പുട്ടിനു മാവു നനയ്ക്കുന്നതിനിടയിൽ ലില്ലീടെ ഫോൺ. റോസമ്മയ്ക്കു ദേഷ്യം വന്നു. എങ്ങനേലും പണിതീർത്തിട്ടൊന്നു കെടക്കണം. അന്നേരം ഓരാരുത്തികള് വിളിച്ചോളും
‘രാവിലെ വണ്ടിയേക്കേറി എങ്ങോട്ടാടീ റോസേ, ഒറ്റയ്ക്ക്?’
‘ദേ, ലില്ലിയേ ഇവിടെ കാപ്പിപോലുവായില്ല അന്നേരവാ നെൻ്റെ തമാശ. വെച്ചിട്ടു പോയേടീ.’
‘ റോസേ, നീയൊന്നു തിരിഞ്ഞു നോക്കിക്കേ. നെൻ്റെ മൂന്നു സീറ്റു പൊറകേ എൻ്റെ ജോസ്മോനിരിപ്പോണ്ട്’.
‘എന്നായീ പറയുന്നേ? നിനക്കിന്നു വീട്ടിൽ പണിയൊന്നുമില്ലിയോ? ‘
റോസമ്മ ഫോൺ വെച്ചു കളഞ്ഞു
പുട്ടു കുത്തുമ്പോഴും കടലക്കറി താളിച്ചിറക്കുമ്പോഴും അതു തന്നെ ചിന്തിച്ചു. ലില്ലിക്കിതെന്നാ പറ്റി! ചോറിനു വെള്ളം വെയ്ക്കുമ്പോ, ആണ്ടേ, വീണ്ടും വിളി. ഇത്തവണ ലില്ലി അല്പം ഗൗരവത്തിലാ.
‘നീ വാട്ട്സ്ആപ്പ് നോക്കെ’ന്നും പറഞ്ഞ് ഠപ്പേന്നങ്ങുവെച്ചു.
റോസമ്മ നടുങ്ങിപ്പോയി. ഏതോ KSRTC ബസിൻ്റെ വാതിലിനടുക്കൽ, ഇറങ്ങാൻ പാകത്തിൽ താൻ നിൽക്കുന്നു !
‘അയ്യോ, ഇച്ചായോ, എനിക്കു വയ്യായേ! ആരാണ്ടെൻ്റെ AI പടമെറക്കിയേ. ലില്ലി പറയുവാ, ജോസ് മോൻ കേറിയ വണ്ടിയേ ഞാനുമൊണ്ടെന്ന്. നിങ്ങളോടു ഞാൻ പറഞ്ഞതാന്നേ, എൺപതിലെ, തൊണ്ണൂറിലെ, എന്നെല്ലാം പറഞ്ഞ് പടമൊന്നുമിടല്ലേന്ന്. നിങ്ങളു കേട്ടോ.?’
ഫോണിലെ പടം കണ്ടു രാജു പരിഭ്രമിച്ചു നേഹൽ ഓടിവന്നു ഫോൺ പിടിച്ചുവാങ്ങി, ചിത്രത്തിലേക്കു സൂക്ഷിച്ചു നോക്കി നെറ്റി ചുളിച്ചു
‘ഇത്, വെറുമൊരു AI പടമല്ലല്ലോ! അടുത്തു നിൽക്കുന്ന കെളവനും ആ കുഞ്ഞിക്കൊച്ചിനുമൊന്നും AI ലുക്കല്ലല്ലോ. പിന്നെങ്ങനാ പപ്പാ?’
‘ആ ജോസ്മോനും പിള്ളാരും കൂടെ വല്ല പ്രാങ്കും ഒപ്പിക്കുന്നതാരിക്കും.’
റോസമ്മ ചിത്രത്തിലേക്കു സൂക്ഷിച്ചു നോക്കി. അരീത്ര പള്ളീല് പെരുന്നാളു കൂടാൻ പോയപ്പം ലില്ലിക്കും രമണിച്ചേച്ചിക്കും തനിക്കും ഒരേപ്പോലെ മേടിച്ച സാരിയാ ഉടുത്തേക്കുന്നേ. ഇതെങ്ങനെ? എന്തിനെന്നറിയാത്തൊരു ഭീതി അവളെ തളർത്തി. എങ്കിലും അടുക്കള, കണ്ണുരുട്ടിക്കാണിച്ചപ്പോൾ തിരക്കിട്ടു പണി തുടർന്നു. ചോറും കറിയുമായി. ഒന്നു നടു നീർക്കാമെന്നു വെച്ചപ്പം നേഹക്കൊച്ചിനാണ്ടടാ കപ്പ തിന്നണം.
‘എന്നതാടീ, കപ്പയ്ക്കു നോവുകേം മറ്റുമില്ല, ശരിക്കൊന്നുലുത്തി നോക്കിക്കേ, ‘റോസമ്മ ഒച്ചയെടുത്തു.
‘ എന്നെങ്കി പിന്നെ അമ്മച്ചി തന്നങ്ങു പറിച്ചോ’ന്നും പറഞ്ഞ്, നേഹൽ തിരിഞ്ഞൊരു നടത്തം
‘തിന്നാന്നേരത്ത് നീയിങ്ങു വരുവല്ലോ. നേഹേ ….., ഡീ, ആ കപ്പലുമാവിൻ്റെ ചോട്ടീന്നിച്ചെരെ കാന്താരി പൊട്ടിച്ചേ’
‘എനിക്കേലും വയ്യ ! രണ്ട് അസൈൻമെൻ്റൊണ്ട്’
പല്ലുംഞവറി, ഉണങ്ങിത്തറഞ്ഞ മണ്ണീന്ന്, പന്ത്രണ്ടുമാസക്കപ്പേടെ മുട്ടനോരു മൂട്, വല്ലവിധേന കുലുക്കിപ്പറിച്ചെടുത്തു. ഫോണിൽ കുത്തിക്കൊണ്ടു വരാന്തയിലിരുന്ന രാജു, തലപൊക്കാതെ ചോദിച്ചു,
‘ചെണ്ടമുറിയനാന്നോ, അതോ, വേയിക്കുവാന്നോടീ? ഇന്നലത്തെ മീങ്കറി ഇരുപ്പോണ്ടോ?’
‘മീങ്കറിയില്ല, ചെണ്ടയേ പറ്റൂ. വേണേ തിന്നാ മതി.’
പൈപ്പുംചോട്ടിലിട്ടു കപ്പ തേച്ചുകഴുകി, കൊത്തിനുറുക്കുമ്പം റോസമ്മയോർത്തു, ചെണ്ടക്കപ്പയാന്നേലും അപ്പനും മോളും തിന്നോളും. കൂടുതലിഷ്ടം വേയിച്ചതാന്നല്ലോന്ന് വെച്ച്, വയ്യാഞ്ഞിട്ടും കുത്തിയിരുന്നു കൊത്തിയരിയുന്ന തന്നെപ്പറഞ്ഞാ മതിയല്ലോ!
കാന്താരി ഒടച്ച്, കപ്പേം വെളമ്പി വെച്ചിട്ട് നോക്കുമ്പം, ഗേറ്റും തൊറന്ന്, ആ തങ്കച്ചൻ്റെ ചെറക്കൻ സിജി, പതുക്കനെ ഊർന്നു കേറുന്നു. റോസമ്മയ്ക്കു കലികയറി. ഈയെടെ എവൻ്റെ വരവിച്ചെരെ കൂടുന്നൊണ്ട്. എന്തോ കമ്പ്യൂട്ടറും പഠിച്ച്, കുടുമ്മത്തിന് ഒരു ഗുണോവില്ലാതെ തേരാപ്പാരാ നടക്കുന്നവനാ. ഇച്ചായൻ പുതിയ ബിസിനസെന്തേലും പ്ലാനിടുവാന്നോ എന്നൊരു ഭയമവളെ പെട്ടന്ന് ചൂഴ്ന്നു.
മാന്യമായി ജീവിച്ചു പോന്ന കുടുംബമായിരുന്നു അവരുടേത്. ഒറ്റമകനായതുകൊണ്ടും, അപ്പൻ അധ്വാനിയായതു കൊണ്ടും അത്യാവശ്യം ഭൂമിയും കുറച്ചു റബറും രാജുവിന് കുടുംബസ്വത്തായി കിട്ടിയിരുന്നു. റോസമ്മയുടെ വീട്ടിൽ നിന്നും നല്ല സഹായമുണ്ടായിരുന്നു. പോരാത്തതിന് രാജു, പണിയറിയാവുന്ന ഇലക്ട്രീഷ്യനും. പറഞ്ഞിട്ടെന്താ, ആ തലനിറയെ ആശയങ്ങളായിപ്പോയി.
ഇലക്‌ട്രിക്കൽകട പൊട്ടിയപ്പോൾ, സ്പെയർപാർട്ട്സ്കട പിറന്നു. അതു തകർന്നപ്പോഴേക്കും ഭൂനികുതി അടയ്ക്കുന്ന ഭാരം ഗണ്യമായി കുറയ്ക്കാൻ രാജുവിനു കഴിഞ്ഞിരുന്നു. ബിസിനസ് ടെക്നിക്കുകളെക്കുറിച്ച് നിരന്തരം നാട്ടുകാരോടു പറഞ്ഞു പറഞ്ഞ് രാജുവിന് ടെക്നിക് രാജു എന്നൊരു പേരും വീണുകിട്ടി.
തോറ്റു കൊടുക്കാൻ പുള്ളി തയ്യാറല്ലായിരുന്നു ബിസിനസ് ടൈക്കൂൺസെല്ലാം പരാജയങ്ങളിൽ നിന്ന് ഉയിർത്തവരാണെന്ന് ഉറപ്പുള്ളതിനാൽ,കാലത്തിനൊപ്പം അപ്ഡേറ്റഡായി കമ്പ്യൂട്ടർ പെരിഫെറൽസിൻ്റെ ഷോപ്പു തുറന്നു. ഇത്തവണ വീടിൻ്റെ ആധാരം, ബാങ്കിൽ സുരക്ഷിതമാക്കാനും കഴിഞ്ഞു
ഭർത്താവിൻ്റെ തരികിടകളിൽ, അതുവരെ പിടിച്ചുനിന്ന റോസമ്മ, കമ്പ്യൂട്ടർകടയ്ക്കു കൂടി ഷട്ടർ വീണതോടെ, മുപ്പത്തിയെട്ടാം വയസ്സിൽ വൃദ്ധയായി. രോമകൂപങ്ങളിൽ നിന്നു വരെ വേദന പൊട്ടിമുളയ്ക്കുന്ന, സദാ കിടക്കണമെന്നു മാത്രം ചിന്തിക്കുന്ന, എല്ലാവരോടും അമർഷമുളള പുതിയ റോസമ്മയായി.
തുടർന്നുള്ള നാലഞ്ചു കൊല്ലത്തെ കഠിനജീവിതത്തിനും, ജപ്തി ഭീഷണികൾക്കും അറുതി വന്നത്, മൂത്ത മകൻ നോയൽ, 22-ാം വയസ്സിൽ മണലാരണ്യത്തിൽ പോയി ഉരുകാൻ തുടങ്ങിയതോടെയാണ്. ലോൺ തീർത്ത് തിരിച്ചെടുത്ത ആധാരം, രാജുവിൻ്റെ കണ്ണിൽപെടാതെ സൂക്ഷിക്കുന്നതാണ് വീട്ടിലെ പ്രധാന വെല്ലുവിളി. അതു കയ്യിലെടുക്കുമ്പോഴെല്ലാം, നോയലിൻ്റെ വിയർപ്പിൻ്റെ ചൂടടിച്ച് അവളുടെ കണ്ണിൽ വെള്ളം നിറയും.
പൂട്ടിപ്പോയെങ്കിലും കമ്പ്യൂട്ടർസ്ഥാപനം, രാജുവിനെ മാറ്റിമറിച്ചു കളഞ്ഞു. ടെക്‌നോളജിയോടുള്ള അഭിനിവേശവും ചെറുപ്പക്കാരോടുള്ള ചങ്ങാത്തവും ഇടക്കിടെ ചില സൈബർ കുറ്റകൃത്യങ്ങളുടെ പരിസരങ്ങളിലിട്ടയാളെ കറക്കി. അതിനകം ‘ടെക്കിരാജു’ വായി അപ്ഗ്രേഡ് ചെയ്യപ്പെട്ട കക്ഷി, ചെന്നുചാടുന്ന കേസുകളിലെറെയും കൂട്ടുകാരായ യുവാക്കളുണ്ടാക്കുന്ന പെൺ വിഷയങ്ങളാണെന്നത് റോസമ്മയുടെ ഫൈബ്രോമയാൾജിയയുടെ ആക്കം കൂട്ടി.
ആധിയോടെ റോസമ്മ, പതുങ്ങി വാതിലിനു പിന്നിലെത്തി കാതോർത്തു.
‘അച്ചായാ, ഇങ്ങനിരിക്കാതെ അവരെ വിളിക്ക്. ഇതതു തന്നെയാ. പ്രശ്നമാകുവേ.., നോക്ക്, റോസാൻ്റീടെ ഡിറ്റോ… നടപ്പു നോക്കിക്കേ, തെറിച്ച് തെറിച്ച്. ജോസിനെ ഞാൻ പറഞ്ഞു നിർത്തിയേക്കുവാ. അവനീ വീഡിയോ ഏതേലും ഗ്രൂപ്പേലിട്ടാ തീർന്നേ……. ‘
റോസമ്മ, ഭദ്രകാളിയായി ചാടിവീണു.
‘എന്നതാ ഇവിടെ നടക്കുന്നേ, നിങ്ങളെന്നെ വല്ലവനും വിറ്റോ?’
‘എടിയേ, നീ പേടിക്കുമ്പോലൊന്നുമില്ല. നിനക്കു മോലാത്തതുകൊണ്ടു സഹായത്തിനു ഞാൻ ……’
‘ വേറേ കെട്ടിയോ?’
‘ആൻ്റിയേ, അതൊന്നുമല്ല ഞാൻ പറയാം ……..’
ഹോണടിച്ചു കയറി വന്ന ഊബർ ടാക്സി, ആ സംഭാഷണം മുറിച്ചു
ഡോറു തുറന്നു കുതിച്ചിറങ്ങിയ അവതാരത്തെക്കണ്ട്, റോസമ്മയ്ക്കു തലകറങ്ങി. രാവിലെ ലില്ലി അയച്ചുതന്നതു വെറുമൊരു പടമല്ലെന്നും രാജുവിനും സിജിക്കും അതിലെന്തോ മനസ്സറിവുണ്ടെന്നുമുള്ള ചിന്ത, അവളെ പരവശയാക്കി.
ക്ഷണനേരം കൊണ്ടു വരാന്തയിലെത്തിയ അതിഥി, രാജുവിനെ കണ്ണുകൊണ്ടുഴിഞ്ഞു.
‘നമസ്ക്കാരം രാജുച്ചേട്ടാ! നിങ്ങൾക്കു വേണ്ടി പ്രോഗ്രാം ചെയ്ത, ‘സൂപ്പർ റോസമ്മ എക്കോ AI ‘ ഇതാ,മിഷനിൽ പ്രവേശിക്കുന്നു. റോസമ്മച്ചേച്ചിയുമായി തെറ്റിപ്പോകാതിരിക്കാൻ നിങ്ങൾക്കെന്നെ ‘എക്കോ’ എന്നു വിളിക്കാം. അഡ്രസ്സിൽ തെറ്റു വന്നതുകൊണ്ട് റോങ്ങ് ഡിറക്ഷനിൽ കുറച്ചു ട്രാവൽ ചെയ്തു. അപ്ഡേറ്റ് കിട്ടിയപ്പോൾ ഊബറെടുത്തു. പബ്ലിക് ട്രാൻസ്പോർട്ട് ഒത്തിരി സമയമെടുക്കുന്നു’
ആത്മവിശ്വാസത്തോടെ മലയാളം സംസാരിക്കുന്ന പുതിയ പതിപ്പിനെ നോക്കി റോസമ്മ കണ്ണുമിഴിച്ചു. ഓടി വന്ന നേഹൽ തറഞ്ഞു നിന്നു. അപ്പോഴേക്കും റോസമ്മയുടെ സ്കാനിങ്ങ് ആരംഭിച്ചിരുന്നു. 49 കാരിയായ റോസമ്മയ്ക്ക് ഹൈ കൊളസ്ട്രോൾ ഡിറ്റെക്ടു ചെയ്ത്, വെളിച്ചെണ്ണ ഒഴിവാക്കാനുള്ള തീരുമാനമെടുത്ത എക്കോ, പണിതുടങ്ങി. റോസമ്മ ഓടി ചെല്ലുമ്പോഴേക്കും പാക്കറ്റിലുണ്ടായിരുന്ന ഒരു കിലോ വെളിച്ചെണ്ണയും, കുപ്പിയിൽ പകർത്തിവെച്ചിരുന്ന ഏകദേശം അരക്കിലോയും കണ്ടുപിടിച്ച് സിങ്കിലൊഴിച്ചിട്ട് ഒഴിഞ്ഞ പാക്കറ്റിടാൻ ട്രാഷ് തപ്പുന്ന തിരക്കിലായിരുന്നു കക്ഷി. 450 രൂപാ നിന്ന നിപ്പേൽ പോയ ആന്തലിൽ, റോസമ്മ നെഞ്ചത്തടിച്ചു. ഓടി വരാന്തയിൽ ചെന്നവൾ കലിതുള്ളി.
‘ഇച്ചായാ ഇതെന്നതാ, നിങ്ങക്കറിയാവോ എവളേതാന്ന്? സത്യം പറഞ്ഞോണം.’ രാജു തലകുനിച്ചു.
‘നീ പറയെടാ.’ കത്തുന്ന കണ്ണുുകൾ സിജിക്കുനേരേ തിരിഞ്ഞു.
‘ആൻ്റി ദേഷ്യപ്പെടല്ലേ ! ആൻ്റിക്കു സഹായത്തിനൊണ്ടാക്കിയ സെറ്റപ്പാ. സകല പണിയും ചെയ്തോളും. ജോലിക്കാരിയായിട്ടു കണ്ടാമതി’
‘എൻ്റെ മൊതലെടുത്ത് സിങ്കേലൊഴിച്ചു കളയുന്നവവളാന്നോടാ ജോലിക്കാരി?’
‘ഇനി അങ്ങനൊണ്ടാവത്തില്ല. അച്ചായൻ അവരെ വിളിച്ചു പറയും’
‘ആരെ?’
‘അത് …. ഇതിനെ ഉണ്ടാക്കുന്നവര്, ബാഗ്ലൂർ ടീംസാ. ബഡാ പാർട്ടീസ്’
‘അപ്പോ,ഇത് ഓർഡർ ചെയ്യാനാണോ, അന്ന് പപ്പാ മെഗാടെക് എക്സ്പോ കാണാനെന്നും പറഞ്ഞു പോയേ?’ സിജിച്ചായനും കൂടെപ്പോയാരുന്നോ? കാശെത്ര പൊടിഞ്ഞു? എവിടുന്നാ പപ്പാ ഇതിനും വേണ്ടി പൈസ? ‘
നേഹൽ വിടാൻ ഭാവമില്ല. രാജുവും സിജിയും തലതാഴ്‌ത്തി.
റോസമ്മ ആക്രോശിക്കാൻ വായ തുറന്നതും, റോഡിലൊരു ബഹളം. മീൻകാരൻ ഷിനു കോപാക്രാന്തനായി അലറുന്നു.അയൽക്കാരിൽ ചിലർ, റോസമ്മയുടെ പുതിയ അവതാരത്തെ നോക്കി മിഴിച്ചു നിൽപ്പുണ്ട്. രാജുവും സിജിയും നേഹയും ഓടിച്ചെന്നു. റോസമ്മയ്ക്ക് എന്തു ചെയ്യണമെന്നറിയാതായി. അവൾ ഗേറ്റിനരികെ പതുങ്ങി. ആ നിമിഷം ഒന്നവൾക്കു മനസ്സിലായി. ഇതിപ്പോൾ പ്രധാനമായും തൻ്റെ പ്രശ്‌നമാണ്. കുഴപ്പമെല്ലാം ഉണ്ടാക്കിയ രാജുവിനെയോ, നേഹയെയോ, തന്നോളം ഇതു ബാധിക്കില്ല. അവർക്കെല്ലാം ഇറങ്ങി നടക്കാം. തനിക്കു പറ്റില്ല, ഇവളിവിടെ ഉള്ളിsത്തോളം.
രാജു എത്ര സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും ഷിനു അടങ്ങുന്നില്ല. എക്കോ, പറഞ്ഞതുതന്നെ ആവർത്തിക്കുന്നു.
‘കഴിഞ്ഞ ജൂലൈയിലെ വെള്ളപ്പൊക്കത്തിൽ, കടലിൽ ചത്തുപൊങ്ങിയ മത്തിയാണിത്. ഭക്ഷ്യയോഗ്യമല്ല, ‘
അതുകേട്ടു കലിതുള്ളുന്ന ഷിനുവിനെ, കയ്യുംകാലും പിടിച്ച് പറഞ്ഞയച്ചതും എക്കോ, തിരിച്ചുപാഞ്ഞു. മീൻവാങ്ങൽ മുടങ്ങിയ അയൽക്കാർക്ക് പലതും ചോദിക്കാനുണ്ടെന്നറിഞ്ഞു തന്നെ മൂന്നു പേരും പതിയെ വലിഞ്ഞുകളഞ്ഞു
അടുക്കളയിൽ ചെന്ന റോസമ്മയുടെ ചങ്കുതകർന്നു. ഒരു മാതിരി പൊടിവകകളിലെല്ലാം ഫംഗസ് കണ്ടെത്തി ട്രാഷിലാക്കി മുന്നേറുന്നവളെ, അവർ കോപത്തോടെ പിടിച്ചു തള്ളി. എക്കോ, ഒരിഞ്ച് അനങ്ങിയില്ലെന്നു മാത്രമല്ല, റോസമ്മയെ തൂക്കിയെടുത്ത് അടുത്തുളള കസേരയിൽ വെച്ചിട്ട് താനിതെല്ലാം റോസമ്മയ്ക്കു പകരമായാണു ചെയ്യുന്നതെന്നും, ഈ വീട് സംരക്ഷിക്കാൻ പ്രോഗ്രാം ചെയ്ത തനിക്ക് മറ്റൊരു വഴിയില്ലെന്നും കർക്കശമായി പറയുകയും ചെയ്തു. റോസമ്മ തകർന്നു പോയി.
വേവിച്ചിറക്കിയ കപ്പയും കാന്താരിയും ചോറും കൂട്ടാനുമെല്ലാം ഊണുമേശയിലേക്ക് അനായാസം നീങ്ങുന്നതും നോക്കി പാവയെപ്പോലെ കുത്തിയിരുന്നു. ഒരാഴ്ച മുന്നേയിട്ട കാന്താരി അച്ചാർ, ആ കണ്ണീച്ചോരയില്ലാത്തവൾ നിഷ്ക്കരുണം തട്ടിക്കളയുന്നതു കണ്ടു റോസമ്മക്കു തൂങ്ങിച്ചാകാൻ തോന്നി.
ഊണുമേശ നിശ്ശബ്ദമായിരുന്നു. എക്കോ, മുറ്റത്തൂടെ തെക്കുവടക്കോടി, ചെടിച്ചട്ടികൾ മറിച്ചിട്ടും മലർന്നുകിടന്ന ചിരട്ടകളും പാത്രങ്ങളും വാരിക്കൂട്ടിയും കൊതുകുനിർമ്മാർജ്ജനയജ്ഞം നടത്തുന്നത്, ജനാലവഴി കണ്ടവൾ നെടുവീർപ്പിട്ടു.
വെട്ടിപ്പൊളിയുന്ന തലവേദനക്ക്, ഇച്ചിരെ കോടാലിസത്തും തേച്ച് ഉറങ്ങാൻ കിടന്ന റോസമ്മ, മുറ്റത്തൊരു ലഹള കേട്ടു ഞെട്ടി. അയൽക്കൂട്ടത്തിലെ പെണ്ണുങ്ങൾ മൊത്തം മുറ്റത്തുനിന്നു ചിലയ്ക്കുന്നു. ഭയന്നുപോയി. രാജുവും നേഹയും അവരെ തണുപ്പിക്കാൻ പാടുപെടുന്നു.
രമണിച്ചേച്ചി, കഴിഞ്ഞാഴ്ച അവതരിപ്പിച്ച കുടുംബശ്രീ സ്റ്റാളിൻ്റെ കണക്കിൽ 2827 രൂപയുടെ കൃത്രിമമുണ്ടെന്നും, സിനി ജോജി, വിനോദയാത്രക്കു പിരിച്ചതിൽ, ചിലവുകഴിഞ്ഞ് 512 രൂപാ 65 പൈസ കുറച്ചാണു തിരിച്ചടച്ചതെന്നും പറഞ്ഞു കൊണ്ടേയിരിക്കുന്ന ജന്തുവിനെ കഴുത്തുഞെരിച്ചു കൊല്ലാനവൾക്കു കൈതരിച്ചു. പെണ്ണങ്ങൾ പല ചേരിതിരിഞ്ഞ് യുദ്ധമാണ്. ഇവളെങ്ങനെ അയൽക്കൂട്ടം മീറ്റിങ്ങിൽ കയറിപ്പറ്റിയെന്ന് എത്ര ചിന്തിച്ചിട്ടും റോസമ്മക്കു പിടികിട്ടിയില്ല കഷ്ടകാലത്തിന് ഉറങ്ങിയും പോയി.
ഇവരൊക്കെ ശരിക്കും ഇതു താനാണെന്നു വിചാരിച്ചിട്ടുണ്ടോ, സംസാരം കേട്ടാലെങ്കിലും പിടികിട്ടണ്ടേ ! എന്നെല്ലാം ചിന്തിച്ചവൾക്കു വട്ടായി. ഇറങ്ങിച്ചെല്ലണോ, വേണ്ടയോ എന്നു തീരുമാനിക്കാനാവാതവൾ കുഴങ്ങി.
അടുക്കളപ്പുറത്ത് വലിയോരു ശബ്‌ദം കേട്ട് എക്കോ കുതിക്കുന്നതു കണ്ട് റോസമ്മയും അടുക്കളയിലേക്കോടി. ഏഴാംകൊലയും വിരിഞ്ഞു നിന്നൊരു പതിനെട്ടാംപട്ട ദേണ്ടേ, അലക്കുകല്ലിൻ്റെ മീതേക്കൂടെ മറിഞ്ഞ് അടുക്കള വാതിലേ മുട്ടിനിൽക്കുന്നു. കാറ്റില്ല, മഴയില്ല, എൻ്റീശോയേ! റോസമ്മ നെഞ്ചത്തടിച്ചു. കാഫലമൊളള നല്ലൊന്നാന്തരമൊരു തെങ്ങ്, മറിഞ്ഞാലത്തെ ദെണ്ണം ചില്ലറയാന്നോ !
പിന്നിലേക്കോടി വന്ന പെണ്ണുങ്ങൾ, അടുക്കളവാതിലിൽ തെങ്ങോലകൾക്കിടയിലുടെ കണ്ട റോസമ്മയെ, അന്യഗ്രഹജീവിയെപ്പോലെ മിഴിച്ചുനോക്കി. ചോട്ടീന്നു വട്ടമൊടിഞ്ഞ തെങ്ങിൽ, കൊമ്പൻചെല്ലിയെ കണ്ടെത്തിയ എക്കോ, പണ്ട് റബർഷീറ്റു സൂക്ഷിച്ചിരുന്ന ഷെഡിൽ നിന്ന്, അതിവേഗം ആയുധങ്ങൾ കണ്ടെടുത്ത് തെങ്ങ് വെട്ടിമാറ്റുന്ന ജോലി തുടങ്ങി.
റോസമ്മക്കു തൻ്റെ കൂട്ടുകാരോട് എന്തു പറയണമെന്നറിയാതായി. അവർക്കു തിരിച്ചും. ഉച്ച മുതൽ നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ച റോസമ്മയുടെ വീഡിയോകളെപ്പറ്റി വീട്ടിലും, അയൽ കൂട്ടത്തിലുമിരുന്നു പറഞ്ഞ വേണ്ടാതീനങ്ങൾ അവരെ അലട്ടി. എന്നാലും റോസക്കു വീട്ടിലെ സകലപണിയും ചെയ്തുകൊടുക്കാൻ ഇങ്ങനൊന്നിനെ കിട്ടിയതിൽ അവർക്കു നിരാശ തോന്നാതിരുന്നില്ല.
വൈകിട്ട് സിജി, റോഡിൽ നിന്നു കൈകാട്ടി വിളിച്ചപ്പോൾ രാജു പതുങ്ങി പുറത്തിറങ്ങി. അവൻ കാണിച്ച വീഡിയോകൾ കണ്ടയാൾ നടുങ്ങി. ഏതോ കടൽത്തീരത്ത്, അല്പവസ്ത്രധാരികൾക്കൊപ്പം ചുറ്റിത്തിരിയുന്ന റോസമ്മ ! തിരയിൽ പെട്ടുപോയൊരുത്തനെ തൂക്കിയെടുത്തു കരയിലെത്തിക്കുന്നതും, കുട്ടിയുടുപ്പിട്ട രണ്ടു പെൺകുട്ടികൾക്കൊപ്പം ചുവടു വെക്കുന്നതും കണ്ടയാൾ പരവശനായി.
മെഗാടെക്കുകാരെ വിളിക്കാൻ ഇനിയും അമാന്തിക്കരുതെന്ന് പറഞ്ഞിട്ടു സിജി വലിഞ്ഞു.
വീട്ടിലേയ്ക്ക് കയറുമ്പോൾ, രാജുവിൻ്റെ ഫോണിലേക്ക്, മെഗാടെക് സൊല്യൂഷൻസിൽ നിന്നൊരു വിളിയെത്തി. താങ്കൾ ഓർഡർ ചെയ്ത സൂപ്പർറോസമ്മ എക്കോ, പണി പൂർത്തിയാകുംമുമ്പ്, ഗോവയ്ക്കു പോയ ഡെലിവറിട്രക്കിൽ കയറി രക്ഷപെട്ടെന്നും കണ്ടെത്താനുള്ള കഠിനശ്രമത്തിലാണെന്നും, എക്കോ, അപകടകാരി ആയേക്കാമെന്നുമുള്ള മുന്നറിയിപ്പാണ്.
രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ അനുസരിക്കുക, അതു വിലയിരുത്തി മാത്രം തീരുമാനമെടുക്കുക എന്നതാണ് പൂർത്തിയാകാത്ത ഭാഗമെന്നു കേട്ട രാജു, ഭയപ്പാടോടെ ചുവരിലെ വ്യാകുലമാതാവിനെ നോക്കി . കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ, നിവൃത്തിയില്ലാതെ രാജുവിൻ്റെ അഡ്രസ് എക്കോയ്ക്ക് അപ്ഡേറ്റ് ചെയ്തെന്നും, വഴിയിൽ വെച്ചു തന്നെ പിടികൂടാൻ ഏർപ്പാടു ചെയ്തിട്ടുണ്ടെന്നും കേട്ട് രാജുവിനു കലിയിളകി. പോലീസും മീഡിയയും അറിയാതെ നമുക്കിതു സെറ്റിൽ ചെയ്യാം, കോമ്പൻസേഷൻ എന്തു വേണേലും തരാം, എന്നു കേട്ടതും
‘എടോ അവളിവിടെ എന്തെല്ലാം കാണിച്ചെന്ന് ………………
പൂർത്തിയാക്കും മുമ്പ്,ഒറിജിനൽ റോസമ്മയെ വെല്ലുന്ന ബഹളത്തോടെ എക്കോ പാഞ്ഞു വന്നു ഫോൺ പിടിച്ചെടുത്തു.
പിന്നാലെ റോസും നേഹയും.
‘രാജുച്ചേട്ടാ, നിങ്ങൾ മഹാലക്ഷ്മി ബാങ്കിൽ നിന്നെടുത്ത ലോൺ, ഒറ്റ ഇൻസ്റ്റാൾമെൻ്റ് അടച്ചില്ലല്ലോ. ആറുമാസം കഴിഞ്ഞില്ലേ? നിങ്ങളെപ്പോലൊരു ഫൂൾ അല്ലാതെ ആരെങ്കിലും 16% പലിശക്ക് ലോക്കൽ ബാങ്കിൽ നിന്ന് ലോണെടുക്കുമോ? പലിശ കുറവുള്ള എത്ര ബാങ്കുകളുണ്ട് !ഞാൻ നിങ്ങളുടെ ഇൻകം അസ്സസ്സു ചെയ്തു. ചിലവും. ഈ കുടുംബം വലിയ അപകടത്തിലാണ്. നോയൽ എൻ്റെ അക്കൗണ്ടിലേക്ക് അയയ്ക്കുന്ന പൈസ വെച്ച് ഈ കടവും തീർത്ത്, വീട് മുന്നോട്ടു പോകില്ല. നിങ്ങൾ എൻ്റെ ആധാറും പാനും എല്ലാം ബാങ്കിൽ കൊടുത്തില്ലേ? ഈ വീട് സംരക്ഷിക്കാനാണ് എന്നെ പ്രോഗ്രാം ചെയ്തിരിക്കുന്നത് ഞാനതു ചെയ്തിരിക്കും, പേടിക്കണ്ട, ‘
രാജു മറച്ചുവെച്ച പുതിയ ലോൺ കുരുക്കും, എക്കോയുടെ പ്രഖ്യാപനവും റോസമ്മയെയും, നേഹലിനെയും നടുക്കിക്കളഞ്ഞു. പോരാത്തതിന്, എൻ്റെ അക്കൗണ്ട്, എൻ്റെ ആധാർ എന്നെല്ലാം അവളു കയറിപ്പറയുന്നതു കേട്ട് റോസമ്മക്കു ചൊറിഞ്ഞും വന്നു.
ഭാര്യയേയും മകളെയും എങ്ങനെ നേരിടുമെന്ന ഭയം രാജുവിനെയും വലച്ചു. മെഗാടെക് എക്സ്പോയിൽ, മറ്റുള്ളവർ മടിച്ചു നിന്നപ്പോൾ ചാടിക്കയറി ഇതിനെ ബുക്ക് ചെയ്ത നിമിഷത്തെ ശപിച്ചു. അതിൻ്റെ പേരിലെടുത്ത ലോണിൻ്റെ ഭാരം ആദ്യമായി അയാൾ തിരിച്ചറിഞ്ഞു.
ബാധ്യത എങ്ങനെ തീർക്കാനാണ് പ്ലാനെന്നു നേഹ ചോദിച്ചപ്പോൾ, മഹാലക്ഷ്മി ബാങ്കിൻ്റ മോർട്ട്ഗേജ് ഡേറ്റാബേസിലേക്ക് കയറി എല്ലാം ഇറേസ് ചെയ്യാനുള്ള നടപടി ഇനിഷ്യേറ്റു ചെയ്‌തെന്നു കേട്ടവർ തരിച്ചു നിന്നു.
അയ്യോ! ഞങ്ങളെല്ലാം ജയിലീപ്പോകും കൊച്ചേ അതൊന്നും വേണ്ട, ‘ രാജുവിൻ്റെ നിലവിളി അവൾ ശ്രദ്ധിച്ചേയില്ല.
‘ഇതാണ് ഏക ലോജിക്കൽ സൊല്യൂഷൻ ഇനി ആര് ഇടപെട്ടാലും അത്, ത്രെറ്റാണ്. ഞാൻ തടയും. രാജുച്ചേട്ടാ അത് നിങ്ങളായാലും. എനിക്കു നിങ്ങളെ രക്ഷിക്കാതെ പറ്റില്ല’
രാജുവിൻ്റെ ലാപ്ടോപ്പും കൊണ്ടവൾ വരുന്നതു കണ്ടയാൾ നിലവിളിച്ചു
‘അയ്യോ, ഇതീന്നാണോ കൊച്ചേ, നീയതു ചെയ്യുന്നേ?’
അയാളതു പിടിച്ചെടുക്കാൻ നോക്കി, കഴുത്തും തിരുമ്മി, മൂലയ്ക്കു പോയി വീണു. എക്സിറ്റ് ബട്ടൺ ഞെക്കാൻ നോക്കിയ നേഹയുടെ കഴുത്തു പിടിച്ചു ഞെരിക്കുന്നതു കണ്ട്, റോസമ്മയുടെ ചങ്കുപിടഞ്ഞു. അടുക്കളയിലേക്കു കുതിച്ച്, കയ്യിൽ കിട്ടിയ കൈക്കോടാലി, ഇരുകൈകളിലും കൂട്ടിപ്പിടിച്ച്, എക്കോയുടെ മുതുകത്ത് ആഞ്ഞൊരടി. അടുത്തനിമിഷം ഭൂമികുലുക്കി, അവതാരം പൊത്തോന്നു താഴെ. റോസമ്മ, അതിനു വീണ്ടും ജീവൻ വെയ്ക്കുമോ എന്നു ഭീതിയോടെ നോക്കി നിൽക്കുമ്പോൾ, രാജു കോടാലി കയ്യിലെടുത്തോടി, തൻ്റെ മുറിയിലെ ബ്രോഡ്ബാൻ്റ് കണക്ഷൻ്റെ മെയിൻ റൂട്ടർ, കോടാലി കൈകൊണ്ടടിച്ചു തകർത്തു താഴെയിട്ടു..
നേഹയെ അണച്ചുപിടിച്ചു കഴുത്തിൽ ബാമിട്ടു തടവുന്ന റോസമ്മക്കു മുന്നിലയാൾ പൊട്ടിക്കരഞ്ഞു. നേഹയെ ചേർത്തുപിടിക്കാൻ ശ്രമിച്ചപ്പോൾ അവൾ കൈതട്ടി മാറ്റി.
പതിവ് അലർച്ചയ്ക്കു പകരം, കാർക്കശ്യത്തോടെ റോസമ്മ അയാളെ നേരിട്ടു.
‘നിന്നു മോങ്ങണ്ട. ഫോണെടുത്ത് ഇതിനെ ഒണ്ടാക്കി ഇങ്ങോട്ടയച്ചവമ്മാരെ വിളിക്ക്. നേഹക്കൊച്ച്, ഇവിടെ നടന്നതെല്ലാം വൃത്തിക്ക് പറഞ്ഞോളും. ലോണെടുത്ത് ഇതിനെ മേടിക്കാൻ ചെലവായതും, ഇവിടൊണ്ടാക്കിയ നാശത്തിനു പരിഹാരോം, പിന്നെ എനിക്കൊണ്ടാക്കിയ മാനക്കേടിനു പരിഹാരവും തന്നില്ലേൽ, സകല ചാനലുകാരമ്മാരേം വിളിച്ച്, ആ കമ്പനീടെ വിശേഷം പറഞ്ഞു കൊടുക്കുമെന്നവളു പറഞ്ഞോളും. അതോടെ കച്ചവടം തീരുവല്ലോ. വേണ്ടി വന്നാ പരാതിയും കൊടുക്കും.’
രാജു, എക്കോ കൈക്കലാക്കിയ ഫോൺ തപ്പിനടക്കുമ്പോൾ, റോസമ്മയുടെ മടിയിൽ കിടന്ന നേഹ ചോദിച്ചു,
‘അമ്മച്ചീ, ഇത്രേംനേരം തടവീട്ടും കൈക്കു വേദനയില്ലേ? എക്കോടെ നടുവിനിട്ട് എന്നാ വെട്ടാന്നേ വെട്ടിയേ? ഞാൻ പേടിച്ചാരുന്നു, അമ്മച്ചി നടുവുമുളുക്കി, പതിവുപോലെ കെടപ്പാകുമോന്ന്’.
കുനിഞ്ഞു നേഹയ്ക്കൊരുമ്മ കൊടുത്തിട്ടു റോസമ്മയും അതു തന്നെ ചിന്തിച്ചു. എവിടെപ്പോയി തൻ്റെ വേദനകൾ ! ഒരുവേള, വീട് സംരക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്ത പോരാളി, സൂപ്പർറോസമ്മ എക്കോ ആയി താനങ്ങു മാറിയോ എന്നോർത്തവൾ നാളുകൾക്കുശേഷം നന്നായൊന്നു പുഞ്ചിരിച്ചു
# താര സുഭാഷ്.

