സാക്കിർ സാക്കി നിലമ്പൂരിന്റെ “ചക്കരച്ചോറ്” വായിച്ചിട്ടുണ്ടോ..?
എന്റെ പ്രിയ സുഹൃത്തും എഴുത്തുകാരിയുമായ ജസ്‌ന താഷിബിന്റെ ഭാഷയിൽ പറഞ്ഞാൽ ഈ ചക്കരച്ചോറ് തിന്നാൻ കുണ്ടംപിഞ്ഞാണമൊന്നും മതിയാവൂല. വല്യ കുണ്ടംചെമ്പു തന്നെ വേണം.
അത്രയും രുചികരം. തിന്നാൻ തുടങ്ങിയാൽ നിർത്താനാവില്ല. ഒറ്റയിരിപ്പിനു തന്നെ തിന്നു തീർക്കും..!
സ്ഫുടതയുള്ള മലയാള ഭാഷയിലെ കഥകൾ മാത്രം വായിച്ചു ശീലിച്ചവർക്ക് ഒരു വെറൈറ്റി സദ്യ തന്നെയായിരിക്കും ഈ പുസ്തകം.
സാക്കിയുടെ കഥകളുടെ പ്രധാന പ്രത്യേകത ഏറനാടൻ വായ്മൊഴി ചന്തം തന്നെയാണ്.
ഏറനാടൻ മുസ്ലിം ഭാഷയുടെ മാധുര്യം നമുക്കിദ്ദേഹത്തിന്റെ ഓരോ രചനയിൽ നിന്നും ആസ്വദിക്കാനാവും. ഒരു പക്ഷേ ഈ രീതിയിൽ എഴുതുന്ന മറ്റൊരു എഴുത്തുകാരൻ ഉണ്ടായിരുന്നോ എന്നതും ഇന്നുണ്ടോ എന്നതും സംശയമാണ്.
സാക്കിക്കഥകളിൽ ചിരിയുടെ മാലപ്പടക്കങ്ങൾ മാത്രമല്ല കണ്ണുനീരിന്റെ ഉപ്പു രസവും നമുക്ക് രുചിച്ചറിയാം. ദൃശ്യപരതയുള്ള എഴുത്തു രീതിയാണ് സാക്കിയുടേത്.
ഈ പുസ്തകത്തിലെ ‘ മീസാൻ കല്ലുകളുടെ വിലാപം ‘, ‘ കണ്ണു നട്ടു കാത്തിരുന്നിട്ടും ‘, ‘ആയ്ച്ചമ്മാന്റെ ബംഗ്ലാവ് ‘, ‘വർണ്ണങ്ങളുടെ അതിർ വരമ്പുകൾ ‘ തുടങ്ങിയ കഥകൾ കണ്ണുനീരിറ്റി വീഴാതെ നമുക്ക് വായിച്ചു തീർക്കാനാവില്ല.
‘ കാലനിർണ്ണയത്തിൽ ഒരു വളിയുടെ പങ്ക് ‘ എന്ന പേരു വായിക്കുമ്പോൾ തന്നെ നമ്മുടെ ചുണ്ടിൽ അറിയാതെ ചിരി വിരിഞ്ഞില്ലേ? അതാണ് സാക്കിക്കഥകളുടെ പ്രത്യേകത. ആരും എഴുതാൻ മടിക്കുന്ന വാക്കുകൾ തനിമയൊട്ടും ചൊരാതെ എഴുതി വായനക്കാരിലേക്കെത്തിച്ച് അവരുടെ ഇഷ്ടം നേടിയെടുക്കാൻ ഒരു പ്രത്യേക കഴിവു തന്നെയുണ്ട് ഈ എഴുത്തുകാരന്..
‘ വിശ്വാസം ‘, ‘ ഉത്തേജനത്തിന്റെ വിത്തുകൾ ‘ തുടങ്ങി പുഞ്ചിരിയിൽ തുടങ്ങി പൊട്ടിച്ചിരിയിൽ അവസാനിക്കുന്ന ഒരു പിടി കഥകൾ അടങ്ങിയതാണ് ഈ കൊച്ചു പുസ്തകം.
അവതാരിക എഴുതിയ പി. എൻ കിഷോർ കുമാർ പറഞ്ഞതു പോലെ ‘bore’ എന്ന ഇംഗ്ലീഷ് വാക്കും അതുമായി ബന്ധപ്പെട്ടു ബോറടിച്ചു എന്നൊരു പ്രയോഗവും മലയാളികൾക്കിടയിൽ സാധാരണയാണെങ്കിലും സാക്കിർ സാക്കിയുടെ കഥാസമാഹാരം വായിക്കുന്ന ആർക്കും തന്നെ ആ വാക്കുകൾ പ്രയോഗിക്കേണ്ടി വരില്ല. തീർച്ച.
കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഇരുപത് കഥകൾ അടങ്ങിയതാണ് ” ചക്കരച്ചോറ് ” എന്ന കഥാ സമാഹാരം.
ചക്കരച്ചോറ് തീരുന്നേനു മുൻപ് എല്ലാരും ഓരോ കുണ്ടം ചെമ്പുമായി വേഗം പോന്നോളിൻ..
Sajna vp
ചക്കരച്ചോറ്
സാക്കിർ സാക്കി
9846725600
#വായനാനുഭവം


1 Comment
നന്നായി എഴുതി.👍👏