ഇൻസ്റ്റയിൽ സ്വാതി തുരുതുരെ അയച്ച റീൽസ് കണ്ട് അവസാനിപ്പിച്ച് ഒന്നു ശ്വാസം വിടുമ്പോഴാണ്, അതിന്റെ തുടർച്ചയെന്നോണം ആ റീൽ കണ്ടത്. നവീകരിച്ച പുതിയ റെയിൽവേ സ്റ്റേഷൻ. അതിൻ്റെ ചുറ്റുമുള പ്രകൃതി ഭംഗി കാണാൻ നല്ല ഭംഗിയുണ്ടായിരുന്നെങ്കിലും റീൽ കണ്ട് പൂർത്തിയാക്കിയില്ല.
എത്രയോ കാലം ആ ഇടത്ത് അയാളോടൊപ്പം പോകാൻ കാത്തിരുന്നിട്ടുണ്ട്. ആ നാടിൻ്റെ പേര് എവിടെ കണ്ടാലും കേട്ടാലും ഹൃദയമിടിപ്പിൻ്റെ താളം കൂടുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് ആ നാടോ, അയാളോ ഒന്നും ഓർമ്മയിൽ പോലും കടന്നു വരല്ലേ എന്ന് പ്രാർത്ഥിച്ചാണ് ഓരോ ദിവസവും ഉണരുന്നത്..!
ജീവിതം എത്ര വിചിത്രമാണെന്ന് ഞാൻ ഇടയ്ക്കിടെ ഓർക്കും. പ്രാണനെന്നോണം നെഞ്ചോട് ചേർത്ത് പിടിച്ച മനുഷ്യരെ, നിമിഷങ്ങളെ, ജീവിതത്തിൽ ഉടനീളം കൂടെ ചേർക്കണേ എന്ന് പ്രാർത്ഥിച്ചിരുന്ന കാലത്തിൽ നിന്നും, അതൊക്കെ വിട്ടുകളയാനായി, മന:ശക്തി കിട്ടാനായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്തിലേക്ക് എത്ര വേഗമാണ് ജീവിതം മാറിമറിയുന്നത്.
ഒരാളുടെയും അംഗീകാരത്തിന് കാത്തു നിൽക്കാതെ ആണ് ഞങ്ങൾ വിവാഹിതരായത്. നീണ്ടകാലത്തെ പ്രണയം. അത് അകലങ്ങളിൽ ഇരുന്നാണെങ്കിൽ കൂടിയും, ഞങ്ങളെ അത്രമേൽ അടുപ്പിച്ചിരുന്നു. വർഷത്തിലൊരിക്കൽ വിദേശത്തുനിന്ന് അയാൾ നാട്ടിൽ എത്തുമ്പോഴാണ് ഞങ്ങൾ കണ്ടുമുട്ടിയിരുന്നത്. അയാളുടെ നാട്, സുഹൃത്തുക്കൾ, ജീവിതം, തുടങ്ങി അയാളെ സംബന്ധിക്കുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം അയാൾ പറഞ്ഞുള്ള അറിവ് മാത്രമേ ശരിക്കും എനിക്ക് ഉണ്ടായിരുന്നുള്ളൂ.
അയാളെ കണ്ണടച്ച് വിശ്വസിക്കാൻ എന്നെ പ്രേരിപ്പിച്ചത് എന്റെ ഉള്ളിൽ അയാളോടുള്ള അടങ്ങാത്ത സ്നേഹം തന്നെയായിരുന്നു. അയാൾ പറയുന്നതിനപ്പുറം ഒന്നും ഞാൻ അയാളെക്കുറിച്ച് അന്വേഷിച്ചിരുന്നില്ല. അയാൾക്ക് എന്നോടുണ്ട് എന്ന് ഞാൻ വിശ്വസിച്ചിരുന്ന സ്നേഹത്തിനും അപ്പുറം എനിക്കൊന്നും ആവശ്യമുണ്ടായിരുന്നില്ല എന്നതാണ് സത്യം.
കുട്ടിക്കാലം മുതലേ അച്ഛൻ്റെയും അമ്മയുടെയും ഇടയിലെ പ്രശ്‌നങ്ങൾ, ഒടുവിൽ അവരുടെ നിയമപരമായ വേർപിരിൽ, ഇതൊക്കെ എന്നിൽ ഉണ്ടാക്കിയ ആഘാതങ്ങൾ അയാൾക്കല്ലാതെ മറ്റാർക്കും നന്നായി അറിയാമായിരുന്നില്ല. എന്റെ ജീവിതത്തിൽ സ്നേഹത്തിനല്ലാതെ മറ്റൊന്നിനും എനിക്കൊരു ദൗർലഭ്യവും ഉണ്ടായിരുന്നില്ല. അയാൾക്ക് എന്നെ ഏറ്റവും നന്നായി മനസ്സിലാക്കാനാവുന്നുണ്ട് എന്ന ഒരേയൊരു തോന്നലാണ് എന്നെ അയാളിലേക്ക് അടുപ്പിച്ചത്. അയാളുടെ ജാതിയോ മതമോ സാമ്പത്തികമോ സൗന്ദര്യമോ കുടുംബമോ ഒന്നും എന്റെ ചിന്തയിലുണ്ടായിരുന്നില്ല. എന്നെ അയാൾ സ്നേഹിക്കുന്നുണ്ടോ എന്നത് മാത്രമേ ഞാൻ നോക്കിയിരുന്നുള്ളൂ.
മനുഷ്യർക്ക് ഒരു പ്രത്യേകതയുണ്ട്. സ്നേഹവും കരുതലും ഒരിടത്ത് നിന്ന് കിട്ടുന്നുണ്ടെന്ന് തോന്നിയാൽ പിന്നെ അവിടേക്ക് തന്നെ ചാഞ്ഞുപോകും. എനിക്കും അത് തന്നെ സംഭവിച്ചു. എൻ്റെ സൗഹൃദ വലയം ചുരുങ്ങി ചുരുങ്ങി ചെറുതാകുന്നതും, ആ മനുഷ്യനിലേക്ക് മാത്രമായി എന്റെ ലോകം ഒതുങ്ങുന്നതും ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഒരുപക്ഷേ ശ്രദ്ധിച്ചിരുന്നെങ്കിൽ കൂടിയും അതെൻ്റെ സന്തോഷമായി തന്നെ ഞാൻ കണക്കാക്കിയേനേ..!
ഒരു മനുഷ്യന് മറ്റൊരു മനുഷ്യനുവേണ്ടി എത്രത്തോളം ആത്മാർത്ഥമായി കൂടെ നിൽക്കാൻ കഴിയും എന്ന് ഞാൻ എന്നിലൂടെ തന്നെയാണ് അയാൾക്ക് മനസ്സിലാക്കി കൊടുത്തത്. സ്നേഹം ഒരാളിൽത്തന്നെ നിലനിർത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകാമെന്ന് പണ്ടേ മനസ്സിൽ ഉറപ്പിച്ചിരുന്നത് കൊണ്ടാവാം വിവാഹശേഷം പലപ്പോഴും അയാളുടെ സ്നേഹം കുറയുന്നത് പോലെ അനുഭവപ്പെട്ടിട്ടും, എന്നെ അവഗണിക്കുന്നത് അയാൾ ഒരു പതിവാക്കിയിട്ടും, ഞാൻ ആ ബന്ധം ഉപേക്ഷിച്ചില്ല.
എനിക്ക് കിട്ടുന്ന സ്നേഹത്തേക്കാൾ, ഞാൻ നൽകുന്ന സ്നേഹത്തിൻ്റെ മൂല്യത്തിലാണ് ഞാനെന്നും വിശ്വസിച്ചിരുന്നത്. അയാളോടുള്ള സ്നേഹം കൊണ്ട് ഞാൻ അന്ധയായി മാറിയിരുന്നു. എവിടെയാണ് എന്റെ കണക്കുകൂട്ടലുകൾ പിഴച്ചു പോയത് എന്നെനിക്ക് ഇപ്പോഴും കൃത്യമായ ധാരണയില്ല. എങ്കിലും അയാൾക്ക് മറ്റൊരു സ്ത്രീയോട് അടുപ്പമുണ്ട് എന്ന് മനസ്സിലാക്കിയ നിമിഷം, ഏറ്റവും വലിയ ദുരന്തത്തിലേക്കാണ് എൻ്റെ ജീവിതം കൂപ്പുകുത്തിയിരിക്കുന്നത് എന്ന തിരിച്ചറിവ് എന്നെ വല്ലാതെ തളർത്തി.
എന്തുകൊണ്ട് ഇങ്ങനെ ചെയ്‌തു? എന്ന ചോദ്യത്തിന് “പറ്റിപ്പോയി” എന്ന ഒറ്റവാക്കിൽ ഒതുങ്ങുന്ന ഉത്തരം മാത്രമേ അയാൾക്കുണ്ടായിരുന്നുള്ളൂ. എനിക്ക് ആ ഉത്തരം മതിയാകുമായിരുന്നില്ല.
അയാളുടെ ചതി എനിക്ക് മുന്നിൽ വെളിപ്പെട്ട ദിവസം ഞാൻ വീണ്ടും കണ്ണാടിയിൽ എന്നെ നോക്കി. എനിക്ക് എന്തെങ്കിലും കുറവുണ്ടോ എന്ന് സൂക്ഷ്‌മമായി പരിശോധിച്ചു. എന്റെ മുഖവും ശരീരവും ആർക്കും സ്നേഹിക്കാൻ ആകാത്ത വിധം വികൃതമായതു പോലെ എനിക്ക് തോന്നി.
അയാളെ ഇത്രയധികം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത എന്നോട് എങ്ങനെ ഇത് ചെയ്യാൻ കഴിഞ്ഞു എന്ന് ചോദ്യം എന്റെ ഉറക്കം കെടുത്തി. എൻ്റെ ഒരു ചോദ്യത്തിനും അയാൾക്ക് കൃത്യമായ ഉത്തരങ്ങളുണ്ടായിരുന്നില്ല. ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു മനുഷ്യന് മറ്റൊരാളെ സ്നേഹിക്കാനോ, അയാളോട് അടുക്കാനോ കഴിയുന്നതെങ്ങനെയാണ്.? ഒരിക്കലും സാധിക്കില്ല. ഉള്ളിലെ സ്നേഹം കപടമാണെങ്കിൽ ആർക്കും ഏതൊരാളോടും അടുക്കാൻ കഴിയും.
അപ്പോൾ അയാൾ എന്നെ സ്നേഹിച്ചിരുന്നില്ലേ..? ഞാൻ സ്വയം ചോദിച്ചു കൊണ്ടേയിരുന്നു. എൻ്റെ മന:സാക്ഷി എനിക്ക് ആ ചോദ്യത്തിന് നൽകിയ ഉത്തരം ഇല്ല എന്ന് മാത്രമായിരുന്നു. ജീവിതത്തിലെ എല്ലാ സാധ്യതകളിലൂടെയും അയാൾക്ക് സ്നേഹം നൽകുക എന്നത് മാത്രമായിരുന്നു ഞാൻ എപ്പോഴും ചെയ്‌തുകൊണ്ടിരുന്നത്. ഒരു കുറവുകളും വരുത്താതെ ഞാൻ അയാളെ സ്നേഹിച്ചു. ജന്മം നൽകിയ അച്ഛനെയോ നൊന്തുപെറ്റ അമ്മയോ പോലും ഞാൻ ഇത്ര സ്നേഹിച്ചിട്ടും വിശ്വസിച്ചിട്ടുമില്ല. എന്നിട്ട് ഒടുവിൽ ഞാൻ എന്ത് നേടി? ഉറക്കമില്ലാതെ കരഞ്ഞു തീർക്കുന്ന കുറച്ചു രാപ്പകലുകൾ…!
“ഇതൊക്കെ നിനക്ക് ക്ഷമിക്കാവുന്നതേയുള്ളൂ, നാളെ മുതൽ നമുക്ക് ഇതെല്ലാം മറന്നു പഴയ പോലെ ജീവിക്കണം” എന്ന അയാളുടെ വാക്കുകൾ കേട്ടപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിപ്പോയത്..!
ഉറ്റവരുടെ മരണത്തേക്കാൾ വേദന അവരാൽ തന്നെ ചതിക്കപ്പെടുമ്പോഴാണ്. ചതിയുടെ ആഘാതം ഒരു കാലത്തും ഉള്ളിൽ നിന്നും മാഞ്ഞു പോകില്ല. കൂടെ ജീവിക്കുന്നവളെ കാലങ്ങളായി ചതിച്ചു കൊണ്ടിരുന്നിട്ട് എല്ലാം ക്ഷമിക്കാനും സഹിക്കാനും പറയുന്ന അയാൾ ശരിക്കും ഞാൻ സ്നേഹിച്ച അതേ വ്യക്തി തന്നെയാണോ എന്നെനിക്ക് സംശയം തോന്നി.
എത്ര നിസ്സാരമായാണ് അയാൾ എൻ്റെ വികാര വിചാരങ്ങളെ അവഗണിച്ചു കളയുന്നത്. അയാളെ സ്നേഹിച്ചതിൽ എനിക്ക് എന്നോട് തന്നെ അവജ്ഞ തോന്നി. എത്ര പറഞ്ഞു മനസ്സിലാക്കിയാലും ഞാൻ അനുഭവിക്കുന്ന വേദന അയാൾക്ക് മനസിലാകുന്നുണ്ടായില്ല.
ചതിയനായ ഒരാളുടെ കൂടെ ഒരായുഷ്‌ക്കാലം മുഴുവൻ ചെലവഴിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന് പൂർണബോധ്യം വന്ന ദിവസം ഞാൻ കാര്യങ്ങൾ തുറന്നു പറഞ്ഞു ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നു.
നമ്മൾ പുറമേ കാണുന്നതു പോലെയാവില്ല മനുഷ്യർ. അവർക്ക് ചിലപ്പോൾ മറ്റൊരു മുഖം ഉണ്ടാവും. ചുറ്റുമുള്ള ആർക്കും അറിയാനാവാത്ത വിചിത്രമായ ഒരു മുഖം.
സ്നേഹ സ്വരൂപനായ വിഗ്രഹം പോലെ ഞാൻ ആരാധിച്ചിരുന്ന ഒരു മനുഷ്യൻ ഒരു ചതിയനായി മുന്നിൽ വന്നത് പോലെ. അയാൾ എനിക്ക് നൽകിയ ആഘാതം ഒരുപാട് കാലം കഴിഞ്ഞു എന്നെ വിട്ടു പോയിട്ടില്ല..!
ജീവിതത്തിന്റെ്റെ ഇരുവഴികളിലൂടെ ഞാനും അയാളും വേർപിരിഞ്ഞു പോയിട്ടും, അയാളുടെ പേരും, നാടും, ഒന്നിച്ച് സമയം ചെലവഴിച്ച ഇടങ്ങളും ഒക്കെ മനസിനെ കാർമേഘം മൂടിക്കെട്ടിയ ആകാശം പോലെ വിഷാദമയമാക്കാറുണ്ട്.
ഒറ്റയ്ക്കെങ്കിലും ഇന്ന് ജീവിതത്തിൽ സമാധാനവും സന്തോഷമുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു. എങ്കിലും ഒരിക്കൽ ഒരു മനുഷ്യനെ ആത്മാർത്ഥമായി സ്നേഹിച്ചു പോയതിന് പകരം കിട്ടിയ മുറിവ് ഇടയ്ക്കിടെ ഓർമ്മകൾ വന്നെത്തി നോക്കുമ്പോൾ ഉള്ളിലിങ്ങനെ വീണ്ടും വിങ്ങിത്തുടങ്ങും..!
© വീണ സിങ്കാരൂസ്


2 Comments
ചില സ്ഥലപ്പേരുകൾ, ആളുകളുടെ പേരുകൾ മറക്കണമെന്നാഗ്രഹിക്കുന്ന പലതിനെയും ഓർമ്മിപ്പിക്കും. ശരിയാണ്. നല്ല എഴുത്ത്. 👌❤️
സ്നേഹം ❤️