നിലാവിനെ പുണർന്ന് യമുന ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു. തീരത്തെ ചാരുബെഞ്ചിൽ എന്റെ മടിയിൽ തല ചായ്ച്ച് ദൂരെ തിളങ്ങി നിൽക്കുന്ന താജ്മഹലിനെ നോക്കികൊണ്ട് അവൾ കിടന്നു.
“വിനീത്, വിധിയുടെ ഓരോ കളികൾ. ഇങ്ങനെയൊരു രണ്ടാമൂഴം നമുക്ക് കിട്ടുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല. “
അവളുടെ ശിരസ്സിൽ മെല്ലെ തഴുകിക്കൊണ്ട് ഞാൻ പറഞ്ഞു. “അതെ, നമ്മുടെ പ്രണയത്തിന്റെ തീവ്രത തന്നെയാണ് വീണ്ടും നമ്മെ ഒന്നിപ്പിച്ചത്. യാത്രകൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന എന്റെ പെണ്ണിനെ ഞാൻ ലോകം മുഴുവൻ കാണിക്കും. ”
അവൾ എന്റെ കൈകളിൽ മുറുകെ പിടിച്ചു.
“ദേ, നേരം ഒത്തിരി ഇരുട്ടി. തണുപ്പ് കൂടി വരുന്നുണ്ട്. നമുക്ക് റൂമിൽ പോയാലോ.” അവൾ ചോദിച്ചു.
ഞങ്ങൾ മുറിയിലെത്തി കമ്പിളിക്കുള്ളിൽ കടന്നു. യാത്രയുടെ ക്ഷീണം കൊണ്ടാകാം ശാന്തി പെട്ടെന്ന് ഉറങ്ങി. ജീവിതം തിരിച്ചു പിടിച്ചതിന്റെ സന്തോഷം അപ്പോഴും അവളുടെ മുഖത്ത് തിളങ്ങി നിന്നു.
എനിക്ക് ഉറക്കം വന്നില്ല. സത്യത്തിൽ ഈ രണ്ടാമൂഴത്തെ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. മനസ്സ് വളരെ പിന്നിലേക്ക് പോയി.
വർഷങ്ങൾക്കു മുൻപ്, പ്രീഡിഗ്രി ക്ലാസ്സിലെ ആദ്യ ദിനത്തിലാണ് ശാന്തിയെ ആദ്യമായി കാണുന്നത്. ക്ലാസ്സിലേക്ക് കയറി വന്ന അവൾ എന്റെ മനസ്സിലേക്കും കൂടിയാണ് കടന്നു വന്നത്. ആദ്യദർശനത്തിലെ പ്രണയം ഞാൻ അന്ന് അനുഭവിച്ചു.
ആദ്യമൊക്കെ അകന്നു നിന്നുവെങ്കിലും പതിയെ അവൾ എന്റെ പ്രണയത്തെ സ്വീകരിച്ചു. രണ്ട് വർഷം കൊണ്ട് പിരിയാനാകാത്ത വിധം ഞങ്ങൾ അടുത്തു.
പ്രീ ഡിഗ്രി റിസൾട്ട് വന്ന സമയത്ത് തന്നെ അച്ഛന് നാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടി. ലാൻഡ് ഫോൺ പോലും അപൂർവമായിരുന്ന അക്കാലത്തു വിവരങ്ങൾ പരസ്പരം അറിയിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഞാൻ നാട്ടിലെ എൻജിനീയറിങ് കോളേജിൽ ചേർന്നു. പിരിഞ്ഞപ്പോഴാണ് ഞങ്ങളുടേത് ഒരു ടീനേജ് പ്രണയം അല്ലായിരുന്നുവെന്ന് എനിക്ക് മനസ്സിലായത്. മനസ്സ് വല്ലാതെ പിടയുകയായിരുന്നു. അവസാനം ഒരു സുഹൃത്ത് വഴിയാണ് അവൾ അവിടെ ഡിഗ്രിക്ക് ചേർന്നുവെന്ന് അറിഞ്ഞത്. കോളേജിലേക്ക് ഞാൻ ഒരു കത്തയച്ചു. ഉടൻ തന്നെ ശാന്തിയുടെ മറുപടിയും വന്നു. പിന്നെ കത്തുകളിലൂടെ ഞങ്ങളുടെ പ്രണയം തുടർന്നു.
എന്റെ അച്ഛൻ വളരെ കർശനക്കാരൻ ആയിരുന്നു. അതുകൊണ്ട് അപൂർവമായി മാത്രമേ ശാന്തിയെ കോളേജിൽ പോയി കാണാൻ പറ്റിയിരുന്നുള്ളൂ. എന്നിട്ടും ഞങ്ങൾ പ്രണയിച്ചു കൊണ്ടേയിരുന്നു.
വർഷങ്ങൾ കഴിഞ്ഞു. നല്ല രീതിയിൽ എഞ്ചിനീയറിംഗ് പാസ്സായ എനിക്ക് കേന്ദ്ര സർക്കാരിന്റെ ഒരു പ്രോജെക്ടിൽ ജോലിയായി. കർണാടകത്തിലെ ഒരു ഉൾപ്രദേശത്തെ ക്യാമ്പസിലായിരുന്നു പോസ്റ്റിങ്ങ്. അവൾ അന്ന് MSc കഴിഞ്ഞ് B Ed ന് പഠിക്കുന്നു. വീട്ടിൽ നിന്ന് അകന്നു നിൽക്കുന്നത് കൊണ്ട് എനിക്ക് ഇടക്കൊക്കെ അവളെ പോയി കാണാൻ പറ്റിയിരുന്നു.
വീട്ടുകാർ സമ്മതിച്ച് കല്യാണം നടക്കില്ലെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നല്ലോ. വലിയ ബിസ്സിനസ്സ്കാരായ അവളുടെ കുടുംബത്തിന് സാധാരണക്കാരനായ എന്നെ ഒരിക്കലും അംഗീകരിക്കാനാവില്ല. എന്നെ സംബന്ധിച്ചാണെങ്കിൽ അതിലും വലിയൊരു പ്രശ്നമുണ്ട്. എല്ലാവരെയും അടക്കി ഭരിക്കുന്ന അച്ഛന് ഏറ്റവും ഇഷ്ടം അതേപോലെ കർശനക്കാരിയായ ഇളയ പെങ്ങളെയാണ്. അച്ഛനും അപ്പച്ചിയും കൂടി അവരുടെ മകൾ ദിവ്യയെ എന്നെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു വച്ചിരിക്കയാണെന്ന് അമ്മ പറഞ്ഞ് ഞാൻ അറിഞ്ഞു. തന്നിഷ്ടക്കാരിയും വായാടിയുമായ ദിവ്യയെ അമ്മക്കിഷ്ടമില്ലായിരുന്നെങ്കിലും അച്ഛന് മുൻപിൽ അമ്മയുടെ വാക്കുകൾക്ക് ഒരു വിലയുമില്ലായിരുന്നു. എനിക്ക് ജോലിയായതു കൊണ്ടും അവൾ ഡിഗ്രി പഠിത്തം കഴിഞ്ഞത് കൊണ്ടും വിവാഹം ഉടൻ നടത്താൻ അവർ ആങ്ങളയും പെങ്ങളും കൂടി തീരുമാനിച്ചുവെന്ന് അമ്മ വിളിച്ചു പറഞ്ഞു.
ഉടൻ തന്നെ ഞാൻ ശാന്തിയെ കണ്ടു. വിവാഹാലോചനകൾ വരുന്നതു കൊണ്ട് അവളും വിഷമത്തിലായിരുന്നു. ഇനി കാത്തിരുന്നാൽ ഞങ്ങൾക്ക് പിരിയേണ്ടി വരുമെന്ന് ഉറപ്പാണ്. എത്രയും പെട്ടെന്ന് രജിസ്റ്റർ മാര്യേജ് നടത്താമെന്ന് തീരുമാനിച്ചാണ് ഞങ്ങൾ പിരിഞ്ഞത്.
അത്യാവശ്യമായി ചില കാര്യങ്ങൾ സംസാരിക്കേണ്ടതു കൊണ്ട് ആ ആഴ്ചയവസാനം വീട്ടിലെത്തണമെന്ന് അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ സംഗതി എനിക്ക് മനസ്സിലായി. വീട്ടിലെത്തി ഉച്ചയൂണ് കഴിഞ്ഞപ്പോൾ ഞങ്ങളെ ഹാളിലേക്ക് വിളിച്ചു. ഞാൻ, അമ്മ. ഏട്ടൻ, ഏട്ടത്തി ഇത്രയും പേരാണ് അവിടെ ഉണ്ടായിരുന്നത്.
” വിനീത്, നിന്നെ സംബന്ധിച്ച ഒരു പ്രധാന കാര്യം തീരുമാനിക്കാനാണ് എല്ലാവരെയും വിളിച്ചത്. ഇതു വരെ നിങ്ങളുടെ കാര്യങ്ങളിലെല്ലാം തീരുമാനമെടുത്തിരുന്നത് ഞാനായിരുന്നല്ലോ. ഇത് നിന്റെ വിവാഹക്കാര്യമാണ്. രാധയുടെ മകൾ ദിവ്യയെ നിനക്ക് വിവാഹം കഴിച്ചു തരാൻ ഞങ്ങൾ ഒരു തീരുമാനമെടുത്തിട്ടുണ്ട്. നീ വല്ലനാട്ടിലും ഒറ്റക്ക് ജീവിക്കുകയല്ലേ. അവൾ ഡിഗ്രി കഴിഞ്ഞു. ഇനി പഠിക്കാനോ ജോലിക്കു പോകാനോ അവൾക്ക് തീരെ താൽപ്പര്യമില്ല. അപ്പോൾ വിവാഹം നീട്ടേണ്ട കാര്യമില്ലല്ലോ. നിനക്ക് എന്നത്തേക്ക് സൗകര്യപ്പെടും.” എല്ലാം തീരുമാനിച്ചുറപ്പിച്ച പോലെ അച്ഛൻ പറഞ്ഞു.
അമ്മ എന്തോ പറയാൻ ശ്രമിച്ചു. അദ്ദേഹം കൈ പൊക്കി തടഞ്ഞു.
“സുജാത ഒന്നും പറയേണ്ട. ഞാൻ വാക്ക് കൊടുത്തതാണ്. വിനീത് എന്നത്തേക്ക് വിവാഹം നടത്താൻ പറ്റും.” അച്ഛൻ വീണ്ടും ചോദിച്ചു.
ഇനി തുറന്നു പറഞ്ഞേ പറ്റൂ. ഞാൻ പതിഞ്ഞതെങ്കിലും ഉറച്ച ശബ്ദത്തിൽ പറഞ്ഞു തുടങ്ങി.
“ശരിയാണ്, എന്നും എന്റെയും ഏട്ടന്റെയും ജീവിതത്തിൽ അച്ഛന്റെ തീരുമാനങ്ങളെ നടന്നിട്ടുള്ളൂ. പക്ഷെ ഇത് വിവാഹമാണ്. അവിടെ എന്റെ താൽപര്യം കൂടി നോക്കേണ്ട അച്ഛാ.”
അച്ഛന്റെ മുഖം മുറുകുന്നത് കണ്ടു.
“ശരി, ഇനി നിന്റെ അഭിപ്രായം കേട്ടില്ലെന്നു വേണ്ട. അതായിരിക്കും അമ്മ മുൻപേ പറയാൻ തുടങ്ങിയത്. പറഞ്ഞോളൂ.”
“അന്ന്, ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ എനിക്കൊരു പ്രണയമുണ്ടായി. രണ്ടു വർഷം മാത്രമേ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നുള്ളൂ. പിന്നെ നമ്മൾ നാട്ടിലേക്ക് പോരുന്നില്ലേ. അകന്നിട്ടും ഞങ്ങളുടെ പ്രണയം ഇല്ലാതായില്ല. ശാന്തിയെ അല്ലാതെ മറ്റൊരാളെ എനിക്ക് ഭാര്യയായി സങ്കൽപ്പിക്കാൻ കൂടി കഴിയില്ല. ഈ പ്രണയം ഇല്ലായിരുന്നുവെങ്കിൽ ഇഷ്ടമില്ലെങ്കിലും അച്ഛന്റെ ആഗ്രഹപ്രകാരം ദിവ്യയെ ഞാൻ വിവാഹം കഴിക്കാമായിരുന്നു. നിര്ബന്ധിപ്പിച്ചു കല്യാണം നടത്തിയാൽ അവളുടെ ജീവിതം കൂടി ഇല്ലാതാകും. അതുകൊണ്ട് അച്ഛൻ ഞങ്ങളുടെ വിവാഹത്തിന് സമ്മതിക്കണം. ഇല്ലെങ്കിൽ ഞാനും ശാന്തിയും രജിസ്റ്റർ മാരിയേജ് കഴിച്ച് ഒന്നിച്ചു ജീവിക്കും.”
മുറിയിൽ ഒരു നിശ്ശബ്ദത പടർന്നു. പകച്ചതു പോലെയിരുന്ന അച്ഛൻ ഇത്തിരിനേരം കഴിഞ്ഞാണ് ശബ്ദിച്ചത്.
“അപ്പോൾ അങ്ങിനെയാണ് കാര്യങ്ങൾ. ആദ്യമായി നീയെന്നെ ധിക്കരിച്ചിരിക്കുന്നു. അത് പോട്ടെ, ഞാൻ എന്റെ പെങ്ങൾക്ക് കൊടുത്ത വാക്കിന് എന്തു വിലയാണുള്ളത്. കൊടുത്ത വാക്ക് പിൻവലിക്കാൻ എനിക്കൊരിക്കലും കഴിയില്ല. പിന്നെ ഞാൻ ജീവിച്ചിരിക്കുമെന്ന് ആരും കരുതേണ്ട.” അദ്ദേഹം ചാടിയെഴുന്നേറ്റ് അകത്തേക്ക് പോയി.
അതുവരെ എനിക്ക് അനുകൂലമായി നിന്ന അമ്മ കരഞ്ഞു കൊണ്ട് അടുത്തേക്ക് വന്നു. പിന്നെ എന്റെ കൈകൾ കൂട്ടിപ്പിടിച്ചു.
“മോനെ, ദിവ്യ നിനക്ക് ചേരുന്ന പെണ്ണല്ലെന്ന് അമ്മക്കറിയാം. പ്രണയിച്ച പെൺകുട്ടിയെ നീ കല്യാണം കഴിക്കുന്നതാണ് എനിക്കിഷ്ടവും. പക്ഷെ, അച്ഛനെ നിനക്കറിയില്ലേ. കൊടുത്ത വാക്ക് തെറ്റിക്കേണ്ടി വന്നാൽ, അതും രാധയോട്, അച്ഛൻ ജീവിച്ചിരിക്കില്ല. അതുറപ്പാണ്. അമ്മയും അദ്ദേഹത്തിന് പിറകെ പോയെന്നിരിക്കും. പിന്നെ നിനക്കും ശാന്തിക്കും ഒരു നല്ല ജീവിതമുണ്ടോ. ഒള്ളോള്ള കാലവും ആ കുറ്റബോധം നിന്നെ പിന്തുടരുകയില്ലേ. ഒരു പക്ഷെ നിങ്ങൾ പിരിയേണ്ടി പോലും വരും. അതുകൊണ്ട് മോൻ അച്ഛനെ അനുസരിക്ക്.”
ഏട്ടനും വരുംവരായ്കളെക്കുറിച്ച് വിശദമായി പറഞ്ഞു.
മുറിയിലെത്തിയ എനിക്ക് ഭ്രാന്തു പിടിച്ച പോലെ തോന്നി. കണ്ണടച്ചാൽ നിലത്തു വെള്ള വിരിച്ചു കിടത്തിയിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും ചലനമറ്റ ശരീരങ്ങളാണ് കാണുന്നത്. ഞാൻ ശാന്തിയെ വിവാഹം കഴിച്ചാൽ ഒരുപക്ഷെ, അതുസംഭവിച്ചെന്നിരിക്കും. പിന്നെ ഞങ്ങളുടെ ജീവിതത്തിൽ സമാധാനമുണ്ടോ. അവസാനം ഞാൻ ആ തീരുമാനത്തിലെത്തി. എല്ലാക്കാര്യങ്ങളും ശാന്തിയോട് പറഞ്ഞിട്ട് പിരിയുക. ജീവിതം ഇല്ലാതാകുമെന്ന് അറിഞ്ഞു കൊണ്ട് അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുക്കാം.
എല്ലാം പറഞ്ഞപ്പോൾ ശാന്തിയും പിരിയാനുള്ള തീരുമാനത്തോട് യോജിച്ചു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ദിവ്യ എന്റെ ഭാര്യയായി. ക്യാമ്പസിലെ ക്വാർട്ടേഴ്സിൽ ഞങ്ങൾ താമസമായി.
ദിവസങ്ങൾ കഴിയവേ ദിവ്യയുടെ ശരിയായ മുഖം പുറത്തു വന്നു. അഹങ്കാരത്തോടും തന്റേടത്തോടുമൊപ്പം സംശയ രോഗവും അവൾക്കുണ്ടായിരുന്നു. ഞാൻ ഏത് സ്ത്രീകളുമായി സംസാരിച്ചാലും അവരൊക്കെ എന്റെ കാമുകിമാരാണെന്ന് പറഞ്ഞ വീട്ടിൽ വലിയ വഴക്കുണ്ടാക്കും. ജീവിതം കൈവിട്ടുപോയ ഞാൻ നിസ്സംഗതയോടെ എല്ലാം കേട്ടിരിക്കും. കുട്ടികൾ ഉടൻ വേണ്ടെന്നതും അവളുടെ തീരുമാനമായിരുന്നു.
അങ്ങിനെ വർഷങ്ങൾ മൂന്ന് കഴിഞ്ഞു. അന്നൊരുദിവസം വൈകിട്ട് ഒരു സൂപ്പർ മാർക്കറ്റിൽ വച്ച് എന്റൊപ്പം എൻജിനീയറിങ്ങിന് പഠിച്ച ദീപയെ കണ്ടു. പണ്ടേ ബഹളക്കാരിയായ അവൾ ഓടിവന്ന് എന്നെ ഹഗ് ചെയ്തിട്ട് കിലുകിലാ സംസാരിക്കാൻ തുടങ്ങി. ദിവ്യ അനാവശ്യ സീൻ ഉണ്ടാകാതിരിക്കാൻ ഒരുവിധത്തിൽ ഞാൻ അവിടെനിന്ന് രക്ഷപ്പെട്ടു. അന്ന് വീട്ടിൽ വലിയ പുകിലായിരുന്നു. ഭദ്രകാളിയെപ്പോലെ അവൾ ഉറഞ്ഞു തുള്ളി. സഹനത്തിന്റെ നെല്ലിപ്പലക കണ്ട ഞാൻ അപ്പോൾ വിട്ടുകൊടുത്തില്ല.
“അതെ, എനിക്ക് ഒരു പ്രണയിനി ഉണ്ടായിരുന്നു. അത് ദീപയോ നീ കണ്ടുപിടിച്ചിട്ടുള്ളവരുമോ അല്ല. അവളിന്നും എന്റെ മനസ്സിലുണ്ട്. എന്റെ കണ്ണടയും വരെ അവൾ മാത്രമാണ് എന്റെ കാമുകി. അച്ഛന്റെ വാക്ക് സഫലമാക്കാൻ വേണ്ടിയാണ് ഞാൻ നിന്നെ വിവാഹം കഴിച്ചത്.”
പിന്നെ ദിവ്യ ഒന്നും മിണ്ടിയില്ല. പിറ്റേന്ന് അവൾ നാട്ടിലേക്ക് വണ്ടി കയറി. രണ്ടു ദിവസം കഴിഞ്ഞ് ഞാനും വീട്ടിലെത്തി. അച്ഛൻ നടത്തുന്ന ഒരു സന്ധി സംഭാഷണം ഞാൻ പ്രതീക്ഷിച്ചിരുന്നു. ഇനി ഞാൻ വഴങ്ങില്ലെന്നും തീരുമാനിച്ചിരുന്നു .
പക്ഷെ മറിച്ചാണ് സംഭവിച്ചത്.
“വിനീത്, സംഭവിച്ചതെല്ലാം ദിവ്യ വന്നു പറഞ്ഞു. ഇനിയവൾ നിന്നോടൊപ്പം ജീവിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ഒരിക്കൽ എന്റെ വാശി കൊണ്ടാണ് നിന്റെ ജീവിതം നഷ്ടപ്പെട്ടതെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നുണ്ട്. നിങ്ങൾ പിരിയുന്നതാണ് നല്ലത്.” അച്ഛന്റെ കണ്ണുകളിൽ അപ്പോൾ കുറ്റബോധം നിറഞ്ഞു നിന്നു.
ഞാൻ അത്ഭുതത്തോടെ അച്ഛനെ നോക്കി.
അങ്ങിനെ ഞങ്ങളുടെ ഡിവോഴ്സ് നടന്നു. രക്ഷപ്പെട്ട പ്രതീതിയായിരുന്നു എനിക്ക്. ആറുമാസം കഴിഞ്ഞു കാണും. വീക്കെൻഡിൽ അത്യാവശ്യമായി വീട്ടിൽ വരണമെന്ന് അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ അടുത്തത് എന്ത് പുലിവാലായിരിക്കുമെന്ന് ഞാൻ മനസ്സിലോർത്തു.
ഏറെ സന്തോഷത്തോടെയാണ് വീട്ടുകാർ എന്നെ സ്വീകരിച്ചത്. ഊണ് കഴിഞ്ഞ പഴയതു പോലെ അച്ഛൻ എല്ലാവരെയും സ്വീകരണമുറിയിൽ വിളിച്ചിരുത്തി.
“വിനീത്, ഒരിക്കൽ അനാവശ്യ വാശി കൊണ്ട് ഞാൻ നിന്റെ ജീവിതം നശിപ്പിച്ചു. അതിനൊരു പ്രായശ്ചിത്തം ചെയ്യാൻ കാലം എനിക്ക് വഴിയൊരുക്കി. നിന്റെ പഴയ കൂട്ടുകാർ വഴി ഞങ്ങൾ ശാന്തിയെ കണ്ടുപിടിച്ചു. സ്കൂൾ അധ്യാപികയായ അവൾ ജീവിതത്തിൽ ഇനിയൊരു വിവാഹമില്ല എന്ന നിലപാടിലായിരുന്നു.പക്ഷെ നിന്റെ ഇപ്പോഴത്തെ അവസ്ഥ ആ കുട്ടിയെ വല്ലാതെ വേദനിപ്പിച്ചു. എല്ലാ കുറ്റങ്ങളും ഏറ്റു പറഞ്ഞ് ക്ഷമ ചോദിച്ചപ്പോൾ നിന്നോടൊത്തൊരു പുതിയ ജീവിതത്തിന് അവൾ സമ്മതിച്ചു. അവളുടെ വീട്ടുകാർക്കും എതിർപ്പില്ല. എല്ലാം തീരുമാനിച്ചിട്ട് ഈ രണ്ടാമൂഴത്തിന്റെ വിവരം നിന്നെ അറിയിക്കാമെന്ന് കരുതി. ഇനിയൊരു നിരാശ ഉണ്ടാകരുതല്ലോ.” അച്ഛന്റെ മിഴികളിൽ ഒരു നിറകൺചിരി തിളങ്ങി .
എന്തിനേറെ പറയുന്നു. രണ്ടു വീട്ടുകാരുടെയും സാന്നിധ്യത്തിൽ ഒരു ചെറു ചടങ്ങിൽ വച്ച് ഞാൻ ശാന്തിയുടെ കഴുത്തിൽ താലി ചാർത്തി.
ആദ്യരാത്രിയിൽ മാറിൽ ചേർന്ന് കിടക്കുന്ന ശാന്തിയോട് ഞാൻ ചോദിച്ചു.
“യാത്രകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന നിന്നെ ലോകം മുഴുവൻ കാണിക്കാമെന്ന് പണ്ട് ഞാൻ പറയുമായിരുന്നില്ലേ. ഈ രണ്ടാമൂഴത്തിൽ നിനക്ക് ആദ്യമായി എവിടെയാണ് പോകേണ്ടത്. “
അവൾ ഇത്തിരി നേരം ആലോചിച്ചു. പിന്നെ ആർദ്രമായ ഒച്ചയിൽ പറഞ്ഞു.
“ആഗ്രയിൽ, യമുനാതീരത്ത് നിന്റെ മടിയിൽ തല ചായ്ച്ച് പ്രണയത്തിന്റെ ആ സ്മാരകം എനിക്ക് കാണണം.”
ഇന്ന് ആ ആഗ്രഹം സാധിച്ചു. മയങ്ങിക്കിടക്കുന്ന ശാന്തിയുടെ മുഖത്തേക്ക് ഞാൻ നോക്കി. പിന്നെ, സ്വപ്നസാഷാത്ക്കാരത്തിന്റെ നിർവൃതി നിറഞ്ഞു നിൽക്കുന്ന ആ മുഖം മെല്ലെ തലോടി.
#എന്റെരചന#കൂട്ടക്ഷരങ്ങൾ #രണ്ടാമൂഴം

