സ്ത്രീധനം അതുമായി ബന്ധപ്പെട്ട പീഡനവും ആത്മഹത്യയും കൊല്ലും കൊലയുമെല്ലാം നിരന്തരം കേട്ട് രോഷാകുലരായി അങ്കക്കലിയോടെ നിൽക്കുന്നവരാണ് പ്രബുദ്ധരായ നമ്മൾ, ഇരുകാലി സമൂഹം.
ഈ കല്യാണം എന്നത് ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമാണ് എന്ന ചിന്ത മാതാപിതാക്കൾ ആദ്യമേ ഒഴിവാക്കുക. എൺപത് മോഡൽ ആയ ഞങ്ങൾ അത് ഒഴിവാക്കി. സ്കൂൾ കാലയളവുകളിൽ തന്നെ സ്നേഹത്തോടെ നല്ലത് പറഞ്ഞുകൊടുക്കുക. ഒരു പ്രായമാകുമ്പോൾ ഒരു വ്യക്തിയായി നമ്മുടെ മക്കളെ കണ്ട് അത് അവനായാലും അവളായാലും അങ്ങ് വെറുതെ വിട്ടേക്കുക . നെല്ലും പതിരുമൊക്കെ വേർതിരിച്ചെടുക്കാനുള്ള വിവരമൊക്കെ പതിന്മടങ്ങ് അവരിലുണ്ട്. പഠിച്ചു മിടുക്കിയോ മിടുക്കനോ ആയി നല്ലൊരു ജോലിയൊക്കെ സമ്പാദിച്ചു അവർ സ്വന്തം കാലിൽ നിലയുറപ്പിക്കട്ടെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ തുറന്നു പറയാനുള്ള ധൈര്യം അവർക്ക് കൊടുക്കുക അല്ലാതെ നിർബന്ധിച്ചുകൊണ്ട് സാമൂഹത്തെയോർത്ത് കെട്ടിച്ചുവിടലും വേണ്ട കൊണ്ടുവരലും വേണ്ട.
ഞങ്ങൾ സ്നേഹിച്ചു കല്യാണം കഴിച്ചവരാണ്. എതിർപ്പുണ്ടായിരുന്നു പക്ഷേ അവസാനം ഞങ്ങളുടെ ആഗ്രഹം വീട്ടുകാർക്ക് സാധിച്ചു തരേണ്ടി വന്നു. അവിടെ വിലപേശൽ ഉണ്ടായിരുന്നില്ല നിങ്ങളുടെ ആത്മാർത്ഥ സ്നേഹം എന്നും നിലനിൽക്കട്ടെ അങ്ങനെയായാൽ അത് ഞങ്ങൾക്കും ലഭ്യമാകും എന്നായിരുന്നു എന്റെ അച്ഛന്റെ നിലപാട്. എന്ന് പറഞ്ഞു എന്റെ ജീവിതത്തിൽ പ്രശ്നമില്ല എന്നല്ല പരസ്പരം ഞങ്ങൾ പറയാറുണ്ട് ഇനി മുന്നോട്ട് വയ്യ എന്ന സാഹചര്യം ആയാൽ മാന്യമായി പിരിയുക അല്ലാതെ വഴക്കും വക്കാണവും വേണ്ട എന്ന്. എല്ലാവരെയും ഓരോ വ്യക്തികളായി കണ്ട് അവരുടേതായ ഒരു സ്പേസ് കൊടുത്താൽ തീരുന്ന പ്രശ്നമേ എവിടെയും ഉള്ളൂ. ഒരു കുടുംബത്തിലും വിലപേശൽ നടക്കരുത് അത് ആത്മാര്ഥതയിലൂന്നിയുള്ള ബന്ധമാവില്ല എത്ര ഉന്നതങ്ങളിലെ ബന്ധമായാലും.
കൗൺസിലിംഗ് മാതാപിതാക്കൾക്കാണ് അവശ്യം വേണ്ടതെന്ന് തോന്നും ഈ അടുത്ത സംഭവങ്ങൾ കാണുമ്പോൾ, എത്ര ബാലിശമായ സംസാരമാണവരുടേത്. കല്യാണപ്പന്തലിൽ പൂക്കുറ്റിയായി വന്നവനെ അന്ന് നല്ല പൂശ് കൊടുത്തു വിട്ടിരുന്നേൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ ?
സമൂഹത്തെ കാണിക്കാൻ വേണ്ടി ആവരുത് ഒരു ബന്ധം. ആ കുട്ടിക്ക് ബോധം ഉണ്ടാകേണ്ടതായിരുന്നു തനിക്ക് ചേർന്നതല്ല എന്നത് . അങ്ങനെ ആയിരുന്നേൽ ഇലയും മുള്ളും (അവനാകാം / അവളാകാം) കേടുകൂടാതെ ഇരുന്നേന്നെ. ആ ആർജ്ജവം ഇനിയെങ്കിലും ഉണ്ടായേ തീരൂ.
കേവലം ലൈംഗികതയുടെ മാസ്മരിക നിർവൃതിക്കുള്ള ലൈസൻസ് ആയാണോ കല്യാണത്തെ ചിലർ കാണുന്നത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. നാം പ്രബുദ്ധർക്ക് എല്ലാത്തിനും വ്യവസ്ഥിതി ഉണ്ടല്ലോ അപ്പോ എന്താ ചെയ്യാ ? അല്ലേ ? ആദ്യം ആ തുടൽ പൊട്ടിച്ചെറിയണം ഒന്ന് ശുദ്ധീകരിയ്ക്കപ്പെടും എല്ലാം. ഇപ്പോൾ മദ്യം കഴിക്കുന്ന വ്യക്തികളിൽ മാന്യമായി മദ്യപിക്കുന്ന കൂട്ടരും അല്ലാത്തവരും ഉണ്ട്. മാന്യമായ മദ്യപാനം, അവനറിയാം എന്റെ സുഖത്തിനാണിത് ആരെയും അറിയിക്കാനല്ല എന്നത് അതുപോലെ തന്നെ എല്ലാം. ആണായാലും പെണ്ണായാലും അറിയാൻ ആഗ്രഹമുണ്ടേൽ സ്വയമേവ ബോധ്യത്തോടെ ആർക്കും ശല്യമാകാത്ത രീതിയിൽ എല്ലാം അറിയാൻ ശ്രമിക്കുക….ശേഷം ആരേയും പഴി ചാരാതിരിക്കുക.
സ്ത്രീധനം എന്നത് മാത്രമല്ല കാരണം മനുഷ്യമനസ്സുകൾ ഇഴകീറി മുറിച്ചു നോക്കിയാലും കാണാൻ പറ്റാത്ത കാര്യകാരണങ്ങൾ ഇതിൻ പുറകിൽ ഉണ്ടാകാം… എന്തുതന്നെയായാലും മാന്യമായി ഉശിരോടെ തീരുമാനം എടുക്കാനുള്ള ധൈര്യമാണ് യുവതക്ക് ആവശ്യം അല്ലാതെ പരസ്പരം ജീവൻ നഷ്ടപ്പെടുത്തിയുള്ള കളി ഈ കല്യാണം എന്ന കെട്ടുകാഴ്ചയിൽ വേണ്ട.

