ഇന്നെന്റെ വിവാഹമായിരുന്നു. ആദ്യരാത്രിയിൽ നവവധുവിനെയും കാത്ത് മുറിയിലിരിക്കുമ്പോൾ മനസ്സ് വീണ്ടും ആ സന്ധ്യയിലേക്ക് പോയി.
എഞ്ചിനീയറിംഗ് കഴിഞ്ഞ് ബാംഗ്ലൂരിലെ ഒരു പ്രശസ്തമായ കമ്പനിയിലാണ് ജോലി കിട്ടിയത്. അവിടെ ഉൾപ്രദേശത്തുള്ള ഒരു പ്രോജെക്റ്റിലായിരുന്നു പോസ്റ്റിങ്ങ്. ആ ഗ്രാമപ്രദേശത്ത് താമസ സൗകര്യം ഇല്ലാത്തതിനാൽ ദൂരം കൂടുതലുണ്ടെങ്കിലും പട്ടണത്തിൽ ഒരു ഫ്ലാറ്റ് വാടകക്കെടുത്തു. ഒരു മണിക്കൂർ ബൈക്ക് യാത്രയുണ്ടെങ്കിലും താമസം സുഖകരമായിരുന്നു.
ആദ്യ ദിവസം തന്നെ ആ നാട്ടുകാരനായ സഹപ്രവർത്തകൻ ഒരു മുന്നറിയിപ്പ് തന്നു. ഇരുട്ടു വീഴുന്നതിനു മുൻപ് ഗ്രാമവഴി പിന്നിടണമത്രേ. അവിടെ പല സ്ഥലങ്ങളിലും സാമൂഹ്യ വിരുദ്ധ ശല്യമുണ്ട്, ഭീക്ഷണിപ്പെടുത്തി പണവും വാച്ചുമൊക്കെ കൈക്കലാക്കിക്കളയും. അതുകൊണ്ട് എല്ലാ ദിവസവും സന്ധ്യക്ക് മുൻപ് തന്നെ ഗ്രാമവഴി കടക്കുമായിരുന്നു.
അന്ന് ഒരു ഇൻസ്‌പെക്ഷൻ ഉണ്ടായിരുന്നത് കൊണ്ട് ഇറങ്ങാൻ വൈകി. ഇരുട്ടു വീണുതുടങ്ങിയ നാട്ടുപാതയിലൂടെ ബൈക്കോടിക്കുമ്പോൾ കൂട്ടുകാരന്റെ മുന്നറിയിപ്പ് ഓർമ്മയിലെത്തി. വണ്ടിയുടെ സ്പീഡ് കൂട്ടി മുന്നോട്ടു പോകുമ്പോഴാണ് എതിരെ ഒരു പഴയ കാർ വന്നത്. ബൈക്ക് അതിനെ മറികടക്കുമ്പോൾ കാറിനുള്ളിൽ നിന്ന് ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ട പോലെ തോന്നി. കാർ അപ്പോഴേക്കും വലതു വശത്തുള്ള ഒരു ഇടവഴിയിലേക്ക് മറഞ്ഞു.
കള്ളന്മാരുടെയും കൊള്ളക്കാരുടെയും സ്ഥലമാണ്. കാറിനു പിറകെ പോകണോ. ബൈക്ക് നിർത്തി ഒരു നിമിഷം ആലോചിച്ചു. വേണ്ട, വെറുതെ വയ്യാവേലി എത്തി പിടിക്കേണ്ട. വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ പെട്ടെന്ന് അച്ഛന്റെ മുഖം മനസ്സിലേക്ക് വന്നു. ആരെയും ആപത്തിൽ ഉപേക്ഷിക്കരുതെന്ന് അച്ഛൻ പറഞ്ഞിട്ടുള്ളതാണ്. ആ കാറിൽ ഒരു പെൺകുട്ടിയുടെ കരച്ചിലല്ലേ കേട്ടത്. അവൾ അപകടത്തിലായിരിയ്ക്കുമോ. പിന്നെ ഒരു നിമിഷം പോലും ആലോചിച്ചു നിന്നില്ല. ബൈക്ക് തിരിച്ച് ഇടവഴിയിലേക്ക് സ്പീഡിൽ കടന്നു. വിജനമായ പാതയിലൂടെ കുറച്ചു ദൂരം പോയപ്പോൾ കാർ ഒരു പഴയ വീടിന്റെ ഗേറ്റിനു മുന്നിൽ നിർത്തിയിട്ടിരിക്കുന്നത് കണ്ടു.
ഒരാൾ ഗേറ്റ് തുറക്കുന്നുണ്ട്. അടുത്തെത്തിയപ്പോൾ ഒരു പെൺകുട്ടിയുടെ രക്ഷിക്കണേയെന്ന നിലവിളി വ്യക്തമായി കേട്ടു. പകുതി തുറന്നിട്ട ഗ്ലാസിൽ കൂടി ഒരാളിന്റെ പിടിയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന പെൺകുട്ടിയെയും കണ്ടു. പിന്നെ ഒരു നിമിഷം പോലും ആലോചിച്ചു നിന്നില്ല. ബൈക്ക് കാറിനു കുറുകെ നിർത്തിയിട്ട് ചാടിയിറങ്ങി കാറിനടുത്തേക്ക് ചെന്നു. അപ്പോഴേക്കും ഗേറ്റ് തുറന്നു കൊണ്ടിരുന്ന ആൾ ഓടി അടുത്തെത്തി ചവിട്ടാൻ കാലുയർത്തി. കുറെ വർഷങ്ങൾ കളരിയും കരാട്ടെയും പഠിച്ചിട്ടുള്ള ഞാൻ നിഷ്പ്രയാസം അവനെ ചവിട്ടി വീഴ്ത്തി. അപ്പോൾ കാറിന്റെ ഡ്രൈവറും പെൺകുട്ടിയെ പിടിച്ചിരുന്ന ആളും അക്രമിക്കാനായി അടുത്തെത്തി. ഒരു കളരി പ്രയോഗം നടത്തിയതോടെ അവന്മ്മാരും തറ പറ്റി. പിന്നെ കുറച്ചു നേരത്തെ യുദ്ധം കഴിഞ്ഞപ്പോൾ അവർ മൂന്നാളും തോറ്റ് വീടിനകത്തേക്ക് ഓടിപ്പോയി. പിന്നീടാണ് ചലനമറ്റു നിന്ന ആ പെൺകുട്ടിയെ ശ്രദ്ധിച്ചത്. അവൾ നിലവിളിച്ചു കൊണ്ട് ഓടി വന്ന് എന്റെ കയ്യിൽ പിടിച്ചു.
“എല്ലാം പിന്നെ പറയാം. ഇപ്പോൾ നമുക്ക് ഇവിടെ നിന്ന് രക്ഷപ്പെടാം. പെട്ടെന്ന് ബൈക്കിന് പിറകിൽ കയറിക്കോ.”
പ്രധാന പാതയിൽ ഇത്തിരി ദൂരം പോയപ്പോൾ വഴിയരുകിൽ കിടക്കുന്ന കാർ തന്റേതാണെന്ന് അവൾ പറഞ്ഞു. ഞാൻ ബൈക്ക് നിർത്തി. ഞങ്ങൾ കാറിനടുത്തെത്തി. അവളുടെ ചെറിയ പേഴ്സ് കാറിനടുത്ത് റോഡിൽ കിടപ്പുണ്ടായിരുന്നു. അവശയായ അവളെ ഞാൻ കാറിനകത്തേക്ക് ഇരുത്തി. പിന്നെ അടുത്ത സീറ്റിലിരുന്ന് അവളോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു.
കാറിനുള്ളിലിരുന്ന വെള്ളം കുടിച്ച ശേഷം അവൾ പതിയെ പറഞ്ഞു തുടങ്ങി.
“ഞാൻ നീന, കുറച്ചകലെയാണ് എന്റെ വീട്. ഒരു ഗവേഷണ വിദ്യാർഥിയായ എന്റെ തീസിസ് അപൂർവങ്ങളായ ചെടികളെയും പുഷ്പ്പങ്ങളെയും കുറിച്ചാണ്. ഗ്രാമാതിർത്തിയിലുള്ള മലഞ്ചെരുവിൽ വർഷങ്ങൾ ഇടവേളയിൽ പൂക്കുന്ന ഒരു ചെടി പുഷ്പിച്ചുവെന്ന് അറിഞ്ഞ് അവിടേക്ക് പോയതാണ്. ഫോട്ടോകൾ എടുത്തു നടന്ന് സമയം പോയതറിഞ്ഞില്ല. വിജനമായ ഈ വഴിയിൽ കൂടി വേഗത്തിൽ പോകുമ്പോഴാണ് ഒരു കാർ എന്റെ വണ്ടിയുടെ കുറുകെ നിർത്തിയത്. പരിഭ്രമിച്ച ഞാൻ പെട്ടെന്ന് ഡോർ തുറന്നു. അതാണ് അപകടമായത്. ആ കാറിൽ നിന്നിറങ്ങിയ ഒരാൾ എന്നെ പിടിച്ചു വലിച്ച് അവരുടെ കാറിൽ കയറ്റി. ഞാൻ ഉറക്കെ നിലവിളിച്ചെങ്കിലും ആരുമില്ലാത്ത വഴിയിൽ കരച്ചിൽ കേൾക്കാൻ ആളില്ലായിരുന്നു. കുറച്ചു ദൂരം പോയപ്പോൾ ഒരു വണ്ടിയുടെ വെളിച്ചം ഞാൻ കണ്ടു. നിലവിളി ഉറക്കെയാക്കിയപ്പോൾ ഒരാൾ എന്റെ വായ പൊത്തിപ്പിടിച്ചു.
അവളുടെ ഒച്ച ഇടറി.വീണ്ടും വെള്ളം കുടിച്ച ശേഷം നീന തുടർന്നു.
“ബാക്കിയെല്ലാം അറിയാമല്ലോ. താങ്കൾ വരാൻ ഒരു നിമിഷം തെറ്റിയിരുന്നുവെങ്കിൽ, ഈശ്വരാ, ഓർക്കാൻ കൂടി വയ്യ.” അവൾ കരയാൻ തുടങ്ങി.
” കരയേണ്ട, ഒന്നും സംഭവിച്ചില്ലല്ലോ. പിന്നെ, കുട്ടി മലയാളിയാണോ. എവിടെയാണ് താമസം. ഞാൻ കൊണ്ട് വിടാം.”
“അതെ, ഞങ്ങൾ മലയാളികളാണ്. ഞാൻ കുട്ടിയായിരിക്കുമ്പോൾ തന്നെ അച്ഛൻ ഇവിടെ ബിസ്സിനസ്സ് തുടങ്ങിയതുകൊണ്ട് ഈ നാട്ടിലായി സ്ഥിരതാമസം. “
അവൾക്ക് കുറച്ച് ആശ്വാസമായി.
എന്റെ ബൈക്ക് അവിടെ ലോക്ക് ചെയ്തു വച്ചിട്ട് ഞങ്ങൾ നീനയുടെ വീട്ടിലേക്ക് തിരിച്ചു. അരമണിക്കൂർ ഓട്ടത്തിന് ശേഷം വലിയൊരു വീടിന്റെ മുറ്റത്തേക്കാണ് എത്തിയത്. അത്ഭുതത്തോടെ ഞാൻ നീനയെ നോക്കിയപ്പോൾ അവൾ ചിരിയോടെ പറഞ്ഞു.
” പ്രശസ്തമായ മൂന്നു കമ്പനികളുടെ ഉടമയാണ് അച്ഛൻ.”
കാളിങ് ബെൽ അടിച്ചപ്പോൾ മാന്യനായ ഒരാൾ വന്ന് കതക് തുറന്നു.
“നീനമോൾ എത്തിയോ. മോൾ താമസിക്കുന്നുവെന്ന് പറഞ്ഞ് അമ്മ ഇവിടെ ബഹളം വയ്ക്കുകയാണ്. എവിടെപ്പോയാലും എന്റെ മോൾ സുരക്ഷിതയായി തിരിച്ചു വരുമെന്ന് ഞാനും പറഞ്ഞു. അല്ല, ആരാണ് നിന്റെ ഒപ്പം.” അദ്ദേഹം ചോദിച്ചു.
“എത്തിയോ, ഇത്രയും താമസിക്കരുതെന്ന് നിന്നോട് എപ്പോഴും പറയുന്നതാണ്” അമ്മയും പുറത്തേക്ക് വന്നു.
പെട്ടെന്ന് നീന അച്ഛനെ കെട്ടിപ്പിടിച്ച് ഉറക്കെ കരഞ്ഞു. അവർ അന്തം വിട്ടു പോയി. അവൾ ഒന്നും പറയാത്തത് കൊണ്ട് എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ എല്ലാം വിശദമായി പറഞ്ഞു.
ഇത്തിരിനേരത്തേക്ക് ആ മുറിയിൽ നിശ്ശബ്ദത തങ്ങി നിന്നു. മൗനത്തെ മുറിച്ചു കൊണ്ട് അമ്മയുടെ ഏങ്ങലടികൾ ഉയർന്നു.
വിറയാർന്ന ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു തുടങ്ങി.
“മോനെ, ആ നിമിഷത്തിൽ കരച്ചിലിന് പിറകെ പോകാൻ നീ തീരുമാനിച്ചില്ലായിരുന്നുവെങ്കിൽ. ഈശ്വരാ, ചിന്തിക്കാൻ കൂടി വയ്യ.”
“ഇല്ല സർ, എനിക്കങ്ങനെ ചിന്തിക്കാനേ കഴിയുകയുള്ളൂ. ആപത്തിൽ പെട്ടവരെ ഒരിക്കലും ഉപേക്ഷിച്ചു പോരരുതെന്നാണ് അച്ഛൻ എന്നെ പഠിപ്പിച്ചിരിക്കുന്നത്. ”
എന്റെ മറുപടി അദ്ദേഹത്തിന്റെ കണ്ണുകളെ ഈറനണിയിച്ചു. എന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അവർ ചോദിച്ചു മനസ്സിലാക്കി.
അന്നവിടെ നിന്ന് പോകാൻ അവർ സമ്മതിച്ചില്ല. പിറ്റേന്ന് ഞാൻ ഉണർന്നു വരുമ്പോൾ എന്റെ ബൈക്ക് അവിടെ എത്തിയിരുന്നു.
ദിവസങ്ങൾ കഴിഞ്ഞ് ഒരവധി ദിവസം ഞാൻ നാട്ടിലെ വീട്ടിൽ ഉള്ളപ്പോഴാണ് നീനയും അച്ഛനും അമ്മയും വീട്ടിലെത്തിയത്.
ഏറെ സന്തോഷത്തോടെ ഞങ്ങൾ അവരെ സ്വീകരിച്ചു. കുശലപ്രശ്നങ്ങൾക്കു ശേഷം നീനയുടെ അച്ഛൻ വിഷയത്തിലേക്ക് കടന്നു.
” ഒരു പ്രധാന വിഷയം സംസാരിക്കാനാണ് ഞങ്ങൾ വന്നത്. അന്ന്, ഒരുതീരുമാനമെടുക്കാൻ അരുൺ ഒരു നിമിഷം വൈകിയിരുന്നുവെങ്കിൽ, ആ കരച്ചിലിന് പിറകെ പോകേണ്ടെന്നു കരുതിയിരുന്നെങ്കിൽ, ഒരു പക്ഷെ, എന്റെ മോൾ ഇപ്പോൾ ജീവനോടെ കാണില്ലായിരുന്നു. അരുണിനെ അങ്ങിനെ ചിന്തിക്കാൻ പഠിപ്പിച്ചത് ഈ അച്ഛനാണെന്ന് കുട്ടി പറഞ്ഞു. എന്റെ മകളെ തരാൻ ഇതിലും മഹത്വമുള്ള വേറേതു കുടുംബമുണ്ട്. ഈ വീടിന്റെ മരുമകളായി നീനയെ സ്വീകരിക്കുമോ.” അദ്ദേഹം തൊഴുകയ്യോടെ ചോദിച്ചു.
‘സർ, വലിയ ബിസ്സിനസ്സ് കുടുംബത്തിലെ അംഗമായ നീനയെ ഈ സാധാരണ വീട്ടിലേക്ക് തരാനോ. ഞങ്ങൾക്കതിന് അർഹതയില്ല.” ഞാൻ പെട്ടെന്ന് പറഞ്ഞു.
“അരുൺ, പണമല്ല എല്ലാറ്റിലും വലുത്. എത്ര മഹത്തായ മൂല്യങ്ങൾ മനസ്സിലുള്ളവരാണ് ഈ കുടുംബക്കാർ. അങ്ങിനെ നോക്കുമ്പോൾ നിങ്ങൾക്കു മുൻപിൽ ഞങ്ങൾ ആരുമല്ല.എതിർപ്പ് പറയരുത്. മാത്രമല്ല ഇവൾക്ക് മൂത്തതായി ഒരു മകൾ കൂടിയാണ് ഞങ്ങൾക്കുള്ളത്. ഡോക്ടർമാരായ അവർ ലണ്ടനിൽ സെറ്റിൽ ചെയ്തു കഴിഞ്ഞു. ബിസ്സിനസ്സിലൊന്നും അവർക്ക് താല്പര്യമില്ല. അതുകൊണ്ട് ഇതെല്ലാം ഏൽപ്പിക്കാൻ പറ്റിയ ഒരാൾക്ക് ഇവളെ നൽകണമെന്നാണ് മനസ്സിലെ ആഗ്രഹം. ഈശ്വരൻ അരുണിനെ എന്റെ മുന്നിലെത്തിക്കുകയും ചെയ്തു.”
അദ്ദേഹം പ്രതീക്ഷയോടെ അച്ഛനെ നോക്കി. നീനയുടെ മുഖത്ത് എന്നെ സ്വീകരിക്കണേ എന്ന ഭാവം തങ്ങി നിന്നു.
നിനക്ക് സമ്മതമാണോയെന്ന് അച്ഛൻ എന്നോട് ചോദിച്ചു. അതെയെന്ന് ഞാൻ പറഞ്ഞു. അച്ഛൻ അമ്മയുടെ മുഖത്തേക്ക് നോക്കി. ഒന്നും പറയാതെ അമ്മ നീനയെ ചേർത്തു പിടിച്ചു.
എന്തിനേറെ പറയുന്നു. ഇന്ന് ഞങ്ങളുടെ വിവാഹമായിരുന്നു. നിമിഷം കൊണ്ട് വിധി ജീവിതങ്ങളെ തന്നെ മാറ്റുമല്ലോ എന്നോർത്തിരിക്കുമ്പോൾ കതക് തുറന്ന് ഒരു നിലാത്തുണ്ട് പോലെ നീന കടന്നു വരുന്നുണ്ടായിരുന്നു.
#എന്റെരചന ബ്ലോഗ് മത്സരം #ഒരു നിമിഷം വൈകിയിരുന്നുവെങ്കിൽ

