‘നിഹാരിക’ എന്ന പേര് രാത്രി മുഴുവൻ എന്റെ ഉറക്കം കെടുത്തി. ഉറക്കത്തിനും ഉണർവിനുമിടയിൽ ആരോ കാതോരം വന്ന് ആവർത്തിച്ചു പറയുന്നത് പോലെ… ആ വരികൾ വളരെ വ്യക്തമായിരുന്നു:
“ഭൂതകാലം എന്നത് ഒരു കനലാണ്… സൂക്ഷിച്ചു നോക്കിയാൽ കണ്ണുകൾ പൊള്ളും. എന്നാൽ, ആ കനൽ തന്ന ചൂടിലാണ് ഞാനിന്നൊരു പടയാളിയായത്!”
ആരാണ് നിഹാരിക? എനിക്കറിയില്ലായിരുന്നു. രാവിലത്തെ മകളുടെ സ്നേഹം നിറഞ്ഞ വിളി നൽകിയ ആശ്വാസത്തിലാണ് ഞാൻ ഓഫീസിലേക്ക് പോയത്. എന്നാൽ, അവിടെ എന്നെ കാത്തിരുന്നത് ഒരു കൊടുങ്കാറ്റായിരുന്നു.
ഓഫീസിൽ പുതിയ HR-നെ സ്വീകരിക്കാൻ എല്ലാവരും കാത്തുനിൽക്കുന്നുണ്ടായിരുന്നു. കൗതുകത്തോടെ ഞാനും നോക്കി. കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങിയ ആളെ കണ്ടതും ഞാൻ തരിച്ചുനിന്നു. ഇന്നലെ രാത്രി സ്വപ്നത്തിൽ കണ്ട അതേ മുഖം!
“നിഹാരിക…” അടുത്തുനിന്ന സഹപ്രവർത്തകൻ പേര് പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ തീ കോരിയിട്ടു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ HR റൂമിലേക്ക് എന്നെ വിളിപ്പിച്ചു. വല്ലാത്തൊരു ഭയത്തോടെ അകത്തേക്ക് കയറിയ എന്നെ നോക്കി അവൾ ആ വരികൾ വീണ്ടും ആവർത്തിച്ചു: “ഭൂതകാലം എന്നത് ഒരു കനലാണ്…”
തുടർന്ന് കനലറ്റ ശബ്ദത്തിൽ അവൾ പറഞ്ഞു: “എന്നെ ഓർമ്മയില്ലേ നിവേദ്? കോളേജിൽ പഠിക്കുമ്പോൾ നിന്റെ കവി സുഹൃത്ത് അർജുനു വേണ്ടി എന്റെ പിന്നാലെ നടന്ന് പ്രണയം യാചിച്ച നീയല്ലേ ഇത്? മഹാഭാരതത്തിലെ ഭീമനെപ്പോലെ, പ്രിയപ്പെട്ടവന് വേണ്ടി സ്വന്തം ഇഷ്ടങ്ങൾ മാറ്റിവെച്ച് ഇടനിലക്കാരനായവൻ! ഒടുവിൽ വീട്ടുകാർ എന്നെ വേറെ കല്യാണം കഴിപ്പിച്ചയച്ചപ്പോൾ അർജുൻ ആത്മഹത്യ ചെയ്തു. അതിന് കാരണം ഞാൻ മാത്രമാണെന്ന് വരുത്തിതീർത്ത് നിങ്ങളെല്ലാവരും എന്നെ കുറ്റക്കാരിയാക്കി! എന്റെ കല്യാണം കഴിഞ്ഞതുകൊണ്ടൊന്നുമല്ല അവൻ മരിച്ചത്, അവൻ ലഹരിക്ക് അടിമയായിരുന്നു. അത് കിട്ടാതെ വന്നപ്പോൾ തൂങ്ങിമരിച്ചതാണ്. എന്നിട്ടും പഴികേട്ടത് ഞാൻ മാത്രം!”
അവളുടെ കണ്ണുകളിൽ പ്രതികാരത്തിന്റെ തീനാളങ്ങൾ എരിയുന്നുണ്ടായിരുന്നു. “അന്ന് ആ അധിക്ഷേപത്തിന്റെ കനലിൽ വെന്തുരുകിയ ഞാൻ ഇന്ന് നിങ്ങളുടെ ബോസാണ് നിവേദ്. ഇനി സ്വസ്ഥമായി ഇവിടെ ഓഫീസിൽ ഇരിക്കാമെന്ന് നീ കരുതണ്ട. ഇതിനുള്ള മറുപടി ഞാൻ തരും!”
എന്റെ നെഞ്ച് പടപടാ ഇടിച്ചു. എങ്കിലും തളർച്ചയിൽ നിന്ന് പതുക്കെ എന്നെത്തന്നെ വീണ്ടെടുത്ത്, ചുണ്ടിലൊരു കൈപ്പുള്ള ചിരിയോടെ ഞാൻ അവളെ നോക്കി.
“നിഹാരിക… നീ പറഞ്ഞത് പകുതി സത്യമാണ്. അന്ന് അർജുന് വേണ്ടി സംസാരിക്കാൻ വന്ന ഭീമൻ തന്നെയായിരുന്നു ഞാൻ. അർജുന്റെ വരികൾക്ക് മനോഹരമായ കവിതകളുടെ രൂപം നൽകി നിനക്ക് അയച്ചു തന്നിരുന്ന ആ ശില്പി ഞാനായിരുന്നു. അവൻ പ്രണയിച്ചത് നിന്റെ ബാഹ്യസൗന്ദര്യത്തെ മാത്രമായിരുന്നു. എന്നാൽ, ആ കവിതകളിലൂടെ നിന്റെ ഉള്ളിലെ ആത്മാവിനെ പ്രണയിച്ചത് അർജുനായിരുന്നില്ല… ഞാനായിരുന്നു!”
നിഹാരികയുടെ മുഖത്തെ ഗൗരവം പതുക്കെ മാറി. ഞാൻ തുടർന്നു:
“അവൻ ആത്മഹത്യ ചെയ്തത് മാത്രമേ നീ അറിഞ്ഞുള്ളൂ. അന്ന് നിന്റെ വിവാഹം ഉറപ്പിച്ചപ്പോൾ, ആ വേദന താങ്ങാനാവാതെ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് അർജുനായിരുന്നില്ല നിഹാരിക… ഞാനായിരുന്നു! എൻ്റെ കൈത്തണ്ടയിലെ ഈ ആഴത്തിലുള്ള പാട് കണ്ടോ? അന്ന് മരണത്തിൽ നിന്ന് എന്നെ ആരാണ് രക്ഷപ്പെടുത്തിയതെന്നോ ആശുപത്രിയിലാക്കിയതെന്നോ എനിക്കറിയില്ല. നിന്നെ മറക്കാൻ വേണ്ടി നാടുവിട്ടു പോകുകയായിരുന്നു ഞാൻ. നീ എന്റേതാകില്ലെന്ന് ഉറപ്പായപ്പോൾ, നിന്റെ സന്തോഷത്തിന് വേണ്ടി മാത്രമാണ് അന്ന് ഞാൻ മാറിനിന്നത്. ആരും അന്ന് നിന്നെ അധിക്ഷേപിച്ചിട്ടില്ല… നിന്റെ ഓർമ്മകളിൽ ഞാൻ ഒരു വില്ലനാകാതിരിക്കാൻ ഞങ്ങൾ സത്യങ്ങൾ മറച്ചുവെച്ചതാണ്. അവൻ ലഹരിക്ക് അടിമയായിരുന്നു എന്ന കാര്യം പോലും ഇന്നാണ് നിന്നിലൂടെ ഞാൻ അറിയുന്നത്.”
ആ ഓഫീസ് മുറിയിൽ പെട്ടെന്ന് ശ്വാസം അടക്കിപ്പിടിച്ച നിശബ്ദത പടർന്നു.
മഹാഭാരതത്തിൽ ദ്രൗപതിയെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും ചരിത്രത്തിന്റെ ഏടുകളിൽ ഒന്നുമല്ലാത്തവനായി മാറിനിന്ന ഭീമന്റെ അതേ ‘രണ്ടാംമൂഴം’ ആയിരുന്നു എന്റെ ജീവിതവും എന്ന് അവൾക്ക് മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല.
“നീ സ്നേഹിക്കുന്നവന്റെ ദൂതനായിരുന്നു ഞാനെങ്കിലും, നിനക്കെഴുതിയ ഓരോ വരിയിലും എൻ്റെ ഹൃദയം നിറയെ നിന്നോടുള്ള പ്രണയമായിരുന്നു. നിന്നോട് പറയാതെ പോയ ആ പ്രണയത്തിന്റെ അവശേഷിപ്പ് എന്നിൽ മാത്രം നിൽക്കട്ടെ. പറയണം എന്ന് കരുതിയതാണ്, പക്ഷെ കഴിഞ്ഞില്ല.”
തന്റെ മുന്നിൽ നിൽക്കുന്നത് പ്രതികാരദാഹിയായ ഒരു ശത്രുവല്ല, മറിച്ച് തന്റെ സന്തോഷത്തിന് വേണ്ടി സ്വന്തം പ്രണയം ബലികൊടുത്ത ആളാണെന്ന സത്യം തിരിച്ചറിഞ്ഞ്, എന്ത് പറയണമെന്നറിയാതെ കണ്ണുനിറഞ്ഞ് നിഹാരിക തളർന്നിരുന്നു.
“നിന്റെ സന്തോഷമാണ് എനിക്ക് വലുത്. നിനക്ക് നല്ലൊരു സുഹൃത്തായി ഇനി ഞാൻ ഉണ്ടാകും. പിന്നെ… എനിക്കൊരു മാലാഖക്കുഞ്ഞുണ്ട്, അവളുടെ പേര് ‘താര്വി’ എന്നാണ്. അന്ന് നീ എഴുതിയ പ്രണയലേഖനത്തിൽ നിന്റെ സങ്കൽപ്പത്തിലെ മകൾക്ക് നൽകാൻ ആഗ്രഹിച്ച അതേ പേര്! ആ കത്തെഴുതിയത് ഞാൻ ആണെന്ന് നിനക്കറിയില്ലായിരുന്നല്ലോ… ഇപ്പോൾ എന്റെ മനസ്സിന് വലിയ ആശ്വാസമുണ്ട്. നിന്റെയും എന്റെയും രണ്ടാംമൂഴം ഇവിടെ തുടങ്ങുകയാണ്…”
‘
#കൂട്ടാക്ഷരങ്ങൾ #എന്റെരചന #രണ്ടാംമൂഴം


3 Comments
👌♥️
Nice 🥰❤️👌
Thanks🥰🥰