ഉറങ്ങാൻ എനിക്കിഷ്ടമാണ്.
എന്റെ വീട്ടിലെ എന്റെ റൂമിലെ എന്റെ കട്ടിലിൽ കിടന്നുറങ്ങാൻ എനിക്കിഷ്ടമാണ്.
ദേഹത്തു നിന്ന് വിയർപ്പ് പൊടിയാത്ത പുതപ്പ് വേണ്ടാത്ത തരത്തിലുള്ള തണുപ്പുമായി കിടന്നു ഉറങ്ങാൻ എനിക്കിഷ്ടമാണ്.
ചെറിയ സൗണ്ട് ഉണ്ടാക്കി പെയ്യുന്ന ചാറ്റൽ മഴ ഉള്ളപ്പോൾ ജനൽ തുറന്ന് കിടന്നുറങ്ങാൻ എനിക്കിഷ്ടമാണ്.
ഏറ്റവും സന്തോഷം നൽകുന്ന എന്തെങ്കിലും ഒരു കാര്യം സംഭവിച്ച ദിവസം ആ സന്തോഷത്തിൽ കിടന്നുറങ്ങാൻ എനിക്കിഷ്ടമാണ്
ഉറങ്ങി എണീക്കുമ്പോൾ എന്നെ കാത്ത് വല്യ പ്രശ്നങ്ങൾ ഒന്നും വരാനില്ല എന്ന വിശ്വാസത്തിൽ കിടന്നുറങ്ങാൻ എനിക്കിഷ്ടമാണ്.
ഉറങ്ങി എണീക്കുമ്പോൾ ഏറ്റവും സന്തോഷം നൽകുന്ന എന്തെങ്കിലും സംഭവിക്കും എന്ന് അറിഞ്ഞുകൊണ്ട് കിടന്നുറങ്ങാൻ എനിക്ക് ഇഷ്ടമാണ്.
കാരണം ആ സ്വസ്ഥമായ ശാന്തമായ ഉറക്കം ഒരു പാട് നല്ല സ്വപ്നങ്ങൾ എനിക്ക് തരാറുണ്ട്.
ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടുള്ള കേട്ടിട്ടുള്ള അറിഞ്ഞിട്ടുള്ള പല കാര്യങ്ങളും പോയിട്ടുള്ള പല സ്ഥലങ്ങളിൽ ഒരു സാമ്യവും ഇല്ലാതെ കൂട്ടിച്ചേർത്ത മനോഹരമായ സ്വപ്നങ്ങൾ.
ചിലപ്പോ ഏറ്റവും അടുത്തുണ്ടായിരുന്ന ഇപ്പൊ വളരെ അകലെയുള്ളവരെ ഒരുമിച്ച് ഒരു സ്ഥലത്ത് ഇരുന്നു സംസാരിക്കുന്ന സ്വപ്നങ്ങൾ, ജീവിതത്തിൽ ഇത് വരെ കടന്നുപോകാത്ത അനുഭവങ്ങൾ ഒരു ടൈം ട്രാവൽ പോലെ കാണിച്ചു തരുന്ന സ്വപ്നങ്ങൾ, മനസിൽ കുറെ ദേഷ്യം ഉള്ളവരോട് വരെ പൊട്ടിച്ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സ്വപ്നങ്ങൾ,
തുറന്ന് പറയാൻ ആഗ്രഹിച്ച പേടി കൊണ്ട് പറയാൻ മടിച്ച കാര്യങ്ങൾ തുറന്നു പറയുന്നതായി കാണിച്ചു തരുന്ന സ്വപ്നങ്ങൾ, ഒരുപാട് ഇഷ്ടമുള്ള നമ്മുടെ പ്രിയപ്പെട്ടവർ വലിയ നേട്ടങ്ങൾ സ്വന്തമാകുന്ന സ്വപ്നങ്ങൾ,
ഒരുപാട് ആഗ്രഹം ഉണ്ടായിട്ടും ഒരിക്കലും അങ്ങോട്ട് എത്തില്ല എന്ന് കരുതിയ കാര്യങ്ങൾ നേടുന്നതായി കാണിച്ചുതരുന്ന സ്വപ്നങ്ങൾ,
അങ്ങനെ അങ്ങനെ വിചിത്രമായ മനോഹരമായ നല്ല നല്ല സ്വപ്നങ്ങൾ
അതെ ഈ സ്വപ്നങ്ങൾ ഒക്കെ തരുന്ന ശാന്തമായി ഉറക്കം എനിക്കിഷ്ടമാണ്.
അതെ ഉറങ്ങാൻ എനിക്കിഷ്ടമാണ്.