“എങ്ങോട്ടാടീ നമ്മൾ പോകുന്നത്.”
രാമചന്ദ്രൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ചോദ്യം ആവർത്തിച്ച് കൊണ്ടിരുന്നു. ഇതിപ്പോൾ മൂന്നാമത്തെ തവണയാണ് അയാൾ ചോദിക്കുന്നത്. സൗമ്യ മറുപടി ഒന്നും പറയുന്നില്ല.
“നിൻ്റമ്മേടെ….”
“എന്താ അച്ഛാ നാവുളുക്കിയോ.”
ചുറ്റുമുള്ള ആളുകളെ വക വയ്ക്കാതെ രാമചന്ദ്രൻ ദേഷ്യപ്പെട്ട് സൗമ്യയെ നോക്കി. സൗമ്യയുടെ കയ്യിലിരുന്ന കുട്ടി വിശന്നിട്ട് കരയുകയാണ്.
“അവളെക്കുറിച്ച് മിണ്ടാൻ പോലും ഞാനില്ല. വഞ്ചകി.”
“അച്ഛാ ഒന്ന് പതുക്കെ ആരെങ്കിലും കേൾക്കും, ബാബാജിയുടെ ആശ്രമം വരെ നമുക്കൊന്ന് പോകാം. കുറച്ച് ദിവസത്തേക്ക് പുതിയൊരു സ്വാമിനി ഇവിടെ വന്നിരിക്കുന്നു, ഇപ്പോൾ പോയാൽ നമുക്ക് ദർശനം കിട്ടും.”
“ഞാനൊരു കമ്മ്യൂണിസ്റ്റ് ആണ്. എനിക്ക് ഇതിലൊന്നും വിശ്വാസമില്ല എന്ന് നിനക്ക് അറിയില്ലേ കൊച്ചേ. ആരാ ഇതിന് പിന്നിൽ?നിൻ്റെ ഭർത്താവ് വിളിച്ചു പറഞ്ഞതാണോ. എൻ്റെ കുടി നിർത്താൻ, ആശ്രമത്തിൽ പോയി സ്വാമിനിയെ കാണാൻ. ഇങ്ങനേയും ഓരോ അന്ധവിശ്വാസങ്ങൾ. ഞാനിപ്പോൾ കഴിയുന്നത് അവൻ്റെ ചെലവിലായി പോയി. ഇല്ലെങ്കിൽ ഞാൻ…”
“ഇതൊന്നും ഏട്ടൻ പറഞ്ഞിട്ടല്ല, എൻ്റെ തീരുമാനം ആണ്. സൗരവ് തല തിരിഞ്ഞ് നടക്കുന്നത് അച്ഛൻ കാണുന്നില്ലേ. എങ്ങനെയെങ്കിലും ഒരു ജോലി ശരിയാക്കി ഏട്ടൻ്റെ അടുത്തേക്ക് അവനെ പറഞ്ഞയക്കണം. അച്ഛൻ്റെ കാലശേഷം ആരാ അവനെ നേർവഴിക്ക് നടത്താനുള്ളത്.”
സൗരവിൻ്റെ കാര്യം കേട്ടതും രാമചന്ദ്രൻ നിശബ്ദനായി. അയാൾ ആലോചനയിൽ മുഴുകി. തൻ്റെ ജീവിതം ഒരു വിജയമായിരുന്നോ? ഒരു ഗവൺമെൻ്റ് ക്ലർക്ക് ആയിരുന്നു, നല്ല ശമ്പളം, അതിനേക്കാൾ കൂടുതൽ കിമ്പളം. ധാരാളം സുഹൃത്തുക്കൾ, രാത്രി പാർട്ടികൾ. ജീവിതം ആഘോഷിച്ചു.
രാത്രി പന്ത്രണ്ട് മണിക്ക് മടങ്ങി വരുമ്പോൾ കൃഷ്ണയുടെ മൂടി കെട്ടിയ മുഖം കണ്ട് കണ്ട് മടുത്തു. ആദ്യമൊക്കെ പാത്രങ്ങൾ വായുവിൽ പറത്തുന്നതിൽ ഹരം തോന്നി. പിന്നീട് അവളുടെ നീണ്ട മുടിയിഴകളെ തന്നിലേക്ക് വലിച്ചടുപ്പിക്കുമ്പോൾ, അവളുടെ അടക്കി പിടിച്ച കരച്ചിൽ കേൾക്കുമ്പോൾ ആവേശമായി. പിന്നെ വിതുമ്പൽ നിലവിളിയായി മാറും. പിന്നെ കുട്ടികളെ മർദ്ദിക്കാൻ തുടങ്ങിയപ്പോൾ അവൾ തടഞ്ഞു. ഇത് ഇവിടെ പറ്റില്ല എന്ന് കട്ടായം പറഞ്ഞു. അവളുടെ എതിർപ്പിനെ മദ്യ ലഹരിയിൽ പുച്ഛിച്ച് തള്ളി. ഒടുവിൽ സഹിച്ച് മടുത്തപ്പോൾ അവളിറങ്ങി പോയി.
കൃഷ്ണ, ഒരു കാലത്ത് താനവളെ പ്രണയിച്ചിരുന്നു. സുന്ദരിയായ അവളുടെ പിറകെ നടന്ന് നടന്ന് അവളുടെ മനസ്സ് മാറ്റി. അവളെ വിവാഹം ചെയ്തു. സ്വന്തമാക്കിയപ്പോൾ താനവളെ വെറും നിസ്സാരയായി കണക്കാക്കി.
തന്നെ തീരെ സഹിക്കാൻ കഴിയാതെ വന്നപ്പോൾ ആരോടും ഒരു വാക്ക് പോലും പറയാതെ, കുട്ടികളേയും ഉപേക്ഷിച്ചു, കുടുംബവും ഉപേക്ഷിച്ച് കൃഷ്ണ എങ്ങോട്ടോ ഇറങ്ങി പോയി.
താനും തോറ്റ് കൊടുക്കാൻ ഒരുക്കമായിരുന്നില്ല. കൃഷ്ണ കാമുകനോടൊപ്പം ഒളിച്ചോടി എന്ന് നാടാകെ പറഞ്ഞു പരത്തി. അവിടെയും താൻ വിജയിച്ചു. വഴി പിഴച്ച് പോയ അമ്മയെ കുട്ടികൾ വെറുത്തു. വീട്ടുകാർ വെറുത്തു, നാട്ടുകാർ മറന്നു.
“അച്ഛാ ഒരു ബസ് വരുന്നുണ്ട്.”
സൗമ്യ വിളിച്ച് പറഞ്ഞു. രാമചന്ദ്രൻ ആദ്യമേ തള്ളി കയറി പിറകിൽ ഒരു സീറ്റ് കരസ്ഥമാക്കി.
ഇടിച്ച് കയറി ഒരു സീറ്റിൽ ഇരുന്നു.
മുൻപിൽ സ്ത്രീകളുടെ നിരയിൽ കരയുന്ന കുട്ടിയുമായി നിന്ന് കഷ്ടപ്പെടുന്ന സൗമ്യയെ കണ്ടു. രാമചന്ദ്രന് ആ കാഴ്ച ബുദ്ധിമുട്ട് ഉണ്ടാക്കി.
“കൊച്ച് കരയുന്ന ആരും കേട്ടില്ലേ, ആരേലും ഒന്ന് എഴുന്നേറ്റ് കൊടുത്തേ.”
പിറകിൽ നിന്നും അച്ഛൻ്റെ ശബ്ദം തിരിച്ചറിഞ്ഞു സൗമ്യ, ഒരു സ്ത്രീ അനുകമ്പയോടെ ഒഴിഞ്ഞ് കൊടുത്ത സീറ്റിൽ കുനിഞ്ഞിരുന്ന് സൗമ്യ കുഞ്ഞിനെ പാലൂട്ടി.
ആശ്രമം റോഡിലെത്തിയപ്പോൾ, സീറ്റിലിരുന്ന് മയങ്ങിയ അച്ഛനെ സൗമ്യ വിളിച്ചുണർത്തി.
“അച്ഛാ സ്ഥലം എത്തി.”
സൗമ്യയുടെ പിന്നാലെ അയാൾ ചാടിയിറങ്ങി.
“നമുക്ക് വെള്ളം വല്ലതും കുടിച്ചിട്ട് പോകാം, നമ്മൾ വൈകിയാലോ.”
“വൈകാനൊന്നും പറ്റില്ല, എനിക്ക് പോയിട്ട് കുറെ പണിയുള്ളതാ.”
“അച്ഛന് കവലയിൽ പോയി ചീട്ട് കളിക്കാനല്ലേ.”
സൗമ്യയെ അടിക്കാനായി അയാൾ കൈയോങ്ങി. അവൾ പരിചയ മികവിൽ വിദഗ്ദമായി ഒഴിഞ്ഞ് മാറി.
വെള്ള വസ്ത്രമണിഞ്ഞ സ്വാമിനിമാർ അവരെ ഒരു ക്യൂവിൽ നിർത്തി.
“വേഗം. പൊയ്ക്കോളൂ. ഇന്ന് ഉച്ചവരെ മാത്രമേ ദർശനമുള്ളൂ.”
പന്തലിൽ ഫാനുകൾ ഉണ്ടായിരുന്നെങ്കിലും രാമചന്ദ്രൻ വിയർത്തു കുളിച്ചു. പെട്ടെന്ന് ഒരു പരവേശം പോലെ. എന്താണ് തനിക്ക് സംഭവിക്കുന്നത്.
വോളണ്ടീയർ ആയി നിന്ന പെൺകുട്ടി ഒരു ഗ്ലാസിൽ ഇളം ചൂടുള്ള ചുക്ക് വെള്ളം കുടിക്കാൻ നൽകി.
“അച്ഛാ ഇപ്പോൾ എങ്ങനെയുണ്ട്.”
ആ പെൺകുട്ടി അന്വേഷിച്ചു. കുഴപ്പമില്ല എന്നയാൾ തലയാട്ടി.
“രണ്ട് പേരും അവിടെ പോയി ഇരുന്നോളൂ. തിരക്ക് കുറയുമ്പോൾ ഞാൻ വിളിക്കാം.”
അച്ഛന് പ്രായമേറി വരുന്നു. കസേരയിൽ ഇരുന്ന് അച്ഛൻ മയങ്ങുന്നത് കണ്ടപ്പോൾ സൗമ്യയ്ക്ക് സങ്കടം തോന്നി. സാധാരണ അച്ഛനെ ഒന്നിനും ബുദ്ധിമുട്ടിക്കാറില്ല. ഇന്നത്തെ യാത്ര അത്ര പ്രാധാന്യമുള്ളതാണ്. അതാണ് നിർബന്ധിച്ച് കൂട്ടി കൊണ്ട് വന്നത്.
വോളണ്ടിയർ കൈയാട്ടി വിളിച്ചപ്പോൾ സൗമ്യ അച്ഛനേയും കൂട്ടി മുന്നിലേക്ക് നടന്നു.
മുന്നിൽ സ്വാമിനി നിവേദിതയെ കാണാനുള്ള നീണ്ട നിര. സൗമ്യ അച്ഛനേയും കൂട്ടി സ്വാമിനിയുടെ അടുത്തെത്തി.
തേജസ്സുള്ള മുഖം, പൂർണമായും നരച്ച നീണ്ട മുടിയിഴകൾ, വെള്ള സാരിയാണ് വേഷം. സൗമ്യ വിറയ്ക്കുകയായിരുന്നു, അവളുടെ നെഞ്ചിടിപ്പ് കൂടി. അവൾ ധൈര്യത്തിനായി കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ചു.
അച്ഛൻ സ്വാമിനിയെ കണ്ട് കാണുമോ. സ്വാമിനി അച്ഛനെ അനുഗ്രഹിക്കട്ടെ.
സ്വാമിനി കുഞ്ഞിനെ സൗമ്യയുടെ കയ്യിൽ നിന്നും എടുത്ത് മടിയിൽ വച്ചു, കരയാൻ തുടങ്ങിയ കുഞ്ഞിനെ സ്വാമിനി ലാളിച്ചു. കുഞ്ഞ് കരച്ചിൽ നിർത്തി അതിശയ ഭാവത്തോടെ സ്വാമിനിയെ ഉറ്റു നോക്കി. അവർ കുഞ്ഞു കരങ്ങളിൽ ഉമ്മ വച്ചു. സൗമ്യ തളർന്നു, താഴെ വീഴാതെയിരിക്കാൻ സ്വാമിനിയുടെ കസേരയിൽ മുറുകെ പിടിച്ചു.
“അമ്മേ.. മാപ്പ്….”
ഉള്ളിൽ നിന്നും തികട്ടി വന്ന കരച്ചിൽ അവൾ അടക്കി പിടിച്ചു. തിരിഞ്ഞ് അച്ഛനെ നോക്കി. അച്ഛൻ സ്വാമിനിയെ അദ്ഭുതത്തോടെ നോക്കുന്നു. സ്വാമിനി രണ്ട് കരങ്ങളും നീട്ടി അച്ഛനെ അടുത്തേക്ക് വിളിക്കുന്നു.
അച്ഛൻ മായാ വലയത്തിൽ പെട്ട പോലെ സ്വാമിനിയുടെ അടുത്തേക്ക് നടന്നടുത്തു. സ്വാമിനി അച്ഛനെ ആശ്ലേഷിച്ചു.
“മകനേ സുഖമല്ലേ..”
സ്വാമിനിയുടെ കൈകളുടെ സുരക്ഷയിൽ നിന്ന അച്ഛൻ ഒന്ന് ഞെട്ടുകയും സ്വാമിനിയുടെ മുഖത്തേക്ക് നോക്കുകയും ചെയ്തു.
“എല്ലാം മായയാണ്. സംസാര ലോകത്തിലെ ദുഃഖങ്ങളെല്ലാം നിസാരമായി കാണാൻ കഴിയണം. ആശകളാണ് നിരാശയ്ക്ക് കാരണം.”
അച്ഛൻ്റെ കണ്ണുകൾ നിറഞ്ഞു.
“കൃഷ്ണേ.”
അത് കണ്ട് സൗമ്യ കരയാൻ തുടങ്ങി.
“കൃഷ്ണാ എൻ്റെ കൃഷ്ണാ…”
വോളണ്ടിയർ പെൺകുട്ടി അച്ഛനെ തള്ളി മാറ്റി.
അച്ഛൻ ആ വോളണ്ടിയറോട് കെഞ്ചി.
“ഞാൻ കുറച്ചു നേരം ഇവിടെ, ഈ കാലടികളിൽ ഇരുന്നോട്ടെ.”
അച്ഛൻ്റെ മനസ്സിൽ എന്താണെന്ന് സൗമ്യയ്ക്ക് മനസ്സിലായില്ല. അച്ഛൻ ആ സമയത്ത് മറ്റൊരു ലോകത്തായിരുന്നു. സ്വാമിനി അനുചരനോട് എന്തോ പറഞ്ഞു. അവരിൽ രണ്ട് പേർ അച്ഛനേയും സൗമ്യയേയും ഒരു മുറിയിൽ കൊണ്ടിരുത്തി.
എയർ കണ്ടീഷൻ ചെയ്ത മുറിയിലിരുന്നിട്ടും അച്ഛൻ വിയർത്ത് കുളിച്ചു.
പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ സ്വാമിനി വന്നു. അച്ഛനുമായി സ്വാമിനി സംസാരിക്കുന്നത് സൗമ്യ മാറിയിരുന്ന് കണ്ടു. എന്താണവർ പറഞ്ഞതെന്നറിയില്ല.
സ്വാമിനിയുടെ അടുത്തേക്ക് സൗമ്യ നടന്നു, നിലത്തിരുന്നു. സ്വാമിനിയുടെ അടുത്തിരുന്ന അച്ഛൻ ആ മടിയിൽ തല വച്ചു. അവർ അച്ഛൻ്റെ മുടിയിൽ തഴുകി ആശ്വസിപ്പിച്ചു. അച്ഛൻ സാഷ്ടാംഗം പ്രണമിച്ചു, ആ കാൽപ്പാദങ്ങളിൽ തൊട്ട് വന്ദിച്ചു.
“മതി ഇനി പൊയ്ക്കോളൂ.”
“ഞാനും കൂടെ ഇവിടെ നിന്നോട്ടെ.”
“അതിന് സമയമായിട്ടില്ല. മക്കളെ തട്ടിയെടുത്തതാണ്. കടമകൾ എല്ലാം തീർന്നിട്ടില്ല. തീർത്തിട്ട് വരൂ. ഈ വാതിലുകൾ തുറന്ന് കിടക്കും.”
അച്ഛൻ മനസ്സില്ലാ മനസ്സോടെ പുറത്തേക്ക് നടന്നു.
പോകുന്ന പോക്കിൽ തിരിഞ്ഞ് നോക്കുന്നതും വേച്ച് വേച്ച് വീഴാൻ തുടങ്ങിയതും സൗമ്യ കണ്ടു.
“ഈ അച്ഛൻ മഹാ ക്രൂരനായിരുന്നു അല്ലേ മോളേ. അമ്മയുടെ സാമീപ്യം എന്നും നീ ആഗ്രഹിച്ചിരുന്നില്ലേ. എൻ്റെ സ്വാർത്ഥത കാരണം.”
“അച്ഛൻ ഞങ്ങളെ നല്ല പോലെയാണല്ലോ വളർത്തിയത്.”
സൗമ്യ ഒരു കള്ളം പറഞ്ഞു.
അമ്മയെ കണ്ടതോടെ അച്ഛൻ തകർന്ന് പോകുമെന്നാണ് മക്കൾ കരുതിയത്. പക്ഷേ അച്ഛൻ കുടി നിർത്തുകയും വീട്ട് കാര്യങ്ങളിൽ ഇടപെടാൻ തുടങ്ങുകയും ചെയ്തു.
“നീ ഇങ്ങനെ നടന്ന് നശിപ്പിക്കാനുള്ളതല്ല നിൻ്റെ ജീവിതം മകനേ. മുബൈയിൽ സ്വാമിനിയുടെ ശിഷ്യൻ്റെ ഫാക്ടറിയിൽ നിനക്കൊരു ജോലി ശരിയായിട്ടുണ്ട്. ആദ്യത്തെ രണ്ട് മാസം വോക്കേഷണൽ ട്രെയിനിംഗ്, പിന്നെ നല്ല ശമ്പളത്തോടെ ജോലി.”
സൗരവ് തല കുലുക്കി.
“അടുത്താഴ്ച തന്നെ നീ കുട്ടിയുമായി അവൻ്റെ അടുത്തേക്ക് പോകാനുള്ള ഏർപ്പാട് ഞാൻ ചെയ്തിട്ടുണ്ട്.”
“അപ്പോൾ അച്ഛൻ തനിച്ചാകില്ലേ. അച്ഛനെ ആര് നോക്കും.”
“ഒരു കിടക്കയൂം മൂന്ന് നേരത്തെ ആഹാരവും. അത് ആശ്രമത്തിൽ തരപ്പെടും. പ്രേമിച്ച് സ്വന്തമാക്കിയപ്പോൾ, അവൾക്ക് കൊടുത്ത വാഗ്ദാനങ്ങൾ ഒന്നും നിറവേറ്റാൻ ഇത് വരെകഴിഞ്ഞില്ല. ഇപ്പോൾ ഒരു ദാസനെ പോലെ, അവളെ പരിചരിക്കാൻ എനിക്ക് കൊതിയാകുന്നു.”
അച്ഛൻ്റെ ദുഃഖം മക്കളെ സങ്കടപ്പെടുത്തി.
“അവളുടെ തട്ട് എപ്പോഴും താണേ ഇരിക്കൂ. അതാണ് എൻ്റെ കൃഷ്ണ.”
“അച്ഛാ.”
“അവളെ എനിക്ക് ദൂരെ നിന്നെങ്കിലും കാണാമല്ലോ, അത് മതി, ഞാൻ സന്തോഷത്തോടെ മരിക്കും.”
സൗരവ് ആദ്യമായി അച്ഛനെ ചേർത്ത് പിടിച്ചു.
“നടക്കില്ല എന്നറിയാം. രാമേട്ടാ എന്നൊരു വിളി, ഒരിക്കൽ കൂടി കേൾക്കാൻ കൊതിയുണ്ട്.”
ശുഭ്രവസ്ത്രം ധരിച്ച അച്ഛനെ ആശ്രമത്തിലാക്കി മടങ്ങുമ്പോൾ, കെട്ടിപ്പിടിച്ചു, കണ്ണീരോടെ യാത്ര പറയുന്ന പൂർവാശ്രമത്തിലെ മക്കളെ നോക്കി സ്വാമിനി നെടുവീർപ്പിട്ടു.
“രാമേട്ടാ.”
ആരും കേൾക്കാതെ സ്വാമിനി തന്നെ വിളിച്ചത് കേട്ട് രാമചന്ദ്രൻ തിരിഞ്ഞ് നോക്കി.
“എൻ്റെ ഭക്തർ ചെറിയ സന്തോഷങ്ങൾ അർഹിക്കുന്നു.”
രാമചന്ദ്രൻ പുഞ്ചിരിച്ചു.
“എല്ലാം മായ, മായ എന്നാൽ ഭ്രമം എന്നാണു അർത്ഥം. അതായത് അയഥാർത്ഥമായതിനെ യാഥാർഥ്യമെന്ന് തെറ്റിദ്ധരിക്കുന്ന ഭ്രമം.”
സ്വാമിനി തൻ്റെ ശിഷ്യ ഗണങ്ങളെ കാണാനും അനുഗ്രഹിക്കാനുമായി വേദിയിൽ ഇരുന്നു.
✍️നിഷ പിള്ള

