“രണ്ടു പെണ്ണുങ്ങൾ കൂടിയാൽ പിന്നെ പരദൂഷണത്തിൻ്റെ ഘോഷമാണ്” പൊതുവേ പറയുന്നതാണ്.
കുറച്ചൊക്കെ വാസ്തവമുണ്ട് ട്ടോ.
എന്താണീ പരദൂഷണം?
ഒന്നിലധികം പെണ്ണുങ്ങളോ ( കൂടുതലും)…ആണുങ്ങളോ( ?).കൂടിയാൽ മറ്റുള്ളവരെ പറ്റി കുറ്റവും കുറവും മാത്രം സസന്തോഷം പറഞ്ഞ് സ്വയം നിർവൃതി അടയുന്ന ഒരു കലാരൂപം.
“ഞാൻ പറഞ്ഞ് എന്ന് പോയി പറഞ്ഞേക്കല്ലേ. നിങ്ങളോടല്ലാതേ ആരോടും പറഞ്ഞിട്ടില്ല.” എന്നൊരു മുൻകൂർ ജാമ്യം എടുക്കലും രസകരം.
ഇതിൽ അതിവിദഗ്ധർ ഉണ്ട്, അത്ര പരിചയം ഇല്ലാത്തവരുണ്ട്. കേൾവിക്കാർ മാത്രം ആയിട്ടുള്ളവർ ഉണ്ട്. അങ്ങനെ പോവുന്നു. എന്തായാലും നല്ലതൊന്നും ഒരാളുടെയും വായിൽ നിന്നും വീഴില്ല. പിന്നെ പതിഞ്ഞ സ്വരത്തിലായിരിക്കും ഈ കല അരങ്ങേറുന്നത്. ചിലർക്ക് ഒരു ദിവസം ഒരു പരദൂഷണമെങ്കിലും പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല.
അപകടകാരിയാണ് ഈ കല എന്ന് പലരും അറിയുന്നില്ല. ചിലപ്പോൾ കുടുംബം കലക്കാനും കല്യാണം മുടക്കാനും പ്രേമം ഒരു വഴിക്കാക്കാനും നിഷ്പ്രയാസം ഇതിന് കഴിയും. എന്തിന് കൊലപാതകം, ആത്മഹത്യ തുടങ്ങി ലോകമഹായുദ്ധം വരെ ഈ കലാവിരുത് കൊണ്ട് ഉണ്ടാക്കാം.
കഷ്ടം അല്ലേ? പൊതുവേ, പണിയും തോരവും ഇല്ലാത്തവരാണ് ഇത് അവതരിപ്പിക്കുന്നതിൽ വിരുത് കാട്ടുന്നത്. പക്ഷേ, ഓഫീസ് മുറികളും കോളേജുകളും പൊതുനിരത്ത് വരെയും ഇതിന് വേദി ആണ്. പഞ്ച പാവമായി, നിഷ്ക്കളങ്കരായി ഒരു കൂട്ടത്തിൽ ഇരുന്ന് എല്ലാം റെക്കോർഡ് ചെയ്ത്, അതിന് പൊടിപ്പും തൊങ്ങലും വെച്ച്, മതിലിന് മുകളിലൂടെയും ഫോണിലും ബാക്കിയുള്ളവൻ്റെ ചെവിയിൽ എത്തിക്കാൻ എന്തൊരു സാമർഥ്യമാണ് ഈ കലാകാരികൾക്ക്. കലാപ്രതിഭ അവാർഡ് കൊടുത്തുപോവും.
മനസാ വാചാ അറിയാത്ത കാര്യങ്ങള് എങ്ങനെയാണ് ഇവർ കൊറിയോഗ്രഫി ചെയ്യുന്നത് ആവോ.. തമാശയാണെങ്കിലും എന്ത് മഹാപാപമാണ് ഇത് ചെയ്യുന്നത് പലപ്പോഴും. ഒരു നേരമ്പോക്കാണ് പലർക്കും ഇത്. ഇന്ന് സോഷ്യൽ മീഡിയ വന്നതോടെ അവർ ഏറ്റെടുത്തിരിക്കുന്നു ഇതിൻ്റെ അവകാശം. എന്തൊക്കെയാ ടി.വി തുറന്നാൽ, വാട്സ്ആപ്പ് തുറന്നാൽ കേൾക്കുന്നത്, കാണുന്നത്.
പൂന്താനം ജ്ഞാനപ്പാനയിൽ വരെ പറഞ്ഞിരിക്കുന്നു. അപ്പോൾ നൂറ്റാണ്ട് മുൻപ് ഉള്ള കലാരൂപമാണ് ഇത് എന്ന് അറിയാലോ. ഇതിൽ മാസ്റ്റർ ഡിഗ്രിയും പിഎച്ച് ഡിഗ്രിയും എടുത്തവരുണ്ട്.
മറ്റുള്ളവരുടെ ജീവിതം വെച്ച് കളിക്കരുത്. അത്ര ഓർത്താൽ നന്ന്
ഇക്കഴിഞ്ഞ പല സംഭവങ്ങളും വേദനയോടെ ഓർക്കുന്നു.
നേരം പൊക്കാൻ വേറെ എന്തൊക്കെ വഴിയുണ്ട്. നല്ലത് പറയാനും നാക്ക് ഉപയോഗിക്കാലോ. അപ്പൊ പരദൂഷണം പരഭൂഷണം ആവും, അതല്ലേ നല്ലത്!
സുധി


2 Comments
👍🏽
😊👌