സൂര്യൻ പടിഞ്ഞാറെ ചക്രവാളത്തിലേക്കു യാത്ര തുടങ്ങിയിരിക്കുന്നു. സന്ധ്യയ്ക്കു മുമ്പ് എത്തിച്ചേരണമെന്ന് വിചാരിച്ചു നേരത്തെ പുറപ്പെട്ടതാണ്. പക്ഷേ ബസ് കിട്ടാൻ നന്നേ വൈകി..
ബസ്സ്റ്റാൻഡിനു മുമ്പിലുള്ള ഓട്ടോറിക്‌ഷ സ്റ്റാൻഡിൽ നിന്നും ഓട്ടോയിൽ കയറി ‘ക്ലമെന്റ് അച്ചന്റെ’ പള്ളിയുടെ പേര് പറഞ്ഞു കൊടുത്തു. പത്തു മിനിട്ടു കൊണ്ടു പള്ളിയുടെ മുമ്പിൽ എത്തി.
മണി അടിച്ചു കാത്തു നിന്നു. ആരോ വന്നു വാതിൽ തുറന്നു.
അച്ചൻ ഇറങ്ങി വന്നിട്ട് പറഞ്ഞു.
“നീ കുറച്ചു താമസിച്ചല്ലോടാ.. അകത്തേക്കു വായോ . ദേ കുര്യാപ്പി ചേട്ടൻ കാപ്പിയോ ചായയോ എന്താ വേണ്ടതെന്നു വെച്ചാൽ തരും. ഞാൻ ഒന്നു പുറത്തേയ്ക്ക് ഇറങ്ങുവാ.. പ്രായമായ ഒരു അപ്പച്ചന് പെട്ടെന്നൊരു വയ്യായ്ക.”
“ഞാൻ താമസിച്ചാൽ എന്നെ നോക്കി ഇരിക്കേണ്ട. വല്ലതും കഴിച്ചേച്ചു കിടന്നോണം.”
സ്ഥലകാലബോധമില്ലാതെ ഇരുന്ന എന്നെ കുര്യാപ്പി ചേട്ടൻ രണ്ടാം നിലയിലേക്ക് കൂട്ടിക്കൊണ്ടു പോയി. കിടക്കാനുള്ള മുറിയും മറ്റും കാണിച്ചു തന്നു.
‘മോനെ പുറത്തേക്കുള്ള ജനലുകൾ തുറന്നിടേണ്ട’ എന്നും പറഞ്ഞു കുരിയാപ്പി ചേട്ടൻ താഴേക്കു പോയി.
അതിഥികൾക്ക് താമസിക്കാൻ രണ്ടു മുറികളും ഒരു ചെറിയ ഹാളും ആണ് ആ നിലയിൽ എന്ന് ഞാൻ മനസ്സിലാക്കി.
അച്ചൻ തിരിച്ചെത്തിയിട്ടില്ല.
കുളി കഴിഞ്ഞു താഴെ ഡൈനിങ് റൂമിൽ പോയി ചൂടു കഞ്ഞിയും പയറും കഴിച്ചിട്ട് വന്ന് ഉറങ്ങാൻ കിടന്നു.
ഉറക്കം വരുന്നില്ല. എഴുന്നേറ്റിരുന്നു. കുരിയാപ്പി ചേട്ടൻ വന്നപ്പോൾ കൊണ്ടു വന്നിട്ട ന്യൂസ്‌പേപ്പറുകൾ എടുത്തു തുറന്നു.വാർത്തകളിലൂടെ സാവധാനം കണ്ണുകൾ കടന്നു പോയെങ്കിലും മനസുറപ്പിച്ചു നിർത്താൻ കഴിയാത്തതുകൊണ്ട് മടക്കി വെച്ചു.
വീണ്ടും കിടന്നു. ഉറക്കം അകന്നു നില്ക്കയാണ്.
തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിക്കേണ്ടി വരുമെന്നു തോന്നുന്നു.അപരിചിതമായ സ്ഥലം ആയതുകൊണ്ടാവാം ഇങ്ങനെ..
ഫാനിനാണെങ്കിൽ കാറ്റും കുറവ്. ജനൽ തുറന്നിട്ടു നോക്കാം.
പതുക്കെ എഴുന്നേറ്റു ജനൽ തുറന്നിട്ടിട്ട് വീണ്ടും കിടന്നു.
തണുത്ത കാറ്റ് അകത്തേക്കു വീശി. ആ കുളിരിൽ കണ്ണുകൾ അടഞ്ഞു പോയെന്നു തോന്നുന്നു.
പിന്നെ ഉണരുന്നത് ചിലങ്കയുടെ നേർത്ത ഒച്ച കേട്ടിട്ടാണ്. ആരോ നടന്നു വരുന്നതുപോലെ… കുറച്ചു കഴിയുമ്പോൾ ആ ശബ്ദം അകന്നകന്നു പോകുന്നു. വീണ്ടും അടുത്തേക്ക് വരുന്നു….പിന്നെയും അകന്നകന്നു പോകുന്നു.
തൊണ്ട വരണ്ടു… ശബ്ദം പുറത്തേക്കു വരുന്നില്ല.
യക്ഷിയാണോ… അതോ ചിലങ്ക അണിഞ്ഞ പ്രേതമോ.. നൃത്തം അറിയാവുന്ന ആരുടെയോ ആത്മാവ് ഭൂമി വിട്ടു പോകാതെ കറങ്ങി നടക്കുകയായിരിക്കുമോ..
ഈഫ്ലോറിൽ (നിലയിൽ) ഞാനല്ലാതെ വേറൊരു മനുഷ്യജീവി പോലും ഇല്ലെന്നുള്ള നടുക്കുന്ന സത്യം അപ്പോഴാണ് എന്റെ ഉള്ളിലേക്ക് ഒരു വെളിപാട് പോലെ വന്നത്.
കുര്യാപ്പി ചേട്ടൻ കിടക്കുന്ന മുറി ഒന്നു നോക്കി വെയ്ക്കേണ്ടതായിരുന്നു.
ലൈറ്റിന്റെ സ്വിച്ച് കണ്ടു പിടിക്കാൻ കിടന്നു കൊണ്ടു തന്നെ ഒരു ശ്രമം നടത്തിയെങ്കിലും വിഫലമായി.
ആ നിമിഷം വാതിലിൽ മൃദുവായ മുട്ട് കേട്ടു. എന്റെ പേരെടുത്തു വിളിക്കുന്ന പോലെ…
എന്റെ പേര് അറിയാവുന്നവർ ഇവിടെ ആര്?
അച്ചൻ വന്നോ ആവോ? പക്ഷേ പുറത്തു വണ്ടിയുടെ ശബ്ദം ഒന്നും കേട്ടില്ലല്ലോ.
അതോ ഈ അദൃശ്യ ശക്തികൾക്ക് നമ്മുടെ പേരും നാളും നക്ഷത്രവും സ്വഭാവവും ഒക്കെ അറിയാൻ വകുപ്പുണ്ടായിരിക്കുമോ?..
എന്തായാലും ഞാൻ കതകു തുറക്കില്ല..
മുറിയിൽ ക്രൂശിത രൂപം ഉള്ളതു കൊണ്ടു അകത്തേക്കു കടക്കില്ലല്ലോ .
വീണ്ടും മൃദുവായി മുട്ടുകയും പേരെടുത്തു വിളിക്കുകയും ചെയ്യുന്നു.
ഉടനെ മുറിയിൽ ലൈറ്റ് തെളിഞ്ഞു. വീണ്ടും വിളിയൊച്ച കേട്ടു..
‘അയ്യോ അച്ചനല്ലേ അത്.’.. ഓടിപ്പോയി വാതിൽ തുറന്നു.
” ബാബു ഇപ്പോൾ വിളിച്ചു. നീ എത്തിയോന്നറിയാനാ.”
“ഓ…നീ ഉറങ്ങി പോയായിരുന്നല്ലേ . നിനക്കു ബുദ്ധിമുട്ടൊന്നുമില്ലല്ലോന്ന് നോക്കാനാ ഞാൻ വന്നത് . ഞങ്ങൾ ഇപ്പോഴാ എത്തിയത്. ”
” ശരി . ഗുഡ് നൈറ്റ്.”
അച്ചൻ തിരികെ നടന്നു.. ഞാൻ പതിയെ വിളിച്ചു.
” അച്ചോ .. ഞാൻ ലൈറ്റ് ഇട്ടില്ലല്ലോ. പിന്നെങ്ങനാ മുറിയിൽ ലൈറ്റ് തെളിഞ്ഞേ.”
“എന്താടാ.. അതു ടൂ വേ സ്വിച്ച് അല്ലേ . പുറത്തു നിന്നും ഓണാക്കാമല്ലോ ”
“അല്ല എന്തു പറ്റി? എന്താടാ വല്ലാതെയിരിക്കുന്നെ?”
ഞാൻ തല കുനിച്ചു.. ചിലങ്കയുടെ കാര്യം പറഞ്ഞപ്പോൾ അച്ചൻ ഉറക്കെ ചിരിച്ചു.
“നിനക്കു പേടിയായിരുന്നേൽ കുരിയാപ്പി ചേട്ടനെ വിളിക്കാമായിരുന്നില്ലേ? ചിലങ്ക യുടെ ഒച്ച പോലും..
“സ്വപ്നം വല്ലതും കണ്ടോ? അതോ മണിച്ചിത്രത്താഴു സിനിമ പല പ്രാവശ്യം കണ്ടത് കൊണ്ടുണ്ടായ നാഗവല്ലി ഇഫക്ടോ?
ഇതും പറഞ്ഞ് അച്ചൻ മുറിക്കകത്തു കയറി..
“നിന്നോടാരാടാ ജനൽ തുറക്കാൻ പറഞ്ഞത്? ഈ മതിലിന്റെ അപ്പുറത്ത് സെമിത്തേരി അല്ലേ?”
അതോടെ എന്റെ മുഴുവൻ ജീവനും പോയി.
ആ നിമിഷം വീണ്ടും ചിലങ്ക ശബ്ദിച്ചു. അച്ചനും ഒരു നിമിഷം പതറി.
“നീ വാ.. നമുക്കു നോക്കാം.” അച്ചൻ പറഞ്ഞിട്ട് പുറത്തേക്കിറങ്ങി.
ഞാൻ ആശങ്കയോടെ അച്ചന്റെ പുറകേ നടന്നു.
മുറിക്കുള്ളിൽ നിന്ന് സെർച്ച് ലൈറ്റ് പോലെ വലിയ ഒരു ടോർച്ചും എടുത്ത് അച്ചൻ പുറത്തേക്കിറങ്ങി. മനസ്സില്ലാ മനസ്സോടെ ഞാനും.. സെമിത്തേരിയുടെ ഗേറ്റ് തുറന്ന് അച്ചൻ അകത്തു കയറി. ടോർച്ചു തെളിച്ചു.
ഓരോരോ ഭാഗത്തേക്കായി ടോർച്ച് അടിച്ചു പരിശോധിച്ചപ്പോൾ ആ കാഴ്ച്ച കണ്ടു. ഒരു കല്ലറയ്ക്കു മുകളിൽ വെച്ചിരിക്കുന്ന കുരിശിൽ അതിലെ കടന്നു പോയ ഒരു പട്ടിയുടെ കഴുത്തിലെ ചങ്ങല ഉടക്കിയിരിക്കുന്നു. അതിൽ നിന്നും രക്ഷപെടാനുള്ള പട്ടിയുടെ ഓരോ ശ്രമവും ആണ് ചിലങ്കയുടെ ശബ്ദമായി കേൾക്കുന്നത് .
പട്ടിയെ സ്വതന്ത്രനാക്കി ഗേറ്റും പൂട്ടി അച്ചൻ വന്നു.
ഞാൻ ഒന്നു നിശ്വസിച്ചു. അച്ചനെ നന്ദി സൂചകമായി ഒന്നു നോക്കി.
“ഇനി സമാധാനമായി കിടന്നുറങ്ങാമല്ലോ അല്ലേ.
സെമിത്തേരിയുടെ ഗേറ്റ് പൂട്ടുന്നത് കണ്ട ഞാൻ കുസൃതിയോടെ പറഞ്ഞു..
“അകത്തൂന്നാരും പുറത്തു കടക്കാതിരിക്കാനാവും ഈ പൂട്ട്.”
“പുറത്തൂന്നാരും അകത്തു കടക്കാതിരിക്കാനും കൂടിയാടാ… .
“ഇപ്പോൾ ഈ ഹ്യൂമർ (തമാശ ) എവിടുന്നു വന്നു? മുറിയിൽ വെച്ചു നിന്നെ കിടുകിട വിറക്കുവായിരുന്നല്ലോ ”
ഞാൻ ഒരു ചമ്മിയ ചിരി പാസ്സാക്കി.
” ആ.. ഇന്നു നീ താമസിച്ചു വന്നതു കൊണ്ടു എങ്ങും പോകാൻ പറ്റിയില്ല. പിന്നെ ഞാനും ധിറുതിയിൽ ആയിരുന്നു. നാളെ എല്ലായിടവും കൊണ്ടു കാണിക്കാം. കോളേജിൽ ഫൈനൽ ഇയർ ക്ലാസ്സ് തുടങ്ങുന്നതിനു മുമ്പ് ഒരാഴ്ചത്തെ അവധിയുണ്ടന്നല്ലേ പറഞ്ഞത്?
ബാബു ചേട്ടൻ പറഞ്ഞല്ലേ…. ഉണ്ട്.. എന്നാലും മറ്റന്നാൾ പോകണം അച്ചോ. വീട്ടിൽ രണ്ടു ദിവസം നിൽക്കണ്ടേ?
” അതു നാളെ തീരുമാനിക്കാം. ഇനി പോയി കിടന്നോ.. സമയം അർധരാത്രി ആയി.”
ഞങ്ങളുടെ ശബ്ദവും പട്ടികളുടെ കുരയും എല്ലാം കേട്ടിട്ടാവും കുരിയാപ്പി ചേട്ടൻ കണ്ണും തിരുമ്മി പുറത്തേക്കു വന്നു.
അച്ചൻ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ കുരിയാപ്പി ചേട്ടൻ..
“എടാ കൊച്ചനെ. ജനൽ തുറക്കരുതെന്നു ഞാൻ പറഞ്ഞില്ലായിരുന്നോ? ഇതിലേ ചില വരുത്തുപോക്കുകൾ ഉണ്ടെന്നു പറഞ്ഞിട്ട് അച്ചൻ സമ്മതിക്കണ്ടേ?
“ഒന്നു പോ ചേട്ടാ.. ചുമ്മാ അവനെ പേടിപ്പിക്കാതെ.”
കുര്യാപ്പി ചേട്ടൻ ഉറക്കച്ചടവിൽ തിരികെ കയറി.
“അച്ചോ.. പാതിരാത്രിയിൽ സെമിത്തേരി യിൽ പോകണമായിരുന്നോ? അലഞ്ഞു നടക്കുന്ന ആത്‍മാക്കൾ വല്ലതും ഉണ്ടായിരുന്നേൽ കൂടെ കൂടിയേനെ.”
“എന്റെ കയ്യിൽ കുരിശില്ലേടാ.. പിന്നെന്താ?”
“എന്നിട്ട് എക്സോർസിസ്റ്റ് സിനിമയിൽ കുരിശു കണ്ടിട്ടൊന്നും പ്രേതം വിട്ടു പോകുന്നില്ലല്ലോ?”
അച്ചൻ ഒന്നു പതറി.
“ഒന്നു പോടാ… അതു സിനിമയല്ലേ”
“എടാ പിന്നെ ഈ വിദേശ പ്രേതങ്ങൾ അപകടകാരികൾ ആണ്. നമ്മുടെ നാട്ടിലെ….. പഞ്ച പാവങ്ങളാ. ഇവിടെ മരിച്ചവരെ അല്ല പേടിക്കേണ്ടത്… ജീവിച്ചിരിക്കുന്നവരെയാ.”
“അച്ചൻ ഫിലോസഫി പറയുന്നു”.. ഞാൻ പിറു പിറുത്തു.
“എന്താടാ.”
“ഒന്നുമില്ല.. “ഞാൻ കണ്ണ് ചിമ്മി കാണിച്ചു.
അച്ചൻ ചിരിയോടെ കുരിശെടുത്തു എന്റെ നേരെ കാണിച്ചിട്ടു പറഞ്ഞു…
” സാത്താനെ ദൂരെ പോ..”.
“ഒന്നു പോയ്കിടന്നുറങ്ങെടാ.”

