വിവാഹ മോചനത്തിനായി കോടതിയിൽ എത്തിയതായിരുന്നു, ജലീലും, ഭാര്യ ജസീലയും.
പത്തു വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു ഇന്ന് ജലീലും ജസീലയും വേർപിരിയുകയാണ്.
അപ്പോൾ നിങ്ങള് പിരിയാൻ തന്നെ ആണ് തീരുമാനം അല്ലേ. അവസാനമായി ജഡ്ജി ചോദിച്ചു.
അതേ സാർ, ഇയാളോടൊപ്പം ജീവിച്ചു മടുത്തു. പിരിയാൻ തന്നെയാണ് തീരുമാനം. ജസീല ഉറച്ച സ്വരത്തിൽ പറഞ്ഞു.
അതേ സാർ, പിരിയുന്നത് തന്നെ ആണ് ഉത്തമം. ജലീലും പ്രതികരിച്ചു.
ശരി നിങ്ങളുടെ വിവാഹ മോചനം ഈ കോടതി അംഗീകരിച്ചിരിക്കുന്നു.
പക്ഷേ നിങ്ങളുടെ മക്കൾ, ഉമ്മയായ ജസീലയോടൊപ്പം ആയിരിക്കും ഉണ്ടാകുക. ഉപ്പയായ നിങ്ങൾക്ക് മക്കളെ കാണാൻ എപ്പോഴും അനുവാദം ഉണ്ട്. മക്കൾ ഉമ്മയുടെ കൂടെ ആയതിനാൽ, നിങ്ങളുടെ ശമ്പളത്തിന്റെ പകുതി തുക എല്ലാ മാസവും, നിങ്ങളുടെ കുട്ടിയുടെ ഉമ്മാക്ക് അയച്ചു കൊടുക്കേണ്ടതാണ്.
കോടതി വിധി കേട്ട് ജലീൽ സന്തോഷം കൊണ്ട് പൊട്ടി ചിരിക്കാൻ തുടങ്ങി.
എന്താടോ താൻ ചിരിക്കുന്നത്. കോടതിയെ അപമാനിക്കുകയാണോ.
ജഡ്ജി ക്ഷോഭത്തിൽ ചോദിച്ചു.
അല്ല സാർ. ഇത്രയും കാലം പല ചരക്ക് കടയിലെ പറ്റ്, പാൽക്കാരന്റെ പൈസ, മീൻകാരന്റെ പൈസ, ഓരോ കല്യാണത്തിനും മാറി മാറി ഉടുക്കാൻ ഉള്ള ഡ്രസ്സ്, ഇങ്ങനെ ഓരോ ചിലവ് കണക്ക് പറഞ്ഞു, എനിക്ക് കിട്ടുന്ന ശമ്പളം മുഴുവൻ എന്റെ കോളറിനു പിടിച്ചു ലെവള് വാങ്ങാറുണ്ട്. ഇനി മുതൽ പകുതി കൊടുത്താൽ മതിയല്ലോ, എന്നാലോചിച്ചപ്പോൾ ചിരിച്ചു പോയതാ ജഡ്ജി ഏമാനേ..

