” എൻ്റെ ദൈവമേ, ഇന്ന് ആരും കല്യാണം കഴിക്കല്ലേ !” ഇരു ചക്രവാഹനത്തിലെ പുറകിലെ സീറ്റിലിരുന്ന് പകുതി കണ്ണടച്ചു കൊണ്ട് ഞാൻ പ്രാർത്ഥിച്ചു.
പാർക്കിലെ സ്ലൈഡിൽ നിന്ന് താഴെ നിന്നും മുകളിലോട്ട് കയറുന്നത് എങ്ങനെയായിരിക്കും അതുപോലെയാണ് പാലസിലേക്ക് പോകാനുള്ള പാത. കൂട്ടത്തിൽ വളവും തിരിവുകളും. ഞങ്ങളുടെ ഇത് രണ്ടാം പ്രാവശ്യത്തെ വരവാണ്. ആദ്യത്തെ യാത്രയിൽ ഇതുപോലെ കഷ്ടപ്പെട്ട് ഇവിടെ എത്തിയപ്പോൾ പറയുകയാണ്, ഏതോ കല്യാണ പാർട്ടിക്കാർ ഈ പാലസ് മുഴുവനും രണ്ടു ദിവസത്തിനായി ബുക്ക് ചെയ്തിരിക്കുന്നു എന്ന്. ഡൽഹിയിലുള്ള കല്യാണങ്ങളെല്ലാം ധൂർത്തിൻ്റെ മറ്റൊരു ലെവലായിട്ടാണ് തോന്നിയിട്ടുള്ളത്. അന്ന്
ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിക്കാതെ ഞങ്ങൾക്ക് അവിടെ നിന്ന് മടങ്ങേണ്ടി വന്നു. ഇന്നിപ്പോൾ സെക്യൂരിറ്റിക്കാർ സ്വാഗതം പറഞ്ഞു കൊണ്ട് ഞങ്ങളെ ക്ഷണിച്ചപ്പോൾ മനസ്സിനൊരു ശാന്തത!
പത്തൊൻപതാം നൂറ്റാണ്ടിലെ ഈ അത്ഭുതകരമായ ഫോർട്ട്-പാലസ്, ഇന്നൊരു പൈതൃക റിസോർട്ടാണ്. അൽവാർ രാജാവിൻ്റെ പ്രിയപ്പെട്ട യജമാനത്തിയുടെ മകന് നൽകിയതാണിത്.. ആ മകൻ അമ്മയായ ‘മൂസി മഹാറാണിയുടെ പേരിൽ ഒരു കോട്ട -കൊട്ടാരത്തിൻ്റെ നിർമ്മാണം ആരംഭിച്ചു.
‘ മൂസി മഹാറാണി ‘ എനിക്ക് നല്ല കേട്ടു പരിചയം . രാജസ്ഥാനിലെ അൽവറിലുള്ള മറ്റൊരു സ്ഥലത്ത് മൂസി റാണി കി ചത്താരി സന്ദർശിച്ചത് ഞാൻ ഓർക്കുന്നുണ്ട്. (യാത്രാവിശേഷങ്ങൾ ഇവിടെ പങ്കുവെക്കുന്നതിൻ്റെ ഗുണങ്ങൾ!) അതിനെ പറ്റി ചോദിച്ചപ്പോൾ,രാജാവിന്റെ പ്രിയപ്പെട്ട യജമാനത്തിയായ മൂസി റാണി അദ്ദേഹത്തിന്റെ മരണശേഷം ആചാരപരമായ സതി അനുഷ്ഠിക്കുകയും അങ്ങനെ രാജ്ഞിയുടെ ബഹുമതികൾ നേടുകയും ചെയ്തു. സംശയങ്ങളെല്ലാം ക്ലിയർ ചെയ്തപ്പോൾ ഒരു മന:സമാധാനം.
കാബൂളിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ള വാസ്തുശില്പികളെ ഉപയോഗിച്ചായിരുന്നു നിർമ്മാണം.ഇത് കൊട്ടാരത്തിന്റെ വാസ്തുവിദ്യയ്ക്ക് കൊളോണിയലിസത്തിന്റെ സൂചനകളോടെ വേറിട്ട അഫ്ഗാൻ-ഇന്തോ ശൈലി നൽകി. എന്നാൽ
അദ്ദേഹത്തിന്റെ അകാല മരണവും അനന്തരാവകാശിയില്ലാത്തതും കോട്ട പൂർത്തിയാകാതെ കിടന്നു.
തിജാര ഫോർട്ട് പാലസിലെ ജോലികൾ പെട്ടെന്ന് നിർത്തിയതിനെത്തുടർന്ന് പ്രോപ്പർട്ടി ഗ്രൗണ്ടിലുടനീളം കല്ലുകൾ അവശേഷിച്ചു. കാലക്രമേണ, സസ്യജാലങ്ങൾ ഏറ്റെടുക്കുകയും ചെയ്തതോടെ ഈ സ്ഥലം കുറ്റവാളികളുടെ കുപ്രസിദ്ധമായ ഒളിത്താവളമായി മാറി.
അടുത്തിടെ 2012-ലാണ് ഒരു ഹോട്ടൽസ് ഗ്രൂപ്പ് പൂർത്തീകരണം ഏറ്റെടുത്ത് ഒരു പൈതൃക ഹോട്ടലാക്കി മാറ്റിയത്.ഇതൊരു വലിയ പുനരുദ്ധാരണ പദ്ധതിയായിരുന്നു.
ഹവാ മഹൽ, മർദാന മഹൽ, റാണി മഹൽ, അതിനിടയിലുള്ള പൂന്തോട്ടങ്ങളെല്ലാം മനോഹരം. നീന്തൽക്കുളവും സ്പാ…. എല്ലാം ആധുനിക ലോകത്തിലേക്കും കൊണ്ടുപോകും.
ഒരു കുന്നിന് മുകളിലായതു കൊണ്ട് ചുറ്റുമുള്ള വിശാലമായ കാഴ്ചകൾ കാണാം.
കൊട്ടാരത്തിന് ചുറ്റുമുള്ള കാഴ്ചകളിൽ ഒരു ഭാഗം വനമാണെങ്കിൽ മറ്റു സ്ഥലങ്ങളിൽ സൂര്യകാന്തി, ബജ്റ, നിലക്കടല, ജോവർ എന്നിവ വളർത്താൻ ഉപയോഗിക്കുന്ന വയലുകളാണ്. ഞങ്ങൾ ചെന്നപ്പോൾ കടുക് ചെടി പൂത്ത് നിൽക്കുകയായിരുന്നു.
സിനിമാ ഷൂട്ടിനോ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾക്കോ വേണ്ടി പലപ്പോഴും ഏറ്റെടുക്കുന്ന സ്ഥലമാണ് തിജാര ഫോർട്ട് പാലസ്. ഞങ്ങളും അതുപോലെ ബുക്ക് ചെയ്യാൻ വന്നവരാണെന്ന് തെറ്റിദ്ധരിച്ചതു കൊണ്ടോ അതോ എന്റെ പ്രാർത്ഥനയുടെ ഫലം കൂടിയത് കൊണ്ടോ എന്നറിയില്ല. ആ പ്രോപ്പർട്ടിയുടെ മുക്കും മൂലയും കാണിച്ചു തരാനും വിവരിച്ചു തരാനുമായിട്ട് റെഡ്ഡി യായിട്ടാണ് അവിടെയുള്ളവർ.
നഗരത്തിലെ ബഹളങ്ങളിൽ നിന്നും സ്ഥിര ടൈം ടേബിളിൽ നിന്നും ഒരു ബ്രേക്ക് വേണമെന്നു തോന്നുമ്പോൾ സന്ദർശിക്കാൻ പറ്റിയ സ്ഥലം. മടക്കയാത്രയിൽ വാഹനത്തിനും ബ്രേക്ക് അത്യന്താപേക്ഷിതം!


2 Comments
നല്ല വിവരണം👍❤️
Thanks ❤️