ചെറുപ്പം മുതൽക്കേ ഭക്ഷണക്രമങ്ങളിൽ കൃത്യത പാലിച്ചിരുന്ന എനിക്കു ഉദരസംബന്ധമായ പ്രശ്നങ്ങൾ വെറും കേട്ടു കേൾവി മാത്രമായിരുന്നു! പണ്ടാരോ പറഞ്ഞതുപോലെ സെലിബ്രിറ്റികൾ, പ്രത്യേകിച്ച് സുന്ദരികളായ നടിമാർ കക്കൂസിൽ പോകില്ല എന്ന തെറ്റിദ്ധാരണ പോലും ഡിഗ്രിക്ക് പഠിക്കുന്നത് വരെ ഞാൻ വെച്ച് പുലർത്തിയിരുന്നു!
എല്ലാം തകിടം മറിഞ്ഞത് ഈ വയസാംകാലത്തു തെലുങ്ക് നാട്ടിൽ ഒരു കല്യാണത്തിന് പങ്കെടുത്തപ്പോഴാണ്! വാട്ടർലൂ യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട നെപ്പോളിയനെപ്പോലെ കളി കൈവിട്ടു പോരേണ്ടി വന്ന ഒരു ഹതഭാഗ്യൻ, ഈ ഭൂഗോളത്തിൽ എന്നെപ്പോലൊരുത്തൻ കാണില്ല! കഴിഞ്ഞ വർഷം ഏതാണ്ട് ഈ സമയത്തായിരുന്നു ഹൈദരാബാദിൽ നടന്ന ആ “മഹാ സംഭവ കഥ” ഓർക്കുമ്പോൾ എന്റെ അടിവയറ്റിൽ ദേ ഇപ്പോഴും ഒരു മിന്നൽ പിണർ!
ഹൈദരാബാദിലേക്കുള്ള ആ വിളി ഇന്നും എനിക്കൊരു നെഞ്ചിടിപ്പാണ്.
”അച്ചാച്ചാ ഇന്നേ വരെ ഹൈദരാബാദ് വരാതിരുന്നത് ഞങ്ങൾ ക്ഷമിക്കും, പക്ഷെ ഈ പ്രാവശ്യം എന്റെ കല്യാണത്തിന് വരാതിരുന്നാൽ…”
അമ്മയുടെ രണ്ടാമത്തെ അനിയത്തിയുടെ ഹൈദരാബാദിൽ സെറ്റിൽ ആയ മൂത്ത മകൻ നിധിൻ, ഞങ്ങളവനെ ചെറുപ്പത്തിലേ ‘മിഥുൻ ചക്രവർത്തി’ എന്നായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. കഴിഞ്ഞ ഒരു മാസമായി വിവാഹത്തിന് വരണേ, എല്ലാരും വരണേ എന്നു കട്ടായം പറയുമ്പോൾ സമയമില്ലായിരുന്നു. ആ വിവാഹം കൂടാൻ ഡൽഹിയിലെ എന്റെ ഓഫീസിൽ നിന്നു പോലും പെർമിഷൻ കിട്ടാതെയാണ് ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തത്. ഫാമിലിയെ ഒറ്റക്കാക്കാൻ മനസ്സ് അനുവദിക്കുന്നുമില്ല, പോകാൻ അവധിയുമില്ല!
അവസാന നിമിഷം മുതലാളി വിവാഹത്തിന് പോകാൻ സമ്മതിച്ചപ്പോൾ ഉച്ചയോട് കൂടി ഓഫീസിൽ നിന്ന് ഓടിപ്പിടച്ച്, ഉച്ചയൂണ് പോലും കഴിക്കാതെ വീട്ടിലെത്തി, നിമിഷ നേരം കൊണ്ട് എയർപോർട്ടിലുമെത്തി. വയറ്റിൽ തീ പിടിച്ചു തുടങ്ങിയപ്പോൾ എയർപോർട്ടിൽ നിന്നു കണ്ണിൽ കണ്ട ഒരു കല്ലുപോലത്തെ ബർഗറും കുറച്ച് കട്ടൻ കാപ്പിയും അകത്താക്കി അവസാന നിമിഷം ഫ്ലൈറ്റിൽ കയറി! ക്ഷീണിച്ചുറങ്ങി പോയ ഞാൻ യാത്രയിലുടനീളം ഒരു തുള്ളി വെള്ളം പോലും കുടിച്ചില്ല!
എങ്ങനെയൊക്കെയോ ഹൈദരാബാദിലെത്തി, കസിൻ അയച്ച റോഡ് മാപ്പിന്റെ സഹായത്താൽ ഒരു മണിക്കൂറിനുള്ളിൽ വീട്ടിലെത്തി! കൊച്ചപ്പനെയും കുഞ്ഞമ്മയെയും കണ്ടു സംസാരിച്ചു തീരുമ്പോൾ ആ വീട്ടിലെ പരിമിതി ഞാൻ തിരിച്ചറിഞ്ഞു. പെട്ടെന്ന് “അടിവയറ്റിൽ മഞ്ഞുള്ള രാത്രി” എന്ന ഗാനം ഓർമിപ്പിക്കും വിധത്തിൽ എനിക്കൊരു വയർ വേദന!
പകുതി കുടിച്ചു ചായ ഉപേക്ഷിച്ചു ഞാൻ അവരോടൊപ്പം പുറത്തേക്കു തിരിച്ചു. രണ്ട് കിലോമീറ്റർ ദൂരത്തിലുള്ള കൊച്ചപ്പന്റെ മലയാളി സുഹൃത്തായ, ഒരു 55-60 വയസുള്ള അലക്സ് അങ്കിളിന്റെ വീടിന്റെ മൂന്നാം നിലയിലെ മുറിയിലാണ് എനിക്ക് രാത്രി കിടക്ക സജ്ജമാക്കിയതെന്ന് അപ്പോഴാണ് അറിഞ്ഞത്!
കുളിയൊക്കെ കഴിഞ്ഞ്, “ആഹാ എന്തൊരു പ്രശാന്തസുന്ദരമായ അന്തരീക്ഷം!” എന്ന് വിചാരിച്ച് കിടന്നതേ ഓർമ്മയുള്ളൂ… ദാ വരുന്നു അടിവയറ്റിൽ നിന്ന് ഒരു അണുബോംബ് വിസ്ഫോടനം! അടിവയറ്റിലെ മഞ്ഞുരുകിയോ ആവോ!
രാത്രി 10:45-നു ശരവേഗത്തിൽ ടോയ്‌ലെറ്റിലേക്ക് ഒരു പാച്ചിലായിരുന്നു! പോയ വേഗതയിൽ തിരികെ ബെഡിലേക്ക് വരാൻ പറ്റിയില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കണം. അവിടെ നിന്നും കിടപ്പുമുറിയിലേക്ക് വരണമെങ്കിൽ എനിക്ക് ഒരു സ്ട്രെച്ചറോ, അല്ലെങ്കില്‍ കുറഞ്ഞത് ഒരു വോക്കറോ വേണമെന്ന അവസ്ഥയായി!
10:30, 10:45, 11, 11:30 ദേ ഇപ്പൊ രാത്രി 1 മണി! എനിക്കു നേരെ നിൽക്കാൻ വയ്യാത്ത അവസ്ഥ… അറിയാത്ത ആ വീട്ടുകാരോട് ഞാൻ എന്തു പറയും? കസിനെ വിളിച്ചിട്ട് അവർ എടുക്കുന്നുമില്ല! പാവങ്ങൾ ഉറങ്ങി പോയി കാണും.. വേറെ വഴിയില്ലാത്ത കാരണം അവസാനം ആ വീട്ടുകാരനെ ഫോണിൽ വിളിച്ചു. പാവം, എന്റെ മുഖത്തെ പരമദയനീയമായ ലുക്ക് കണ്ടപ്പോൾ തന്നെ പുള്ളിക്കും ഭാര്യക്കും പകുതി ജീവൻ പോയി! അദ്ദേഹം കൊണ്ടുവന്നു തന്ന നാരങ്ങ പിഴിഞ്ഞ ചൂടുകട്ടൻ വെള്ളം, വയറ്റിളക്ക മരുന്നും പ്രാർത്ഥനയോടെ ഞാൻ കുടിച്ചു.
ഫലം? ഒന്നുമില്ല! രാത്രി മുഴുവൻ “കിടപ്പുമുറി – കക്കൂസ് – കിടപ്പുമുറി” എന്ന വൺവേ റൂട്ടിൽ ഞാൻ ഫ്ലൈ ഓവർ നിർമ്മിച്ചു!
പള്ളിയിലെ പരീക്ഷണങ്ങൾ
പിറ്റേന്ന് വൈകുന്നേരമാണ് കല്യാണം. രാവിലെ തന്നെ കസിൻസ് 10 മണിയോടെ എത്തി. എന്റെ അവസ്ഥ കണ്ടിട്ട് അവർ എന്തൊക്കെയോ മരുന്നുകൾ തന്നു. എന്നിട്ട് പറഞ്ഞു: “ഭയ്യാ, വീട്ടിൽ വിരുന്നുകാരൊക്കെ വന്നിട്ടുണ്ട്, ഭയ്യാ വയ്യയെങ്കിൽ ഇന്നിവിടെ തങ്ങിക്കോ, ഞങ്ങൾ ഉച്ചക്ക് വരാം!”
”എന്റെ പൊന്നു അനിയന്മാരെ… എനിക്ക് നേരെ നിൽക്കാൻ പോയിട്ട് സ്വന്തം നിഴലിനെ താങ്ങിനിർത്താൻ പോലും ശേഷിയില്ല! നിങ്ങൾ പൊയ്ക്കോ,” എന്ന് പറഞ്ഞ് ഞാൻ വീണ്ടും ടോയ്‌ലെറ്റിലേക്ക് ഓടി!
അതോടെ അവർ എന്നെ മറന്നു! വൈകുന്നേരം 7 മണി ആയിട്ടും എന്നെ കൂട്ടാൻ ആരും വന്നില്ല. എനിക്ക് തോന്നി, ഇവർ എന്നെ കല്യാണത്തിന് തടസ്സമാകുന്ന ഏതോ ‘വില്ലൻ’ ആയി കണക്കാക്കി ഉപേക്ഷിച്ചതാണെന്ന്! ഒടുവിൽ മനസ്സില്ലാ മനസ്സോടെ, വീട്ടുടമസ്ഥനായ ആ അങ്കിളിന്റെ കൂടെ പള്ളിയിലേക്ക് പുറപ്പെട്ടു.
പക്ഷേ, ദൈവത്തിന് എന്റെ മേൽ വലിയൊരു നിയോഗം കൂടി ബാക്കിയുണ്ടായിരുന്നു! എന്റെ ക്ഷീണിച്ച അവസ്ഥയിൽ ആ പാവം അങ്കിൾ വണ്ടി റോഡിലൂടെ പരമാവധി പതിയെ ഉരുട്ടുകയായിരുന്നു! പോരാത്തതിന് വിവാഹം നടക്കുന്ന പള്ളിയുടെ ലൊക്കേഷൻ കാണിച്ച വഴി ഏതോ ഒരു മത സംഘടനയുടെ ഓഫീസിന് പുറകിൽ വച്ച് ബ്ലോക്കുമാണ്.
വഴി തെറ്റി വഴി തെറ്റി അഞ്ച്-ആറ് തവണ ഒരേ സ്ഥലത്തുതന്നെ ചുറ്റിത്തിരിഞ്ഞ് ഒടുവിൽ ഞങ്ങൾ എങ്ങനെയൊക്കെയോ പള്ളിയിലെത്തി. എന്റെ പ്ലാൻ സിമ്പിളായിരുന്നു: പള്ളിയിൽ കയറുക, വധൂവരന്മാരെ ഒന്ന് കാണുക, പിൻ വാതിലിലൂടെ മുങ്ങുക!
ലൈവ് കമന്ററിയും തലകറക്കവും
പക്ഷേ ഞങ്ങൾ ചെന്നപ്പോഴേക്കും കല്യാണമൊക്കെ കഴിഞ്ഞ് വധൂവരന്മാർ പുറത്തേക്ക് ഇറങ്ങുന്ന സമയമായി! അവരുടെ അടുത്തെത്തിയതും പച്ചവെള്ളം പോലും കുടിക്കാതെ ഇരുന്ന എന്റെ തല കറങ്ങാൻ തുടങ്ങി! കണ്ണിൽ കുറ്റാക്കൂരിരുട്ട്! പള്ളിയുടെ പുറത്തുള്ള ഒരു പ്ലാസ്റ്റിക് കസേരയിലേക്ക് ഞാൻ സ്വയമായി ഇരുന്നു!
അപ്പോഴാണ് കഥയിലെ യഥാർത്ഥ വില്ലന്റെ എൻട്രി! വരന്റെ അപ്പൻ, അതായത് എന്റെ സ്വന്തം അമ്മയുടെ അനിയത്തിയുടെ ഭർത്താവ്! പുള്ളി വളരെ വിനയത്തോടെ എന്റെ അടുത്ത് വന്നു. ഞാൻ വിചാരിച്ചു, “ആഹാ, അങ്കിളിന് എന്നോട് എത്ര സ്നേഹം!”
എന്നാൽ കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് ഇതിയാൻ അവിടെ വന്ന സകലരോടും എന്റെ വയറിന്റെ അസുഖ വിവരങ്ങൾ ഉച്ചത്തിൽ വിളിച്ചുപറയാൻ തുടങ്ങി!
”ദേ നോക്കിയേ… എന്റെ ചേട്ടത്തിയുടെ മോൻ, കല്യാണം കൂടാൻ ഡൽഹിയിൽ നിന്നും വന്നതാണ്, പക്ഷെ, ലാൻഡ് ചെയ്തതു മുതൽ വയറ്റിളക്കമാണ്! എവിടുന്നോ എന്തൊക്കെയോ തിന്നിട്ട് വന്നതാ! രാത്രി മുഴുവൻ ഇതാ അവസ്ഥ! കക്കൂസിൽ നിന്ന് ഇറങ്ങിയിട്ടില്ല, കല്യാണസമത്ത് പള്ളിയിൽ പോലും കൂടാൻ ഇദ്ദേഹത്തിനു സാധിച്ചില്ല, ഈ വയറിളക്കം ഒരു വല്ലാത്ത അസുഖമാണ്!”
എന്റെ കർത്താവേ! പബ്ലിക്കായി പറയാൻ നാണം തോന്നുന്ന ഈ അസുഖം പുള്ളി പള്ളിയങ്കണത്തിൽ വച്ച് ലൈവ് കമന്ററിയായി വിളിച്ചു പറയുകയാണ്! ഞാൻ അവിടെ ഇരുന്ന് നാണം കേട്ട് ഉരുകിയൊലിച്ചു! എനിക്കാണേൽ ഓടിയൊളിക്കാനുള്ള ആരോഗ്യവുമില്ല…
പോരാത്തതിന്, ഇതിയാൻ റിസപ്ഷൻ ഏരിയയിലേക്ക് പോകുമ്പോൾ ഓരോരുത്തർക്കായി എന്നെ ഇൻട്രൊഡ്യൂസ് ചെയ്യുകയാണ്: “ദാ അവിടിരിക്കുന്നത് ആറര അടി പോക്കക്കാരനെ കണ്ടോ ? എന്റെ ഭാര്യയുടെ അനിയത്തിയുടെ മകനാ… വയറ്റിലിളക്കം പിടിച്ച് ഇരിക്കുവാ!”
അത് കേട്ട്, എനിക്ക് കേട്ടു കേൾവി പോലും ഇല്ലാതിരുന്ന അന്യനാട്ടുകാർ അടുത്ത് വന്ന് വളരെ ദയനീയമായി ചോദിക്കാൻ തുടങ്ങി: “മോനെ… വയറ്റിളക്കം എങ്ങനെയുണ്ട്? കുഴപ്പമില്ലല്ലോ? ഇനി ഭക്ഷണം കഴിക്കാൻ നിൽക്കണ്ട കേട്ടോ, വെള്ളം പോലും ഒഴിവാക്കിക്കോ, വേഗം വീട്ടിൽ പൊയ്ക്കോ!”
അവസാനം റിസപ്ഷൻ ഏരിയയിൽ പാട്ടും ആട്ടവും മേളവും. എല്ലാവരും ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ ആ കുടുംബസുഹൃത്ത് അങ്കിളിന് ദയ തോന്നി: “മോനെ, ഇന്നലെ മുതൽ ഒന്നും കഴിച്ചതല്ലേ, ഒരു ചപ്പാത്തിയെങ്കിലും കഴിക്ക്.”
മനസ്സില്ലാ മനസ്സോടെ, എങ്ങനെയോ തട്ടിക്കൂട്ടി ഒരു ചപ്പാത്തി കഴിച്ച് ഞാൻ പുറത്തേക്ക് ഇറങ്ങി. അപ്പോഴാണ് തൊട്ടരികിൽ മാരകമായ കരിമരുന്ന് പ്രയോഗം! ഓരോ കരിമരുന്നു പൊട്ടുമ്പോഴും എന്റെ അടിവയറ്റിൽ അടുത്ത ബോംബ് പൊട്ടുന്ന പ്രതീതി!
അടിവയറ്റിൽ ആഞ്ഞു പിടിച്ച് ഞാൻ അങ്കിളിനോട് പറഞ്ഞു: “അങ്കിളേ… എന്റെ ഈ ഗതി ശത്രുക്കൾക്ക് പോലും വരുത്തരുതേ! എന്നെ വേഗം ആ മുറിയിൽ കൊണ്ടുപോയി തള്ളൂ!”
പിറ്റേന്ന് വെളുപ്പിനെ ഡൽഹിക്ക് വിമാനം കയറുമ്പോൾ, യുദ്ധത്തിൽ തോറ്റോടിയ ഒരു പടയാളിയുടെ മാനസികാവസ്ഥയിലായിരുന്നു ഞാൻ. ഹൈദരാബാദ് ബിരിയാണി കഴിക്കാൻ പോയ ഞാൻ, ഒടുവിൽ ഹൈദരാബാദിലെ ‘ടോയ്‌ലെറ്റ് റിവ്യൂവർ’ ആയിട്ടാണ് ഡൽഹിയിലേക്ക് തിരിച്ചെത്തിയത്!
ഹെന്താല്ലേ! 🙏🏻

