അമ്മേ.. എന്നറിയാണ്ട് വിളിച്ച് പോണു.
വിളി കേൾക്കില്ല, അറിയാം.
ഒരു കവിത എഴുതുമ്പോൾ,
ഒരു ചിത്രം വരയ്ക്കുമ്പോൾ,
ഒരു നല്ല ദിവസം കടന്ന് പോകുമ്പോൾ,
കെട്ട നേരത്തെ പിടിച്ച് കെട്ടാൻ
ആവാതെ വരുമ്പോൾ,
ഒരു നല്ല കൂട്ടാൻ ഉണ്ടാക്കുമ്പോൾ,
വയറ് നിറയുമ്പോൾ,
മൂടി കെട്ടി ഇരിയ്ക്കുമ്പോൾ,
മേലാകെ നോവുമ്പോൾ,
പനിക്കോള് വന്ന് പോകുമ്പോൾ,
ഒന്നും മിണ്ടാതെ അമ്മചൂട് അറിയാൻ തോന്നുമ്പോൾ,
അമ്മേ… എന്നറിയാണ്ട് വിളിച്ച് പോണൂ.
വിളി ഇനി കേൾക്കില്ല, അറിയാം.
അടുത്ത് വേണം പോലെ.
– അമ്മ വേണം.
– ചഞ്ചൽ അനസൂയ