അതെ… ഇത് ഒരു അനുഭവം.
ഡോക്ടർ ആയ ഞാൻ എന്നത്തേത് പോലെ രാവിലത്തെ ജോലിയൊക്കെ കഴിഞ്ഞ് ഹോസ്പിറ്റലിലേക്ക് പോവാൻ ഒരുങ്ങി. കാർ തിരിച്ച് ഇടവഴിയിലേക്ക് കയറ്റി. തൊട്ടടുത്ത വീട്ടിൽനിന്ന് ഉച്ചത്തിലുള്ള നിലവിളി. വർഷങ്ങളായി അടുത്ത താമസിക്കുന്നവരാണ്. അമ്മയും മകളുമാണ് അന്ന് വീട്ടിലുണ്ടായിരുന്നത്. മോൾക്കൊരു ചെറിയ കുഞ്ഞുണ്ട്. മൂന്ന് വയസ്സ് മാത്രം പ്രായം. ഐടി ജീവനക്കാരി ആയതുകൊണ്ട് രാത്രി വൈകി ഒക്കെ ജോലി ചെയ്യുന്ന പെൺകുട്ടി. സൗകര്യത്തിനുവേണ്ടി ചിലപ്പോൾ വീട്ടിൽ വന്ന് കുഞ്ഞുമായി നിൽക്കുന്നതാണ്.
ഒച്ച കേട്ടപ്പോൾ പെട്ടെന്ന് കാർ ഇടവഴിയിൽ തന്നെ നിർത്തി ഞാൻ വീട്ടിലേക്ക് ഓടിക്കയറി. ആ ചെറിയ കുട്ടി യാതൊരു ബോധവുമില്ലാതെ വായിൽ നിന്ന് അല്പം നുരയും പാതയും ഒക്കെ വരുന്നുണ്ട്.. കിടക്കുന്നു. ഉടൻതന്നെ വാ വിട്ടു നിലവിളിക്കുന്ന ആ പെൺകുട്ടിയുടെയും അമ്മയുടെയും അടുത്തുനിന്ന് കുട്ടിയെ വാങ്ങി കാറിലേക്ക് കീടത്തി, അവരുമായി ഞാൻ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് അതിവേഗത്തിൽ കാർ വിട്ടു. തൊട്ടടുത്താണ് അത്യാവശ്യം എല്ലാ സൗകര്യവും ഉള്ള ഹോസ്പിറ്റലിൽ. പിന്നെ പ്രാഥമിക ചികിത്സയും എല്ലാം നൽകി. കുട്ടിക്ക് ബോധം വന്നു കരയാൻ തുടങ്ങി. എല്ലാവർക്കും ആശ്വാസവുമായി.
എല്ലാം അല്പം സമാധാനം ആയപ്പോഴാണ് ഞാൻ കാര്യം അന്വേഷിക്കുന്നത്. അമ്മ ഉറങ്ങിപ്പോയിരുന്നു. കുഞ്ഞ് ആകട്ടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കട്ടിലിൽ. രാത്രി ഏറെ നേരം ലാപ്ടോപ്പുമായി മല്ലിട്ടതിനു ശേഷം ഉറങ്ങിപ്പോയതാണ് പാവം. ഒരു നിമിഷം എന്തോ ഭാഗ്യം കൊണ്ട് ആ അമ്മ ഉണർന്ന് അടുത്തേക്ക് നോക്കിയപ്പോൾ കുഞ്ഞിൻറെ തല ബെഡിന്റെ സൈഡിൽ പിന്നോട്ട് തൂങ്ങി കിടക്കുകയാണ്. അപ്പോഴാണ് വാവിട്ട് കരഞ്ഞുകൊണ്ട് കുട്ടിയെ അവൾ എടുത്ത് ഓടിയത്.
കഴുത്ത് വല്ലാതെ പിന്നോട്ട് വളഞ്ഞ് കുട്ടി കിടന്നതുകൊണ്ട് തലച്ചോറിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് നിലച്ചു പോയതാണ് കാരണം. ആ ഒരു നിമിഷം അത് കണ്ടില്ലായിരുന്നെങ്കിൽ ആ കുഞ്ഞിനെ നഷ്ടപ്പെടുമായിരുന്നു. ഇനിയും ആയുസ്സുള്ളതുകൊണ്ടായിരിക്കാം അമ്മയ്ക്ക് പെട്ടെന്ന് അത് നോക്കാൻ തോന്നിയത്.
ആ അവസ്ഥ ഓർത്ത് ആ പെൺകുട്ടി വാവിട്ട് കരയുകയും കുഞ്ഞിനെ കെട്ടിപ്പിടിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഞാനും വല്ലാതെ ആയിപ്പോയി. എനിക്കുമുണ്ട് കുറച്ചുകൂടി മുതിർന്ന ഒരു പേരക്കുട്ടി. ഭയങ്കര വികൃതി. ഉടൻ മരുമകളെ വിളിച്ച് ഞാൻ ഇത് പറഞ്ഞു,. സൂക്ഷിക്കണം എല്ലാം സൂക്ഷിക്കണം മോളെ എന്ന്.
ഒരു നിമിഷത്തിൻ്റെ വില വലുതാണ്.. എത്രയോ ഇങ്ങനത്തെ അനുഭവം രോഗികളിൽ നിന്നും കേട്ടിരുന്നെങ്കിലും, നേരിട്ടുള്ള അനുഭവം ആദ്യമായി.
– സുധി
#ഒരു നിമിഷം വൈകിയിരുന്നെങ്കിൽ

