മുറിയിലെ ടേബിൾലാമ്പിന്റെ വെട്ടത്തിൽ ഇനിയും വായിച്ച് കഴിയാത്ത ഖാലിദ് ഹോസൈനിയുടെ “പട്ടം പറത്തുന്നവൻ ” തെല്ലു ജിഞാസയോടെ ഞാൻ കയ്യിലെടുത്തു. തണുപ്പ് ഉപ്പൂറ്റിയെ കുളിരണിയിച്ചപ്പോൾ കട്ടിലിൽ ചാരി കിടന്ന് പുതപ്പ് നഗ്നപാദങ്ങളിലേക്ക് വലിച്ചിട്ടു. ഉറക്കം കൺപോളകളെ പിടുത്തമിട്ടിരിക്കുന്നു. വായിച്ചു തീരാത്ത പുസ്തകത്താളുകൾ ആലസ്യത്തോടെ മറിച്ചിട്ടു.
അഫ്ഘാൻ അധിനിവേശത്തിന്റെ പൊട്ടിപൊളിഞ്ഞ മാറിടത്തിലൂടെയുള്ള യാത്ര എഴുത്തുകാരനെപ്പോലെ എന്നേയും അലോസരപ്പെടുത്തുന്നു, നമ്മുടെ ജീവിതവും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയല്ലേ?പറിച്ചുനടലിൽ ചില ജന്മങ്ങൾ തളിർക്കുകയോ, മറ്റു ചിലത് കരിഞ്ഞുണങ്ങി പോകുകയോ ചെയ്യുന്നു.
പതിയെ കിടക്കയിൽ നിന്നെണീറ്റു ബാൽക്കണിയിലേക്ക് നടന്നു, മാൾബ്രോ ഗോൾഡ് കത്തിച്ചു ആഞ്ഞൊന്ന് വലിച്ചു, തണുപ്പിന്റെ ആരംഭമാണ്, നാട്ടിലെ പോലെ പാതിരാ കഴിഞ്ഞിട്ടും ഇരുട്ട് പടരാത്ത വീഥികളിൽ മങ്ങിയ തെരുവ് വിളക്കുകൾ അങ്ങിങ്ങായ് പ്രകാശിക്കുന്നു, ഈർപ്പമണിഞ്ഞ പെറ്റ്യൂണിയ പൂക്കൾ പാതി മയക്കത്തിലും മിഴി തുറന്നു കിടക്കുന്നു. ഡ്രൈനെജ് വണ്ടിയുടെ മുരൾച്ചയും, അതു തുറക്കുമ്പോഴുള്ള മലിനജലത്തിന്റെ അസ്സഹനീയ മണവും അന്തരീക്ഷത്തിലേക്ക് പ്രവഹിക്കുന്നു.
റൂമിലേക്ക് പതിയെ നടന്ന് എസി യുടെ തണുപ്പൊന്ന് കുറച്ചു, ഫോൺ കയ്യിലെടുത്തു. ഇൻസ്റ്റ മെസ്സഞ്ചറിൽ പതിവില്ലാത്തൊരു സന്ദേശം.
“ഹൈ, അറിയുമോ? യാസിയല്ലേ? ”
“അതേ “,എന്ന് ടൈപ്പ് ചെയ്യാൻ വിരലുകൾ കൊതിച്ചെങ്കിലും മനസ്സ് പിൻവാങ്ങി.
അറിയുന്ന ആരോ ആണെന്ന് തോന്നുന്നു. “യാസി ”, എന്ന് അത്രക്ക് പരിചയമുള്ളവരെ തന്നേ വിളിക്കൂ, ആരായിരിക്കും?
വേണ്ട നോക്കണ്ട, ഈ അടുത്ത് ഫേസ്ബുക്കിലും ഇത്തരത്തിലുള്ള മെസ്സേജുകൾ പതിവുള്ളതാണ്. ലൈറ്റ് ഓഫ് ചെയ്ത് ഫോൺ കയ്യിലെടുത്തു അലാറം സെറ്റ് ചെയ്തു. നാളെ നേരത്തെ എഴുന്നേൽക്കണം, ഇനി അഞ്ചാറു മണിക്കൂറേ ഉറങ്ങാൻ പറ്റു.
നോട്ടിഫിക്കേഷനിൽ വീണ്ടും മെസ്സേജ്,
“ഞാൻ ആയിഷയാണ്, അസൈനാർക്കയുടെ മകൾ”.
ഹൃദയമിടുപ്പ് തെല്ലൊന്ന് കൂടി, അസൈനാർക്ക! ഹാജിക്ക എന്നാണ് എല്ലാരും വിളിക്കുക. ആയിഷയുടെ മെസേജിന് മറുപടി കൊടുക്കാതെ കിടക്കയിലമരുമ്പോൾ നൂറായിരം ഓർമ്മകൾ മനസ്സിലേക്കങ്ങനെ ഓടി വന്നു. നെറ്റ് ഓഫ് ചെയ്തു, പുതപ്പ് തലയിലേക്ക് വലിച്ചിട്ടു ഞാൻ ചുരുണ്ട് കൂടി കിടന്നു.
കഴിഞ്ഞ ലീവിന് നാട്ടിൽ പോയപ്പോൾ ഉമ്മാടെ നിർബന്ധത്തിന് വഴങ്ങി ഹാജിക്കാനെ കാണാൻ പോയിരുന്നു. മനസ്സില്ലാ മനസ്സോടെയാണ് ഇക്ര ഹോസ്പിറ്റലിലെ നാലാം ബ്ലോക്കിലേക്ക് കടന്ന് ചെന്നത്, ഉള്ളിൽ അമർഷവും അതിലുപരി ഭയവും പേറി യാന്ത്രികമായ് കാലുകൾ തന്നെ വലിച്ചു കൊണ്ട് പോയി.
“അള്ളാ ഇതാരാ, ഇഞ്ഞെപ്പമെത്തി യാസി ”,
ഹാജിക്കയുടെ ഭാര്യയാണ്.
“ഞാൻ കഴിഞ്ഞാഴ്ച്ച അയിശോമത്ത,
ഹാജിക്ക?”.
“ഇന്നലെയാണ് റൂമിലേക്ക് മാറ്റിയത് മൂന്നു നാലു ബ്ലോക്കുണ്ടായിരുന്നു”
“മ് “
ശരീരം എന്തിനെന്നറിയാതെ വിറയ്ക്കുന്നു, ഞാൻ കട്ടിലിന്നടുക്കലേക്കു നടന്നു. നന്നേ ക്ഷീണിച്ചു, നരച്ച താടി രോമങ്ങൾ അങ്ങിങ്ങായി പാറിപറക്കുന്നു, വാർദ്ധക്യം അദ്ദേഹത്തിന്റെ ശരീരത്തെ കീഴ്പ്പെടുത്തിയിരിക്കുന്നു. പത്തു പന്ത്രണ്ട് കൊല്ലത്തിനു ശേഷമാണ് ഞങ്ങൾ വീണ്ടും കാണുന്നത്, യുവത്വത്തിന്റെ പ്രസരിപ്പ് സിരകളിൽ നിന്നു മാഞ്ഞു പോയി.. നേർത്ത കൈ ഞരമ്പുകളിലേക്ക് മരുന്നുകൾ കടത്തി വിട്ടിരിക്കുന്നു. വേദനയാൽ ഇടയ്ക്കിടക്ക് ഞരങ്ങുകയും മൂളുകയും ചെയ്യുന്നു.
“ഏയ്, നമ്മളെ യാസി വന്നിരിക്കുന്നു ”
അപരിചത്വത്തിന്റെ മാറാല വിഴുങ്ങി പരിചയത്തിന്റെ പുഞ്ചിരി കൈമാറി. ഉയർത്തിയ കൈ വെള്ളയിൽ ഞാൻ വിരലുകളമർത്തി. തണുത്തുറഞ്ഞ ഹാജിക്കയുടെ ഉള്ളം കൈ ബലത്തോടെ എന്റെ കൈവിരലുകളിൽ മുറുക്കിപ്പിടിച്ചു.
“മോനെ സുഖല്ലേ നിനക്ക് ”
പണ്ട് ഉപ്പാടെ കൈ പിടിച്ചു പള്ളിയിലേക്ക് നടക്കുന്ന ഓർമ്മകൾ മനസ്സിലേക്ക് തികട്ടി വന്നു
“മ് സുഖം ഹാജിക്ക”
ഇടത് കൈ കൊണ്ട് നെറ്റിയിൽ പതിയെ തലോടി, ആ മിഴി നിറഞ്ഞുവോ? ഞാൻ നോക്കിയില്ല.
“ഇപ്പം എങ്ങനെയുണ്ട് ”
“മ് സുഖോണ്ട്, നീ എന്തെങ്കിലും കഴിച്ചോ?“.
“ഞാൻ കഴിച്ചിട്ടാണ് ഹാജിക്ക വന്നത് “
”ഉമ്മാമക്ക് ബുദ്ധിമുട്ടൊന്നുമില്ലല്ലോ, എന്നേ കുറെ എടുത്തു നടന്നതാണ്. “
”ഉമ്മാമക്ക് പ്രായം കുറെയായില്ലേ, ഇപ്പം ചെവി തീരെ കേൾക്കില്ല “
”നീയെനിക്ക് പൊരുത്തപ്പെട്ടു തരണം കേട്ടോ, പണ്ട് നടന്നതൊന്നും മനസ്സിൽ വെക്കരുത്“
”ഏയ് എന്തിന്! അതൊക്കെ ആരോർക്കുന്നു “
സത്യത്തിൽ ഞാനതൊക്കെ മറന്ന് പോയിരുന്നോ, മലിനമായൊന്ന് കുഴിച്ചിട്ടാൽ പിന്നെ ആരും അതൊന്നും പുറത്തെടുക്കില്ല ! വല്ലാത്ത ദുർഗന്ധമായിരിക്കും, എന്നാൽ ഓർമ്മകൾ പലപ്പോഴും അങ്ങനെയല്ല അത് നമ്മെ മരണം വരെ വേട്ടയാടി കൊണ്ടിരിക്കും.
“ഡോക്ടറെന്തു പറഞ്ഞു ”
“മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് ഷുഗറിച്ചിരി കൂടുതലാണ് ”അയിശോമ്മ മറുപടി പറഞ്ഞു.
“മക്കളോ”
മൂത്ത മോള് നാട്ടിലുണ്ട്, ഇന്നാണ് വീട്ടിലേക്ക് പോയത്. ഇളയവൾ വന്നിട്ടില്ല അവൾ യുകെ യിലാണ്.
“നിന്റെ വിശേഷം എന്താ യാസി”
“സുഖാണ് ഹാജിക്ക, ഖത്തറിലാണ് ”.
“ഇവിടുന്ന് ഒന്ന് ഇറങ്ങട്ടെ നിന്നെയും ഉമ്മാനെയും വിളിക്കുന്നുണ്ട് ഞാൻ, നീ വീട്ടിലേക്ക് വരണം ”
“ഇന്ഷാ അല്ലാഹ് പെട്ടെന്ന് മാറട്ടെ, ഞാൻ ഇറങ്ങട്ടെയെന്നാൽ ”
കൈ ഒന്ന് കൂടെ അമർത്തിപ്പിടിച്ചു ഹാജിക്ക കണ്ണുകളടച്ചു കിടന്നു.
“അയിശോമ്മത്ത എന്നാൽ ഞാൻ ”
“പ്രാർത്ഥിക്ക് യാസി അങ്ങേർക്കു വേണ്ടി, ആയിഷ ഇടക്ക് നിന്റെ വിവരം തിരക്കാറുണ്ട് ”
“മ് ഇന്ഷാ അല്ലാഹ്, ഉമ്മാനെയും കൂട്ടി ഒരിക്കൽ വരാം. ചായ, എന്തെങ്കിലും വാങ്ങണോ? ”
“ഏയ് അതൊന്നും വേണ്ട, കാന്റീൻ ഇതിന്റെ അടുത്താണ് അവര് കൊണ്ടത്തരും “
“എന്നാൽ ഞാൻ പോകുകയാണേ, അസ്സലാമു അലൈകും“
”വാഅലൈകും സലാം”
ഝടുതിയിൽ അവിടെ നിന്നിറങ്ങി, മനസ്സിലെ വലിയൊരു ഭാരം ഇറക്കിവെച്ചത് പോലെ.
പലകുറി ഉമ്മ പറഞ്ഞിട്ടും ആളെ അയച്ചിട്ടും ഞാൻ ഇത് വരെ കാണാൻ കൂട്ടാക്കിയില്ല, അത്രക്ക് വെറുപ്പ് എന്റെ ഉള്ളിലുണ്ടായിരുന്നോ? പിന്നിട്ട വഴികളിലേക്ക് ഒരിക്കൽ പോലും തിരിഞ്ഞു നടക്കാനിഷ്ടപ്പെട്ടിരുന്നില്ല. തെറ്റാണോ ഞാൻ ചെയ്തത്?
ഓരോന്നോർത്ത് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു, പുതപ്പ് മാറ്റി അടുക്കളയിലേക്ക് പോയൊരു സുലൈമാനി ഉണ്ടാക്കി. സമയം രണ്ട് മണിയാവുന്നു, ബാൽക്കണിയിലെ ചാരുകസേരയിൽ വന്നിരുന്നു, തെരുവീഥികൾ വിജനമാണ്, സിഗരറ്റു പുകച്ചുരുളുകൾ വായുവിൽ വൃത്തം വരച്ചു. മനസ്സിങ്ങനെ പിന്നോട്ടു പിന്നോട്ട് പിടുത്തം വിട്ട പട്ടം കണക്കെ പാറുകയാണ്.
ഇരുട്ട് പടരാത്ത ഇടവഴിയിലൂടെ ഓർമ്മകളെന്നെ ഭൂതകാലത്തിലേക്ക് നടത്തി. ഓടിട്ട വീട്ടിന്റെ ഉമ്മറകോലായിൽ ഉമ്മാടെ ദേഷ്യത്താലും സങ്കടത്താലും ചുവന്ന മുഖവും, കയ്യിൽ ശീമ കൊന്നിന്റെ വടിയും. വടി മുറിയുന്നത് വരെ ഉമ്മ എന്നെ തല്ലി.
“ഇല്ലുമ്മ, ഞാനൊന്നും ചെയ്തിട്ടില്ല“.
”നീ ഒന്നും ചെയ്യാതെ ഹാജ്യാർക്ക നുണ പറയോ?“
”നിന്നെ ഞാനങ്ങനെ വളർത്തിയതല്ലേ “ ഉമ്മാടെ ദേഷ്യം സങ്കടമായ് കണ്ണുനീർ ധാര ധാരയായോഴുകി.
”ആളുകളുടെ മുമ്പിലിനിയങ്ങനെ നോക്കും? നോക്കിക്കോ നീ, വള്ളാഹി നാളെ എന്നേ കാണില്ല വല്ല ട്രെയിനിനു മുമ്പിലോ ചാടി മരിക്കും“
“ഉമ്മാ, ഇല്ല ഉമ്മ, ഞാനൊന്നും എടുത്തിട്ടില്ല അള്ളാണെ ഖുർആൻ പിടിച്ചും സത്യം ”
“കണ്ട വീട്ടിലെ എച്ചിൽ പാത്രം കഴുകിയും തീട്ടം കോരിയും നിന്നെ ഞാനിതിനായിരുന്നോ വളർത്തിയത്”
ഉമ്മാമ ഓടി വന്നു എന്നെ വട്ടം പിടിച്ചു
“നിനക്ക് ഭ്രാന്താണോ, ആകെയുള്ളൊരു ആൺതരിയാ, കൊല്ലാ നീ, ഓനങ്ങനെയൊന്നും ചെയ്യില്ല ”
“ഓനെ ഞാൻ കൊല്ലും ഞാനും മരിക്കും ഇതിലും നല്ലത് അതാണ് ”
ഉമ്മാമ, ഉമ്മാടെ കയ്യിലെ വടിയെടുത്ത് ദൂരേക്കേറിഞ്ഞു.
അന്നു ഉമ്മ അടിച്ച കാലിലെ തിണർപ്പിന്റെ പാടിൽ കൈ കൊണ്ട് തലോടിയപ്പോൾ ഇപ്പോഴും അങ്ങിങ്ങായ് രക്തം പൊടിഞ്ഞു നിൽക്കും പോലെ തോന്നി. ഞാൻ ബാൽക്കണിയിൽ നിന്നെഴുന്നേറ്റു റൂമിലേക്ക് നടന്നു.
തലയണ കട്ടിലിലെ ഭിത്തിയിൽ ചാരി വെച്ചു കിടന്നു, ഉറക്കം അന്യനെ പോലെ മാറി നിൽക്കുന്നു, വീണ്ടും ടേബിൾ ലാമ്പ് തെളിച്ചു, പാതി മടക്കിവെച്ച “പട്ടം പറത്തുന്നവൻ ”കയ്യിലെടുത്തു പേജുകൾ മറിച്ചിട്ട് നെഞ്ചിലേക്ക് അടക്കിപ്പിടിച്ചു കൺപോളകളടച്ചു.
ഇരുട്ട് വന്യമാണ്, വണ്ടികളുടെ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ ചാറ്റൽ മഴത്തുള്ളി മുത്തുമണികൾ പോലെ തിളങ്ങുന്നു, ഞാൻ നടത്തതിന് വേഗത കൂട്ടി, ഭയം സിരകളിൽ വിറയലുണ്ടാക്കി, പാണ്ടി ലോറികൾ കാണുമ്പോൾ കൂടുതൽ വേഗത്തിൽ നടക്കാനും, ഓടാനുമുള്ള ത്വര മനസ്സിനെ വൃഥാ പറഞ്ഞു പഠിപ്പിച്ചു, കൂറ്റാ കൂറ്റിരുട്ട്, ദൈവത്തിന്റെ വെളിച്ചം പോലുമില്ല, മഴക്ക് ശക്തി കൂടി, എണ്ണ പുരണ്ട കാൽപാദങ്ങൾ ഹവാക്കറിൽ നിന്ന് പലപ്പോഴായി തെന്നി മാറി. ചെരുപ്പ് കയ്യിൽ പിടിച്ചു വലിഞ്ഞു നടന്നു.
പത്താംതരം പരീക്ഷയ്ക്ക് ശേഷം ഉപ്പയില്ലാത്ത വീട്ടിൽ, ഉമ്മ ഒറ്റക്ക് അധ്വാനിക്കുന്നത് കണ്ട് ഞാനും വീടിന് മൂന്നു കിലോമീറ്റർ ദൂരെയുള്ള ഹോട്ടലിൽ ജോലിക്കു പോയി, രാവിലെ എട്ടു മണി മുതൽ അർദ്ധ രാത്രി വരെ നീളുന്ന പണി, വലിയ പാത്രങ്ങൾ കഴുകി, ഭക്ഷണത്തിന്റെ അവശിഷ്ട്ടങ്ങൾ കറുത്ത പ്ലാസ്റ്റിക് കവറിലാക്കി പിന്നാമ്പുറത്തെ കമ്പോസ്റ്റ് കുഴിയിലിടും, വല്ലാതെ മനംപുരട്ടലും ഛർദിയുമുണ്ടാവും, എത്ര കഴുകിയാലും കൈ കാൽ വിരലുകളിലെ വഴു വഴുപ്പ് പോകില്ല. എങ്കിലും സാരമില്ല അറുപതു രൂപകിട്ടും.
മഴത്തുള്ളികൾ കവിളിലൂടെ ഒലിച്ചിറങ്ങി, ചരൽകല്ലുകൾ പാദങ്ങളെ കുത്തി നോവിച്ചു, ടാറിട്ട റോഡിലേക്ക് കയറി നിന്ന് വലിഞ്ഞു നടന്നു.
എന്നാലും ഹമീദ്ക്ക എന്നോട് അങ്ങനെ ചെയ്യേണ്ടായിരുന്നു, സ്ഥിരം ബാക്കി വരുന്ന കുറച്ച് എണ്ണ കടികളും ചിക്കൻ കറിയും പാർസലാക്കി എടുക്കാറുണ്ടായിരുന്നു. ഉമ്മാക്കും പെങ്ങൾക്കും കൊടുക്കാൻ, പിറ്റേന്ന് രാവിലെ ചൂടാക്കി അവരത് കഴിക്കും, ഇന്ന് തന്നോട് അതിനുള്ള പൈസ വാങ്ങി. എനിക്ക് വല്ലാത്ത കുറച്ചിലായി, ഇനി അങ്ങോട്ട് പോകുന്നില്ലെന്നും ആരുടെ ഔദാര്യവും തനിക്കിനി വേണ്ടന്നും മനസ്സിൽ പിറുപിറുത്തു.
മൂന്നുനാലു ദിവസം അലക്ഷ്യമായ് കടന്നു പോയ്, സമപ്രായക്കാർ വയലിൽ കളിക്കുന്നത് നോക്കിയിരുന്നു. ഉമ്മാക്കൊരു കൈത്താങ്ങാവാൻ എന്തെങ്കിലും ചെയ്യണം, ഇനി പ്ലസ് വണ്ണിലേക്കാണ്, യൂണിഫോമിനും ബസ്സിനും പുസ്തകത്തിനും പൈസ വേണം, ഉമ്മാനോട് എങ്ങനെയാണ് ചോദിക്കുക. തിരിച്ചു ഹോട്ടലിലേക്കു തന്നെ പോയാലോ. വെറുതെ ചടഞ്ഞിരിക്കുന്നത് കണ്ട ഉമ്മാമ ചോദിച്ചു.
“ഇഞ്ഞു നമ്മടെ കളത്തിൽ അസൈനാർന്റെ കൊപ്ര പീടികയിൽ പോകുന്നോ, ഞാൻ ഇന്ന് കണ്ടപ്പോൾ ചോദിച്ചിരുന്നു, നിനക്ക് സമ്മതമാണെങ്കിൽ പോയിക്കോ, പണി പഠിക്കാലോ, അല്ലെങ്കിലും ഈ ഹോട്ടൽ പണിയെക്കാൾ നല്ലതല്ലേ ടാ? ”.
“ഞാൻ പോകാം ഉമ്മാമ”
“നാളെ സുബഹി നിസ്കരിച്ചു ഓൻ കടയിൽ കാണും നീ ചെല്ല് ട്ടോ ”
എന്തെന്നില്ലാത്ത സന്തോഷം, സുബ്ഹിക്ക് വിളിച്ചുണർത്താൻ ഉമ്മാനെ ഏർപ്പാടാക്കി, ഉറക്കം വരുന്നില്ല,എന്തായിരിക്കുമവിടെ പണി, പലപ്പോഴായി ഞാനതിന് മുമ്പിലൂടെ നടന്നു പോയിട്ടുണ്ട്, പെട്ടെന്ന് നേരം പുലർന്നാൽ മതിയെന്ന ചിന്തയോടെ ഉറങ്ങി.
പിറ്റേന്ന് സുബഹി നിസ്കരിച്ചു, പാറക്കടവ് കൊപ്ര പീടികയിലേക്കു നടന്നു, കാലിന് വേഗത പോരാത്തത് പോലെ തോന്നി.
ഒരു മേശമേൽ കാൽ കയറ്റി വെച്ചു ആവി പറക്കുന്ന പൊടിചായ കുടിച്ചു കൊണ്ടിരിക്കുകയാണ് അസൈനാർക്ക. വരാന്തയിൽ കൊട്ട തേങ്ങ കൂട്ടിയിട്ടിരിക്കുന്നു. മാലിൽ അങ്ങിങ്ങായ് പൊളിച്ചിട്ട കൊപ്ര, ചകിരിയുടെ ധൂളികൾ വായുവിൽ പറക്കുന്നു. നാലഞ്ചു പണിക്കാർ താളത്തിൽ ചിരട്ടയിൽ നിന്ന് കൊപ്ര വേർതിരിച്ചെടുക്കുന്ന ശബ്ദം. നേരം പുലർന്നു വരുന്നതേ ഉള്ളൂ,ചെറിയ തണുപ്പ് കലർന്ന കുളിർക്കാറ്റ് വന്നെന്നെ പൊതിഞ്ഞു. സോഡാ കണ്ണടയിൽ ഇടം കണ്ണിട്ടു നോക്കി അസൈനാർക്ക.
“ഞാൻ ഉമ്മാമ പറഞ്ഞിട്ട് വന്നതാണ്”
“ആര്“
”കക്കാട്ടെ കദീശ “
”കദീശുമ്മാമാന്റെ മോളെ മോനാണോ, സൗദ യുടെ? “
”ആ, അതേ “
”മ്, ഉമ്മാമ പറഞ്ഞിരുന്നു “
”നിനക്കൊരു ചായ പറയട്ടെ “
”വേണ്ട, കുടിച്ചതാണ് ”
പീടികക്കുള്ളിലേക്ക് നോക്കി, “അൻസി, ഇഞ് പോയൊരു ചായ വാങ്ങി കൊണ്ടാ, നീ ഇരിക്ക്”
കസേര എന്റെ മുന്നിലോട്ട് നീക്കി.
”ഇല്ല, ഞാൻ നിന്നോളാം “
”ഇരിക്ക് മോനെ “
മടിച്ചു കൊണ്ട് അസൈനാർക്കന്റെ മുമ്പിലിരുന്നു,
”നീ പഠിക്കുന്നില്ലേ “
”ആ പത്താം ക്ലാസ്സ് കഴിഞ്ഞു ഇനി പ്ലസ് വണ്ണിലേക്കാണ് “
”ആ, ഇപ്രായത്തിൽ കുട്ടികൾ പണിയെടുത്തു നാലു കാശുണ്ടാക്കുന്നത് നല്ലതാ, പഠനം ഉഴപ്പാതെ നോക്കിയാ മതി “
ചൂടുള്ള ചായ മോന്തി കുടിക്കുമ്പോൾ അസൈനാർക്ക പറഞ്ഞു, ”നീ ഇവിടുത്തെ പണിക്കാരെന്തൊക്കെയാണ് ചെയ്യുന്നതെന്ന് നോക്ക്,
അൻസി നി ഇവൻക്ക് കാര്യങ്ങളൊക്കെയൊന്ന് പറഞ്ഞു കൊടുക്ക്,ഇമ്മളെ കുട്ടിയാ“
പതിയെ ഞാൻ എഴുന്നേറ്റ് ചുറ്റും നോക്കി ആളുകൾ എന്നേ തന്നെ തല ഉയർത്തി നോക്കുന്നു, ഒരു വലിയ ലോറിയിൽ കുറച്ചു പേർ കൊപ്ര ചാക്കിലാക്കി ലോഡ് ചെയ്യുന്നുണ്ട്.
അസൈനാർക്ക പുറത്തേക്ക് പോയ്, അൻസി എന്നേക്കാൾ മൂന്നാലു വയസ്സിന്റെ മൂത്തതാണ്, ഒരു ചാക്ക് കൊപ്ര തലയിൽ വെച്ചു തന്നു, വിചാരിച്ച പോലെയല്ല നല്ല കനമുണ്ട്, വേച്ചു വേച്ചു ലോറിയുടെ സൈഡിലേക്കു നടന്നു. ഒറ്റയ്ക്ക് പിടിച്ചു പൊന്തിക്കാൻ കഴിയുന്നില്ല, കൈ കടയുകയും തല ചുറ്റുന്നത് പോലെയും തോന്നി. ആരൊക്കെയോ വന്നു പിടിച്ചു.
“അണ്ടിക്കു പാലു വരാത്ത ഇവനെയൊക്കെ പണിക്കെടുത്ത ഹാജ്യാരെ പറഞ്ഞാൽ പോരെ. ”
കൂടെ ഉള്ളവർ കളിയാക്കി ചിരിച്ചു. ജാള്യതയോടെ മുഖം താഴ്ത്തി നിന്നു.
അൻസി ചുമലിൽ തട്ടി “സാരോല്ല്യ അതൊക്കെയങ്ങ് ശീലായിക്കോളും”.
ഞാൻ നാലഞ്ചു ചാക്ക് പണിപ്പെട്ടു കയറ്റി, തല പെരുക്കുന്നത് പോലെ തോന്നി, കുറച്ചു നേരങ്ങൾക്കു ശേഷം ഹാജ്യാർ വന്നു.
“നീ എല്ലാം നോക്കി പഠിച്ചോ ”
“മ്, ഒരു വിധം”
“നിനക്ക് കണക്കൊക്കെ എഴുതാന്നറിയോ ”
“ഓ അറിയാം ”
കണക്ക് പുസ്തകത്തിലെ അക്കങ്ങൾ കാണിച്ചു തന്നു, ദിവസവും വരുന്ന വരവുകൾ ഇവിടെയും ചിലവുകൾ ഇതാ ഇവിടെയും എഴുതണം, ഓരോന്നും വെവ്വേറെ വൃത്തിയിൽ എഴുതി വെക്കണം. പോകപ്പോകെ പെട്ടെന്നു തന്നെ പഠിച്ചെടുക്കുവാൻ എനിക്ക് സാധിച്ചു.
എന്ത് കൊണ്ടും ഹോട്ടൽ പണിയെക്കാൾ നല്ലതായ് തോന്നി, ആഴ്ചയിൽ അഞ്ഞൂറു രൂപ കിട്ടും. നാനൂറു രൂപ ഉമ്മാക്കും ബാക്കി ഡയറിയിലും സൂക്ഷിച്ചു.
സുബഹി നിസ്കാരം കഴിഞ്ഞ പാടെ കട്ടൻചായയും കുടിച്ചു ഹാജ്യാരെ പീടികയിലേക്ക് പോകും, എന്റെ തലവട്ടം കണ്ടപാടെ ചാവി ഏൽപ്പിച്ചു ഹാജ്യാർക്ക മുങ്ങും, തലേന്നത്തെ കളക്ഷൻ പൈസ എണ്ണി തിട്ടപ്പെടുത്തി മേശ വലിപ്പിൽ വെച്ച് കണക്കുകൾ കൃത്യമായ് എഴുതി വെക്കും. പൈസ എണ്ണാൻ ആദ്യനാളുകളിൽ നന്നേ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പിന്നീടതു പഠിച്ചെടുത്തു, ഇടത്തെ ചൂണ്ടു വിരലിന്റെയും നടുവിരലിന്റെയും ഇടയിൽ പൈസ വെച്ചു തള്ളവിരൽ മുകളിൽ വരത്തക്ക രീതിയിൽ, വലതു കയ്യിലെ തള്ളവിരലിൽ തുപ്പൽ പുരട്ടി ഓരോ നോട്ടും വെവ്വേറെ എണ്ണി തിട്ടപ്പെടുത്തും. ഒരുപാട് കളക്ഷൻ പൈസയുണ്ടാവും, ഏകദേശം അഞ്ചു ലക്ഷത്തോളം.
പണം വെക്കുന്നതിൽ ഒരു ശ്രദ്ധയും ഹാജ്യർക്കുണ്ടായിരുന്നില്ല, വൽപ്പിലും, മേശ വിരിപ്പിലും കാണും, ഞാൻ അതൊക്കെ എടുത്ത് നോട്ടു ബുക്കിൽ കുറിച്ച് വെക്കും.
ദിനങ്ങൾ കടന്നു പോയ്, എനിക്ക് മാപ്പിള ഹയർസെക്കന്ററിയിൽ പ്ലസ് വണ്ണിലേക്ക് അഡ്മിഷൻ കിട്ടി, എങ്കിലും ജോലിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല. നന്നേ പുലർച്ചെ പോയി കണക്കുകൾ കൃത്യമായ് എഴുതി പൈസ വലിപ്പിൽ വെച്ചു പൂട്ടി ചാവി ഹമീദ്ക്കാന്റെ ഹോട്ടലിൽ ഏൽപ്പിച്ചു സ്കൂളിലേക്ക് പോകും. സ്കൂൾ വിട്ടപാടെ സ്റ്റാൻഡിലൊന്നും കൂട്ടുകാരോത്തു കറങ്ങി നടക്കാതെ പെട്ടെന്നു വീട്ടിലേക്ക് തിരിച്ചു വന്നു കടയിലേക്ക് തിരിക്കും.
ചില ദിവസങ്ങളിൽ നാളികേര കർഷകരുടെ വീട്ടിൽ ഹാജ്യർക്കയോടൊപ്പം പോയി ലേലം വിളിക്കും, കൊട്ടതേങ്ങ കൂട്ടി ഇട്ടിരിക്കുന്നതിൽ നാലഞ്ചെണ്ണം എടുത്ത് നോക്കി ഒരു വിലയങ്ങു പറയും, അധികമാളുകളും അദ്ദേഹവുമായി കച്ചോടമുറപ്പിക്കും. വിശ്വാസമാണ് ഏതൊരു സംരംഭത്തിന്റെയും മുതൽ കൂട്ടെന്ന് വാചാലനാകും.
ചില്ലറ ആളുകൾ കടയിലേക്ക് വരും, കൊട്ട തേങ്ങ നിലത്തു അടിച്ചു നോക്കി ചെവിക്കടുത്തു വെച്ചു കുലുക്കി നോക്കും, മൂത്ത കൊപ്ര ചിരട്ടയിൽ നിന്ന് വിട്ടു നിൽക്കും, കുലുക്കുമ്പോളതു നന്നായി മനസ്സിലാവും, പച്ച തേങ്ങയും എടുക്കുമായിരുന്നു, ചില കല്യാണത്തിനും, ഹോട്ടലിലേക്കും ചിരട്ട വിൽക്കും, ബാക്കി വരുന്ന പച്ച തേങ്ങ ചകിരി കൂട്ടി പുക കൊള്ളിക്കും, പെട്ടെന്നു കൊപ്രയാക്കാനാണ് അങ്ങനെ ചെയ്യുന്നത്.
ഹാജിക്കാന്റെ വീട്ടിൽ പൂർണ സ്വാതന്ത്ര്യമായിരുന്നു എനിക്ക്, എന്തെങ്കിലും പരിപാടിയൊക്കെ നടക്കുമ്പോൾ വിളിപ്പിക്കും, സാധനം വാങ്ങികൊടുക്കാനും മറ്റും, ഞാനത് വളരെ സന്തോഷത്തോടെ ചെയ്തുകൊടുത്തു.
അയിഷയുമായ് അങ്ങനെയാണ് നല്ല കൂട്ടാവുന്നത്, സമപ്രായക്കാരിയും ഒരു വായാടിയുമായിരുന്നു അവൾ.
“നീ എന്താ സയൻസ് കിട്ടിയിട്ടും അതൊഴിവാക്കി കോമേഴ്സ് എടുത്തത്”
“ആ അത് കോമേഴ്സ് ആകുമ്പോൾ പഠിക്കാൻ കുറച്ചേ കാണു, പിന്നെ സയൻസ് പഠിച്ചാൽ ഒന്നുകിൽ ഡോക്ടറോ അല്ലെങ്കിൽ നേഴ്സോ ആവണം അതിന് അത്യാവശ്യം നല്ല പൈസയും വേണം, ഇതാകുമ്പോൾ സി എ ചെയ്യാലോ “
”ഓഹോ, അത് കൊണ്ടാണോ “
അല്ലെങ്കിൽ മറ്റെന്തെങ്കിലും പറഞ്ഞു അടികൂടും.
ആഴ്ചയിൽ മൂന്നു നാലു ദിവസം കൊപ്ര കയറ്റിയ വണ്ടി കാസർക്കോട് ഉപ്പളയിലോ അല്ലെങ്കിൽ മംഗലാപുരത്തോ അതുമല്ലെങ്കിൽ ചെറിയ മില്ലിലേക്കോ പറഞ്ഞയക്കും
സ്കൂൾ വിട്ട് വന്നാൽ ഞാനും ഡ്രൈവർ രവിയേട്ടന്റെയൊപ്പം പോകും, നാലുമണിക്ക് ലോഡ് കയറ്റി റോപ്പ് കയർ കൊണ്ട് വലിച്ചു മുറുക്കി കെട്ടും,കെട്ടഴിഞ്ഞാൽ പാടാണ്, അത് കൊണ്ട് നല്ലവണ്ണം മുറുക്കി കെട്ടണം, പലപ്പോഴായി എന്റെ കൈ മുറിയുകയും തയമ്പ് വരികയും ചെയ്തിട്ടുണ്ട്.
പാറക്കടവ് നിന്ന് കല്ലാച്ചി ടൗണിലേക്ക് പോകണം അവിടെയാണ് ഹാജിക്കാന്റെ വലിയ കൊപ്ര പീടികയുള്ളത്, കുടുംബ സ്വത്താണ്, അവിടെ നിന്നും ലോഡ് കയറ്റി പോകും, തിരിച്ചു എത്ര വൈകിയാലും കളക്ഷൻ കൃത്യമായ് ഓരോ സ്ഥലത്തേയും ചെറിയ പേപ്പറിലെഴുതി പൈസയോടൊപ്പം ബാഗിൽ വെച്ചു ഹാജിക്കാന്റെ വീട്ടിലേൽപ്പിക്കും, ചിലപ്പോൾ അദ്ദേഹം ഉറങ്ങുകയായിരിക്കും,അയിശോമ്മയുടെ കയ്യിൽ ബാഗ് കൊടുക്കും. അന്നേരം നൂറ്റമ്പതോ ഇരുന്നൂറോ കിട്ടും. ഇതിനു വേണ്ടിയാണ് എത്ര നേരം വൈകിയാലും ഹാജിക്കാന്റെ വീട്ടിൽ പോകുന്നത്
ഒട്ടുമിക്ക ദിവസങ്ങളിലും ബുക്കും തുറന്ന് ഉമ്മറ കോലായിൽ ആയിഷ ഉണ്ടാവും
“ഇഞ്ഞുറങ്ങിയില്ലേ ”
“നീ വന്നിട്ട് കിടക്കാംന്നു കരുതി ”
അയ്ശോമ്മ നട്ടപാതിരാക്കും ചായ കൊണ്ടത്തരും അതും കുടിച്ചു ഓളോട് ഓരോ കിസ്സ പറഞ്ഞിരിക്കും.
“നീ ഇത് വരെ പഠിച്ചു തീർന്നില്ലേ ”
“ഇല്ല മോനെ ഒരു പാടുണ്ട് സയൻസ് ബാച്ചിന് പഠിക്കാൻ, ഇങ്ങളെ പോലെയൊന്നുമല്ല, ഞങ്ങൾ പഠിപ്പിസ്റ്റുകളാണ് ”
“പിന്നെ!“
”നിന്റെ സ്കൂളിലെ വിശേഷമെന്താ?
”ഓ ഇമ്മക്ക് പ്രത്യേകിച്ചൊന്നുല്ല്യ, ആ ഇന്ന് ഒരുത്തി റോസാ പൂവ് കൊണ്ടേ തന്നു “
”എന്നിട്ട് നീ വാങ്ങിച്ചോ “
”ആ വാങ്ങിച്ചു “
”എന്തിന്, നീ എന്തിനാ കണ്ട പെൺകുട്ടികളൊക്കെ റോസപ്പൂവൊക്കെ തന്നാൽ വാങ്ങിക്കുന്നത് “
”അതിനെന്താ ഓള് തന്നു ഞാൻ വാങ്ങിച്ചു “
ആയിഷ ദേഷ്യത്തോടെ എന്നെ നോക്കി ”ഇനി മേലാൽ ആരെങ്കിലും റോസ്സ പൂവോ ചോക്ലേറ്റോ തന്നാൽ വാങ്ങിക്കരുത്, അവർക്ക് നിന്നോട് പ്രേമായിരിക്കും “
”പോടീ, നിനക്കെന്തിന്റെ കാറ്റ പ്രേമിക്കാൻ നടക്കുന്നു എനിക്കതിനാ ഇപ്പം സമയം”
“ഞാൻ പറഞ്ഞില്ലാന്നു വേണ്ട, ഇനി മേലാൽ വാങ്ങിച്ചു പോകരുത് ”
“ഓ, ഞാൻ പോകാ ട്ടോ ”
“ശ്രദ്ധിച്ചു പോട് ”
“മ്“
ഉമ്മ കാത്തു നിൽക്കുന്നുണ്ടാവും. വേഗത്തിൽ നടക്കും, ഹാജ്യർക്ക എപ്പോഴും പറയും എവിടെ പോയാലും വയറു നിറച്ചു ഭക്ഷണം കഴിക്കണം, ഞാൻ കഴിക്കാതെ പാർസൽ വാങ്ങും.
വീട്ടിലെത്തിയാൽ ഉമ്മയുമൊന്നിച്ചു കഴിക്കും, ബാക്കി കറി ഉമ്മ പെങ്ങൾക്ക് ചൂടാക്കി പിറ്റേന്നത്തേക്ക് വെക്കും, ഉപ്പയുള്ള കാലം മുതൽക്കേ ഉമ്മ അങ്ങനെയാണ്. ഉപ്പ വരുന്നത് വരെ ഉമ്മറ കോലായിലെ കസേരയിൽ ഉമ്മ കാത്തിരിക്കും. ഞങ്ങളൊക്കെ ഭക്ഷണം കഴിച്ചു കിടന്നിട്ടുണ്ടാവും.
“അല്ല കുട്ട്യോ നിനക്കെന്തെങ്കിലും കഴിച്ചു കിടന്നൂടെ”, ”ആയെ, ഇങ്ങള് വരാണ്ടോ“. മുമ്പ് പലപ്പോഴായി ഞാനിതു കേട്ടിരിക്കുന്നു.
പ്ലസ് ഒന്നിലെ പരീക്ഷ കഴിഞ്ഞു പ്ലസ് രണ്ടിലേക്ക് കടന്നിരിക്കുന്നു, ഒരു ദിവസം ഹാജ്യാർ എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു, ഇന്നലെ ടൂർ പോകുന്ന കാര്യം സൂചിപ്പിച്ചിരുന്നു അതിനായിരിക്കുമെന്നു കരുതി, ഇപ്രാവശ്യമെങ്കിലും സ്കൂളിൽ നിന്ന് കുട്ടികളുമൊത്തു ടൂർ പോകണം. ആയിരത്തി അഞ്ഞൂറു രൂപയാണ് ഒരോ കുട്ടിക്കും, ആകെ കയ്യിലുള്ളത് എഴുന്നൂറ് രൂപ, ബാക്കി പൈസ ഹാജ്യർക്ക തരുമായിരിക്കും, പെട്ടെന്ന് പണി തീർത്തു ഹാജ്യാരുടെ അടുത്തേക്ക് പോയി.
പൂമുഖ വരാന്തയിലൂടെ ഉലാത്തുകയായിരുന്നു ഹാജ്യാർ, “എന്തൊക്കെയാ യാസി, നിനക്കൊരു ചായ പറയട്ടെ ”
“വേണ്ട“
”മ്, നിനക്ക് പൈസക്കെന്തെങ്കിലുമാവശ്യമുണ്ടോ“
മനസ്സിലെ സന്തോഷം കള്ള ചിരിയായ് പുറത്തു വന്നു.
”അടുത്ത ആഴ്ച സ്കൂളിൽ നിന്നു ടൂർ പോകുന്നുണ്ട്, അതിന് കുറച്ചു പൈസ വേണം വേറെ പ്രത്യേകിച്ചു ആവശ്യമൊന്നുമില്ല “
”ഇന്നലെയും മെനഞ്ഞാന്നുമുള്ള കളക്ഷൻ നീ കൃത്യമായ് എണ്ണിയതാണോ? “
”ആ ഞാൻ എണ്ണിയതായിരുന്നല്ലോ, കണക്ക് ബുക്കിലും കുറിച്ചിട്ടതാണ്. “
”എന്നാൽ മൂന്ന് നാലു ദിവസമായ് കളക്ഷൻ പൈസ കുറയുന്നു, ഇന്നലെ നല്ലൊരു തുക കുറഞ്ഞു, എന്തെങ്കിലുമാവശ്യത്തിന് നീയെടുത്തോ? ”
“ഇല്ല, ഞാനെന്തിനെടുക്കണം,കൃത്യമായെണ്ണി വൽപ്പ് ലോക്ക് ചെയ്തതാണല്ലോ“
”ഞാനും നീയും മാത്രമേ അവിടെ രാവിലെ ഉണ്ടാവാറുള്ളു പിന്നെ എവിടെ പോയ് ഇത്രക്ക് പൈസ “
എന്തു പറയണമെന്നറിയാതെ ഞാൻ തല താഴ്ത്തി നിന്നു.
”നീ ഇപ്പം വീട്ടിലേക്ക് പോട് ഞാൻ വിളിപ്പിക്കുമ്പോൾ വന്നാൽ മതി “
എവിടെ പോകാനാണ് പൈസ, ഞാൻ കൃത്യമായി എണ്ണി വെച്ചതല്ലേ, ഇനി വല്ല തെറ്റും പറ്റിയോ, ആരെടുക്കുവാനാണ്.
”ഇഞ്ഞെന്താ യാസി ഇത്ര നേരത്തെ വന്നത്, ഉമ്മാടെ ചോദ്യം “
എന്ത് പറയണമെന്നറിയാതെ കുഴങ്ങി
”ഹാജ്യർക്ക ഇന്ന് നേരത്തെ പോയിക്കോന്ന് പറഞ്ഞു “
”ഹാ അതേതായാലും നന്നായി കുറച്ചു വിറക് കിട്ടിയിട്ടുണ്ട് നീ അതൊന്ന് എടുത്തിടാൻ സഹായിക്ക് “
”ആ ഉമ്മാ ഞാനിതാ വരുന്നു “
വിറക് എടുത്തിടുമ്പോഴും ചിന്ത പലവഴിക്കാണ്. ഹാജ്യർക്കാക്ക് തെറ്റ് പറ്റിയതാവും. ചിലപ്പോളെടുത്ത് ആർക്കെങ്കിലും കൊടുത്തിട്ടുണ്ടാവും,അല്ലാണ്ട് ആരെടുക്കാനാ?
പിറ്റേന്ന് കുളിച്ചു സ്കൂളിലേക്ക് പുറപ്പെടുമ്പോഴാണ് രവിഏട്ടന്റെ വിളി വന്നത്, “നീ പെട്ടെന്നു കടയിലേക്ക് വരണം, ഹാജ്യർക്ക് കാണണമെന്ന് ”
നേരെ കടയിലേക്ക് നടന്നു. വഴിയരികിൽ സ്കൂളിലേക്ക് പോകാനുള്ള ബസ്സ് കാത്തു നിൽക്കുന്ന ആയിഷയെ കണ്ടു.
“ഇഞ്ഞെങ്ങോട്ടാ? ”
“ഞാൻ കടയിലേക്ക്, നിന്റെ വാപ്പ വിളിപ്പിച്ചിക്ക് ”
“നീ പൈസ എടുത്തിക്കോ ”
“പോയെടിയൊന്ന് ”
“സത്യം പറ ”
ഇല്ലെടി, വള്ളാഹി ഞാൻ എടുത്തിട്ടില്ല, എനിക്കെന്തിനാ പൈസ“
”നിന്നെയാ എളാപ്പാക്കും മൂത്താപ്പാക്കും സംശയം, അവരിന്നലെ പറയുന്നത് കേട്ടു “
തലക്കകത്തു എന്തോ മിന്നി മറിയുകയും, കണ്ണിൽ ഇരുട്ട് കയറുകയും, ശരീരം മൊത്തം വിയർക്കുന്നതായും തോന്നി. ഇനി ഒരടി നടക്കാനാവാതെ വല്ലാതെ കുഴയുന്നു. “അല്ലാഹ് ഞാൻ എടുത്തിട്ടില്ല ല്ലോ,ഓളെന്തെങ്കിലും പറയുന്നതാവും ”
ഒന്നുമുണ്ടാവരുതേ,ആയിരം ലാഹിലാഹ ചൊല്ലി തരാം അല്ലാഹ്.
ധൈര്യം സംഭരിച്ചു നടന്നു, കവലയിലെ ആളുകളൊക്കെ എന്നെ തന്നെ തുറിച്ചു നോക്കുന്നോ?
പീടികക്ക് മുമ്പിൽ ഹാജ്യരെ കണ്ടില്ല, അദ്ദേഹത്തിന്റെ അനുജൻ ഹമീദ്ക്ക നിൽക്കുന്നു. മറ്റുള്ള പണിക്കാർ അവരുടെ പണിയിൽ മുഴുകിയിരിക്കുന്നു,എന്നെ കണ്ട പാടെ തല ഉയർത്തി നോക്കി. ഹമീദ്ക്ക എന്നേ പീടികക്കുള്ളിലെ വിടവിലേക്ക് കൊണ്ട് പോയി.
“സത്യം പറ നീ എടുത്തിക്കോ ”
“വള്ളാഹി ഇല്ല ഹമീദ്ക്ക”
“എന്നോട് നല്ലോണം കിട്ടും ട്ടോ, നീ അല്ലാതെ വേറെ ആരും എടുക്കാനില്ല, നിന്നൊക്കെ പണിക്ക് വെച്ച ഇക്കാനെ പറഞ്ഞാൽ പോരെ ”
“ഹമീദ്ക്ക ഞാൻ എടുത്തിട്ടില്ല ”
കഴുത്തിനു കുത്തിപ്പിടിച്ചു നാലഞ്ചടി കവിളിൽ തന്നു, ചെള്ള തെറിച്ചു പോകുന്നതായ് തോന്നി.
“നായെ നിന്റെ അഭിനയമൊന്നും എന്റടുത്ത് വേണ്ട, എവിടെയാ നീ പൈസ വെച്ചത്, വീട്ടിലാണോ?”
“ഹമീദ്ക്ക ഇനി എന്നേ തല്ലരുത് ”
“തല്ലിയാൽ നീ തിരിച്ചു തല്ലുമോ?“
മുഷ്ട്ടി കൊണ്ട് വയറ്റിനൊരു കുത്ത് തന്നു, ഞാൻ വേദന കൊണ്ട് നിലവിളിച്ചു, കാലു കൊണ്ട് മുട്ടിനു ചവിട്ടി, രവിയേട്ടൻ എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു.
“ഈ നായിന്റെ മോനെയും ഓന്റെ ഉമ്മാനെയും പോലീസിനെ കൊണ്ട് പിടിപ്പിക്കണം, നിനക്കു ഞാൻ കാണിച്ചു തരാം ”
“ഇഞ് പോട്, യാസി ” രവിയേട്ടൻ പറഞ്ഞു, “നീ എടുത്തിട്ടുണ്ടെങ്കിൽ അതങ്ങു കൊടുത്തു കള, ഉമ്മാനെയൊക്കെ പോലീസ് പിടിച്ചു കൊണ്ട് പോകാന്ന് പറഞ്ഞാൽ വല്ലത്ത നാണക്കേടാണ് കേട്ടോ “
തല താഴ്ത്തി അപമാന ഭാരത്താൽ ഞാൻ ബസ്റ്റോപ്പിലേക്ക് നടന്നു, ആയിഷ വഴിയരികിൽ നിന്ന് നോക്കുന്നതായ് കണ്ടു, ആരൊക്കെയോ എന്തൊക്കെയോ പറയുന്നു, സംശയത്തോടെ ഉള്ള കണ്ണുകൾ എന്നിലേക്ക് ചൂഴ്ന്നിറങ്ങും പോലെ, തികച്ചും ഒറ്റപ്പെട്ട അവസ്ഥ.
ഉമ്മ അറിഞ്ഞാൽ ജീവനോട് ഉണ്ടാവില്ല, “അല്ലാഹ് ഉമ്മ അറിയരുതേ ”
സ്കൂളിൽ ഇരിക്കുമ്പോഴും ചിന്ത, പോലീസുകാർ ഉമ്മയെ പിടിച്ചു കൊണ്ട് പോകുമോ,ക്ലാസ്സിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല, കവിളിൽ നീര് വന്നിട്ടുണ്ട്, തുപ്പലിൽ ചോരയുടെ ചുവ,എങ്ങനെയെങ്കിലും വീട്ടിലെത്തിയാൽ മതിയായിരുന്നു.
സ്റ്റാഫ് റൂമിൽ പോയി ടീച്ചറോട് പല്ല് വേദനയാണെന്നു കള്ളം പറഞ്ഞു ബസ്സ് സ്റ്റാൻഡിലേക്ക് നടന്നു, ബെഞ്ചിൽ കുറെ നേരമിരുന്നു.
ഹാജ്യർക്കയും ഹമീദ്ക്കയും വീട്ടിലെത്തി ഉമ്മാനോട് സംഗതി പറഞ്ഞു, ഉമ്മ മിണ്ടാനാവാതെ തരിച്ചിരുന്നു.
“ന്റെ കുട്ടി അങ്ങനെയൊന്നും ചെയ്യില്ല, ഓനെടുത്തിട്ടുണ്ടെങ്കിൽ ഞാൻ കൊണ്ടത്തരും, ഇങ്ങോട്ട് വരട്ടെ”
ഞാൻ ചിന്തകളിൽ നിന്നുണർന്നു, പിന്നീടൊരിക്കൽ പോലും താനീക്കാര്യം ആലോചിക്കുക പോലും ചെയ്തില്ല. ഇപ്പോളോർക്കുമ്പോൾ കവിളിലൂടെ കണ്ണുനീർ പടരുന്നു, ഇന്നിതാ വീണ്ടും കണ്മുന്നിൽ തെളിഞ്ഞു,മനസ്സിനെ കുത്തി നോവിക്കുന്നു.
ഉമ്മാടെ വിതുമ്പൽ കാതുകളിൽ വന്നടിക്കുന്നു.
“ഉമ്മാ! ”,യാസി പൊട്ടികരഞ്ഞു, അരക്കെട്ട് ചുറ്റി പിടിച്ചു, ”ഇല്ല ഉമ്മാ ഞാൻ ആരെയും ഒരു പൈസയും കട്ടെടുത്തിട്ടില്ല, ന്റെ ഉപ്പയാണെ സത്യം“
ഉമ്മാടെ വിറങ്ങലിച്ച നേർത്ത വിരലുകൾ എന്റെ മുടിയിണയിൽ തലോടി മാറോട് അടുപ്പിച്ചു, ആ മാറിന്റെ ചൂടിൽ മുഖമമർത്തിയപ്പോൾ കണ്ണുനീർ തുള്ളികൾ മൂർദ്ധാവിൽ ഇറ്റുന്നതായ് അനുഭവപ്പെട്ടു.
എന്തു ചെയ്യണമെന്നറിയാതെ ഞാനന്ന് ഉമ്മാന്റെ മുമ്പിൽ പൊട്ടി പൊട്ടി കരഞ്ഞു. ഉമ്മ പറഞ്ഞത് പോലെ എങ്ങോട്ടെങ്കിലും പോയാലോ. ഞാൻ എങ്ങോട്ടെങ്കിലും പോയാലത് കൂടുതൽ കുഴപ്പങ്ങളല്ലേ സൃഷ്ടിക്കുക, ആളുകൾ എന്നെ സംശയത്തോടെയാണ് നോക്കുക, തീർത്തും ഒറ്റപ്പെട്ട അവസ്ഥ. എങ്ങോട്ടെങ്കിലും പോയി മരിച്ചാൽ മതിയായിരുന്നു.
ഉമ്മ ഒരു വിധം എല്ലായിടത്തും അരിച്ചു പെറുക്കിയിട്ടുണ്ട്, ഇത്രക്ക് വിശ്വാസമില്ലേ ഉമ്മാക്കുമെന്നേ, പഴയ പെട്ടിയുടെ അടിയിൽ വെച്ച ഡയറി വലിച്ചെടുത്തു, അതിൽ പലപ്പോഴായി വെച്ച എഴുന്നൂറ്റി അൻപതു രൂപയെടുത്തു ഉമ്മാന്റെ കയ്യിൽ കൊടുത്തു.
“ അള്ള, ഓർക്ക് കാണിച്ചു കൊടുക്കും ഉമ്മാ, ഞാൻ നാളെ സുബഹി നിസ്കരിച്ചു പത്തു ദിവസം നോമ്പ് നോറ്റു പള്ളിയിൽ ഇഹ്ത്തിക്കാഫിരിക്കാൻ പോകാ ”.
“വല്ലാത്ത പരീക്ഷണമാണല്ലോ റബ്ബേ ന്റെ കുഞ്ഞിന് ”
രാവിലെ ചെറിയ കുട്ടികൾക്ക് പള്ളിയുടെ മുകളിൽ ക്ലാസ്സുണ്ടാവും, അവരോടൊപ്പം ഞാനും കൂടും. ഭക്ഷണപ്പൊതികൾ ദുഃആ ഇരക്കാൻ വേണ്ടി ആരെങ്കിലും ഉസ്താദ്മാർക്ക് കൊണ്ടേ കൊടുക്കും, എനിക്കും അതിലൊരോഹരിയവർ നൽകും. മഗ്രിബ് ബാങ്കിന് ശേഷം ഞാനത് കഴിക്കും. ഇശാ നമസ്കാരത്തിനു ശേഷം ആളുകളൊഴിഞ്ഞപ്പോൾ അവിടങ്ങളിൽ മൂകത തളം കെട്ടിനിന്നു. ചുറ്റും ഇരുട്ട് മൂടി കിടക്കുന്ന ഖബർസ്ഥാനിൽ കുറുക്കന്മാരുടെ ഓരിയിടൽ കേൾക്കുമ്പോൾ താടിയെല്ല് വിറച്ചു പള്ളിയുടെ മൂലയ്ക്കു ഞാൻ കൂനി കൂനി ഇരിക്കും.
സ്വലാത്തിന്റെ വരികൾ ഇടമുറിഞ്ഞു നേർത്ത ശബ്ദത്തോടെ പുറത്തു കേൾക്കാം, പലപ്പോഴും ഉറക്കം വരാത്ത കൺപോളകളടച്ചു ചുറ്റും വീക്ഷിക്കും, പാതിരാത്രി ആരുടെയൊക്കെയൊ കാലടി ശബ്ദങ്ങൾ അടുത്തേക്ക് വരുന്നതായ് തോന്നും. ആരോ വുളൂവെടുക്കുന്നോ? ഔളിൽ നിന്ന് വെള്ളം നിലത്തേക്ക് തൂവുന്നത് പോലെ. ഇനി ജിന്നായിരിക്കുമോ, പണ്ടൊക്കെ ഉമ്മാമ പറയലുണ്ടായിരുന്നു,രാത്രി കാലങ്ങളിൽ ജിന്നുകൾ പള്ളിയിൽ കയറി നിസ്കരിക്കുമെന്ന്. സ്വലാത്തിന് ശക്തികൂടി ഒപ്പം ഹൃദയമിടുപ്പിനും. ഖുർഹാൻ നെഞ്ചിലേക്ക് അമർത്തിപ്പിടിച്ചു കിടക്കും. സുബഹി ബാങ്ക് കേൾക്കുമ്പോഴാണ് കണ്ണ് തുറക്കുക.
കൃത്യം നാലാം നാൾ ഹാജ്യർക്കയും ഹമീദ് കയും ഒപ്പരം രവി ഏട്ടനും വീട്ടിലേക്ക് വന്നു.
“യാസി എവിടെ?”
“ഓൻ പള്ളിയിലാ ”
“ഇത് കുറച്ച് പൈസയാണ് ഓന്ക്ക് കൊടുക്കണം, ഓൻ വന്നാൽ എന്നേ വന്നൊന്നു കാണാൻ പറയണം”, വീണ്ടും എന്തൊക്കെയോ ഹജ്യാർ പറഞ്ഞു, “തെറ്റായ് പോയ് ഓനോട് ചെയ്തത്, കൂട്ടത്തിലുള്ള ഒരുത്തനാ പൈസ എടുത്തത് ”
ഉമ്മ ഒന്നും മിണ്ടിയില്ല,
പള്ളിയിൽ നിന്നു വന്നപാടെ ഉമ്മ പൈസ നീട്ടി, ഞാനതും വാങ്ങിച്ചു “ഈ പൈസ നമുക്ക് വേണ്ട ഉമ്മ, ഞാനിതു തിരിച്ചു കൊടുക്ക ”
“നിന്റെ ഇഷ്ട്ടം പോലെ ചെയ്യ് ”
അന്ന് തന്നെ പൈസ ഹാജ്യാർക്കയുടെ മുമ്പിൽ വെച്ചു ഒന്നും മിണ്ടാതെ തിരിഞ്ഞു, പിന്നിൽ നിന്നുള്ള വിളികൾ കേട്ടില്ലെന്നു നടിച്ചു വലിഞ്ഞു നടന്നു. അതിനു ശേഷം ആശുപത്രിയിൽ വെച്ചാണ് ഹാജ്യാർക്കാനെ കാണുന്നത്.
ഫോണെടുത്ത് നെറ്റ് ഓണാക്കി. ആയിഷയുടെ മെസേജിലൂടെ വിരലുകൾ പതിയെ നീങ്ങി –
“ഹ ”, മെസ്സേജ് അയക്കേണ്ട താമസം
അവിടെയും പച്ചവെളിച്ചം തെളിഞ്ഞു
”സുഖല്ലേ യാസി, പലപ്പോഴായി നിനക്ക് മെസ്സേജ് അയക്കണമെന്ന് കരുതും, പക്ഷെ?“.
“സുഖാണ് ”
“ഖത്തറിലാണുള്ളതല്ലേ? ജോലിയൊക്കെ എങ്ങനെയുണ്ട്? ഉമ്മാനെ വിളിക്കലില്ലെ, ഞാൻ കഴിഞ്ഞ ലീവിന് നാട്ടിൽ പോയപ്പോൾ കണ്ടിരുന്നു“
“മ് വിളിക്കലുണ്ട്, ഉമ്മാക് സുഖാണ് ”
“നിനക്കെന്നോട് ദേഷ്യമൊന്നുമില്ല ല്ലോ?”
“ഏയ് എന്തിന് ”
“വാപ്പാനെ നീ പോയി കണ്ടതു ഞാനറിഞ്ഞു, നിന്നെ വല്ല്യ ഇഷ്ടമാണ്. എന്നോട് നിന്നെ പറ്റി സംസാരിക്കലുണ്ടായിരുന്നു.
“മ് ” കഴിഞ്ഞ ലീവിന് നാട്ടിലുള്ളപ്പോൾ ഹോസ്പിറ്റലിൽ പോയി കണ്ടിരുന്നു.
”നീ നാട്ടിലാണോ ഉള്ളത് “.
”അല്ല, ഇപ്പോൾ യുകെയിലാണ്. വാപ്പ മരിക്കുമ്പോൾ അടുത്തുണ്ടായിരുന്നു. കഴിഞ്ഞാഴ്ച്ചയാണ് തിരിച്ചു വന്നത്. “
“മ്, വേറെ എന്തൊക്കെയാണ് വിശേഷം ”.
“സുഖം യാസി, മൂന്നു ദിവസം മുമ്പ് എന്തോ ബിസിനസ് ആവശ്യത്തിന് ഹസ്സ്ബന്റ് ദുബായിൽ പോയി, അവരുടെ പെങ്ങളും ഭർത്താവും എന്റെ കൂടെയുണ്ട്. നീ എന്താക്ക?“
”ഞാനിതാ കിടക്കാൻ പോകാ, നാളെ ഡ്യൂട്ടി ഉണ്ട് രാവിലെ നേരെത്തെ എഴുന്നേൽക്കണം “
”എന്നാൽ കിടന്നോ, നീ നമ്പറൊന്ന് അയക്ക് ഞാൻ ഫ്രീ ആവുമ്പോൾ വിളിക്കാം. അല്ലെങ്കിൽ മെസ്സേജ് അയക്കാം, അസ്സലാമു അലൈകും “
”ഇന്ഷാ അല്ലാഹ്, വ അലൈകും സലാം “
ഉറങ്ങുവാൻ കഴിയുന്നില്ല, ഇതെന്താ ഇന്നിങ്ങനെ.
അന്നു ഹാജ്യാർക്കാനെ ഹോസ്പിറ്റലിൽ വെച്ചു കണ്ടപ്പോൾ ചോദിക്കണമെന്ന് പല കുറി ആലോചിച്ചതാ, നാവിൻ തുമ്പത്തു വരെയെത്തി, കഴിഞ്ഞില്ല.
“ആരായിരിക്കുമത് എടുത്തത്, അന്ന് എന്നോട് ഇത്രമാത്രം വിരോധമാർക്ക? ധൃതിയിൽ ഫോൺ കയ്യിലെടുത്തു, സമയം നാലര, ജനൽ ചില്ലിലൂടെ പ്രകാശം ഉള്ളിലേക്ക് കടന്നിരിക്കുന്നു. നെറ്റ് കണക്ട് ചെയ്തു ഇൻസ്റ്റാ മെസ്സേജ് ഓപ്പണാക്കി,
ആയിഷയുടെ അക്കൗണ്ട് തുറന്നു, ഒരു സന്ദേശമയച്ചു, രണ്ട് മിനിറ്റിനുള്ളിൽ മറുപടി വന്നു
“ഇഞ്ഞുറങ്ങിയില്ലേ”
“ഇല്ല, ഓരോന്ന് ആലോചിച്ചു കിടന്നു, ഉറക്കം വരുന്നില്ല ”
“പഴയ കാര്യങ്ങളാണോ?”
“മ് ”
“നീ അത് ഇതുവരെ വിട്ടില്ലേ ”
“ഏയ് നിനക്കറിയുമോ ആരായിരുന്നു അന്നാ പൈസ എടുത്തത് ”
“നിനക്കറിയില്ലേ വാപ്പ ഒന്നും പറഞ്ഞില്ലേ”
“ഞാൻ ചോദിച്ചില്ല ”
“എളാപ്പ പറയുന്നത് കേട്ടു അൻസി ആണെന്ന് ”
“വള്ളാഹി അൻസിയോ ”
“ആ, ഓന്റെ ഉപ്പ കിടക്കുമ്പോൾ കിടക്കയ്ക്ക് എന്തോ ഒരു തള്ളിച്ച പോലെ, കിടക്ക പൊന്തിച്ചു നോക്കിയപ്പോൾ പൈസ, ഉടനെ വാപ്പാനെ വിളിച്ചു പറഞ്ഞു, ഇടയ്ക്കിടക്കായി ഓൻ എടുക്കലുണ്ടായിരുന്നു പോലും, ഉപ്പ കണക്കൊന്നും വെക്കാറില്ലല്ലോ”
“മ്”
“അന്ന് നിന്നെ തല്ലിയത് വാപ്പാനോട് ഞാൻ പറഞ്ഞു കൊടുത്തു, എളാപ്പാക്ക് നല്ലോണം ചീത്ത കേട്ടു”
പിന്നെയും എന്തൊക്കെയോ ആയിഷ അയച്ചു, ഞാൻ നോക്കിയില്ല. തോളിൽ കയ്യിട്ടു നടന്ന സുഹൃത്ത്. എന്തിന് വേണ്ടിയായിരുന്നു? ഞാൻ വരുന്നതിന് മുമ്പ് കണക്കൊക്കെ നോക്കിയത് അവനായിരുന്നു, അത്കൊണ്ടൊ? ആർക്കറിയാം?
മുഹമ്മദ് ഫാസിൽ
4 Comments
വളരെ നല്ലൊരു കഥ..നന്നായിട്ട് ഇഷ്ടായി..ഒരുപാട് നാൾ കൂടീട്ട് ഒരു സദ്യ കഴിച്ച പോലെ..അത്രയ്ക്കും ഇഷ്ടായിട്ടുണ്ട്
പറയാൻ വാക്കുകളില്ല, അത്ര നല്ല രചന. ഒന്നു മാത്രം പറഞ്ഞോട്ടെ…
ഇഷ്ടായി ട്ടോ 👌👏
❤️❤️
👌🏻👌🏻👌🏻നല്ല എഴുത്ത്