നിങ്ങള് ചൂടായിക്കോ….
🌍എന്റെ സൂരേയേട്ടാ നിങ്ങള് എന്താ കുറച്ചു ദിവസമായിട്ട് വല്ലാത്ത ചൂടിലാണല്ലോ. എന്നോട് മിണ്ടുന്നു പോലുമില്ല. നിങ്ങടെ ദേഷ്യവും പിണക്കവും കാരണം ഞാൻ ഉരുകി തീരും.
🌞 എടി പെണ്ണേ അല്ലെങ്കിലും നീ ഉരുകി ഉരുകി പാതിയായി. പണ്ട് നിന്നെ കാണാൻ എന്തു ചന്തമായിരുന്നു.
ഇപ്പോ പുകയും കരിയും വേസ്റ്റും നിറഞ്ഞ് ആകെ കോലം കെട്ടു.
🌍 ആ… അതൊക്കെയൊരു കാലം ഇനി അതൊക്കെ ഓർത്ത് വെള്ളമിറക്കാം. പിന്നെയൊരു ആശ്വാസം നിങ്ങള് എന്നെ കൈവിടില്ലല്ലോ.
🌞 എടി പെണ്ണേ ഈ ആളുകൾ നിന്റെ വെള്ളം മുഴുവൻ ഊറ്റി കുടിച്ചു. പച്ചപ്പുകളെ വെട്ടി നശിപ്പിച്ചു. പോരാഞ്ഞിട്ട് നിന്നെ ഇടിച്ച് പൊടിച്ച് ചുരണ്ടി ചുരണ്ടി എല്ലുപോലും പുറത്തെത്തി. ഇനിയും നിന്നെ തൊട്ടാൽ തൊടുന്നവർ ഉരുകി തീരുമെന്ന് അവരറിയട്ടെ.
🌍ഓ…. നിങ്ങടെ ദേഷ്യമൊന്നും ആരും വക വയ്ക്കില്ല.
🌞 നീ എന്റെ ചുവന്നു തുടുത്ത മുഖമല്ലേ കണ്ടിട്ടുള്ളു. ഇനിയുള്ള ദിവസങ്ങളിൽ എന്റെ യഥാർത്ഥ സ്വഭാവം കാണിച്ചു തരാം അപ്പോ കുറച്ചു പേർക്കെങ്കിലും ബോധം വരുമല്ലോ.
🌍ഇവിടെയുള്ളവർക്ക് ബോധം വരോ എന്തോ.. ആർക്കറിയാം.
🌞വരുമെടി. അവർ നിന്നെ പൊന്നു പോലെ നോക്കിക്കോളും.
🌍 എന്നാ നിങ്ങള് കുറച്ചു കൂടി ചൂടായിക്കോ.. ഞാൻ സഹിച്ചോളാം.