രണ്ടാമനായി ജനിച്ചപ്പോൾ ആശ്വസിച്ചു. തന്റെ മുന്നിൽ ഒരാളുണ്ടല്ലോ. അയാൾക്കാണല്ലോ എല്ലാറ്റിനും ഉത്തരവാദിത്വം! തനിയ്ക്ക് പുറകെ അങ്ങനെ തൊട്ടും പിടിച്ചും നിന്നാൽ മതി. കയ്യിൽ നിന്നും ഒന്നും എടുത്തു ചിലവ് ചെയ്യേണ്ട കാര്യമില്ല. അമ്മയേയും അച്ഛനേയും നോക്കണം എന്നൊക്കെ നാട്ട് നടപ്പ് പറയുന്നത് കാര്യമാക്കേണ്ട. അവരെ നോക്കുമ്പോൾ അവരുടെ പേരിലുള്ളതും കൂടി അടിച്ചെടുക്കാമല്ലോ! പിന്നെ ഒരു തീർത്ഥാടനം. രണ്ട് പേരേയും രണ്ട് അമ്പലങ്ങളിൽ ആക്കി സൂത്രത്തിൽ മുങ്ങണം. പിന്നീട് നാട്ടിൽ പൊങ്ങാതിരുന്നാൽ മതിയല്ലോ!
ഇതൊക്കെ വെറും ചിന്തകളാണ്. ജനിച്ച ഉടനെ ഇങ്ങനെയൊക്കെ ചിന്തിച്ചു തലപുണ്ണാക്കിക്കളയും എന്നൊന്നും ആരും ധരിച്ചു കളയരുത്.
രണ്ടാമൂഴമായി ജനിച്ച നിത്യനിരാമയന് വയസ് ഇരുപത്. അതിലും മൂത്ത ദശാവതാരരൂപന് വയസ് ഇരുപത്തിയെട്ട്.
ടിയാൻ ബുദ്ധിമുട്ടി പഠിച്ച് ഡിഗ്രിയും പോസ്റ്റ് ഗ്രാജ്വേഷനുമൊക്കെ എടുത്തു. ഇപ്പോൾ ഗവണ്മെൻ്റ് സർവ്വീസിൽ ജോലി കിട്ടി. നല്ല ശമ്പളവും കിമ്പളവും ഉണ്ടെന്നാണ് കേൾവി.
അസൂയയും കുശുമ്പും ആണെന്ന് പറയുന്നവരുമുണ്ട്.
എന്തായാലും ദശാവതാരൻ സ്വന്തം കാര്യം നന്നായി നോക്കുന്നുണ്ട്. വീട്ടിലെ കാര്യങ്ങളും നോക്കുന്നുണ്ട്. അത് കൊണ്ടെന്താ രണ്ടാമൻ നിത്യനിരാമയന് ഇരുപത് വയസ്സ് വരെ അടിപൊളി ആയി ജീവിക്കാൻ പറ്റി. അതിനിടെ തോറ്റു തോറ്റ് ആണെങ്കിൽ കൂടി ഒരു ഡിഗ്രിയൊക്കെ സ്വന്തമാക്കിയിരുന്നു. പുറത്ത് എവിടേയും ജോലിക്ക് പോകാൻ അവന് പണ്ടേ ഇഷ്ടമല്ല.സ്വന്തം സ്ഥാപനം കൊണ്ട് നടന്നാൽ മതി. പക്ഷെ അച്ഛൻ പറഞ്ഞിട്ട് അവൻ കേൾക്കാതെ നടക്കുകയാണ് ചെയ്തത്.അടിച്ചു പൊളിച്ചു ജീവിക്കാൻ ഇപ്പോഴേ പറ്റുള്ളൂ.
ഇനി അങ്ങനെ മേലനങ്ങാതെ പറ്റുമോ എന്ന് അറിയില്ല. കാരണം ദശാവതാരൻ പെണ്ണ് കെട്ടാൻ പോകുന്നു. സീതാമഹേശ്വരിയെന്നാണ് പേര്. ഈ വിചിത്രമായ പേര് കേട്ട് ഞെട്ടണ്ട. ഇവിടെയും അത് പോലെ തന്നെയാണല്ലോ പേരുകൾ!
ചേടത്തിഅമ്മ കയറിവന്നതോടെ വീട്ടിൽ പുതിയ ചില നിയമങ്ങൾ പാസ്സാക്കി.
ആർക്കും വെറുതെ പുട്ടടിയ്ക്കാൻ ഇനി പറ്റില്ല. പണിയെടുത്ത് എല്ല് മുറിയെ തിന്നുന്നവർക്ക് നിരോധനമില്ല. അല്ലാതെ കാലത്ത് മുതൽ രാത്രി വരെ തേരാ പാര നടക്കുന്നവർക്ക് നോ രക്ഷ!
” ഇത് എന്നെ തന്നെ കണക്കാക്കി കൊണ്ട് വന്ന നിയമമാണ്! എനിക്ക് വിയർപ്പിൻ്റെ അസുഖമാണ് എന്ന കാര്യം ചേട്ടത്തിഅമ്മ കണ്ട് പിടിച്ചു കഴിഞ്ഞു” രണ്ടാമൻ നിത്യൻ മനസ്സിൽ പറഞ്ഞു.
” ഒന്നുകിൽ എന്തെങ്കിലും ജോലി ചെയ്യണം. അല്ലെങ്കിൽ നാട് വിടണം. അല്ലെങ്കിൽ പട്ടിണി തന്നെ” നിത്യൻ എന്തായാലും പട്ടിണി കിടക്കുകയില്ല.എങ്ങനെയെങ്കിലും ഏത് പണി എടുത്തിട്ടായാലും അന്നന്നത്തെ കാര്യങ്ങൾ ഒപ്പിച്ചു പോരും.
അച്ഛന്റെ സ്വന്തം സ്ഥാപനത്തിൽ ജോലി കൊടുക്കാൻ അച്ഛന് മടിയാണ്. രണ്ട് ദിവസം കൊണ്ട് അത് പൂട്ടി കയ്യിൽ തരും. അതിനാൽ സുഹൃത്തിന്റെ സ്ഥാപനത്തിൽ താല്ക്കാലികമായി നിന്ന് ജോലി പഠിക്കാൻ ആണ് അച്ഛൻ നിർദ്ദേശിച്ചത്. പൂട്ടിയ്ക്കുകയാണെങ്കിൽ അതല്ലേ പൂട്ടിയ്ക്കൂ എന്ന ഒരു ഗൂഢോദ്ദേശ്യം അതിൻ്റെ പിന്നിൽ ഇല്ലേ എന്നൊരു സംശയം ഇല്ലാതില്ല.
നിത്യൻ എല്ലാവരുടേയും കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് പണി പഠിക്കാൻ തുടങ്ങി. ചെറിയ തോതിൽ ശമ്പളവും കിട്ടി തുടങ്ങിയപ്പോൾ നിത്യൻ വിചാരിച്ചു.” ഇത് കൊള്ളാമല്ലോ. സ്വയം ജോലി ചെയ്തു നാല് കാശ് ഉണ്ടാക്കുന്നതിന് ഒരു വിലയൊക്കെ ഉണ്ട്. ഇത് തുടരാം”
പിന്നീട് സ്വന്തം സ്ഥാപനം കൊണ്ട് നടക്കാൻ അത് ഒരു വഴികാട്ടിയായി.
എന്തായാലും ചേട്ടൻ വിവാഹം കഴിച്ചത് കൊണ്ട് ഗുണം ഉണ്ടായത് അനിയനാണ്. മടി മാറ്റിയെടുക്കാനും ജീവിതം ഒരു അടുക്കും ചിട്ടയും അച്ചടക്കവും നിയന്ത്രണവും ഒക്കെ ഉണ്ടാക്കാനുള്ള ഒരു മാർഗം ഉപയോഗിക്കാം എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
വിവാഹം കഴിഞ്ഞതോടെ ദശാവതാരൻ തറവാട്ടിൽ നിന്ന് താമസം മാറി. സ്വന്തമായി ഒരു വീട് പണിത് മാറാനുള്ള സമയം മാത്രമേ അതിനു വേണ്ടി വന്നുള്ളൂ. “ഇപ്പോൾത്തന്നെ എന്തിന് മാറുന്നു?” എന്ന് അച്ഛനും അമ്മയും ചോദിച്ചു.
” വിവാഹം കഴിഞ്ഞാൽ മാറുക തന്നെ നല്ലത്. നിത്യൻ ഉണ്ടല്ലോ. അവൻ തറവാട്ടിൽ നില്ക്കട്ടെ. ജോലിക്ക് പോകുന്നില്ലല്ലോ അവൻ. സ്വന്തം ബിസിനസ് നടത്താൻ അവന് സൗകര്യവുമായി.”
ഗംഭീരമായി ആഘോഷിച്ച് പുതിയ വീട്ടിൽ താമസമാക്കി ദമ്പതികൾ.
” ദേ പറഞ്ഞ പോലെ ഉത്തരവാദിത്വം തന്റെ തലയിൽ വച്ച് മുങ്ങി മൂത്തവൻ.” നിത്യൻ അച്ഛനോട് പറഞ്ഞു.
” അല്ല. എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടായാലേ നീ പഠിയ്ക്കൂ എന്ന് അവനറിയാം. അവൻ ചെയ്തത് എന്തായാലും നന്നായി” അച്ഛൻ്റെ അഭിപ്രായം അങ്ങനെയായിരുന്നു.
” എനിക്ക് അങ്ങനെ എല്ലാ ഉത്തരവാദിത്വങ്ങളും ചുമതലകളും എടുത്തു തലയിൽ വച്ച് അങ്ങനെ മിടുക്കനായി പോകണ്ട. അച്ഛനേയും അമ്മയേയും നോക്കുക എല്ലാവർക്കും ആകാം. അതിനാൽ ഒരാളെ അവൻ കൊണ്ട് പോകട്ടെ. അല്ല അവന് രണ്ടാളേയും വേണമെങ്കിൽ അങ്ങനെയുമാകാം ” നിത്യൻ തന്റെ നിലപാട് വ്യക്തമാക്കി.
” അച്ഛനും അമ്മയും എനിക്ക് അന്യരൊന്നുമല്ല എന്നാലും നിന്നെ അങ്ങനെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല. അമ്മയെ ഞാൻ കൊണ്ട് പോകാം. നീ അച്ഛനെ നോക്കി ഇവിടെ കഴിഞ്ഞോ.” ദശാവതാരൻ പറഞ്ഞു.
അതോടെ വീട്ടിൽ ഭക്ഷണം ഉണ്ടാക്കാൻ ആളില്ലാതായി. അച്ഛനും ആകെ ജീവിതം താളം തെറ്റി. സ്വയം ജോലിയൊന്നും ചെയ്യാതെ പഠിച്ച പുരുഷൻമാർക്ക് നല്ലൊരു പാഠമായി. ഹോട്ടൽ ഭക്ഷണം കഴിച്ച് രണ്ട് പേർക്കും അസുഖങ്ങൾ ആയപ്പോൾ അച്ഛൻ തന്നെ വിളിച്ചു പറഞ്ഞു.
” അതേ, ദശാവതാരൻ അങ്ങനെ സുഖിക്കേണ്ട. അമ്മയെ തിരിച്ചു കൊണ്ടു വരണം. നിനക്ക് നിൻ്റെ ഭാര്യയുണ്ടല്ലോ. അവൾക്ക് എന്തിന്റെ കുറവാണ്! ”
അമ്മയ്ക്ക് ദശാവതാരന്റെ വീട്ടിൽ പരമസുഖമായിരുന്നു. മരുമകൾ അങ്ങനെ അമ്മയെകൊണ്ട് പണിയൊന്നും എടുപ്പിച്ചിരുന്നില്ല. അച്ഛനും മകനും ഒരു പാഠം പഠിയ്ക്കട്ടെ എന്ന് കരുതി അവർ അവിടെ തന്നെ നില്ക്കാൻ തീരുമാനിച്ചു.
ഇവിടെ തിരക്കിട്ട് നിത്യന് പെണ്ണ് കാണൽ തുടങ്ങി. അധികവയസ്സ് ഒന്നും ആയിട്ടില്ല എങ്കിലും ഇപ്പോൾ ഫാഷൻ അങ്ങനെ ആണല്ലോ.
കുറേ ആലോചനകൾ വന്നതിൽ നിരവദ്യയാമിനിയുടെ ആലോചനയാണ് എല്ലാവർക്കും ഇഷ്ടമായത്. നിരവദ്യയാണെങ്കിൽ നല്ല സ്മാർട്ട് ഗേൾ. വലിയ സാമ്പത്തിക സ്ഥിതിയും.
വിവാഹം ആർഭാടമായി നടന്നുവെങ്കിലും അച്ഛനും മകനും അവൾക്ക് കൂടി ഭക്ഷണം ഉണ്ടാക്കി കൊടുക്കേണ്ട ചുമതല കൂടി വന്നു ചേർന്നു.
അവളാണെങ്കിൽ നിത്യന്റെ ഓരോകാര്യങ്ങളിലും ഇടപെടാൻ തുടങ്ങി. പോരാത്തതിനു അമ്മായി അച്ഛൻ പറഞ്ഞത് പോലെ മാത്രമേ നടക്കാവൂ എന്ന നിലയിൽ എത്തിയപ്പോൾ ഏത് നേരത്താണാവോ ഈ കുരിശിനെ ചുമക്കാൻ തോന്നിയത് എന്ന് ആലോചിച്ചു പശ്ചാത്താപവിവശനായി. നിത്യന്റെ അച്ഛൻ കടലിനും ചെകുത്താനും ഇടയിൽ പെട്ട പോലെയായി. നിത്യന്റെ അമ്മാനച്ഛൻ പറയുന്നത് കേട്ട് നടക്കണം. മരുമകൾ പറയുന്നത് കേൾക്കണം. മകന്റെ കഴിവില്ലായ്മയും കാണണം.
എല്ലാ വിധ ഉത്തരവാദിത്വവും വേണ്ട എന്ന് വച്ച് വല്ല കാശിയ്ക്കും പോയാലോ എന്നാണ് നിത്യന്റെ നിത്യേനയുള്ള ആലോചന.
” നീ കാശിയ്ക്ക് പോകുന്നുണ്ടെങ്കിൽ ഞാനും ഉണ്ട് കൂടെ.” എന്നാണ് അച്ഛന്റേയും അഭ്യർത്ഥന.
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#വിഷയം_രണ്ടാമൂഴം
#കഥ_രണ്ടാമന്റെ ദു:ഖങ്ങൾ
#രചന_രാമചന്ദ്രൻടിവി

