അച്ഛൻ ഉമ്മറത്തൊരു ചാരുകസാരയിൽ എന്നുമുണ്ടാവും എന്നതായിരുന്നു ചെറുപ്പത്തിലെ എൻ്റെ മൈൻഡ് സെറ്റ്. ജോലി തെണ്ടി നടുവിട്ടപ്പോഴും വീടിനെക്കുറിച്ച് വേവലാതി തോന്നാഞ്ഞത് അച്ഛൻ എല്ലാക്കാര്യത്തിനുമവിടുണ്ടല്ലോയെന്ന സമാധാനമായിരുന്നു. ഒടുവിൽ അച്ഛനില്ലാതായപ്പോൾ, ആ ശാസനകൾ ഒടുങ്ങിയപ്പോൾ, ആ ചാരുകസാലയൊഴിഞ്ഞപ്പോൾ, ഒരു വലിയ ശൂന്യതയായിരുന്നു. എനിക്കറിയാം അച്ഛനിനിയില്ല അച്ഛൻ തിരിച്ചുവരില്ല എന്നൊക്കെ. എന്നാലും അച്ഛൻ്റെയിടം എവിടെയൊക്കെയോ അനുഭവപ്പെടുന്നുണ്ട്.
അമ്മ അടുക്കളയിലുണ്ടാവും എന്നതാണ് നമ്മുടെ വിശപ്പിൻ്റേയും രുചിയുടേയും കരുതലിൻ്റേയും കാക്കലിൻ്റേയും കാത്തിരിപ്പിൻ്റേയും ചെറുപ്പമാർന്ന ഇടം. അമ്മയ്ക്കൊരു ദിവസം വയ്യാതായാലോ? അപ്പോഴാണ് അമ്മയുള്ളിടം തെളിയുന്നത്. അവിടം ആവലാതി നിറഞ്ഞ് പൊള്ളുന്നത്. അനാഥത്വമെന്ന മുറിവ് പഴുക്കുന്നത്.
ഭാര്യയുള്ളതാണ് വീടിൻ്റെ ആശ്വാസമുള്ള ഇടം. അയൽപക്കങ്ങളിലെ കൊടുക്കൽ വാങ്ങലുകൾ, കുട്ടികളുടെ കാര്യങ്ങൾ മാനേജുചെയ്യൽ, സോഷ്യൽ ആക്ടിവിറ്റീസിലെ പബ്ലിക് റിലേഷൻസ് വർക്ക് നടത്തൽ, അങ്ങനെയങ്ങനെ ഒരുപാടിടങ്ങൾ അവൾ നിറയ്ക്കും. ഒരു ദിവസം കട്ടിലിലെ അവളില്ലാത്തയിടങ്ങളിൽ കൈ പരതി പേടിസ്വപ്നം കണ്ടുണരുമ്പോഴറിയാം, ദാഹിച്ചു വലയുമ്പോഴറിയാം, അവളുടെ സാന്നിധ്യം. അന്യോന്യമൂന്നുവടികളാവുന്ന വാർദ്ധക്യംപറയും പല കാര്യങ്ങളും.
മക്കളുള്ളതായിരുന്നു സ്വപ്നങ്ങൾ പൂക്കുന്ന ജീവിതത്തിൻ്റെ സംതൃപ്തമായ ഇടം. പ്രതീക്ഷയുടെ ഭാവികളിലെവിടെയോ സന്തോഷമുള്ള ഒരു വിശ്രമസ്ഥലമത് കാണിച്ചു തന്നു. വയ്യാതായാൽ, വയസ്സായാൽ, നോക്കാനൊരിടമുണ്ടാവുമെന്ന കരുതൽ. അവർ അവരുടെ കാര്യം നോക്കിപ്പോയപ്പോൾ വീട് വളരെ വലുതാവേണ്ടിയിരുന്നില്ലെന്ന് തോന്നി. കൂടുപോലെ ചെറുതായതുകൊണ്ടാണോയിനി ഓരോരുത്തർക്കും വീടുവിട്ടു പോവേണ്ടി വരുന്നതും, മറ്റിടം തേടേണ്ടിയിരിക്കുന്നതും, ആവാമല്ലേ?
’ഇനി നമ്മൾ മാത്രം’ എന്ന് ഞാനും ഭാര്യയും കൂടി ഒതുക്കത്തിൽ പറഞ്ഞപ്പോഴാണ് ഉള്ളിൽ ഒരിടം തെളിഞ്ഞത്. ഇതിലൊക്കെ ഞാനെവിടെയായിരുന്നു, എന്തായിരുന്നു, എങ്ങനെയായിരുന്നുവെന്നു ചിന്തിച്ചത്. ഒരുപക്ഷേ ഇതെല്ലാം താങ്ങി നിർത്തിയത്, ഇതിൻ്റെയൊക്കെ ആകൃതി മെനഞ്ഞത്, നിർമ്മിതി രൂപപ്പെടുത്തിയത്, ഞാനും കൂടിയായിരുന്നിരിക്കാം. അതാവാം നമ്മളുള്ളിടങ്ങൾ. അരങ്ങും ആവിഷ്കാരവും ആഖ്യാനവും എൻ്റേതുകൂടിയായിരുന്നു. എന്നിട്ടും ചില വ്യാഖ്യാനങ്ങളിലും വായനകളിലും നമ്മളിടങ്ങളില്ലാതാവുന്നു. അതിൽ വലിയ കാര്യമൊന്നുമില്ലെങ്കിലും. എല്ലാത്തിലും നമ്മുടെ നിശ്ശബ്ദസാന്നിധ്യമുണ്ടല്ലോ, അതുമതി.
ചിത്രത്തിന് കടപ്പാട് : wikimedia

