കാലത്ത് പത്ത് മണി ആയപ്പൊളേക്കും സൂര്യൻ കത്തിക്കാളുകയാണ്. ചെന്നിയിലൂടെയും നെറ്റിയിലുംഒലിച്ചിറങ്ങുന്ന വിയർപ്പ് ഒരു കൈ കൊണ്ട് തുടച്ച് അയാൾ കേശവേട്ടന്റെ കടയിലേക്ക് ആഞ്ഞ് നടന്നു.
നാളെവിഷുവാണ്. മക്കൾ രണ്ടാളും സ്കൂളിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പിന് പോയത് കൊണ്ട് സൈക്കിൾഅവർക്ക് കൊടുത്തയച്ചു. ജോലിസ്ഥലത്ത് നിന്ന് കിട്ടിയ ഓവർടൈമിന്റെ പൈസ കൊണ്ട് വിഷുവിന് കണിവെക്കേണ്ടതും സദ്യക്കും പിന്നെ എല്ലാര്ക്കും പുത്തനുടുപ്പും ഒക്കെ എങ്ങനെ വാങ്ങാനാണ്! എല്ലാം കഴിഞ്ഞ്പടക്കവും. വേനൽ ആയത് കൊണ്ട് ആകെയുള്ള ഇത്തിരി മണ്ണിൽ നിന്ന് കിട്ടിയത് തേങ്ങയും മാങ്ങയും മാത്രം. മോന്റെ നമ്പർ ഫോണിൽ തെളിഞ്ഞ് കണ്ടപ്പോളാണ് ചിന്തകളിൽ നിന്നുണർന്നത്.
“അച്ഛാ, പച്ചക്കറിയും കണിക്കൊന്നയും ഒന്നും വാങ്ങേണ്ട ട്ടോ. ഞങ്ങടെ കൃഷിസ്ഥലത്ത് എല്ലാം ഉണ്ടായിട്ടുണ്ട്. പിന്നെ മാഷമ്മാരുടെവക ഞങ്ങൾ കുട്ടിക്കർഷകർക്ക് പുത്തനുടുപ്പും വാങ്ങിത്തന്നു. പടക്കവും കമ്പിത്തിരിയും ഞങ്ങള് ഞങ്ങടെസമ്പാദ്യത്തിന്ന് വാങ്ങിക്കോളാം അച്ഛാ..”
മോനും മോളും ഒരുമിച്ച് ഒറ്റശ്വാസത്തിൽ പറഞ്ഞു. പൊള്ളുന്നവെയിലിലും ഒരു കുളിർക്കാറ്റ് വീശി. അച്ഛന്റെ അധ്വാനം കണ്ട് വളർന്ന പൊന്നുമക്കളെയോർത്ത് അയാളുടെകണ്ണുകൾ നനഞ്ഞു.