എത്രയോ ദിവസമായി ഒന്നുറങ്ങിയിട്ട്. ഞെട്ടി ഉണർന്നു കഴിഞ്ഞാൽ പിന്നെ ഉറക്കമില്ല. അമ്മ പോയതിന് ശേഷം അങ്ങിനെയാണ്. ആരും ഇല്ല എന്നുള്ള ഒരു തോന്നൽ.
അടുത്തു കിടക്കുന്ന ആളാണെങ്കിൽ കൂർക്കം വലിച്ചുറങ്ങുന്നു. രാവിലെ മുറ്റം അടിക്കുന്ന ശബ്ദം കേട്ടാണ് എഴുന്നേറ്റത്. സുശീലയാണ്, കുറച്ചു ദിവസമായി ആള് ഒന്നു പതുങ്ങിയ മട്ടാണ്, മനസ്സിന്പെട്ടന്ന് വിഷമം കയറും. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്. വീട്ടിലെ പണികളെല്ലാം കൃത്യമായി ചെയ്തു ആള് നേരത്തെ പോകും. അടുക്കളയിൽ ആൾ സഹായിക്കാനായി എത്തിയിട്ടുണ്ട്. മിടുക്കിയായ മോളും ഒരു മോനും ഉണ്ട്. ഭർത്താവ് പണിക്കൊന്നും പോകാറില്ല. സ്നേഹം ഉള്ള ആളാണ്. ഇവൾ പല വീടുകളിൽ പോയി കിട്ടുന്ന പൈസ വെച്ചാണ് ജീവിതം. മോൾ പന്ത്രണ്ടിൽ നല്ല മാർക്ക് വാങ്ങിയാണ് ജയിച്ചത്.
തുടർ പഠനത്തിനായി കഷ്ടപ്പെടുകയാണ്. നഴ്‌സിങ്ങിന് പോകാൻ ആണ് താൽപ്പര്യം. പക്ഷെ അഡ്മിഷൻ എടുക്കാനുള്ള പണം ഇല്ല. വീട് പോലും പണയം വെച്ചിരിക്കുന്ന ആൾ എവിടെ നിന്ന് പണം ഒപ്പിക്കും. നമ്മളോട് ചോദിക്കാനും മടിയാണ്. പറ്റും പോലെ പലപ്പോഴും സഹായിക്കാറുണ്ട്. എങ്ങിനെയോ ആൾ എഴുപതിനായിരം രൂപ ഒപ്പിച്ചിട്ടുണ്ട്. കാതിലും കഴുത്തിലും ഉണ്ടായിരുന്നതെല്ലാം വിറ്റിട്ടുണ്ടാകണം. ഒരു ഇരുപതിനായിരം കൂടി കിട്ടിയാൽ അഡ്മിഷനുള്ള തുക കൊടുക്കാം. അത് കഴിഞ്ഞുള്ള കാര്യം അവൾ ചിന്തിക്കുന്നില്ല. എങ്ങിനെയും പൈസ ഒപ്പിക്കാൻ പറ്റുമെന്നുള്ള വിശ്വാസത്തിലാണ്.
ദയവ് തോന്നി ആരെങ്കിലും ആ കുട്ടിയെ പഠിപ്പിക്കാൻ മുന്നോട്ടു വരുകയാണെങ്കിൽ ആ കുഞ്ഞു രക്ഷപ്പെട്ടേനെ. ചേട്ടനോട് പല തവണ പണം കൊടുക്കാൻ പറ്റുമോ എന്ന് ചോദിച്ചു. ഇവിടെ എപ്പോഴും കൊടുക്കാനായി പൈസ ഇല്ല എന്നാണ് പറയുന്നത്. വലിയ വരുമാനം തങ്ങൾക്കും ഇല്ല. പക്ഷെ അതിസമർത്ഥയായ ആ കുട്ടിയുടെ പഠനം ഒരു ചോദ്യ ചിഹ്നം ആയി മുന്നിൽ നിൽക്കുന്നു.. കഴിഞ്ഞ മാസം ആങ്ങള ഗൾഫിൽ നിന്ന് വന്നപ്പോൾ തനിക്ക് സാരിയും മക്കൾക്ക് ഡ്രെസ്സും വാങ്ങാൻ ആയി ഇരുപതിനായിരം രൂപ തന്നിരുന്നു. ആ തുക അവൾ ചേട്ടൻ അറിയാതെ സുശീലക്ക് കൊടുത്തു. അവളുടെ അമ്മ എപ്പോഴും പറയുന്ന ഒരു വാചകമുണ്ട്. മനുഷ്യനെ സഹായിക്കാനല്ലേ ദൈവം ചിലർക്ക് പണം കൊടുക്കുന്നത്. പണം ഇല്ലാത്തവരോട് ദയവ് കാണിക്കണം. അവരെ ആയിരിക്കും ദൈവത്തിന് ഏറ്റവും ഇഷ്ടമെന്ന്.
സുശീലയുടെ മോളുടെ കാര്യം ഉറ്റ സുഹൃത്തായ ജീനയോടും തൻറെ ആങ്ങളയോടും പറഞ്ഞിരുന്നു. അന്ന് ഉച്ചക്ക് രണ്ടാളുടെയും വിളി വന്നു… അവരെ പറ്റാവുന്ന വിധത്തിൽ സഹായിക്കാമെന്ന്.. രണ്ടു പേരും പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു. ഭൂമിയിൽ ദയവു ഉളളവർ ഇപ്പോഴും ഉണ്ടല്ലോ എന്നുള്ള സമാധാനത്തിൽ അന്നവൾ സുഖമായി ഉറങ്ങി.


4 Comments
❤️👌
Nice👌👌❤️
♥️👌🌹
🥰🌹👍