നന്ദിനിയെ മകളായി കാണാൻ കഴിഞ്ഞില്ല അവളുടെ അമ്മയ്ക്ക് എന്നാണ് നന്ദിനി കരുതുന്നത്. അല്ലെങ്കിൽ പിന്നെ ഇങ്ങനെ പെരുമാറേണ്ട കാര്യമുണ്ടോ! നന്ദിനിയ്ക്ക് നല്ല വിഷമമുണ്ട്, അമ്മയുടെ പെരുമാറ്റത്തിൽ. കുട്ടിക്കാലം മുതൽ ഒരു പക്ഷാഭേദം കാണിക്കുന്നുണ്ട് സരസ്വതി. സ്വന്തം മോളോട് എന്താണ് ഇങ്ങനെ പെരുമാറുന്നത് എന്ന് ചോദിക്കാൻ ആരുണ്ട്?
എല്ലാ വിഷമങ്ങളും ദുഃഖങ്ങളും ഉള്ളിലൊതുക്കി നടക്കുന്ന നന്ദിനി കൂട്ടുകാരുടെ അമ്മമാർ അവരുടെ മക്കളോട് പെരുമാറുന്നത്, സ്നേഹിക്കുന്നത് കാണുമ്പോൾ ആണ് പൊട്ടിക്കരയാറുള്ളത്.
അവരുടെ സന്തോഷവും സ്നേഹവും ലാളനയും ഏറ്റ് വാങ്ങുന്ന മക്കളോട് അവൾക്ക് അസൂയയാണെന്ന് വരെ പറയാം..
എന്തിനാണ് ഒരു അമ്മ മകളോട് ഈ വിധം പെരുമാറുന്നത്? വല്ല മാനസിക നില തകരാറിലായിട്ടാണോ? എങ്കിൽ അതിന്റെ കുഴപ്പമാണ് എന്ന് വയ്ക്കാം. പക്ഷെ സരസ്വതിയ്ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടെന്ന് ആർക്കും പറയാനാവില്ല. മറ്റ് രണ്ട് ആൺകുട്ടികളെ അവർ പൊന്നു പോലെ നോക്കുന്നുണ്ട്.
അവർ കൊച്ചുങ്ങളാണെങ്കിലും ചേച്ചിയോട് അവർക്ക് വലിയ ഇഷ്ടമാണ് താനും.
“അമ്മ എന്തിനാണ് ചേച്ചിയെ അടിക്കുന്നതും ചീത്ത പറയുന്നതും?” അവർ ചോദിക്കും.
” അവളേ വേറെ വീട്ടിലേക്ക് അയക്കേണ്ട വളാണ്. അവൾ എല്ലാ പണികളും പഠിച്ചിരിക്കണം, നല്ല അനുസരണശീലം വേണം. അതിന് വേണ്ടിയാണ് അമ്മ അവളെ ചീത്ത പറയുന്നതും അടിക്കുന്നതും” എന്ന് ഒരു ഒഴിവ് കഴിവ് പറയുന്നത് ആർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.
അടിക്കലും ചീത്ത പറയലും മാത്രമല്ല, അവൾക്ക് മര്യാദയ്ക്ക് ഭക്ഷണം വരെ കൊടുക്കാൻ മടിയാണ്. ആൺമക്കൾക്ക് വേണ്ടതൊക്കെ കൊടുത്തുകഴിഞ്ഞ് ബാക്കി വരുന്നതാണ് അവർക്ക് കൊടുക്കുക.
അപ്പോഴാണ് അവരും ഭക്ഷണം കഴിക്കുക. ” ഞാൻ കഴിക്കുന്നത് കണ്ടില്ലേ? പെണ്ണുങ്ങൾ എപ്പോഴും താഴ്ന്നു നിൽക്കണം. അവർ ആൺകുട്ടികളുടെ ഒപ്പം നിൽക്കാൻ പാടില്ല. അവർക്ക് ജോലി എടുക്കാൻ വേണ്ട ഭക്ഷണം കൊടുക്കണം. അവർക്ക് പുറത്തിറങ്ങി നടക്കാൻ നല്ല വസ്ത്രങ്ങൾ വേണം.
എപ്പോഴും പുരുഷനും സ്ത്രീയും ഒരേപോലെയല്ല. പല ഫെമിനിസ്റ്റുകളും പറയുന്നത് പോലെയാണോ കാര്യങ്ങൾ?”
സരസ്വതിയ്ക്ക് എല്ലാറ്റിനും ന്യായീകരിക്കാൻ മിടുക്കുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഭർത്താവിനെ വരച്ച വരയിൽ നിർത്താനും സാമർത്ഥ്യം കാണിച്ചിരുന്നു.
നന്ദിനിയുടെ കാര്യത്തിൽ ഇടപെടാൻ അവളുടെ അച്ഛന് അത് കൊണ്ട് തന്നെ പരിമിതികൾ ഉണ്ടായിരുന്നു.
എന്നാലും സ്കൂളിൽ പഠിക്കുന്ന കാലത്ത് നന്ദിനി എല്ലാ ക്ലാസിലും നല്ല മാർക്ക് വാങ്ങി ജയിച്ചു. പക്ഷെ പ്ളസ് വണ്ണും പ്ളസ്ടുവൊക്കെ പഠിച്ചു കഴിഞ്ഞപ്പോൾ ” ഇനി പഠിക്കാൻ പോകേണ്ട, വല്ലയിടത്തേക്കും കെട്ടിച്ചയക്കേണ്ടതല്ലേ? ഇത്രയൊക്കെ പഠിച്ചാൽ മതി ” എന്ന് സരസ്വതി പറഞ്ഞു. അച്ഛൻ ആദ്യമൊക്കെ പറഞ്ഞു നോക്കി” ഇപ്പോഴത്തെ കാലത്ത് പെൺകുട്ടികൾ നന്നായി പഠിക്കുന്നത് കൊണ്ട് ഡിഗ്രി എങ്കിലും എടുക്കണം “.
പക്ഷേ ആ വീട്ടിൽ അമ്മ പറയുന്നതാണ് അവസാനവാക്ക് എന്നത് കൊണ്ട് നന്ദിനിയുടെ പഠിപ്പ് അവിടെ വച്ചവസാനിച്ചു.
പിന്നീട് വിവാഹാലോചനകൾ പലതും വന്നു. പതിനെട്ട് വയസ്സ് കഴിഞ്ഞ ഉടനെ വിവാഹം നടത്താൻ ആണ് അമ്മയുടെ ശ്രമം. നന്ദിനി പക്ഷെ ഒന്നും ആവശ്യപ്പെടാൻ പോയില്ല.
എത്രയും വേഗം ഇവിടെ നിന്നും രക്ഷപ്പെടാൻ അവളുടെ മനസ്സ് ആഗ്രഹിച്ചു.
അങ്ങനെയാണ് ഗോകുലിൻ്റെ ആലോചന വന്നത്. അവർക്ക് നന്ദിനിയെ ഇഷ്ടമായി. ഗോകുൽ നാട്ടിൽ തന്നെ ഒരു ബിസിനസ് സംരംഭം നടത്തുകയാണ്. ഒരുസൂപ്പർമാർക്കറ്റും മറ്റ് ചില സ്ഥാപനങ്ങളും.
നന്ദിനിയുടെ ഒരേ ഒരു ഡിമാൻഡ് അവൾക്ക് പഠിക്കണമെന്നായിരുന്നു.
” അപ്പോൾ എന്താണ് പ്ളസ് ടൂ കഴിഞ്ഞിട്ട് ഡിഗ്രിക്ക് ചേരാതിരുന്നത്?”
അതിന് ശരിയായ കാര്യം പറയാൻ പറ്റില്ലല്ലോ.
അവൾ ഒന്നും മിണ്ടിയില്ല.
അമ്മയാണ് പറഞ്ഞത്” അവൾക്ക് അന്ന് പഠിക്കണമെന്ന് ഉണ്ടായിരുന്നില്ല. മടി തന്നെ. ഞങ്ങൾ നിർബന്ധിച്ചതാണ്. അവൾക്ക് താല്പര്യം വേണ്ടേ!”
നുണയാണ് എന്ന് എല്ലാവർക്കും മനസ്സിലായി.
അങ്ങനെ വിവാഹം കഴിഞ്ഞു. വിരുന്നുപോക്കുകൾ, മധുവിധു.. അങ്ങനെ ആചാരങ്ങൾ മുറയ്ക്ക് നടന്നു.
നന്ദിനിയുടെ വലിയ ഒരു ഭയം അവളെ ഈ സന്തോഷങ്ങളുടെ ഇടയിലും വേദനിപ്പിച്ചു കൊണ്ടിരുന്നു. വേറൊന്നുമല്ല, സ്വന്തം അമ്മയുടെ പോലെ തന്നെയായിരിക്കുമോ ഗോകുലിൻ്റെ അമ്മ!? അമ്മായിഅമ്മ പോരിൻ്റെ കഥകൾ ധാരാളം കേട്ടിട്ടുണ്ട്. ഗാർഹികപീഡനത്തിന്റെ കഥകളാണല്ലോ എന്നും എവിടേയും കേൾക്കുന്നത്.
ഒരു അനുഭവം കൊണ്ട് തന്നെ ജീവിതം നഷ്ടപ്പെട്ട നന്ദിനിയ്ക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അമ്മായി അമ്മയേയാണ് ലഭിച്ചത്. ഗോകുലിന്റെ അമ്മ ലതിക ഒരിക്കലും നന്ദിനിയുടെ അമ്മ സരസ്വതിയെപ്പോലെ ആയിരുന്നില്ല. അത്രയും സ്നേഹവും കരുതലും ശ്രദ്ധയും ഒക്കെയായിരുന്നു അവരുടെ മുഖമുദ്ര. ആദ്യദിനം മുതൽ ആ സ്നേഹവായ്പ് അനുഭവിക്കാൻ കഴിഞ്ഞു, നന്ദിനിയ്ക്ക്. സ്വന്തം മകളേപ്പോലെ കരുതി, ലതിക..
എന്തായാലും വിവാഹം കഴിഞ്ഞപ്പോൾ നന്ദിനിയുടെ ഇഷ്ടപ്രകാരം കോളേജിൽ പോകാൻ കഴിഞ്ഞു. ആർക്കും എതിർപ്പ് ഉണ്ടായില്ല, പകരം പ്രോത്സാഹനവും പിന്തുണയും നൽകുന്നവരായിരുന്നു ഗോകുലിൻ്റെ മാതാപിതാക്കൾ. നന്ദിനി
നല്ല മാർക്കോടെ ഡിഗ്രിയൊക്കെ എടുത്തു.
ഗോകുൽ പറഞ്ഞു. ബി. എഡ് കൂടി എടുത്താൽ നമുക്ക് വല്ല സ്കൂളിലും കയറാം.
അവൾക്കാണെങ്കിൽ അതിലും വലിയ സന്തോഷം ഉണ്ടാകാനില്ല. അവളുടെ ചെറുപ്പം മുതൽ ഉള്ള സ്വപ്നമായിരുന്നു ഒരു ടീച്ചറാവുക എന്ന്.
ഇന്ന് അവൾ ഒരു അധ്യാപികയായി ആ നാട്ടിലെ പ്രശസ്ത വിദ്യാലയത്തിൽ ജോലി ചെയ്യുന്നു.
ഇതിനേക്കാളാറെ സന്തോഷം നൽകുന്ന അനുഭവമാണ് ഗോകുലിൻ്റെ വീട്ടിൽ നിന്നും അവൾക്ക് ലഭിച്ചത്. ഗോകുലിന്റെ അമ്മയുടേയും അച്ഛന്റേയും സ്നേഹം. അവൾക്ക് ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു അമ്മയുടെ പെരുമാറ്റം.. സ്വന്തം അമ്മയേപ്പോലെ നന്ദിനിയെ അവർ നോക്കി. ഓരോ കാര്യങ്ങളും അവൾക്ക് വേണ്ടി അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പഠിക്കുവാൻ പോകുമ്പോൾ അവൾക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കി കൊടുക്കും. മറ്റ് സമയങ്ങളിൽ അവളുടെ കൂടെയിരുന്ന് വേണ്ടതെല്ലാം ചെയ്യും. ” പെൺകുട്ടികൾ ഇല്ലാത്ത എനിക്ക് നീ സ്വന്തം മകൾ തന്നെയാണ്. നിന്റെ എല്ലാ കാര്യങ്ങളും എനിക്കറിയാം. നിന്റെ അമ്മയിൽ നിന്ന് കിട്ടാത്ത സ്നേഹം ഞാൻ നിനക്ക് തരാൻ ശ്രമിക്കാം. “
പഠനം മൂലം രണ്ട് മൂന്ന് വർഷം കഴിഞ്ഞ് മാത്രം അവൾ ഗർഭിണിയായപ്പോൾ സ്വന്തം വീട്ടിൽ പോകാൻ തയ്യാറാകാതെ ഗോകുലിൻ്റെ വീട്ടിൽ അയാളുടെ അമ്മയുടെ സ്നേഹം അനുഭവിക്കാൻ ആണ് തീരുമാനിച്ചത്.
ഒരു പെൺകുഞ്ഞ് തന്നെയാണ് നന്ദിനിയ്ക്ക് പിറന്നത്. അമേയ.
അമേയയുടെ ജനനം എല്ലാവർക്കും വലിയ ആഘോഷമായിരുന്നു. മാതൃ സ്നേഹത്തിൻ്റെ പുതിയ മുകുളങ്ങൾ വിരിയുകയാണല്ലോ! നന്ദിനിയുടെ അമ്മയുടെ പോലെ ആരും ആകരുതേ എന്ന ഒരു പ്രാർത്ഥനയായിരുന്നു എല്ലാവർക്കും. മാത്രമല്ല നന്ദിനിയ്ക്ക് ഒരു പുതിയ അമ്മയെ ലഭിച്ചതിന്റെ സന്തോഷവും.
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#മദേഴ്സ്ഡേസ്പെഷ്യൽ
#ബ്ളോഗ്
#വിഷയം_അമ്മയ്ക്കായ്
#കഥ_കിട്ടാതെപോയമാതൃസ്നേഹംവീണ്ടുംലഭിച്ചപ്പോൾ
#രചന_രാമചന്ദ്രൻടിവി


2 Comments
നല്ല കഥ.
നന്നായിട്ടുണ്ട് 👍