ഓഫീസിൽ നിന്നിറങ്ങിയപ്പോഴേ വണ്ടി പണിമുടക്കി. വണ്ടി വർക്ക്ഷോപ്പിൽ ഏല്പിച്ച് അടുത്തുള്ള ബസ്സ്റ്റോപ്പിലേക്ക് കയറുമ്പോഴാണ് എഴുപതിനോടടുത്ത് പ്രായം തോന്നുന്ന ഒരാൾ കണ്ണട ശരിയാക്കി നെറ്റിചുളിച്ച് എന്നെ സൂക്ഷിച്ച് നോക്കുന്നത് കണ്ടത്. അയാൾ ചോദിച്ചു. ” ഹരിയുടെ മോനല്ലേ!? ”
ഞാൻ അതേയെന്നർത്ഥത്തിൽ തലയാട്ടിയപ്പോൾ അയാൾ തുടർന്നു. ” എന്നെ മനസ്സിലായിട്ടുണ്ടാവില്ല. ഞാൻ നിന്റെ അച്ഛന്റെ പഴേ ഒരു പരിചയക്കാരനാണ് .” അച്ഛന്റെയും അമ്മയുടെയും വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ അദ്ദേഹം ചോദിച്ചു “മോന്റെ ഇളയുതുങ്ങൾ..?”ആരുമില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ “ഒറ്റക്കുട്ടിയാണല്ലേ..!?” ഒരു നെടുവീർപ്പോടെ മൂപ്പര് ചോദിച്ചു. പിന്നിടദ്ദേഹം എന്തോ ചോദിക്കാനൊരുങ്ങുമ്പോൾ അദ്ദേഹത്തിന്റെ ബസ് വന്നു. അച്ഛന്റെ നമ്പർ വാങ്ങി മൂപ്പര് പോയപ്പോൾ അങ്ങേര് ചോദിച്ച ‘ഒറ്റക്കുട്ടിയാണല്ലേ,,!?’എന്ന ചോദ്യം ഓർത്തപ്പോൾ എനിക്ക് ചിരി വരുന്നുണ്ടായിരുന്നു.
ഒരു കാലത്ത് ഒറ്റക്കുട്ടിയായതിന്റെ എല്ലാ സുഖങ്ങളും ആവോളം ആസ്വദിച്ചിരുന്നെങ്കിലും കല്യാണമന്വേഷണം തുടങ്ങിയപ്പോഴാണ് നല്ല എട്ടിന്റെ പണികിട്ടിയത്. ഒറ്റമോളുള്ളോർക്കു പോലും ഒറ്റമോനെ വേണ്ട. എന്റെ അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥന കൊണ്ടാവാം മുപ്പതാം വയസ്സിലെങ്കിലും എനിക്ക് പെണ്ണു കെട്ടാനായത് .ചേട്ടനും അനിയത്തിയുമെല്ലാമുള്ള എന്നെപ്പോലെ ഒറ്റക്കുട്ടിയായ ഒരച്ഛന്റെ മോളെ…! ഇന്നവൾ എന്റെ മൂന്ന് മക്കളുടെ അമ്മയാണ് കേട്ടോ….!