പണ്ട് മുത്തശ്ശി ജീവിച്ചിരുന്നകാലം തറവാട്ടിൽ ആർക്കെങ്കിലും രോഗം ബാധിച്ചാൽ മുത്തശ്ശിയുടെ വക നൽകിയിരുന്ന ഉപദേശമായിരുന്നു.
” എന്തു വന്നാലും ഈ ഇംഗ്ലീഷ് മരുന്ന് വാരിവിഴുങ്ങാതെ നമ്മുടെ നാടൻ ഒറ്റമൂലി ഒന്ന് പരീക്ഷിച്ചു നോക്കിക്കൂടെ കുട്ടിയോളെ ”
“കീഴാർനെല്ലി പാലിലരച്ചു ചേർത്തുകലക്കി ഒറ്റവലിക്ക് അങ്ങു കുടിച്ചോളൂ ഏതു പഴക്കം വന്ന മഞ്ഞപ്പിത്തവും പമ്പകടക്കും ”
ചെങ്കണ്ണു വന്നാൽ പൂവാംകുറുന്തലയുടെ ചാറും തുമ്പച്ചാറും പിഴിഞ്ഞെടുത്തു മുലപ്പാലിൽ ചാലിച്ചെടുത്തു കണ്ണിൽ തുള്ളിയായി ഒഴിച്ചു കൊടുത്താൽ ആദ്യമൽപ്പം നീറ്റമുണ്ടാകുമെങ്കിലും കണ്ണുകൾക്കു നല്ല കുളിർമ്മയുണ്ടാകുമെന്നായിരുന്നു മുത്തശ്ശിയുടെ പക്ഷം.
പേരയിലയും തുളസിയിലയും പനിക്കൂർക്കയുടെ ഇലയുമിട്ടു തിളപ്പിച്ചു വെള്ളം കുടിച്ചാൽ മഴക്കാലത്തെ പെട്ടെന്നുള്ള പനിക്കും ജലദോഷത്തിനുമുള്ള മുത്തശ്ശിയുടെ ഒറ്റമൂലിയായി.
മുത്തശ്ശിയുടെ കയ്യിലെ ഒറ്റമൂലികൾക്കു കയ്യുംകണക്കുമില്ല
പക്ഷെ എല്ലാം ഒറ്റവലിക്ക് പാത്രം വടിച്ചു കുടിക്കണം. മേമ്പൊടിയായി മുത്തശ്ശിയുടെ സ്നേഹംകൂടി പകർന്നു കിട്ടിയാൽ ഒരു രോഗവും പിന്നെ തേടിവരില്ല.
കർക്കിടകം വന്നാൽ മുത്തശ്ശിയുടെ വകയുള്ള കർക്കിടക കഞ്ഞിയും പത്തില കൂട്ടാനും പിന്നെ അല്പം ദേഹരക്ഷാ മരുന്നും മുത്തശ്ശിയുടെ മേൽനോട്ടത്തിൽ തറവാട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുമായിരുന്നു .
മുത്തശ്ശിയുടെ സ്നേഹത്തോടെയുള്ള പരിചരണത്തെക്കാൾ വലിയ ഒറ്റമൂലിയൊന്നും അന്ന് തറവാട്ടിൽ ഇല്ലായിരുന്നു .
റംസീന നാസർ