ജാതി ഭേദമെന്യ മലയാളികൾ എല്ലാവരും തന്നെ ആഘോഷിക്കുന്നതാണ് ഓണം. എന്നാൽ പണ്ടുകാലത്തെ ചൈതന്യവും പകിട്ടും ഇന്നത്തെ ഓണം ആഘോഷ ചടങ്ങുകൾക്കും ആചാരങ്ങൾക്കും ഇല്ലാതെ പോയിരിക്കുന്നു. പണ്ടൊക്കെ അത്തം മുതൽ തിരുവോണം വരെ പത്തു ദിവസവും വീടുകളിൽ പൂക്കളം കാണാമായിരുന്നു. തുമ്പ് പൂവ് ആയിരുന്നു പണ്ടുകാലത്തെ താരം. ഇന്ന് ആ പൂവ് വീടുകളിൽ കാണാൻ പോലും സാധ്യമല്ല. ഇപ്പോൾ പൂക്കളം ഇടുന്ന വീടുകൾ പോലും ചുരുങ്ങിയിരിക്കുന്നു. ഇപ്പോഴും പഴയ തലമുറയിൽ പെട്ട ആളുകൾ ഉള്ള വീടുകളിൽ ചിട്ടയോടെയുള്ള കാര്യങ്ങൾ കാണുമായിരിക്കാം. പാടത്തും തൊടിയിലും ഒക്കെ പോയി പൂക്കൾ ശേഖരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോൾ ആ സ്ഥാനത്തേക്ക് റെഡിമൈഡ് പൂക്കളം നിലയുറപ്പിച്ചു കഴിഞ്ഞു. റെഡി മൈഡ് പൂക്കളം ഇപ്പോഴത്തെ ഓണത്തിന്റെ പതിവ് കാഴ്ചയായി മാറിയിരിക്കുന്നു.
പണ്ടത്തെ കൂട്ടു കുടുംബങ്ങളിൽ ഓണത്തിന് ഒരുമിച്ച് ചേർന്ന് പാചകം ചെയ്തിരുന്ന വീടുകളിൽ ഇന്നാകട്ടെ കാറ്ററിംഗ്ക്കാരോട് സദ്യക്ക് വേണ്ടിയുള്ള മല്പിടുത്തം. വീടുകളിലെ അടുക്കളകൾ ആഘോഷവേളകളിൽ അനാഥമാകുന്നു. ഇപ്രാവശ്യത്തെ ഓണത്തിന് കാറ്ററിംഗ്ക്കാരുടെ മുമ്പിൽ സദ്യ വട്ടങ്ങൾക്ക് വേണ്ടി ക്യു നിൽക്കുന്നത് വാർത്ത ചാനലുകളിലൂടെ നമ്മൾ കണ്ടതാണ്. കേരളക്കരയുടെ ദേശിയ ഉത്സവമായ ഓണത്തിന്റെ അനുഷ്ഠാനങ്ങൾക്ക് കാലക്രമേണ ഇനിയും മാറ്റങ്ങൾ സംഭവിച്ചെന്ന് വരാം. ആചാരങ്ങളും, ചടങ്ങുകളും അധഃപതിച്ചു പോയിരിക്കുന്നു. ബന്ധുമിത്രാധികളും, സുഹൃത്തുകളും തമ്മിലുള്ള ഓണാശംസകൾ വരെ സമൂഹിക മാധ്യമങ്ങൾ വഴി കൈമാറുന്നു. ആർക്കും നേരിട്ട് കണ്ടുമുട്ടാനോ സംസാരിക്കുവാനോ സമയമില്ലാതെയായി. എല്ലാം കയ്യെത്തും ദൂരെത്തും എത്തുന്ന സാങ്കേതിക രീതിയിലേക്ക് ആഘോഷങ്ങൾ പോലും എത്തി നിൽക്കുന്നു.
ചിത്രത്തിന് കടപ്പാട് : യൂട്യൂബ്