ആളുകൾ ജീവിതത്തിൽ തങ്ങൾക്ക് ഒരിക്കലും വരരുതേ എന്നാഗ്രഹിക്കുന്ന, ആവശ്യത്തിലധികം പേടിയോടെ സമീപിക്കുന്ന ത്വക് രോഗങ്ങളിൽ പ്രധാനിയാണ് സോറിയാസിസ്.
അത് കൊണ്ട് തന്നെ സോറിയാസിസിനെ കുറിച്ചുള്ള അബദ്ധ ധാരണകൾക്കും അന്ധവിശ്വാസങ്ങൾക്കും യാതൊരു പഞ്ഞവുമില്ല. സോറിയാസിസ് ഒരു പകർച്ച വ്യാധിയാണ്. തൊട്ടാൽ വരെ പകരും എന്നൊക്കെയാണ് ഏറെക്കുറെ പലരും ധരിച്ചു വച്ചിരിക്കുന്നത്.
എന്നാൽ ഇവയിൽ അല്പം പോലും സത്യം ഇല്ല എന്നതാണ് യാഥാർഥ്യം. ചൊറിയുക എന്ന അർഥമുള്ള Psora (സോറാ) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് സോറിയാസിസ് എന്ന വാക്കിന്റെ ഉത്ഭവം.
സോറിയാസിസ് രോഗകാരണത്തെക്കുറിച്ചു പല അഭിപ്രായങ്ങൾ ഉണ്ട്. ജനിതക കാരണങ്ങളാൽ, ജീവിതശൈലിയാൽ, എച്ഐവി വൈറസ് ബാധയാൽ, മറ്റു മരുന്നുകളുടെ പാർശ്വഫലത്താൽ സോറിയാസിസ് രോഗമുണ്ടാകാം.
ഓരോ തരം സോറിയാസിസിനും വിവധ രോഗലക്ഷണങ്ങളാണ് ഉള്ളത്, ഈ രോഗലക്ഷണങ്ങൾക്കനുസരിച്ചാണ് ചികിത്സയും. രോഗത്തിൻറെ മൂർച്ചയ്ക്കു അനുസരിച്ചും ചികിത്സയിൽ വ്യത്യാസങ്ങൾ വരും. സോറിയാസിസിന്റെ എല്ലാ വകഭേദത്തിനും ഇന്ന് ചികിത്സ ലഭ്യമാണ്. പൊതുജനങ്ങളിൽ സോറിയാസിസ് രോഗത്തെ പറ്റി ബോധവൽക്കരണം നടത്തുന്നതിനാണ് എല്ലാ വർഷവും ഒക്ടോബർ 29 ആം തിയതി ഈ ദിനം ആചരിക്കുന്നത്.
-ശുഭം-

