ആരും കാണാത്ത യുദ്ധങ്ങൾ – ജോസഫ് അന്നക്കുട്ടി ജോസ്
ചില യുദ്ധങ്ങൾ നടക്കുന്നത് യുദ്ധഭൂമിയിലല്ല…
ഒരു മനുഷ്യന്റെ മനസ്സിനുള്ളിലാണ്.
ജോസഫ് അന്നക്കുട്ടി ജോസിന്റെ “ആരും കാണാത്ത യുദ്ധങ്ങൾ” അത്തരത്തിലുള്ള നിശ്ശബ്ദ പോരാട്ടങ്ങളെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളുടെ സ്വഭാവമുള്ള പുസ്തകമാണ്.
ജീവിതത്തിൽ നമ്മൾ പുറത്തുനിന്ന് കാണുന്നത് ഒരാളുടെ ചിരിയും വിജയങ്ങളും മാത്രമാണ്. എന്നാൽ അതിനുപിന്നിൽ അയാൾ കടന്നുപോയ പരാജയങ്ങളും നിരാശകളും ബന്ധങ്ങളിലെ മുറിവുകളും ഒറ്റപ്പെടലുകളും ഭയങ്ങളും കുറ്റബോധങ്ങളും പലപ്പോഴും ആരും അറിയാറില്ല. അത്തരം അദൃശ്യമായ പോരാട്ടങ്ങളെയാണ് ഈ പുസ്തകം ‘യുദ്ധങ്ങൾ’ എന്ന് വിളിക്കുന്നത്.
പുസ്തകത്തിന്റെ ഏറ്റവും മനോഹരമായ ആശയം ഇതാണ്.
നമ്മൾ ഒറ്റയ്ക്ക് പോരാടിയെന്ന് കരുതുന്ന പല യുദ്ധങ്ങളിലും, ആരൊക്കെയോ നിശ്ശബ്ദമായി നമ്മോടൊപ്പം നിന്നിട്ടുണ്ടാകും. ചിലപ്പോൾ ഒരു സുഹൃത്തിന്റെ ഫോൺവിളി, ഒരു മനുഷ്യന്റെ സ്നേഹം, ഒരു ചെറിയ വാക്ക്, ഒരു കൈത്താങ്ങ്… അതൊക്കെ നമ്മെ തകർന്നുപോകുന്നതിൽ നിന്ന് രക്ഷിച്ചിട്ടുണ്ടാകാം. ഈ കാഴ്ചപ്പാടാണ് പുസ്തകത്തിന്റെ അവതരണത്തിലും പ്രധാനമായി വരുന്നത്.
ഈ പുസ്തകം വായിക്കുമ്പോൾ മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് മാത്രമല്ല, സ്വന്തം ജീവിതത്തിലേക്ക് കൂടി നമ്മൾ തിരിഞ്ഞുനോക്കുന്നു.
“ഞാൻ കടന്നുവന്ന വഴിയിൽ ആരും കാണാതെ ഞാൻ സഹിച്ച വേദനകൾ എന്തൊക്കെയായിരുന്നു?
എന്നെ വീഴാതെ പിടിച്ചുനിർത്തിയ മനുഷ്യർ ആരൊക്കെയായിരുന്നു?
എന്നൊക്കെ നമ്മൾ സ്വയം ചോദിച്ചുപോകും.
അതുകൊണ്ടുതന്നെ ആരും കാണാത്ത യുദ്ധങ്ങൾ ഒരു പുസ്തകം മാത്രമായി തോന്നുന്നില്ല; നമ്മുടെ തന്നെ ജീവിതത്തിലെ ചില അടച്ചിട്ട അധ്യായങ്ങൾ തുറന്നുവായിക്കുന്ന അനുഭവം കൂടിയാണ്.
എല്ലാ യുദ്ധങ്ങളും ജയിക്കേണ്ടതില്ല.
ചില യുദ്ധങ്ങൾ നമ്മളെ കൂടുതൽ മനുഷ്യരാക്കാനാണ്.
പുറമേ ചിരിക്കുന്ന ഓരോ മനുഷ്യന്റെയും ഉള്ളിൽ
ആരും അറിയാത്ത ഒരു കഥയുണ്ടാകാം.
ആരും കാണാത്ത ചില മുറിവുകളുണ്ടാകാം.
ആരും കാണാത്ത ചില യുദ്ധങ്ങളും.
കെ. ആർ. സി.

