കാലങ്ങൾക്കപ്പുറത്തു നിന്നുമൊരു ഫോൺകോൾ…
തിരക്കുകൾക്കിടയിൽ ഫോണെടുത്തപ്പോൾ അവൾ നമ്പർ നോക്കിയില്ല. ആദ്യമൊരു മൗനം. അപ്പുറത്തെ ആളെ ഒന്നൂടെ ഉറപ്പിക്കാനായി രണ്ടു ജോടി ‘ഹലോ’കൾ പരസ്പരം പറഞ്ഞതിന് ശേഷം പിന്നെയും നീണ്ടൊരു മൗനം… ഒന്നൂടെ മുരടനക്കി, ചെവിയിലൂടെ, തലച്ചോറ് വഴി, നട്ടെല്ലിലൂടെ ഇറങ്ങി, നെഞ്ചിൽ കൊളുത്തി വലിച്ചു, വയറിൽ ഒരു കാളിച്ച തോന്നിച്ച ഒരു ചോദ്യം.
“സുഖമാണോ?”
വയറിലെ ആളൽ നെഞ്ചിലേക്ക് കയറി തലക്കുള്ളിൽ നിന്നുമൊരു വിങ്ങൽ നേരെ ഇറങ്ങി, പാതി ചങ്കിലും പാതി മൂക്കിന്റെ അറ്റത്തും വന്നിരുന്നത് അവഗണിച്ച് അവൾ പറഞ്ഞു. “പിന്നെന്താ, സുഖം, സന്തോഷം, എന്നത്തേക്കാളും ഹാപ്പിയായി ഇരിക്കുന്നു. അവിടെ എന്താ വിശേഷം? സുഖമല്ലേ? എല്ലാർക്കും?”
“ഉം… എല്ലാർക്കും സുഖം… ഞാൻ പിന്നെ വിളിക്കാം, ഒരു തിരക്ക് വന്നു…”
അവനെ പറ്റിച്ചതോ സ്വയം അവനവനെ പറ്റിച്ചതോ എന്നു ചിന്തിക്കാൻ നിൽക്കാതെ അവൾ ജോലിയിലേക്ക് തിരിഞ്ഞു.
‘നീ നുണ പറഞ്ഞാൽ എനിക്ക് ഇപ്പഴും തിരിച്ചറിയാം’ എന്നു മനസ്സിൽപറഞ്ഞ് അവനും തിരക്കുകളിലേക്ക് മുങ്ങി.