യുദ്ധത്തെ ഭയക്കുന്നുണ്ട്. പണ്ടെങ്ങോ പാഠപുസ്തകം വായിച്ചു പോയപ്പോൾ കണ്ണു കൊണ്ടറിഞ്ഞ് കാതു കൊണ്ട് കേട്ട ചില ചിത്രങ്ങളിലെ വരികളുണ്ട്. യുദ്ധഭൂമിയുടെ ഉഷ്ണക്കാറ്റിൽ പറന്നു പൊങ്ങിയ കട്ടകെട്ടിയ ചോരയുടെ ഊറുന്ന മണത്തിൽ കുതിർന്ന, തൻജീവനെ തന്നെ കാർന്നു തിന്നാൻ മുതിരുന്ന വിശപ്പിൻ്റെ അലറി വിളി, അതോർമ്മ വരും!
മേനിയറ്റ കുഞ്ഞുഹൃദയങ്ങൾ മണ്ണിൽ പൊതിഞ്ഞ് ചോര വാർന്ന് പിന്നെയും പ്രതീക്ഷ പോലെ മിടിച്ചു കൊണ്ടിരിയ്ക്കുന്ന ദുസ്സ്വപ്നം തളർത്തുന്നു.
കളിചിരികൾ നിലച്ച ചോരമണ്ണു പുതച്ച കൈയ്യാലെ എറിഞ്ഞിട്ടു കൊടുക്കുന്ന അന്നം ആർത്തിയോടെ വാരിക്കഴിയ്ക്കുന്ന പേടിച്ചരണ്ട മുഖങ്ങൾ ചിന്തകളുടെ ചോരയോട്ടം തടസ്സപ്പെടുത്തുന്നു!
വിളറി വെളുത്ത നിർജ്ജീവമായ മുഖങ്ങൾ, ഈ ഭൂമി ചിലർക്ക് നരകമായ് മാറുന്ന കാഴ്ച്ചകൾ, മണ്ണോടടിയണമെന്ന ദേഹസ്വാതന്ത്ര്യത്തെ ഛിന്നഭിന്നമാക്കുന്ന വെടിക്കോപ്പുകളിൽ നിന്നും ചീഞ്ഞു നാറിയ മനം മടുപ്പിയ്ക്കുന്ന ശവങ്ങളുടെ ഗന്ധം സിരകളിലെ ഒഴുക്കിനെ താളം തെറ്റിയ്ക്കുന്നു!
ഓർമ്മകളെ മുഴുവനോടെ മന്ദീഭവിപ്പിയ്ക്കുന്നു.
എന്നിലെ മനുഷ്യന് എന്താണിനിയും ആവുക! അകമഴിഞ്ഞ പ്രാർത്ഥന, ഈ ഭൂമിയിൽ അർപ്പിയ്ക്കട്ടെ! അകമഴിഞ്ഞ പ്രാർത്ഥന, നിന്നിലേയ്ക്കും!
വേണ്ട ചോര ചീറ്റുന്ന ചുഴലിക്കാറ്റ്!
യുദ്ധമെന്നാൽ ഭയമാണ്.
– ചഞ്ചൽ അനസൂയ