സാരിയോർമ്മകൾക്ക് എന്നും മനസ്സിന്റെ പൂന്തോപ്പിൽ പച്ചവർണ്ണമാണ്.
കുഞ്ഞുനാൾ മുതൽ കൗതുകം തോന്നിയിരുന്ന വസ്ത്രമായിരുന്നു സാരി.
അതിനോടുള്ള അടങ്ങാത്ത പ്രണയംകാരണം ചേച്ചിയുടെ ഷാൾ സാരിയാക്കിചുറ്റി കയ്യിൽ പാവകുട്ടിയേം എടുത്തു നടന്ന സുന്ദര ബാല്യം.
കൗമാരമണഞ്ഞപ്പോൾ ദാവണിയെ സാരിയാക്കിച്ചുറ്റി മോഹമടക്കി.
വിവാഹപ്രായം വന്നണഞ്ഞട്ടും അഞ്ചരമീറ്റർ നീളമുള്ള ആ തുണിയോടുള്ള ഭ്രമം കൂടിവന്നേയുള്ളു.
കൂട്ടുകാരിയുടെ ബ്ലൗസ് കടംവാങ്ങി അമ്മയുടെ പൊന്മനീല നിറമുള്ള കസവുസാരിയിലായിരുന്നു ആദ്യ പരീക്ഷണം.
പിന്നീടങ്ങോട്ട് അമ്മയുടെ അലക്കിത്തേച്ചു വെച്ച സാരിയിൽ ഒരുപാട് പരീക്ഷണം നടത്തിയെങ്കിലും
ഭംഗിയായി ഞൊറിഞ്ഞുടുക്കാനുള്ള പരിജ്ഞാനം സ്വായത്തമാക്കാൻ ഇന്നും സാധിച്ചിട്ടില്ല.
വീതികുറഞ്ഞ കരയുള്ള പട്ടുസാരി ഭംഗിയിൽ ഞൊറിഞ്ഞുടുത്തു
കുളിപ്പിന്നൽ കെട്ടിയ നീളൻമുടിയിൽ മുല്ലപ്പൂമാല ചൂടി മന്ദംനടന്നു പോകുന്ന ഏതൊരു പെണ്ണും കണ്ണിനിമ്പമുളള കാഴ്ചയാണ്.
സ്ത്രീ സൗന്ദര്യത്തിനു മാറ്റുകൂട്ടാൻ സാരിയേക്കാൾ ഇണങ്ങുന്ന വസ്ത്രമില്ല എന്നുതന്നെ പറയാം.
റംസീന നാസർ