ചുളിവുകൾ വരുത്തുകയും
കഴുകിയുണക്കിയെടുത്ത ജീവിതങ്ങളിൽ മാറാലയിടുകയും ചെയ്യുന്ന മഹാമാന്ത്രികനാണ്.
വാർദ്ധക്യം ഒരു അവസ്ഥയല്ല,
അത് യൗവനത്തിന്റെ തുടർച്ചയാണ്.
ഓരോ തുടർച്ചകളും ഒരാൾക്ക് മാത്രം സ്വന്തമായതല്ല.
അത് ഒടിച്ചുകുത്തി പോലെ
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്
മുറിച്ചു മാറ്റപ്പെടുമ്പോൾ ഉണ്ടാകുന്ന പൊടിപ്പുകളാണ്.
ഇലകൾ പച്ചക്കുന്നതും പഴുക്കുന്നതും പ്രകാരം ചെറുകിടസമയവിടവുകൾ ഉണ്ടെന്ന് മാത്രം!
@shafia