ഇന്ന് വാസൂന്റെ പെറന്നാളാത്രെ.
ഇന്നാണോ വാസുവോപ്പേടെ പിറന്നാൾ??? അപ്പൊ ജൂലൈ പതിനഞ്ചിന് അല്ലേ ഓപ്പേടെ ജനന തിയതി.
ഏയ്, അത് വാസുനെ സ്കൂളിൽ ചേർക്കാൻ ആയിട്ട് കൊണ്ടോയപ്പോ അമ്മാവൻ എഴുതിച്ച തിയത്യാണ് കുട്ട്യേ.
അപ്പോ ശരിക്കും എന്നാ ഓപ്പടെ ജനന തിയതി.
അത് 1933 ൽ ആഗസ്റ്റ് 9-ാം തീയ്യതിയാണ് ശരിയായ തിയതി, കർക്കിടകത്തിലെ ഉത്രട്ടാതി നക്ഷത്രായിരുന്നു അന്ന്.
എവിടെക്കാ ഓപ്പോള് പോണേ?
തൊടീന്ന് ഒരു നാക്കില വെട്ടി വിളക്ക് വെച്ചു ചോറ് കൊടുക്കാന്ന് വെച്ചാ ഈ ഫ്ലാറ്റില്‍ എവിട്യാ തൊടി? എവിട്യാ വാഴ??? ഇനിപ്പോ പ്ലാസ്റ്റിക് ഇല തന്നെ ശരണം. ഇവിടെ ഇരിക്കുണ്ടോ നോക്കട്ടെ
അത് വേണെങ്ങേ എന്റോടെണ്ട്
വാസു കുട്ട്യായിരുന്നപ്പോൾ അവന്റെ പെർന്നാളിന്റെ അന്ന്, നേരത്തെ എണീപ്പിച്ചു കുളിപ്പിച്ച്, പെർന്നാൾ കോടിയും ഇടീച്ചു മേലെകാവിലെ ഭഗവതി കൊട്ടിലിലേക്ക് തൊഴാൻ പോകും. ഉച്ചക്ക് നാക്കില ഇട്ട്, വിളക്ക് കത്തിച്ചു ചോറ് കൊടുക്കും, കൂടെ വാസുന് ഏറ്റവും ഇഷ്ടപ്പെട്ട ഇടിച്ചു പിഴിഞ്ഞ അരി പായസവും…… ഒക്കെ ഇന്നലെ കഴിഞ്ഞ പോലെ
മലയാള ഭാഷയുടെ പുണ്യം ശ്രീ. എം. ടി. വാസുദേവൻ നായർ തൊണ്ണൂറ്റിയൊന്നിന്റെ നിറവിൽ. അദ്ദേഹത്തിന് ജന്മദിനാശംസകൾ ആശംസകൾ നേരുന്നു……