പുറത്ത് നിന്നും ക്ലാസിലേക്ക് നോക്കിയപ്പോൾ ആരും എത്തിയില്ലേ എന്നൊന്ന് സംശയിച്ചു. പക്ഷേ ഉള്ളിൽ ബഹളം ഉണ്ട് താനും.
നോക്കുമ്പോ എല്ലാവരും കൂടെ കൂടി നിന്നു എന്തിനോ ഉന്തും തള്ളും.
അപ്പോ ഉറപ്പായി ആരോ എന്തോ ചെയ്ത് വെച്ചിട്ടുണ്ട്. അല്ലേൽ എന്തെങ്കിലും തിന്നാൻ കാണും.
പിന്നെ ഞാനും ഒന്നും ആലോചിച്ചില്ല. ബാഗ് ഡെസ്കിൽ വെച്ച് ഉള്ളിലേക്ക് നൂണ്ട് കയറി.
എന്താണ് സാധനം എന്നൊന്ന് അറിയണമല്ലോ.
നോക്കുമ്പോ താ കിടക്കുന്നു അർജുൻ്റെ കയ്യിൽ ‘ അരവണപ്പായസം ‘.
ശോ… അപ്പോ തന്നെ വായിൽ വെള്ളം വന്നു.
ഒന്നും നോക്കിയില്ല ഞാനും നീട്ടി കയ്യ്.
അപ്പോഴേക്കും ആകെ തിരക്ക് ആയപ്പോ അർജുൻ ഒന്നു ആളായി.
എല്ലാവരും വരി വരിക്ക് നിന്നെ.
പക്ഷെ ആര് കേൾക്കാൻ. ആകെ ഉന്തും ബഹളവും.
ഒരു വിധം തിക്കി തിരക്കി കയ്യിൽ അമൃത് പോലെ തന്ന അരവണ പായസം കിട്ടിയതും ഞാൻ പതുക്കെ എൻ്റെ സീറ്റിലേക്ക് നടന്നു.
അപ്പോ ഉണ്ട് കുറച്ചെണ്ണം നല്ല പിള്ള ചമഞ്ഞ് അടങ്ങി ഒതുങ്ങി ഇരിക്കുന്നു.
ഹേ… ഇവർക്കിത് എന്ത് പറ്റി എന്ന് കരുതി നോക്കുമ്പോൾ താ കിടക്കുന്നു നമ്മുടെ ഷാജു സാർ.
‘അയ്യോ. ‘ എന്നൊരു നിലവിളി അറിയാതെ എന്നിൽ ഉയർന്നു.
എൻ്റെ നിലവിളി കേട്ടാവണം ബാക്കി അരവണത്തിന് ഊഴം നിൽക്കുന്നവർ പിന്നിലേക്ക് നോക്കി.
എല്ലാവരും ഞെട്ടി തരിച്ചു.
പതുക്കെ ഞാൻ ഒന്നുമറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടിൽ സീറ്റിൽ വന്നിരുന്നു.
എല്ലാവരും ശാന്തം ആയി എന്നറിഞ്ഞപ്പോൾ സാറിൻ്റെ ഒറ്റ കമൻ്റ്.
” ഓൾ ഓഫ് യു സ്റ്റാൻഡ് അപ്പ്. “
ഞങ്ങൾ അനുസരണയോടെ നിന്നു.
” എല്ലാവരും കൈ നീട്ട്. “
എല്ലാവരും തല താഴ്ത്തി കൈ നീട്ടി നിന്നു.
ഞാൻ വേഗം കിട്ടിയ അരവണം നക്കി തുടച്ചു കൈ ക്ലീൻ ആക്കി വെച്ച് നീട്ടി കൊടുത്തു.
ഒന്നും പറയാതെ ഞങൾ മുപ്പത് പേർക്കും കൈ യിലേക്ക് സാറിൻ്റെ ചൂരൽ പായസം വെച്ച് തന്നു.
കിട്ടിയവർ കിട്ടിയവർ രണ്ട് കയ്യും കൂട്ടി തിരുമ്മി അത് ആസ്വദിച്ചു.
ഹൊ… എന്ത് രസമുള്ള പായസം.
By
Shahzad
