തൊട്ടടുത്ത ഗ്രാമത്തിലെ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് ആരോഗ്യ വകുപ്പിൻ്റെ കർശന പരിശോധന ഹോട്ടലുകളിലും ബേക്കറികളിലുമൊക്കെ നടക്കുന്നതിനിടയിൽ നമ്മുടെ കടയിലും കയറി വന്നു ഒരു സംഘം ഉദ്യോഗസ്ഥർ.
ഒരു തുമ്പും കിട്ടാത്തതിനാൽ അവർ കയറിപ്പിടിച്ചത് എൻ്റെ മൂക്കിൻ തുമ്പത്ത്. ഞാൻ മാസ്ക്കിട്ടിട്ടില്ലത്രെ. പോരാത്തതിന് അവരിലൊരുവൻ എൻ്റെ മൂക്കിനൊരു തോണ്ടലും.
കലികയറിയ ഞാൻ സർക്കാരുദ്യോഗസ്ഥനാണെന്നൊന്നും നോക്കിയില്ല. അവൻ്റെ മുഖമടച്ചൊന്നു കൊടുത്തു. അടി കൊണ്ട അവനും മദമിളകിയ പോലായി. പിന്നെ പറയേണ്ടല്ലൊ പൂരം. കണ്ടു നിന്നവരെല്ലാവരും കൂടി ഞങ്ങളെ പിടിച്ചു മാറ്റിയെങ്കിലും അടി കൂടുതൽ കൊണ്ട അവൻ പണി പറ്റിക്കുമെന്ന് കരുതിയില്ല. എല്ലാവരും പിടിവിട്ട സമയത്ത് അവനോടി വന്ന് എൻ്റെ നടുപ്പുറത്തിനിട്ടൊരു ചവിട്ട്. നിനച്ചിരിക്കാത്ത ആക്രമണത്തിൽ ഞാൻ കറങ്ങി ചന്തിയും കുത്തി താഴെ വീണു.
രാത്രി ഭാര്യയോടൊത്ത് ഉറങ്ങാൻ കിടക്കുമ്പോൾ പരമാവധി ചുമരിനോട് ചേർന്ന് കിടക്കുക. എത്ര ചവിട്ടു കൊണ്ടാലും താഴെ വീഴില്ല ഉറപ്പാ.
സൂർത്തുക്കളെ സൂക്ഷിച്ചാൽ ദു:ഖിക്കണ്ട.
ഹൊ! എന്നാലും ആ ചവിട്ടിൻ്റെ ഒരു പവറേ,,
ഹുസൈൻ എം കെ