“എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല ഡോക്ടറെ…”
ശ്വേതയുടെ ശബ്ദം ചെറുതായി വിറച്ചു.
മുന്നിൽ ഇരുന്ന രേണുക ഇത്തരത്തിലുള്ള തകർച്ചകൾ പുതുമയല്ലാത്ത ആളായിരുന്നു. ഒരു സൈക്ക്യാട്രിസ്റ്റ് എന്ന നിലയിൽ എത്രയോ മനുഷ്യരുടെ ഉള്ളിലെ ഇരുട്ടുകൾ അവൾ കേട്ടറിഞ്ഞിട്ടുണ്ട്. എന്നാലും ചില വേദനകൾക്ക് മുന്നിൽ പുസ്തകങ്ങളും പഠനങ്ങളും വരെ നിശബ്ദമാകാറുണ്ട്.
“ആ കുഞ്ഞിന്റെ മുഖം… എന്റെ മനസ്സിൽ നിന്ന് പോകുന്നില്ല ഡോക്ടറെ…
അവർക്കു വേണ്ടായിരുന്നെങ്കിൽ… എനിക്ക് തന്നാൽ മതിയായിരുന്നില്ലേ…”
വാക്കുകൾ അവസാനിക്കുമ്പോഴേക്കും ശ്വേത പൊട്ടിക്കരഞ്ഞു.
രേണുക പതിയെ മുന്നിലുണ്ടായിരുന്ന ഗ്ലാസ് അവൾക്കരികിലേക്ക് നീക്കി.
പക്ഷേ ശ്വേത അതിലേക്കു നോക്കി നിന്നതല്ലാതെ കൈകൊണ്ടില്ല.
“ആ വാർത്ത അറിഞ്ഞത് മുതൽ ഒരു തുള്ളി വെള്ളം പോലും ഇറങ്ങുന്നില്ല…”
മുറിയിലൊട്ടാകെ ഒരു ഭാരമുള്ള നിശബ്ദത പടർന്നു.
“ടി.വി ഓണാക്കാൻ പറ്റുന്നില്ല…
മൊബൈൽ തുറക്കാൻ പറ്റുന്നില്ല…
ന്യൂസ് കാണാൻ പോലും പറ്റുന്നില്ല…
ആ കുഞ്ഞിന്റെ കരച്ചിൽ ഇപ്പോഴും ചെവിയിൽ കേൾക്കുന്ന പോലെ തോന്നുന്നു…
ആ മുഖം ഓർമ്മ വരുമ്പോൾ… നെഞ്ച് പിടഞ്ഞുപോകുകയാണ്…”
അവൾ കൈ നെഞ്ചിൽ അമർത്തിപ്പിടിച്ചു.
“അമ്പത്തൊന്ന് മുറിവുകളാണത്രേ…
ഒരു കൊച്ചിന്റെ ദേഹത്ത്…
എങ്ങനെയാ ഡോക്ടറെ…
എങ്ങനെയാണൊരു മനുഷ്യന് അതൊക്കെ ചെയ്യാൻ കഴിയുന്നത്…”
രേണുക ഒന്നും പറഞ്ഞില്ല.
ചില ചോദ്യങ്ങൾക്ക് മറുപടി പറയാൻ ശ്രമിക്കുന്നതുപോലും ചിലപ്പോൾ ക്രൂരതയായി തോന്നും.
കുറച്ചുനേരം തലകുനിച്ച് ഇരുന്ന ശ്വേത പിന്നീട് വളരെ പതുക്കെ സംസാരിച്ചു തുടങ്ങി.
“ഞാനും എന്റെ ചേട്ടനും പതിനാലു വർഷം കാത്തിരുന്നു ഡോക്ടറെ…
ഒരു കുഞ്ഞിനുവേണ്ടി…”
ആ വാക്കുകൾക്കിടയിൽ വർഷങ്ങളായുള്ള കാത്തിരിപ്പിന്റെ ക്ഷീണം ഉണ്ടായിരുന്നു.
“ഒരിക്കൽ ഗർഭമായി…
പക്ഷേ അത് അബോർഷനായി പോയി…
അതിനുശേഷം ആശുപത്രികൾ… ചികിത്സകൾ… പ്രതീക്ഷകൾ… പിന്നെ വീണ്ടും നിരാശകൾ…
ജീവിതം അതിനുള്ളിൽ തന്നെ കുടുങ്ങിപ്പോയ പോലെ…”
അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
പക്ഷേ ആ ചിരിയിലും വേദന മാത്രമാണ് ഉണ്ടായിരുന്നത്.
“ഒരുഘട്ടത്തിൽ ഞങ്ങൾ അഡോപ്ഷൻ പോലും ശ്രമിച്ചു…
പക്ഷേ അവിടെയും നൂറുകണക്കിന് നൂലാമാലകൾ…
കുഞ്ഞില്ലാത്തത് എനിക്കാണല്ലോ…
അദ്ദേഹത്തിന് പ്രശ്നമൊന്നുമില്ലല്ലോ…
എന്നിട്ടും ചോദ്യം ചെയ്യപ്പെടുന്നത് സ്ത്രീയാണ്…
അളക്കപ്പെടുന്നതും സ്ത്രീ തന്നെയാണ്…”
അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
“അങ്ങനെ…
സ്വന്തമായി ഒരു കുഞ്ഞിനെ ജനിപ്പിക്കാനും കഴിയാതെ…
ഒരു കുഞ്ഞിനെ ദത്തെടുക്കാനും കഴിയാതെ…
ഓരോ ദിവസവും തകർന്നുകൊണ്ടിരിക്കുന്ന ഞങ്ങളെപോലുള്ള ആളുകളെ മുഴുവനായും ഇല്ലാതാക്കുന്നൊരു വാർത്തയാണ് കഴിഞ്ഞ ദിവസം കണ്ടത്…”
രേണുക ശ്വേതയുടെ കൈയിൽ പതിയെ കൈവെച്ചു.
അപ്പോൾ ശ്വേത വീണ്ടും അതേ വാക്കുകൾ ആവർത്തിച്ചു.
“എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല ഡോക്ടറെ…”
ഈ പ്രാവശ്യം അത് ഒരു വാചകം മാത്രമായിരുന്നില്ല.
അമ്മയാകാൻ ആഗ്രഹിച്ചിട്ടും ജീവിതത്തോട് തോറ്റുപോയ അനവധി സ്ത്രീകളുടെ ഉള്ളിൽ ഒളിച്ചുകിടന്ന കരച്ചിലായിരുന്നു അത്.

