വർഷങ്ങൾ വേഗത്തിൽ കടന്നുപോയി. നന്ദിനി തറവാട്ടിലെ വികൃതിയായ ഒരു കൊച്ചുപെൺകുട്ടിയായി വളർന്നു. എന്നാൽ മറ്റുള്ള കുട്ടികളെപ്പോലെ കളിപ്പാട്ടങ്ങളിലോ സാധാരണ വിനോദങ്ങളിലോ അവൾക്ക് താല്പര്യമില്ലായിരുന്നു. പകരം, തറവാട്ടിലെ നാഗത്തറകൾക്ക് ചുറ്റും പൂന്തോട്ടത്തിലും നടക്കാനും, സന്ധ്യാസമയങ്ങളിൽ കാട്ടിൽ നിന്നുയരുന്ന കാറ്റിന്റെ ശബ്ദം ശ്രദ്ധിക്കാനുമായിരുന്നു അവൾക്ക് കൂടുതൽ ഇഷ്ടം.
മുത്തശ്ശി ഭദ്രതമ്പുരാട്ടി നന്ദിനിയെ ഒരു നിമിഷം പോലും തന്റെ കണ്ണുവെട്ടിച്ച് പുറത്തുപോകാൻ അനുവദിച്ചിരുന്നില്ല. തറവാട്ടിലെ ആചാരങ്ങളും പൂജകളും അതീവ കർശനമായി പാലിക്കാൻ ഭദ്രതമ്പുരാട്ടി ശ്രദ്ധിച്ചു.
എല്ലാ ദിവസവും പുലർച്ചെ അഞ്ചുമണിക്ക് നന്ദിനിയെ എഴുന്നേൽപ്പിച്ച്, കുളിപ്പിച്ച്, ശുദ്ധിയോടെ തറവാട്ടിലെ നാഗത്തറയ്ക്ക് മുന്നിൽ വിളക്കുവെപ്പിക്കുമായിരുന്നു.
”മോളേ നന്ദിനീ… ഈ കാണുന്ന മണ്ണും കാവും നമുക്ക് വെറുതെ കിട്ടിയതല്ല. നമ്മുടെ പൂർവ്വികർ തങ്ങളുടെ രക്തം കൊടുത്ത് സംരക്ഷിച്ചതാണ് ഈ ആയില്യം കാവ്. നീ എന്നും ഈ സർപ്പങ്ങൾക്ക് പൂജ നൽകണം. അവരെ സ്നേഹിച്ചാൽ അവർ നമ്മെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുരക്ഷിക്കും. എന്നാൽ അവരോട് വഞ്ചന കാണിച്ചാൽ, സാക്ഷാൽ നാഗരാജാവ് പോലും നമ്മെ മാപ്പാക്കില്ല,”
ഭദ്രതമ്പുരാട്ടി നന്ദിനിയെ മടിയിലിരുത്തി ഉപദേശിക്കുമായിരുന്നു.
നന്ദിനി തോളിൽ തലവെച്ച് വിറയ്ക്കുന്ന സ്വരത്തിൽ ചോദിക്കും
“മുത്തശ്ശി… കുട്ടികളൊക്കെ എന്നെ കാണുമ്പോൾ പേടിച്ചോടുന്നത് എന്താണ്? എന്റെ കാലിലെ ഈ പച്ച പാടുകൾ കണ്ടാൽ അവർക്ക് എന്നെ ഭയമാണോ?”
കണ്ണീരടക്കിക്കൊണ്ട് ഭദ്രതമ്പുരാട്ടി അവളുടെ മുടിയിൽ തഴുകി
“അതവരുടെ അറിവില്ലായ്മ കൊണ്ടാണ് മോളേ… നിന്റെ കാലിലെ ഈ അടയാളം നിനക്ക് ദൈവങ്ങൾ തന്ന കവചമാണ്. ഭാവിയിൽ നീ ഈ നാടിന്റെ സംരക്ഷകയായി മാറുമ്പോൾ അവർ നിന്നെ വണങ്ങും.”
ഒരു ദിവസം രാത്രി, ഭീകരമായ ഒരു സംഭവം നടന്നു. നന്ദിനി തറവാട്ടിലെ കിഴക്കേക്കെട്ടിലെ മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. തണുത്ത കുളിർകാറ്റ് ജനലിലൂടെ അടിച്ചു കയറിയപ്പോൾ, അവൾ അറിയാതെ കണ്ണുകൾ തുറന്നു. മുറിയുടെ മധ്യത്തിൽ, നിലവിളക്കിന്റെ വെളിച്ചത്തിൽ, എട്ടടിയോളം നീളമുള്ള ഒരു ഭീമാകാരമായ രാജവെമ്പാല പത്തിവിരിച്ചു നിൽക്കുന്നത് അവൾ കണ്ടു!
സാധാരണ കുട്ടികളാണെങ്കിൽ ഭയന്നലറി വിളിച്ചോടുമായിരുന്നു. എന്നാൽ നന്ദിനി യാതൊരു ഭയവുമില്ലാതെ കിടക്കയിൽ നിന്നെഴുന്നേറ്റ് ആ പാമ്പിനടുത്തേക്ക് നടന്നു. ആ സർപ്പം തനിക്ക് യാതൊരു ദോഷവും വരുത്തില്ലെന്ന് അവളുടെ ഉള്ളിലെ അദൃശ്യമായ ശക്തി വിളിച്ചുപറയുന്നുണ്ടായിരുന്നു.
അവൾ തന്റെ ചെറിയ കൈകൾ നീട്ടി ആ രാജവെമ്പാലയുടെ പത്തിയിൽ പതുക്കെ തലോടി. ആ അത്യുഗ്ര വിഷമുള്ള പാമ്പ് തന്റെ പത്തി താഴ്ത്തി, നന്ദിനിയുടെ കാൽക്കൽ തലവച്ച് തൊഴുതു.
ആ സമയത്താണ് മുറിയിലേക്ക് പാൽപാത്രവുമായി ഭദ്രതമ്പുരാട്ടി കടന്നുവന്നത്. ആ കാഴ്ച കണ്ട് തമ്പുരാട്ടിയുടെ കൈയിലെ പാത്രം താഴെ വീണു തകർന്നു. ഭയത്തോടെ അവർ അവിടെത്തന്നെ നിന്നുപോയി.
”മുത്തശ്ശി ഭയപ്പെടേണ്ട… ഇത് നമ്മുടെ കാവിലെ രാജാവാണ്. എന്നെ കാണാൻ വന്നതാണ്,” നന്ദിനി ശാന്തമായി പറഞ്ഞു.
ആ പാമ്പ് നന്ദിനിയെ ഒന്നുകൂടി നോക്കി, ജനലിലൂടെ പുറത്തേക്ക് ഇഴഞ്ഞുപോയി. അന്നത്തോടെ ഭദ്രതമ്പുരാട്ടിക്ക് കാര്യം കൂടുതൽ വ്യക്തമായി. നന്ദിനിയിൽ ഉറങ്ങിക്കിടക്കുന്ന നാഗയക്ഷിയുടെ ആത്മാവ് ഉണരേണ്ട സമയം അടുത്തുവരികയാണ്. തറവാട്ടിലെ ആചാരങ്ങൾ കൂടുതൽ കർശനമാക്കാനും, നന്ദിനിയെ പുറത്തുനിന്നുള്ള കണ്ണുകളിൽ നിന്ന് സംരക്ഷിക്കാനും അവർ തീരുമാനിച്ചു.
കാരണം, കാടിന് വെളിയിൽ ദുഷ്ടശക്തികൾ നന്ദിനിയെ തേടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നുണ്ടായിരുന്നു.
വർഷങ്ങൾ വീണ്ടും കടന്നുപോയി. നന്ദിനി ഇപ്പോൾ പതിനെട്ട് വയസ്സ് തികഞ്ഞ, അതീവ ലാളിത്യവും അതോടൊപ്പം രാജകീയമായ പ്രൗഢിയുമുള്ള ഒരു സുന്ദരിയായ പെൺകുട്ടിയായി മാറി. മുട്ടോളം വളർന്നുനിൽക്കുന്ന കറുത്തു ഇരുണ്ട മുടിയും, മാൻപേടയുടേത് പോലുള്ള വലിയ കണ്ണുകളും, അവളുടെ വശ്യമായ സൗന്ദര്യവും ആരെയും ആകർഷിക്കുന്നതായിരുന്നു.
എന്നാൽ അവളുടെ കണ്ണുകളിൽ എപ്പോഴും ഒരു വിചിത്രമായ ഗൗരവവും നിഗൂഢതയും തങ്ങിനിന്നിരുന്നു.
നന്ദിനിയുടെ പൂർവ്വികരെ ശക്തനായ ഒരു മാന്ത്രികൻ ശപിക്കുകയും അവരെ നാഗിനികളാക്കി മാറ്റുകയും ചെയ്തുവെന്നാണ് ഐതിഹ്യം.
വിധിയാൽ ബന്ധിതരായ അവർ തങ്ങളുടെ യഥാർത്ഥ സ്വത്വം ലോകത്തിൽ നിന്ന് മറച്ചുവെച്ച് നിഴലിൽ ജീവിക്കാൻ വിധിക്കപ്പെട്ടു.
.
നന്ദിനിക്ക് പതിനെട്ട് വയസ്സുള്ളപ്പോൾ, ഒരു ആയില്യം നാളിലാണ് അവളുടെ അമ്മ സാവിത്രി അകാലത്തിൽ മരണമടഞ്ഞത്.
മരണത്തിന് തൊട്ടുമുമ്പ്, ചോര തുപ്പുന്ന ചുണ്ടുകളോടെ അമ്മ നന്ദിനിയുടെ കൈകൾ കവർന്നു.
“മോളേ… നന്ദിനീ…” അമ്മയുടെ ശബ്ദം വലിഞ്ഞുമുറുകി..
“അമ്മേ… എന്താ ഇത്? എന്തുപറ്റി അമ്മയ്ക്ക്?” കരഞ്ഞുകൊണ്ട് നന്ദിനി ചോദിച്ചു.
“നമ്മൾ… നമ്മൾ സാധാരണ മനുഷ്യരല്ല മോളേ. നമ്മുടെ രക്തത്തിൽ നാഗയക്ഷിയുടെ ശക്തിയുണ്ട്. പക്ഷേ അത് പുറംലോകം അറിയരുത്. അറിഞ്ഞാൽ… അധർമ്മികളായ മന്ത്രവാദികൾ നിന്റെ രക്തത്തിനായി വേട്ടയാടും!”
അമ്മയുടെ ശരീരം പെട്ടെന്ന് നീലനിറമായി മാറാൻ തുടങ്ങി.
നന്ദിനി ഭയത്തോടെ പിന്നോട്ട് മാറി.
അമ്മയുടെ കഴുത്തിലും കൈകളിലും പച്ചയും കറുപ്പും കലർന്ന സർപ്പശൽക്കങ്ങൾ പ്രത്യക്ഷപ്പെട്ടു!
“അമ്മേ!” അവൾ ഭയന്നു നിലവിളിച്ചു.
“പേടിക്കരുത് നന്ദിനീ… ഇതാണ് നമ്മുടെ യഥാർത്ഥ രൂപം. നിന്റെ ശക്തി തിരിച്ചറിയുക. പക്ഷേ… ഒരിക്കലും ഒരു മനുഷ്യന് മുന്നിലും നിന്റെ യഥാർത്ഥ രൂപം വെളിപ്പെടുത്തരുത്. അത് നിന്റെ നാശത്തിന് വഴിവെക്കും!”
അവസാന ശ്വാസവും പുറത്തുവിട്ട് അമ്മ കണ്ണുകളടച്ചു.
അന്നാണ് നന്ദിനി തന്റെ വിധിയുടെ ഭീകരത തിരിച്ചറിഞ്ഞത്.
നന്ദിനി വീണ്ടും പഴയ ഓർമ്മകളിൽ പോയി
അവൾ വളരുന്തോറും അവളുടെ ഉള്ളിലെ അമാനുഷിക ശക്തികളും പുറത്തുവരാൻ തുടങ്ങി. പ്രകൃതിയിലെ വ്യതിയാനങ്ങൾ അവൾക്ക് മുൻകൂട്ടി അറിയാൻ കഴിഞ്ഞു. മഴ പെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ അവൾക്ക് മണ്ണിന്റെ മണം അനുഭവപ്പെടുമായിരുന്നു.
കാട്ടിൽ ഏങ്കിലും പാമ്പുകൾക്ക് അപകടം സംഭവിച്ചാൽ, അവളുടെ ശരീരത്തിൽ കഠിനമായ പുകച്ചിലും വേദനയും അനുഭവപ്പെടുമായിരുന്നു.
എന്നാൽ, ഈ അടുത്തകാലത്തായി നന്ദിനിയെ ഏറ്റവും കൂടുതൽ അസ്വസ്ഥയാക്കിയത് രാത്രികളിൽ അവൾ കാണുന്ന ഭയാനകമായ സ്വപ്നങ്ങളായിരുന്നു.
എല്ലാ പൗർണ്ണമി രാത്രികളിലും അവൾ ഒരേ സ്വപ്നം തന്നെ ആവർത്തിച്ചു കണ്ടു. സ്വപ്നത്തിൽ, അവൾ വലിയൊരു മാളികയുടെ താഴത്തെ രഹസ്യ അറയിലായിരിക്കും. ചുറ്റും രക്തത്തിന്റെ മണവും ആഭിചാര വസ്തുക്കളും. ഒരു ഭീകരനായ മാന്ത്രികൻ നീളമുള്ള കഠാരയുമായി അവൾക്ക് നേരെ വരുന്നു.
അതിനുശേഷം, അവൾ തന്റെ മനുഷ്യരൂപം വെടിഞ്ഞ് ഒരു ഭീമാകാരമായ നാഗയക്ഷിയായി മാറി ആ മാളിക മുഴുവൻ തീയിട്ട് ചാമ്പലാക്കുന്നതും, ഒരു പാവം സ്ത്രീയുടെ അലർച്ചയും കേട്ടാണ് അവൾ ഞെട്ടിയുണരാറുള്ളത്.
”അമ്മേ… മുത്തശ്ശി!” രാത്രിയിൽ സ്വപ്നം കണ്ട് ഭയന്നുവിളിച്ചുകൊണ്ട് നന്ദിനി എഴുന്നേറ്റിരിക്കും. അവളുടെ ശരീരം മുഴുവൻ വിയർത്തൊലിച്ചിരിക്കും.
ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ, വിദൂരതയിലുള്ള രാമനാഥൻ മേനോന്റെ മാളികയ്ക്ക് മുകളിൽ കറുത്ത കാർമേഘങ്ങൾ വട്ടമിട്ടു പറക്കുന്നതായി അവൾക്ക് തോന്നുമായിരുന്നു.
ഒരു ദിവസം സന്ധ്യയ്ക്ക് നന്ദിനി തറവാട്ടിലെ കുളക്കടവിൽ കുളിക്കാനായി പോയി. കുളത്തിലെ തണുത്ത വെള്ളത്തിലിറങ്ങി അവൾ നീന്തുമ്പോൾ, വെള്ളത്തിനടിയിൽ നിന്ന് ആരോ അവളുടെ കാലുകളിൽ പിടിച്ചുവലിക്കുന്നതായി തോന്നി. അവൾ പേടിച്ച് ആഴത്തിലേക്ക് താഴ്ന്നുപോയി. എന്നാൽ വെള്ളത്തിനടിയിൽ വച്ച് അവൾ തന്റെ കണ്ണുകൾ തുറന്നപ്പോൾ കണ്ട കാഴ്ച അത്ഭുതകരമായിരുന്നു.
വെള്ളത്തിനടിയിൽ തിളങ്ങുന്ന പച്ചക്കല്ലുകൾ പതിച്ച ഒരു പഴയ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും, അതിനുള്ളിൽ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട ഒരു സുന്ദരിയായ നാഗിനിയുടെ രൂപവും അവൾ കണ്ടു!
ആ നാഗിനി കണ്ണീരോടെ നന്ദിനിയെ നോക്കി കൈകൂപ്പി
“നന്ദിനീ… എന്നെ രക്ഷിക്കൂ… അവന്മാരുടെ സമയം കഴിഞ്ഞു… നീ വരണം!”
എന്ന് മന്ത്രിച്ചു.
ഞെട്ടിവിറച്ചുകൊണ്ട് നന്ദിനി വെള്ളത്തിന് മുകളിലേക്ക് പൊന്തിവന്ന് കരയിലേക്ക് കയറി. അവൾക്ക് ശ്വാസം കിട്ടാതെ അമർന്നു. തന്റെ വംശത്തിന്റെ എന്തോ വലിയൊരു അപരാധവും രഹസ്യവും കാട്ടിലും മാളികയിലും ഒളിച്ചിരിപ്പുണ്ടെന്ന് അവൾക്ക് ഉറപ്പായി. താൻ കാണുന്ന സ്വപ്നങ്ങൾ വെറും ഭാവനയല്ലെന്നും, അത് താൻ ചെയ്യേണ്ട അടിയന്തര നിയോഗമാണെന്നും നന്ദിനി തിരിച്ചറിഞ്ഞു.
Uma
തുടരും…

