ജാപ്പനീസ് കാവ്യരൂപമായ ഹൈക്കു കവിത മൂന്നുവരികളിലായി 17 അക്ഷരങ്ങൾ (5-7-5) ഉപയോഗിച്ചാണ് എഴുതുന്നത്. ആദ്യത്തെ വരിയിലെ 5 അക്ഷരങ്ങളും രണ്ടാമത്തെ വരിയിലെ 7 അക്ഷരങ്ങളും കഴിഞ്ഞ് വരുന്ന മൂന്നാമത്തെ വരികളിലെ 5 അക്ഷരങ്ങളുമുള്ള ബിംബകല്‍പ്പനയാണ് ഹൈക്കു കവിതയുടെ ഭംഗി നിർണയിക്കുന്നത്. എന്നാൽ ആദ്യവരി രണ്ടാം വരിയോട് ബന്ധമുണ്ടാകരുത്. എന്നാൽ രണ്ടാം വരിയും മൂന്നാം വരിയും തമ്മിൽ ബന്ധമുണ്ടായാലും കുഴപ്പമില്ല.
ഏതെങ്കിലുമൊരു ഋതുവിനെ കുറിക്കുന്നതോ സൂചിപ്പിക്കുന്നതോ ആയ ഒരു പദമോ പദ സമുച്ചയങ്ങളോ ഹൈക്കുവിൽ കാണാം. കിഗോ (Kigo) എന്നാണു അതിനു പറയുക. കിരേജി (Kireji) എന്നറിയപ്പെടുന്ന ഒരു പ്രധാന വാക്കോ വരിയോ കൂടി ഹൈക്കുവിൽ ഉണ്ടാകും. അതു കവിതയെ രണ്ടു നേർത്ത ഭാഗങ്ങളായി തിരിക്കുകയും ചേർത്തു നിർത്തുകയും ചെയ്യുന്നു. ആ വാക്കോ വരിയോ നൽകുന്ന സമന്വയത്തിനുള്ള പ്രാധാന്യം വളരെ പ്രധാനപ്പെട്ടതാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജപ്പാന് പുറത്തും ഹൈകു കവിതകൾ വലിയ രീതിയിൽ പ്രചരിച്ചു. ലോകഭാഷകളിലെല്ലാം തന്നെ ഹൈകു കവിതകൾ വന്നുതുടങ്ങി. ഏറെ വൈകാതെ മലയാളത്തിലേക്കും ഹൈക്കു കവിത എത്തി. മലയാളത്തിലേക്ക് ഹൈക്കു കവിതകള്‍ ആദ്യമായി പരിചയപ്പെടുത്തുന്നത് ചങ്ങമ്പുഴയാണ്. എന്നാൽ ചങ്ങമ്പുഴയുടെ കവിതകള്‍ക്ക് താളാത്മകമായ ഒരു സുഖം ഉണ്ടായിരുന്നുവെങ്കിലും പൊതുവില്‍ മലയാളം ഹൈക്കുവിന്റെ ഘടനാരീതി അത്ര താളാത്മകമല്ലായിരുന്നു. ഇതിന്റെ മുഖ്യകാരണം 17 അക്ഷരങ്ങളില്‍ ഒരു കവിത ഒതുക്കി നിര്‍ത്തുക എന്നത് മലയാളത്തെ സംബന്ധിച്ച് ഏറെ പ്രയാസമായതിനാൽ ആയിരുന്നു.
പിന്നീട് അയ്യപ്പണിക്കര്, കുഞ്ഞുണ്ണി മാഷ്, അഷിത എന്നിവരിലൂടെ കവിതകളിലൂടെ ഹൈക്കു മലയാളികള്‍ക്ക് സുപരിചിതമായി. തുടർന്ന് വന്ന ബ്ലോഗ് ഫേസ്ബുക്ക് എഴുത്തുകൾ ഹൈക്കുവിനെ സജീവമാക്കി.
ഹൈകു കവികൾ എഴുതാൻ എളുപ്പമാണെന്ന് തോന്നാം. മൂന്ന് വരികൾ മതിയല്ലോ, എഴുതിയേക്കാം എന്ന് വിചാരിച്ചാൽ അതത്ര നിസ്സാരമല്ല. ഒരു നോവൽ എഴുതാൻ ഇതിലും എളുപ്പമാണ്. വലിയ ലോകത്തെ ചെറിയ വരികളിൽ ഒതുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഹൈകു കവിത ചെറുതാണെങ്കിൽ പോലും ഒറ്റ വായനയിൽ പലപ്പോഴും വായനക്കാരന് അതിന്റെ അർത്ഥം വ്യക്തമാകണമെന്നില്ല. വിരലിലെണ്ണാവുന്ന ആ വരികൾ നമ്മളെ നിരന്തരം ചിന്തിപ്പിക്കും, ചിന്തകളുടെ മഹാസാഗരത്തിലേയ്ക്ക് അത് നയിക്കും. ഒരു പ്രപഞ്ചത്തെ തന്നെ സൃഷ്ടിക്കാൻ കഴിയുന്നവയാണ് ഈ ഹൈകു കവിതകൾ.
പരമ്പരാഗതമായി, ഋതുക്കളെയും പ്രകൃതിയിലെ അപൂർവ്വ മനോഹര പ്രതിഭാസങ്ങളെയും പറ്റി തങ്ങൾക്ക് അനുഭവിക്കപ്പെടുന്ന വൈകാരികമായ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനാണ് ഹൈക്കു കവിതകൾ എഴുതിയിരുന്നത്. എന്നാൽ ഇന്ന് അങ്ങനെ അല്ല മറ്റ് പല വിഷയങ്ങളേയും അടിസ്ഥാനമാക്കി ഹൈക്കു കവിതകൾ എഴുതികാണുന്നുണ്ട്.
ചില ഹൈക്കു കവിതകൾ….. 👇
ഹൈക്കു കവിത
വേനൽ….
അഗ്നികണ്ണുകൾ
സൂര്യരോഷമുണർന്നു
ഭൂമിവരണ്ടു.
ഗ്രാമം….
മുല്ലപ്പൂമൊട്ട്
സഹ്യകീരീടമായി
ഹരിതവർണ്ണം
ഭ്രാന്ത്….
നാടകനടൻ
ഭ്രമയുഗത്തിലേക്ക്
ജീവിതം പൂർണം
-ശുഭം-
2 Comments
സ്വാഗതമോതി
പിന്നെയാവാതിൽ
മെല്ലെയടഞ്ഞു
നല്ല blog 👍🏻