ഈ വർഷം കാനഡയിൽ ശൈത്യക്കാലം അല്പം നീണ്ടു നിന്നെങ്കിലും വളരെ കനിവുള്ളതായിരുന്നു. Mild winter എന്നു വിശേഷിപ്പിക്കാം.
ഇതു കേൾക്കുമ്പോൾ ഞങ്ങൾക്കു തീരെ തണുത്തില്ല, എന്നൊന്നും കരുതല്ലെ ട്ടോ. സൈക്കോസിനു മാത്രമല്ല, തണുപ്പിനും പല അവസ്ഥാന്തരങ്ങളും ഉണ്ട്. ആദ്യത്തെ തണുപ്പ് ഒരു ജാക്കറ്റിൽ ഒക്കെ പിടിച്ചു നിൽക്കുന്ന ചെറിയ തണുപ്പ്. കുറച്ചു കൂടി കടുപ്പം കൂടിയത്, ജാക്കറ്റ് തൊപ്പി, കയ്യുറ, ഷാൾ ഇതൊക്കെ ധരിച്ചാലും വിറയ്ക്കുന്ന ഇടത്തരം തണുപ്പ്. വീണ്ടും ടെമ്പറേച്ചർ താഴ്ന്ന് മൈനസ് മുപ്പത്തഞ്ചു് എത്തുമ്പോൾ വിരൽത്തുമ്പു മരവിച്ച് നാസികാഗ്രാം ചുമപ്പിയ്ക്കുന്ന അസ്ഥി തുളയ്ക്കുന്ന ഉറയുന്ന തണുപ്പ്.
ചുറ്റിയടിക്കുന്ന ശീതക്കാറ്റിൽ നിന്നു വിറയ്ക്കുന്ന ഇലകൊഴിഞ്ഞ മരങ്ങളും റോഡിനിരുപ്പുറവും കോരി നിറച്ച മഞ്ഞുക്കൂമ്പാരവും കാഴ്ചകളിൽ വരെ കുളിരു നിറയ്ക്കും. ഈ വർഷം ഈ മൂന്നാമത്തെ കിടിലൻ തണുപ്പ് വന്നില്ല എന്നു മാത്രം. ശൈത്യം ഒന്നു തൊട്ടു തലോടി കടന്നുപ്പോയി.
ഈ കാലം കടന്നുപോയാൽ കാനഡയിൽ വസന്തം വിരിയും. തളിർത്ത ഇലകളും പൂക്കളും കിളികളും ഈ പ്രദേശം മനോഹരമാക്കും. പുൽത്തകിടികളിൽ നിന്നും മഞ്ഞുരുകിയിറങ്ങി പച്ചപ്പുൽനാമ്പുകൾക്കു മുളപ്പൊട്ടും. മരങ്ങളിൽ തളിരിലകൾ പച്ചപ്പ് നിറച്ച് കണ്ണിനു കുളിരാകും.
Weeping വില്ലോ എന്ന മരമുണ്ട്. ഒഴുകി ഇറങ്ങുന്ന കണ്ണീർ പോലെ കീഴോട്ടു വളരുന്ന ശിഖിരങ്ങൾ. കാണാൻ ഭംഗിയുണ്ടെങ്കിലും ആ ഫീൽ ഒരു സുഖമില്ല. കണ്ണീരും ദുഃഖവുമൊക്കെ മാറ്റിവെക്കാം. മരത്തിന്റെ ഇളം പച്ചപ്പ് മാത്രം കാണാം.

തണുപ്പു പേടിച്ചു നാടുവിട്ട ദേശാടനക്കിളികൾ തിരിച്ചെത്തും. പാടിയും കൂകിയും അവരുടെ സാന്നിധ്യമറിയിക്കും. കനേഡിയൻ geese, spring season ആകുമ്പോൾ കാനഡയിൽ തിരിച്ചു പറന്നെത്തും. നീണ്ടു വളഞ്ഞ അരയന്ന കഴുത്തുമായി കുറുകി നടക്കുന്ന ഇവയ്ക്കു കരയിൽ നടക്കാനും ആകാശത്തു പറക്കാനും വെള്ളത്തിൽ നീന്താനും കഴിയും. ഈ ‘വാത്ത’ പക്ഷികൾ 1500-ഓളം കിലോമീറ്ററുകൾ പറക്കുന്ന ദേശാടന പക്ഷികളാണ്.

മരങ്ങളിൽ ആദ്യം പൂവിടുന്നത് ചെറി ബ്ലോസമാണ് (cherry blossom ). ഏപ്രിൽ മാസത്തിലാണ് ഈ പൂക്കൾ വിരിയുന്നത്. ഈ മരങ്ങൾക്കു ചെറിപ്പഴങ്ങളുമായി ഒരു ബന്ധവുമില്ല. ഒരു ജാപ്പാനീസ് ഓഫീഷ്യൽ കാനഡയ്ക്കു സമ്മാനിച്ചതാണ്, Sakura എന്ന അപരനാമമുള്ള ഈ പൂമരതൈകൾ. അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം നൽകിയ പേരാണിത്.


നമ്മുടെ നാട്ടിലെ പൂത്തുലയുന്ന കണിക്കൊന്നപ്പൂക്കളോടു ഇവയ്ക്കു സാമ്യമുണ്ട്. ഒരു മരം മുഴുവനായും പൂക്കൾ നിറയുമ്പോൾ കാണാനെന്തു ഭംഗിയായിരിക്കും. കേവലം രണ്ടാഴ്ചയാണ് ഇതു മുഴുവനായും വിരിഞ്ഞു നിൽക്കുന്നത്. പല നിറങ്ങളിലും വലുപ്പത്തിലുമുള്ള പൂക്കളുണ്ട്. Toronto യിൽ ഈ മരങ്ങൾ മാത്രമുള്ള ഹൈ പാർക്കിൽ മൂന്നു ആഴ്ചകളോളം ഈ പൂക്കൾ കാണാൻ സന്ദർശകരുടെ വലിയ തിരക്കാണ്. ഇല കാണാനില്ലാത്ത വിധത്തിൽ പൂ ചൂടി നിൽക്കുന്നുവെന്ന പ്രത്യേകതയാണ് ഇതിനെ ആകർഷകമാക്കുന്നത്. ഇതുപോലെ പുഷ്പ്പിക്കുന്ന മറ്റു മരങ്ങളുമുണ്ട്.
പല ഫലവൃക്ഷങ്ങളും പൂത്തു നിൽക്കുന്ന കാണാൻ നല്ല ഭംഗിയാണ്. ആപ്പിൾ, പെയർ, ചെറി തുടങ്ങിയ മരങ്ങളിൽ ആദ്യം മനോഹരമായ പൂക്കൾ നിറയും. അതിൽ കുറെ കൊഴിഞ്ഞു പോകും. ബാക്കിയുള്ളവ കായ്കളായി വളരും.

ആപ്പിൾ മരം പൂത്തപ്പോൾ.
ഏപ്രിൽ മധ്യത്തിൽ തന്നെ Tulip പൂക്കൾ വിരിയാൻ തുടങ്ങും. Lily familyയിൽ പെടുന്ന ഈ ചെടിയുടെ കിഴങ്ങുകൾ (bulb) മണ്ണിൽ പുതഞ്ഞുകിടക്കും. തീവ്രമായ ശൈത്യകാലവും അതിജീവിച്ച് spring Season ന്റെ തുടക്കത്തിൽ തന്നെ മുളപ്പൊട്ടി ഇലകൾ വിരിച്ച് വളരെ വേഗത്തിൽ പൂക്കൾ വിരിയും. വെള്ള, മഞ്ഞ, ചുവപ്പ്, റോസ്, പർപ്പിൾ തുടങ്ങി ഒട്ടനവധി നിറങ്ങളിൽ, മനോഹരമായ വലിയ പൂക്കൾ ഈ ചെടികളിൽ വിരിയും. ടർബൻ എന്നർത്ഥമുള്ള പേർഷ്യൻ വാക്കിൽ നിന്നാണ് ഈ പേരു വന്നതെന്ന് പറയപ്പെടുന്നു. പത്താം നൂറ്റാണ്ടുമുതൽ പേർഷ്യയിൽ ഈ ചെടികൾ വളർത്തിയിരുന്നു. പിന്നീട് ഈ പൂക്കൾ, ഓട്ടമാൻ (ottoman) സാമ്രാജ്യത്തിന്റെ symbol ആയി മാറി. ഇപ്പോൾ ഹോളണ്ട് വാണിജ്യാടിസ്ഥാനത്തിൽ പൂ കൃഷി നടത്തുന്നതിൽ ഒന്നാം സ്ഥാനത്താണ്.
കാനഡയിൽ പലയിടത്തും വലിയ Tulip ഗാർഡനുകളുണ്ട്.

കാനഡയുടെ തലസ്ഥാനമായ ഓട്ടവയിലെ (Ottawa ) കമ്മീഷണർ പാർക്കിൽ, മേയ് ആദ്യം നടത്തുന്ന Tulip Festival പ്രസിദ്ധമാണ്. ആകർഷകമായ നിറങ്ങളിൽ വിടർന്നു Tulip പൂക്കൾ, വസന്തം, ദാ ഞാനെത്തിയെന്ന് വിളിച്ചുപ്പറയും.

വടക്കെ അമേരിക്കയിൽ വളരെ സാധാരണമായി കണ്ടുവരുന്ന പക്ഷിയാണ് Robin. ഈ പക്ഷികൾക്കു പുറത്തു ചാരനിറം കലർന്ന കറുപ്പും നെഞ്ചിൽ ഇളം ഓറഞ്ച് നിറത്തിലുള്ള തൂവലുകളുമാണ്. മുറ്റത്തെ പുൽത്തകിടിയിൽ കൊത്തിപ്പെറുക്കുന്ന ഈ ചെറിയ പക്ഷികളെ നോക്കിയിരിക്കലും ഇതിന്റെ ചിലപ്പു കേൾക്കലും എന്റെ വിനോദമാണ്. ബെറി പഴങ്ങളും ചെറിയ കീടങ്ങളും പ്രാണികളും മണ്ണിരകളും ഇവയുടെ ഇഷ്ടഭക്ഷണമാണ്.
മുററത്തെ ലോണിലേയ്ക്കു (lawn) ഇറക്കിപ്പണിയുന്ന മരപ്പാളികൾ പാകിയ തുറസ്സായ ഇരിപ്പടം മിക്ക വീടുകളിലുമുണ്ട്. ഇതിനെ ഡെക് എന്നു പറയും. ഞങ്ങളുടെ വീടിന്റെ രണ്ടു നിലകൾക്കിടയിലെ ഡെക്കിനു കുറകെയുള്ള മരത്തൂണിൽ ഒരു റോബിൻ കിളി കൂടുക്കൂട്ടും. ഉണങ്ങിയ പുല്ലും ചെറിയ നാരുകളും ചുള്ളികളും ചേർത്തു പണിതൊരു വൃത്താകൃതിയിലൊരു കൂടു്. ഇത്രയും കൃത്യതയോടെ പണി തീർക്കുന്ന ചെറുകിളിയുടെ ആർക്കിടെക്റ്റ് വൈഭവം അത്ഭുതപ്പെടുത്തുന്നു. തണുപ്പുക്കാലത്ത് റോബിൻ പക്ഷികൾ മെക്സികോ മുതലായ തെക്കൻ രാജ്യങ്ങളിലേയ്ക്കു ചൂടു തേടി പറന്നുപോകും ദേശാടനക്കിളികളുടെ മൈലുകൾ താണ്ടിയുള്ള യാത്രയും അതെ പാതയിലൂടെയുള്ള തിരിച്ചു വരവും പ്രപഞ്ചത്തിലെ അനേകം വിസ്മയങ്ങളിൽ ഒന്നാണ്. മനുഷ്യൻ, എത്ര നിസ്സാരനാണ്. പന്ത്രണ്ടു വർഷം മാത്രം ആയുർദൈർഘ്യമുള്ള ഈ ചെറുകിളി ചെയ്യുന്നത്
ഈ കിളിക്കൂട്ടിൽ, ചില മുട്ടകൾ കണ്ടു. നീല നിറമുള്ള നാലു മുട്ടകൾ ! Cyan blue നിറത്തിലുള്ള മുട്ടകൾ കാണാൻ കിളികളേക്കാൾ ഭംഗിയുണ്ട്. രണ്ടാഴ്ചയാണ് മുട്ട വിരിയാനെടുക്കുന്ന സമയമത്രെ.

ആ കൂടിനു ചുറ്റും സദാ പറന്നു നടക്കുന്ന അമ്മക്കിളി. ഞാൻ ആ കൂടിനു അടുത്തു പോകുമ്പോൾ ചിലച്ചു പറന്നടുക്കും. ലോകത്തിൽ എവിടെയും ഏതു ജീവിയായാലും അമ്മമനസ്സിന്റെ കരുതലും ആർദ്രതയും ഒന്നുതന്നെ. നീലമുട്ടത്തോടു പൊട്ടിച്ചിറങ്ങി വന്നു മെല്ലെ ചിലയ്ക്കുന്ന കുഞ്ഞുക്കിളികൾ ദാ… വസന്തം വന്നൂ എന്ന് നമ്മെ ഓർമ്മിപ്പിക്കും.

വസന്തത്തിൽ തുടങ്ങി സമ്മർ മാസങ്ങൾ അവസാനിക്കുന്നതു വരെ വീടുകളുടെ മുററത്ത് പൂന്തോട്ടങ്ങൾ നിറയും. ധാരാളം തൂക്കുക്കൊട്ടകളിലും പൂക്കൾ വളർത്തും.

പകൽ സമയം വളരെയധികം നീണ്ടു പോകുന്ന വേനലിൽ എട്ടര ഒമ്പതു മണി വരെ സൂര്യപ്രകാശം കാണും. അസ്തമയ സൂര്യന്റെ ചുവപ്പിൽ വിടർന്നു നിൽക്കുന്ന പൂക്കൾ ഒരുക്കിവെക്കുന്ന കാഴ്ച ഭൂമിയിലെ സ്വർഗ്ഗം തന്നെ.



20 Comments
Super writing Joy 👌👌❤️
Thank you, Sujatha.
😍
Wow amazing 😍… കാനഡയിൽ എത്തി അവിടെ ഈ കാഴ്ചകൾ എല്ലാം കണ്ടുപോയി….
Thank you Manju.🙏
Love dear !
❤❤❤
ജോയ്സ്,
എഴുത്തിലൂടെ എന്നെ കാനഡയിലേക്ക് കൊണ്ടുപോയി- അവിടുത്തെ കാലാവസ്ഥ, മരങ്ങൾ, ചെടികൾ, പൂക്കൾ, പക്ഷികൾ എല്ലാം കണ്ടതുപോലെ തോന്നി- താങ്കളുടെ എഴുത്തുകൾ എനിക്ക് ഇഷ്ടമായി
വായനക്കും ഈ വാക്കുകൾക്കും ഏറെ നന്ദി, Sreejith.
🙏
മനോഹരമായി എഴുതി👌👍🙏💯
ഒത്തിരി നന്ദി സുരേഷ്. ഇത് വലിയ പ്രോത്സാഹനമാണ്.
ഒരു പക്ഷി ആയിരുന്നേൽ എത്ര നന്നായിരുന്നു.. ഇഷ്ടത്തിന് പറക്കാമായിരുന്നു.
Beautifully written 👌👌👌
ആഹാ… സുന്ദരസ്വപ്നം!
സ്നേഹം മാത്രം നന്ദ!
😍
ക്യാനഡ കാണാൻ ഉള്ള മോഹം കൂടുന്നു നേരിട്ടു കണ്ട feel തോന്നി എഴുത്തുകാരി
എത്ര ഹൃദയവും മനോഹരവുമയാണ് ജോയ്സ് എഴുതിയിരിക്കുന്നത്. ഞാൻ അയർലണ്ടിനെ miss ചെയ്യുന്നു. Canada പോലെതന്നെ അയർലണ്ടും മനോഹരിയാണ്.
Thank you silvyi🙏
അയർലണ്ട് വളരെ ഭംഗിയുള്ള സ്ഥലമാണെന്ന് കേട്ടിട്ടുണ്ട്. 👌
ഇവിടെ ഭംഗിയും വൃത്തിയും സൂക്ഷിക്കാൻ ജനങ്ങളും നന്നായി സഹകരിക്കും.
❤
Thank you, സെജി. 🙏
തീർച്ചയായും കാനഡ കാണാൻ ശ്രമിക്കണം. East and West രാജ്യങ്ങൾ തമ്മിൽ കാഴ്ചകളിൽ ഒത്തിരി വ്യത്യാസമുണ്ട്.
😍
പൂക്കൾക്കും പക്ഷികൾക്കും ഇടയിലൂടെ നടന്നത് പോലെ. ഹൃദ്യം
ഈ സഹകരണത്തിന് നന്ദി….. സന്തോഷം
Thank you Shyamala🙏.
Thank you vimi…
🥰🥰🥰
Thank you Suma 🙏❤
മനോഹരമായ വിവരണം നല്ല അറിവുകൾ ജോയ്സ്❤️👌