സ്കൂൾ വിട്ട് ഏറെ സമയമായി. എന്നിട്ടും വെയിറ്റിംഗ് റൂമിൽ ഒന്ന് രണ്ട് കുട്ടികൾ ബാക്കിയായി. അവർ പതിവായി വൈകി പോകുന്നവരാണ്.
പെട്ടന്നാണ് എന്റെ ശ്രദ്ധ ആ കുഞ്ഞുമുഖത്ത് പതിഞ്ഞത്. അതാരാ…. പതിവില്ലാത്ത ആളാണല്ലോ.
ഞാൻ വീണ്ടും ശ്രദ്ധിച്ചു.
ഏകദേശം മൂന്നു വയസ് പ്രായം വരും. ഒരു സുന്ദരി കുട്ടി.
ചെമ്പിച്ച മുടിയും വെള്ളാരം കണ്ണുകളും തുടുത്ത കവിളുകളും ചുവന്ന ചുണ്ടുകളും…
വെയിറ്റിംഗ് റൂമിന്റെ അരിക് ചേർന്ന് ചെറിയ ബാഗും പിടിച്ചുള്ള ആ നിൽപ്… ഒരു പാവക്കുട്ടിയെ പോലെ തോന്നിച്ചു.
അവളുടെ മുഖത്തെ സങ്കടം കണ്ട് എനിക്കും സങ്കടം തോന്നി. ആ കുഞ്ഞു കണ്ണുകളിൽ ഇപ്പോ അടർന്നു വീഴും എന്ന മട്ടിൽ രണ്ട് നീർകണികകൾ തുളുമ്പി നിന്നിരുന്നു.
ചുണ്ടുകൾ വിതുമ്പുന്നുണ്ട്. അമ്മ വിളിക്കാൻ വരാൻ വൈകുന്നതിന്റെ ഭയം കൊണ്ടാവും… പാവം.
കുട്ടികളെ തൊടാൻ അനുവാദം ഇല്ലാത്തതിനാൽ ഞാൻ ദൂരെ നിന്ന്, അവളെ സന്തോഷിപ്പിക്കാൻ വേണ്ടി കണ്ണുകൊണ്ടും കവിളു കൊണ്ടും പല വിദ്യകളും കാട്ടി.
പക്ഷേ അതൊക്കെ കണ്ടിട്ടും അവളുടെ ശ്രദ്ധ റോഡിലേയ്ക്കായിരുന്നു.
പെട്ടന്ന് അവിടെ വന്നു നിന്ന കാറ് കണ്ട് അവളുടെ മുഖം വിടർന്നു. കാറിൽ നിന്ന് അവളുടെ അമ്മ ഇറങ്ങി നടന്നു വരുന്നത് കണ്ട് അവൾ ബാഗും പിടിച്ച് ഇറങ്ങി ഓടി.
കിതച്ചു കൊണ്ടുള്ള ആ ഓട്ടം എന്റെ മനസ്സിന്നുള്ളിലേക്ക് ആയിരുന്നു ചെന്നെത്തിയത്.
ഓടിച്ചെന്ന് ഒന്നു കോരിയെടുത്ത് മാറോടണയ്ക്കാൻ… പക്ഷേ എനിക്കതിന് ആകില്ലല്ലോ.
നിസംഗയായി ആ കാഴ്ച നോക്കി നിന്ന എന്റെ പ്രതീക്ഷകളെ ആകെ തെറ്റിച്ച് അവളുടെ ആവേശം, ആ അമ്മ ഒരു കൈപ്പിടിയിൽ ഒതുക്കി.
ഒരു നിമിഷം അവൾ ബാഗ് താഴത്തു വച്ചു.
കണ്ണിൽ നിന്നടർന്ന് ഒഴുകിയ കണ്ണുനീർ കുഞ്ഞി കൈ കൊണ്ട് തുടച്ചു. എന്നിട്ട് ആ അമ്മയുടെ കൈവിടുവിച്ച് അവൾ തിരിഞ്ഞോടി എന്റെ അടുത്തേയ്ക്ക് വന്നു.
സ്വയം വിശ്വസിക്കാനാകാതെ ഞാൻ നിന്നു.
തെറ്റാണെന്നറിഞ്ഞിട്ടും ഞാൻ മുട്ടുകാലിൽ നിന്ന് ആ കിളുന്നിനെ എന്റെ മാറോട് ചേർത്തു…..
അവളുടെ നേർത്ത നെടുവീർപ്പ് എന്നിലേയ്ക്ക് അലിയുന്നതുവരെ .
അവളുടെ അമ്മ വന്ന് ബലമായി അവളെ പിടിച്ചു കൊണ്ടു പോയപ്പോൾ വിതുമ്പലടക്കാൻ ഞാൻ പാടുപെടുകയായിരുന്നു.
തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കിയുള്ള അവളുടെ ആ നടത്തം എന്റെ കാഴ്ചയിൽ തന്നെ ഇപ്പോഴും തങ്ങി നിൽക്കുന്നു.
– മായ നായർ
#കനിവ്

