മൂസക്ക മോന്താലിലെ ആ ബസ്സ് ഷെൽട്ടറിൽ ഇരിപ്പുറപ്പിച്ചിട്ട് മണിക്കൂറുകളായി. എങ്ങോട്ടും പോകാനല്ല. ആരെയും കാത്തിരുക്കുകയുമല്ല. പകൽ വെളിച്ചം മുഴുവൻ അവിടെയിരുന്ന് വെറുതെ കണ്ടു തീർക്കുക എന്നത് മൂസക്കയുടെ ശീലമാണ്. ആകാശത്തിന്റെ നീലിമയെ കറുത്ത കാർമേഘങ്ങൾ ഒന്നൊന്നായി വന്നു മൂടാൻ തുടങ്ങിയിരിക്കുന്നു. ഒരു തണുത്ത കാറ്റ് ബസ്സ് ഷെൽട്ടറിലേക്കും അടിച്ചു കയറി. കാറ്റിനൊപ്പം മഴയും തകർത്തു പെയ്തു തുടങ്ങി. കാറ്റിലും മഴയിലും മൂസക്കയുടെ മുഖത്തേക്കും, ദേഹത്തേക്കും മഴത്തുള്ളികൾ തെറിച്ചു വീണു.
മഴയായാലും വെയിലായാലും ഇപ്പോൾ പകൽ മൂസക്ക വീട്ടിൽ ഇരിക്കാറില്ല. മനസ്സിന് സമാധാനം പുറത്താണ്. ഇവിടെ ഇരുന്നു റോഡിലൂടെ പോകുന്ന വാഹനങ്ങളും, ഒഴുകുന്ന പുഴയും, ഒപ്പം തന്റെ സമപ്രായക്കാരോട് സൊറ പറഞ്ഞും മോന്താൽ, അങ്ങാടിയിൽ കഴിച്ചു കൂട്ടുക. അതാണ് മനസ്സിന് ആശ്വാസം. വീടിനകത്ത് കയറുന്നത് പോലും ഇപ്പോൾ പേടിയാണ്. ആകെ ഉള്ള ആശ്വാസം എന്റെ പേരകുട്ടിയാണ്. എന്റെ മകൻ ബഷീറിന്റെ മോള്, ബുഷ്‌റ മോള്. ആ മോൾക്ക് മാത്രമേ ഇപ്പോൾ എന്നോട് സ്നേഹമുള്ളൂ.
എത്രയൊക്കെ ദുഃഖങ്ങൾ മനസ്സിൽ ഒതുക്കാൻ ശ്രമിച്ചാലും ചില സമയത്ത് ദുഃഖങ്ങൾ മനസ്സിൽ നിന്ന് അണപൊട്ടി ഒഴുകും. നമ്മള് യാത്ര ചെയ്യുന്ന വണ്ടിക്കും, നമ്മള് കയറുന്ന ഫ്ലാറ്റിന്റെ ലിഫ്റ്റിനുമെല്ലാം, ഇത്ര ഭാരത്തിൽ കൂടുതൽ ആളുകൾ കയറാൻ പാടില്ല എന്നൊരു കണക്കുണ്ട്. അത്പോലെ മനസ്സിനും ചില കണക്കുകൾ ഉണ്ട്. ദുഃഖങ്ങളുടെ ഭാരം താങ്ങാൻ പറ്റുന്നതിലും കൂടുതലായാൽ മനസ്സ് കൈ വിട്ടു പോകും.
അത്തരം സന്ദർഭങ്ങളിൽ, ആ ദുഃഖഭാരം നിയന്ത്രിക്കാൻ മനസ്സ് കണ്ടെത്തുന്ന ചില സൂത്രപണികൾ ഉണ്ട്. കുട്ടിക്കാലത്ത് സംഭവിച്ചതോ, സിനിമയിൽ കണ്ടതോ, അല്ലെങ്കിൽ സ്വന്തം ഭാവനയിൽ ക്രിയേറ്റ് ചെയ്തതോ ആയ എന്തെങ്കിലും തമാശകൾ ഓർത്ത് മനസ്സിൽ ചിരിക്കും. പക്ഷേ ആ ചിരി മനസ്സിന്റെ കണ്ണാടിയായ മുഖത്തേക്ക് പടരുന്നത് മൂസക്ക, അറിഞ്ഞിരുന്നില്ല.
എന്താ മൂസക്കാ തനിയെ ചിരിക്കുന്നത്. ആരെങ്കിലും അങ്ങനെ ചോദിക്കുമ്പോൾ ആണ്, ഞാൻ ചിരിക്കുന്നുണ്ട് എന്ന് മൂസക്ക തന്നെ അറിയുന്നത്.
പിന്നീട് പലരും ചോദിച്ചു എന്താ മൂസക്കാ നിങ്ങള് ഒറ്റക്ക് ചിരിക്കുന്നത്, ഒറ്റക്ക് സംസാരിക്കുന്നത്.
മനസ്സിൽ ചിരിക്കുന്നതും, മനസ്സിൽ സംസാരിക്കുന്നതും മൂസക്ക അറിയുന്നുണ്ട് എങ്കിലും, ആ ചിരി മുഖത്ത് പടരുന്നുണ്ട് എന്നും, മനസ്സിൽ സംസാരിക്കുന്നത് ശബ്ദമായി പുറത്ത് വരുന്നുണ്ട് എന്നും മറ്റുള്ളവർ പറയുമ്പോൾ ആണ് മൂസക്ക അറിയുന്നത്.
പടച്ചോനെ ഇനി എല്ലാരും എന്നെ ഭ്രാന്തൻ എന്ന് വിളിക്കുമോ?
അങ്ങനെ ആശങ്കപെട്ട് ഇരിക്കുമ്പോൾ ആണ്, ഒരു ദിവസം കട്ടിലിന്റെ അടിയിലെ പെട്ടിയിൽ നിന്ന് കുറച്ചു മാസ്‌ക്കുകൾ കിട്ടിയത്. കൊറോണ കാലത്ത് വാങ്ങി വെച്ചതാണ്. ഇപ്പോൾ അങ്ങാടിയിൽ പോകുമ്പോൾ മൂസക്ക മാസ്ക്ക് ധരിക്കാറുണ്ട്. താൻ ചിരിക്കുന്നത് ആൾക്കാർ കാണാതിരിക്കാൻ. എന്തായാലും ചിരി മനസ്സിന്റെ ആരോഗ്യത്തിനു നല്ലതാണല്ലോ. ആരും കാണാതെ മാസ്ക്കിനുള്ളിൽ ചിരിച്ചെങ്കിലും ഞാൻ എന്റെ ദുഃഖത്തിന്റെ ഭാരങ്ങൾ കുറക്കട്ടെ.
മനസ്സിന്റെ താളം തെറ്റിതുടങ്ങിയ ഭ്രാന്തൻ ചിരി മാസ്ക്കിനുള്ളിൽ ഒളിപ്പിക്കാൻ കഴിഞ്ഞെങ്കിലും, സ്നേഹിച്ചു പൊന്നു പോലെ വളർത്തിയ മകന്റെ അവഗണന ഓർത്ത് കണ്ണ് നിറയുമ്പോൾ അതെങ്ങനെ ആരും കാണാതെ ഒളിപ്പിക്കും എന്ന് മൂസക്ക വല്ലാതെ ആശങ്കപെട്ടിരുന്നു. മനസ്സിൽ ദുഃഖത്തിന്റെ കാർമേഘങ്ങൾ നിറഞ്ഞു അത് കണ്ണീർമഴയായി പുറത്തേക്ക് വരുമ്പോൾ, ചിലരെങ്കിലും ചോദിക്കാറുണ്ട്. എന്താ മൂസക്കാ, നിങ്ങള് കരയണേ. എന്താ പ്രശ്നം.
ഒന്നുമില്ലെടാ കണ്ണിൽ പൊടി വീണതാ എന്ന് മൂസക്ക കള്ളം പറയും.
പൊടി വീണുള്ള കണ്ണീരല്ല എന്ന് പലർക്കും മനസ്സിലായി തുടങ്ങിയിരുന്നു. അല്ലെങ്കിലും തന്റെ മോനെ മറ്റുള്ളവരുടെ മുമ്പിൽ മോശക്കാരനാക്കാൻ മൂസക്ക ആഗ്രഹിച്ചിരുന്നില്ല. ഭാര്യ പറഞ്ഞിട്ടും, തന്റെ മകൻ, ഉപ്പാനെ വൃദ്ധസദനത്തിൽ പാർപ്പിക്കാത്തത് നാട്ടുകാരുടെ മുമ്പിൽ മോശക്കാരൻ ആവാതിരിക്കാൻ വേണ്ടിയാണെന്ന് മൂസക്കക്ക് അറിയാം. അവന്റെ ഇമേജ് കളയാതിരിക്കാൻ, എല്ലാവരോടും എന്റെ മോൻക്ക് എന്നോട് ഭയങ്കര സ്നേഹമാണെന്ന് മൂസക്ക കള്ളം പറയും.
മഴ ചെറുതായി ഒന്ന് കുറഞ്ഞപ്പോൾ ബസ്സ് ഷെൽട്ടറിന്റെ ഉള്ളിലേക്ക് മൂസക്കാ എന്ന് വിളിച്ചു കൊണ്ട് രാഘവൻ ഓടി വന്നു.
രാഘവന്റെ കയ്യിൽ ലഡുവിന്റെ ഒരു പാക്കറ്റ് ഉണ്ട്. അതിൽ നിന്നും ഒരു ലഡു എടുത്തിട്ട് രാഘവൻ മൂസക്കക്ക് നേരെ നീട്ടി..
മൂസക്കാ എന്റെ മോള് പ്രസവിച്ചു. പെൺകുഞ്ഞാണ്. അതിന്റെ സന്തോഷത്തിൽ ചെറിയൊരു മധുരം.
മൂസക്ക ലഡ്ഡു വാങ്ങി.
രാഘവാ എനിക്ക് ഷുഗറുണ്ട്. എന്നാലും ഒരു ലഡു തിന്നത് കൊണ്ട് ഒന്നും പറ്റൂല്ല. അതും പറഞ്ഞു മൂസക്ക ലഡ്ഡു പൊട്ടിച്ചു വായിലിട്ടു.
രാഘവന്റെ സന്തോഷം കണ്ടപ്പോൾ മൂസക്ക മനസ്സിൽ ഓർത്ത് പോയി. തനിക്കും പാത്തുവിനും ബഷീർ മോൻ ഉണ്ടായ ദിവസം. അന്നുണ്ടായ സന്തോഷം, വിവാഹം കഴിഞ്ഞു ഏറെ വർഷങ്ങൾ കഴിഞ്ഞാണ് എനിക്കും പാത്തുവിനും ഒരു മകൻ ഉണ്ടാകുന്നത്.
ഏറെ കാത്തിരുന്നു കിട്ടിയ മകൻ, നമ്മളവനെ പൊന്നു പോലെ വളർത്തി. ബഷീർ മോന് അഞ്ചോ ആറോ വയസുള്ളപ്പോൾ ആണ് പാത്തു മരിക്കുന്നത്.
അവൾക്ക് ഹാർട്ടിനു സുഖമില്ലായിരുന്നു. അന്ന് ഓപ്പറേഷൻ തീയേറ്ററിലേക്ക് പോകും മുമ്പ് പാത്തു എന്റെ കൈപിടിച്ചു അവസാനമായി പറഞ്ഞു., മൂസക്കാ എനിക്ക് എന്തെങ്കിലും പറ്റിയാൽ എന്റെ മോനെ പൊന്നു പോലെ നോക്കണേ.
അങ്ങനെ പറഞ്ഞു ഓപ്പറേഷൻ തീയേറ്ററിന് ഉള്ളിലേക്ക് പോയവളാണ്. പിന്നെ ആ ഓപ്പറേഷൻ തീയേറ്ററിൽ നിന്ന് പുറത്തു വന്നത് പാത്തുവിന്റെ മയ്യിത്ത്(ഡെഡ്ബോഡി)ആയിരുന്നു.
പാത്തു മരിക്കുമ്പോൾ എനിക്ക് വലിയ പ്രായം ഒന്നുമില്ല. എന്നിട്ടും ഞാൻ വേറെ വിവാഹം കഴിച്ചിട്ടില്ല. വീണ്ടുമൊരു വിവാഹം കഴിച്ചാൽ പാത്തുവിന് കൊടുത്ത വാക്ക് പാലിക്കാൻ പറ്റിയില്ലെങ്കിലോ എന്ന് ഞാൻ ഭയന്നു.
എന്റെ ഉമ്മയും ഉപ്പയും ബന്ധുക്കളും എല്ലാം വീണ്ടും വിവാഹം കഴിക്കാൻ നിർബന്ധിച്ചിരുന്നു. എന്റെ മോന് ഒരു രണ്ടാനമ്മ വേണ്ട. അവന് ഉമ്മയായും ഉപ്പയായും ഞാൻ തന്നെ മതി, അതായിരുന്നു എന്റെ തീരുമാനം.
കാലങ്ങൾ കടന്നു പോയി. ബഷീർ മോൻ വലുതായി. അവൻ കല്യാണം കഴിച്ചു. എന്റെ പെങ്ങളുടെ മകൾ സൽമയായിരുന്നു അവന്റെ ഭാര്യ. അതിലുണ്ടായ മകൾ ആണ് ബുഷ്‌റ മോള്.
തനിയാവർത്തനം പോലെ, എനിക്ക് ഒരു മകനെ സമ്മാനിച്ചു എന്റെ പാത്തു പോയത് പോലെ, ബഷീറിന് ഒരു മോളെ സമ്മാനിച്ചു അവന്റെ ഭാര്യ സൽമയും ഈ ലോകം വിട്ട് പോയി. അതിന് ശേഷം അവന്റെ ജീവിതത്തിലേക്ക് വന്നവളാണ് ജമീല.
അതോട് കൂടിയാണ് എന്റെ മകൻ എന്നിൽ നിന്നകന്നു തുടങ്ങിയത്.
ബഷീറിന് ജമീലയിൽ മക്കൾ ഒന്നും ഉണ്ടായില്ല. വീടും സ്ഥലവും എല്ലാം ഏകമകന് ആദ്യമേ വിട്ട് കൊടുത്ത ഞാൻ അവിടെ അന്യനെ പോലെയായി. ഭാര്യയുടെ തലയിണമന്ത്രത്തിൽ വീണു പോയ മകൻ എന്നിൽ ഏറെ അകന്നു കഴിഞ്ഞിരുന്നു.
എന്റെ ഏക ആശ്വാസം ബുഷ്‌റ മോള് ആയിരുന്നു. മകൻ ബഷീർ കുഞ്ഞിപള്ളിയിലെ അവന്റെ ഷോപ്പിലേക്കും, പേരകുട്ടി സ്കൂളിലേക്കും പോയാൽ ഞാൻ ഈ മോന്താൽ അങ്ങാടിയിൽ വന്നു ഇങ്ങനെ ഇരിക്കും.
ഉച്ച ഭക്ഷണം മിക്കവാറും അനിയന്റെ വീട്ടിൽ നിന്നായിരിക്കും. ജമീലക്ക് എനിക്ക് വെച്ച് വിളമ്പാൻ ഒന്നും ഇഷ്ട്ടമല്ല. ബുഷ്‌റ മോൾക്കും രണ്ടാനമ്മയെ പേടിയായിരുന്നു.
എനിക്ക് എന്റെ പേര കുട്ടിയും, ബുഷ്‌റ മോൾക്ക് അവളുടെ ഉപ്പാപ്പയായ ഞാനും അത് മാത്രമാണ് എന്റെ ഇപ്പോഴത്തെ സന്തോഷം.
എങ്കിലും ബഷീറിന് ബുഷ്‌റ മോളെ വലിയ ഇഷ്ട്ടമായിരുന്നു. അവന് ജമീലയിൽ മക്കളില്ലാത്തത് കൊണ്ട് ബുഷ്‌റ മോളോടുള്ള സ്നേഹം ഒട്ടും കുറഞ്ഞില്ല. പക്ഷേ പാത്തു പോയ ശേഷം അവന് വേണ്ടി മാത്രം ജീവിച്ച എന്നിൽ നിന്നവൻ അകന്നു. മൂസക്കയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.
മൂസക്ക ഓർമയിൽ നിന്നുണർന്നു. നിറഞ്ഞ കണ്ണുകൾ തുടച്ചു റോഡിലേക്ക് നോക്കി. റോഡിൽ മഴവെള്ളം കെട്ടി നിക്കുന്നു.
മൂസക്ക പുറത്തേക്ക് നോക്കുമ്പോൾ സ്കൂൾ ബസ്സ് പോകുന്നത് കണ്ടു. ഇന്ന് സ്കൂൾ നേരത്തെ കഴിഞ്ഞോ?. ബസ്സിനുള്ളിൽ ബുഷ്‌റ മോളെ കണ്ടപ്പോൾ മൂസക്കാക്ക് സന്തോഷമായി.
മൂസക്ക ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. ഇനി വീട്ടിൽ പോകാം. എന്റെ പേരകുട്ടിയോട് എന്തെങ്കിലും തമാശകൾ പറയാം. മൂസക്ക വീട്ടിലേക്ക് നടന്നു.
ബുഷ്‌റ മോള് ഇപ്പോൾ വീട്ടിൽ എത്തിയിട്ടുണ്ടാകും. അവള് ബസ്സിൽ പോയതല്ലേ. ഞാൻ നടന്നു അവിടെ എത്തുമ്പോഴേക്കും, കുറേ നേരമാകും. അവളിപ്പോൾ ഉപ്പാപ്പ എവിടെ എന്ന് അന്വേഷിക്കുന്നുണ്ടാകും. മൂസക്ക മനസ്സിൽ ചിന്തിച്ചു.
മൂസക്ക നടന്നു നടന്നു വീടിന്റെ ഗേറ്റിൽ എത്തി. ബുഷ്‌റ മോള് ഗേറ്റ് അടച്ചിട്ടില്ല. മൂസക്ക ശബ്ദമുണ്ടാക്കാതെ ഗേറ്റ് അടച്ചു. ഒച്ചയുണ്ടായാൽ അതിനും തന്റെ മരുമകൾ ജമീല കുറ്റം പറയും.
മൂസക്ക മുറ്റത്ത് കൂടി മുമ്പോട്ട് നടക്കുമ്പോൾ വീടിന്റെ മുകൾ നിലയിൽ നിന്ന് ഒരു നിലവിളി ശബ്ദം. ഒപ്പം എന്തോ താഴേക്ക് വീഴുന്നത് പോലെ. നിമിഷനേരം കൊണ്ട് മുകളിൽ നിന്ന് താഴേക്ക് വീഴുന്നത് തന്റെ ബുഷ്‌റമോളാണ് എന്ന് മൂസക്ക തിരിച്ചറിഞ്ഞു. മൂസക്ക തന്റെ രണ്ട് കൈകൾ കൊണ്ട് ബുഷ്‌റ മോളെ പിടിച്ചു. അത്രയും മുകളിൽ നിന്നും വീഴുന്ന തടിയും തൂക്കവും ഉള്ള, ബുഷ്‌റ മോളെ താങ്ങാൻ ഉള്ള ശക്തിയൊന്നും മൂസക്കാക്ക് ഇല്ലായിരുന്നു.
മൂസക്കയുടെ തലയുടെ പിൻഭാഗം മുറ്റത്തെ ഇന്റർലോക്കിനോട് ശക്തമായി അടിച്ചു വീണു. മൂസക്ക പിടിച്ചെങ്കിലും, ബുഷ്‌റ മോളുടെ കൈക്കും കാലിനും ചെറിയ പരിക്കുകൾ ഉണ്ടായിരുന്നു.
ബുഷ്‌റ മോളുടെ നിലവിളി കേട്ടാണ് അയൽവീട്ടിലെ ആൾക്കാർ ഓടിയെത്തിയത്. മൂസക്ക ബോധരഹിതനായിരുന്നു. അയൽവീട്ടിലെ ആൾക്കാർ മൂസക്കയേയും ബുഷ്‌റമോളെയും ഹോസ്പിറ്റലിൽ കൊണ്ട് പോയി. ഇവിടെ ഇത്രയും സംഭവിച്ചിട്ടും ജമീലയെ പുറത്ത്, കണ്ടില്ലല്ലോ, എന്തൊരു ഉമ്മയാണ് ഇത് അയൽ വീട്ടിലെ പെണ്ണുങ്ങൾ അടക്കം പറഞ്ഞു.
അവൾ, ഉറങ്ങുന്നായിരിക്കും. എന്തായാലും രണ്ടാനമ്മയല്ലേ, അത്രയേ സ്നേഹവും ശ്രദ്ധയും ഉണ്ടാകൂ. അതും പറഞ്ഞു അയൽക്കാരി നബീസ ഡോർബെല്ലിൽ വിരലമർത്തികൊണ്ട്, ജമീലാ എന്ന് നീട്ടിവിളിച്ചു.
*************************
ബഷീറിന് ഷോപ്പിൽ നല്ല തിരക്കായിരുന്നു. അപ്പോഴാണ് കൂട്ടുകാരൻ വിളിച്ചത്. ബുഷ്‌റ മോള് വീടിന്റെ രണ്ടാം നിലയിലെ ടെറസ്സിൽ നിന്നും താഴേക്ക് വീണു. നിന്റെ ഉപ്പ താഴേന്നു പിടിച്ചത് കൊണ്ട് മോൾക്ക് വലിയ പരിക്കില്ല. മൂസക്ക, തലയടിച്ചാണ് വീണത്. ചൊക്ലിയിലെ, ഹോസ്പിറ്റലിൽ ആണുള്ളത്. നീ വേഗം ഇവിടെ വാ.
ബുഷ്‌റ മോൾക്ക് കാര്യമായ പരിക്കൊന്നും ഇല്ലെന്നറിഞ്ഞപ്പോൾ ബഷീറിന് ആശ്വാസമായി. എങ്കിലും ഉപ്പ പിടിച്ചത് കൊണ്ടല്ലേ എന്റെ മോള് രക്ഷപെട്ടത്. അവൻ വേഗം ഹോസ്പിറ്റലിലേക്ക് കാറിൽ പാഞ്ഞു.
ബഷീറിനെ കണ്ടതും ബുഷ്‌റ മോള് ഓടി വന്നു ഉപ്പാനെ കെട്ടിപിടിച്ചു കരഞ്ഞു. ബുഷ്‌റ മോൾക്ക് കൈക്കും കാലിനും ചെറിയ പരിക്കുകൾ ഉള്ളത് കൊണ്ട് ബാൻഡേജ് ഇട്ടിട്ടുണ്ട്.
കരയണ്ട മോളേ മോൾക്ക് ഒന്നും പറ്റിയില്ലല്ലോ. ബഷീർ മോളെ ആശ്വസിപ്പിച്ചു.
ഉപ്പാപ്പാക്ക് നല്ല പരിക്കുണ്ട് ഉപ്പാ. ഉപ്പാപ്പ പിടിച്ചത് കൊണ്ടാ ഞാൻ രക്ഷപ്പെട്ടത്. ബുഷ്‌റ മോള് ബഷീറിനെ കെട്ടിപിടിച്ചു കരഞ്ഞു.
ബുഷ്‌റ മോള് ബഷീറിന്റെ കാതിൽ പതുക്കെ പറഞ്ഞു.
ഉപ്പാ ഞാൻ വീണതല്ല ഉപ്പാ. എന്നെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ടതാ.
മോള് പറഞ്ഞത് കേട്ട് ബഷീർ ഞെട്ടി. ആരാ മോളേ,, ആരാ മോളെ താഴേക്ക് തള്ളിയിട്ടത്. ബഷീർ മോളോട് ചോദിച്ചു.
അസീസ്ക്കയാണ് ഉപ്പാ. അയാള് ചീത്തയാ ഉപ്പാ. ബുഷ്‌റ മോള് നടന്നതൊക്കെ പറഞ്ഞത് കേട്ട് ബഷീർ ഞെട്ടിതരിച്ചു.
ബുഷ്‌റ മോള് മഴയായത് കൊണ്ട് സ്കൂൾ നേരത്തേ വിട്ടത് കൊണ്ട് വീട്ടിൽ എത്തിയതായിരുന്നു. കാർപെറ്റിന്റെ അടിയിൽ സ്ഥിരമായി വെക്കുന്ന താക്കോൽ എടുത്തു വീടിന്റെ ഗിൽസ് തുറന്നു മോള് അകത്തു കയറി. അപ്പോഴാണ് അസീസും, എന്റെ ഭാര്യ ജമീലയും കിടക്കയിൽ ഒന്നിച്ചു കിടക്കുന്നത് മോള് കണ്ടത്.
അയ്യേ എന്ന് പറഞ്ഞു മോള് വീടിന്റെ മുകളിലേക്ക് ഓടി കയറിയതാണ്. മുകളിലെ ടെറസിൽ പോയി മോള് കരഞ്ഞു.
താൻ പിടിക്കപ്പെട്ടു എന്നറിഞ്ഞ ജമീല തന്നെയാ അസീസിനോട് പറഞ്ഞത്. മോളെ കൊന്ന് കളയാൻ. ടെറസിൽ നിന്ന് കാല് തെന്നി വീണതാണെന്ന് പറയാം. അല്ലെങ്കിൽ അവള് ഇത് എല്ലാരോടും പറയും. എന്റെ ഭർത്താവ് ഇതൊക്കെ അറിഞ്ഞാൽ പ്രശ്നമാകും എന്നൊക്കെ.
അസീസ് വീടിന്റെ ടെറസിൽ നിന്നും മോളെ താഴേക്ക് തള്ളിയിട്ടു. കൃത്യ സമയത്ത് എന്റെ ഉപ്പ അവിടെ എത്തിയത് കൊണ്ട് മാത്രം എന്റെ മോള് രക്ഷപ്പെട്ടു.
ഉപ്പ അവിടെയെത്താൻ “ഒരുനിമിഷം, വൈകിയിരുന്നുവെങ്കിൽ”എന്റെ മോള് മരിച്ചു പോയേനെ. എനിക്ക് എന്റെ മോളെ നഷ്ട്ടപെട്ടേനെ. എന്റെ ഭാര്യ എന്നെ ചതിക്കുന്നത് ഞാൻ അറിയാതെ പോയേനെ. ബഷീറിന്റെ അയൽവാസിയാണ് അസീസ്. ബഷീറിന്റെ പ്രിയകൂട്ടുകാരൻ. അവന് തന്റെ ഭാര്യയുമായി രഹസ്യ ബന്ധം ഉണ്ടെന്ന് ബഷീർ അറിഞ്ഞിരുന്നില്ല. തോളിൽ കയ്യിട്ട് നടക്കുന്ന പ്രിയ ചങ്ങാതിയും, ജമീലയും എന്നെ ചതിച്ചല്ലോ എന്ന് പകയോടെ ബഷീർ മനസ്സിൽ ഓർത്തു.
ബഷീർ അന്നാദ്യമായി ഉപ്പാനെ ഓർത്ത് കരഞ്ഞു. എന്റെ ഉപ്പാക്ക് ഒരു കുഴപ്പവും ഇല്ലാതെ ഹോസ്പിറ്റലിൽ നിന്നും പുറത്തു വരണേ എന്ന് മനമുരുകി പ്രാർത്ഥിച്ചു.
ഐസിയു വിൽ നിന്ന് ഇറങ്ങിവന്ന ഡോക്ടറെ കണ്ടപ്പോൾ ബഷീർ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. ഡോക്ടർ എന്റെ ഉപ്പാക്ക് എങ്ങനെ ഉണ്ട്.
കുഴപ്പം ഇല്ല. കൃത്യസമയത്ത് ഇവിടെ എത്തിച്ചത് കൊണ്ട് രക്ഷപ്പെട്ടു. അല്പ സമയത്തിനകം റൂമിലേക്ക് മാറ്റും.
ഡോക്ടറുടെ വാക്കുകൾ ബഷീറിന് ആശ്വാസമായി.
ഏകദേശം അരമണിക്കൂർ കഴിഞ്ഞു മൂസക്കയെ റൂമിലേക്ക് മാറ്റി.
മൂസക്ക കണ്ണുകൾ തുറന്നു തന്റെ മുമ്പിൽ ഉള്ള ആളെ നോക്കി. മകൻ ബഷീറും പേരകുട്ടി ബുഷ്‌റയും.
ബുഷ്‌റാക്ക്, ഒന്നും പറ്റിയിട്ടില്ലെന്നറിഞ്ഞപ്പോൾ മൂസക്കക്ക് സന്തോഷമായി.
ബഷീർ ഉപ്പാന്റെ കരങ്ങൾ സ്വന്തം കരങ്ങളാൽ ചേർത്തു പിടിച്ചു. മൂസക്ക സന്തോഷത്തോടെ മകനെ നോക്കി. ഏറെ കാലമായി എന്നിൽ നിന്നകന്നു പോയ മകൻ എന്നെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.
ഉപ്പാ ഉപ്പ എന്നോട് പൊറുക്കണം. ഉപ്പയെ ഞാൻ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. എന്റെ ഭാര്യ പറഞ്ഞിട്ട് ഉപ്പാനെ വൃദ്ധസദനത്തിൽ കൊണ്ട് വിടണം എന്ന് വരെ ഞാൻ കരുതിയതാ. ഉപ്പാനെ ഇപ്പോഴാ ഈ മകൻ തിരിച്ചറിയുന്നത്. ഭാര്യയെയും ഞാൻ മനസ്സിലാക്കി. ഇനി ആ വീട്ടിൽ ഉപ്പയും ഞാനും എന്റെ മോളും മാത്രമേ ഉണ്ടാകൂ. ജമീല ഉണ്ടാകില്ല.
മകൻ പറഞ്ഞത് ഒന്നും മൂസക്കക്ക് മനസ്സിലായില്ല എങ്കിലും, എന്റെ മോൻ എന്നെ സ്നേഹിച്ചു തുടങ്ങി എന്ന് മനസ്സിലായ മൂസക്കയുടെ മുഖത്ത് ചിരി പടർന്നു. മാസ്ക്കിനുള്ളിൽ ഒളിപ്പിച്ച ഭ്രാന്തൻ ചിരി അല്ല. എന്നോ നഷ്ടപ്പെട്ടു പോയ മകന്റെ സ്നേഹം തിരിച്ചു കിട്ടിയതിൽ ഉള്ള ആനന്ദചിരി. മൂസക്കയുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകിയിറങ്ങി. ദുഃഖഭാരം കൊണ്ടുണ്ടായ കണ്ണീർ അല്ല. സന്തോഷം കൊണ്ടുണ്ടായ ആനന്ദകണ്ണീർ.
#എന്റെരചന
#കൂട്ടക്ഷരങ്ങൾ
#ഒരുനിമിഷംവൈകിയിരുന്നെങ്കിൽ


2 Comments
‘ദുഃഖങ്ങളുടെ ഭാരം താങ്ങാൻ പറ്റുന്നതിലും കൂടുതലായാൽ മനസ്സ് കൈ വിട്ടു പോകും. ‘
എന്ന വാചകത്തിൽ മൂസാക്കയുടെ വേദന വായനക്കാരറിയും. ബുഷ്റയേയും മകനേയും സ്നേഹിച്ച ഉപ്പയെ മകൻ തിരിച്ചറിഞ്ഞത്, ശുഭാന്ത്യമായി. 👍
ജോയ്സ് വായിച്ചു ആദ്യത്തെ കമെന്റ് ഇട്ടതിനു നന്ദി ❤️❤️❤️