നൂറ്റി അമ്പതിലേറെ രാജ്യങ്ങൾ, 180 കോടിയിലേറെ ജനങ്ങൾ, ഒരു മണിക്കൂർ എല്ലാ വിളക്കുകളുമണച്ച് ഇരുട്ടിൽ ഭാവിയുടെ വെളിച്ചത്തിനായി മഹാധ്യാനം. മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച്ചയാണ് ഈ ദിനം ആഘോഷിക്കാറുള്ളത്.
വേൾഡ്വൈഡ് ഫണ്ടിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) ആഹ്വാനപ്രകാരം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും വ്യവസായ ശാലകളും കടകളും ഹോട്ടലുകളും വീടുകളുമെല്ലാം പങ്കെടുത്ത മഹായജ്ഞം.
ഭൂമിക്ക് ഓരോരുത്തരും ഏൽപ്പിക്കുന്ന ആഘാതത്തെക്കുറിച്ചു ചിന്തിക്കാനും ഒരു മണിക്കൂറെങ്കിലും ഇത്തരം പ്രവൃത്തികളിൽ നിന്നു വിട്ടുനിൽക്കാനും പ്രേരിപ്പിക്കുന്നതായിരിക്കണം ഈ ഭൗമ മണിക്കൂർ ആചരണം.
തൊട്ടടുത്തെത്തി നിൽക്കുന്ന രൂക്ഷമായ ജലക്ഷാമത്തിന്റെയും കടുത്ത ചൂടിന്റെയും പേടിപ്പെടുത്തുന്ന കാലത്തെക്കുറിച്ചുള്ള വലിയ ഓർമപ്പെടുത്തൽ കൂടിയായിരിക്കണം.
കാലാവസ്ഥാ വ്യതിയാനം തടയണമെങ്കിൽ ഭൂമിയെ ഇത്ര ക്രൂരമായി മുറിപ്പെടുത്തരുതെന്ന ആഹ്വാനം നമ്മൾ ഉൾക്കൊള്ളേണ്ടതുണ്ട്.
കേവലം വിളക്കണച്ചിരുന്നാൽ എല്ലാമായോ എന്നു ചോദിക്കുന്നവരുണ്ടാകാം. വൈദ്യുതിയും ആഗോളതാപനവുമായി അത്രയേറെ ബന്ധമാണുള്ളത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതോൽപാദനത്തിനായി വൻ തോതിൽ ആശ്രയിക്കുന്നതു താപ വൈദ്യുതി നിലയങ്ങളെയാണ്. ഇവയിൽ നിന്നു പുറന്തള്ളുന്ന വാതകങ്ങൾ ആഗോളതാപനത്തിന്റെ മുഖ്യ കാരണങ്ങളിലൊന്നാണ്.
ഒരു ബൾബ് അണയ്ക്കുമ്പോൾ അത്രയും വൈദ്യുതി ലാഭിക്കുക മാത്രമല്ല, അത്രത്തോളം കാർബൺ നിർഗമനം കുറയ്ക്കുക കൂടിയാണ്. അങ്ങനെയാണ് ഊർജസംരക്ഷണത്തിനൊപ്പം ആഗോളതാപനത്തെ പ്രതിരോധിക്കാനുള്ള ശ്രമം കൂടിയായി ഈ യജ്ഞം മാറുന്നത്.
ഊർജോത്പാദനത്തിനു പാരമ്പര്യ സ്രോതസ്സുകളിലേക്കു മടങ്ങുക, ഊർജക്ഷമത കൂടിയ ഉപകരണങ്ങൾ ശീലമാക്കുക, പകലും മറ്റും ഊർജ ദുരുപയോഗം ഒഴിവാക്കുക, കാർബൺ നിർഗമനം കുറയ്ക്കുക, സാമൂഹിക വനവൽക്കരണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയും ഭൗമ മണിക്കൂർ ബോധവൽകരണ ദൗത്യത്തിന്റെ ഭാഗമാണെങ്കിലും ഏറ്റവും ലളിതമായി ചെയ്യാവുന്ന കാര്യമെന്ന നിലയിലാണ് സ്വിച്ചിൽ കൈ വയ്ക്കാൻ പറയുന്നത്.
വേണ്ടതും വേണ്ടതിനപ്പുറവും നാം പ്രകൃതിയിൽ നിന്നു ചൂഴ്ന്നെടുക്കുന്നു. എത്ര കിട്ടിയിട്ടും മതിയാകാതെ അത്യാർത്തിയോടെ മാന്തിപ്പൊളിക്കുന്നതിനിടെ ഒരു മണിക്കൂറെങ്കിലും ഒരു ലൈറ്റ് എങ്കിലും അണച്ചു മാറിനിൽക്കുന്നതു വലിയ കാര്യമാണ്.